BOOKS

മഞ്ഞനാരകം: മലയാളത്തില്‍ ആദ്യമായി സുഗന്ധം പരത്തുന്ന പുസ്തകം; ഒരു അധ്യായം വായിച്ച് നോക്കൂ

ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന മഞ്ഞനാരകത്തില്‍ ബുദ്ധന്‍, ക്രിസ്തു, മഹാത്മാഗാന്ധി, അഡോള്‍ഫ് ഹിറ്റ്‌ലര്‍, നാഥുറാം ഗോഡ്‌സെ, കാറല്‍മാര്‍ക്‌സ്, മാര്‍ക്കോ പോളോ ഉള്‍പ്പെടെ കഥാപാത്രങ്ങളായി കടന്നുവരുന്നു.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സേവ്യര്‍ ജെയുടെ പുതിയ നോവല്‍ മഞ്ഞ നാരകമാണ് നാരകഗന്ധവുമായി പുറത്തിറങ്ങുന്നത്. ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ നോവലിന്റെ പേരുള്ള മണവുമായി പുറത്തിറങ്ങുന്ന പുസ്തകവും ഇതുതന്നെയാവും. വിദേശത്തുനിന്നും ഇറക്കുമതിചെയ്ത പ്രത്യേകതരം കെമിക്കലാണ് നേര്‍ത്ത സുഗന്ധത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇനിയുമുണ്ട് നോവലിന് പ്രത്യേകതകള്‍. പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത് സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് സേവ്യര്‍ ജെ മഞ്ഞനാരകം എഴുതിയിരിക്കുന്നത്. 1957ല്‍ അന്തരിച്ച കസന്ത് സാക്കിസിന്റെ കൃതികള്‍ പ്രശസ്തങ്ങളാണ്. കസന്ത് സാക്കിസ് തന്റെ മാസ്റ്റര്‍പീസായ സോര്‍ബ ദ ഗ്രീക്കിനുശേഷം എഴുതാന്‍ ആഗ്രഹിക്കുന്നത് എന്ന സങ്കല്‍പത്തിലാണ് നോവലിന്റെ രചന.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്റ്റസ് ക്രിയേറ്റിവ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മഞ്ഞനാരകത്തിന്റെ ഒരു അധ്യായം വായിക്കാം

എല്ലാം എഴുതപ്പെട്ടപോലെ സംഭവിച്ചെങ്കില്‍ ആരാണു തെറ്റ്. എന്താണു തെറ്റ്. യൂദാസ് ഒറ്റിയതും മുപ്പതു വെള്ളിക്കാശു വാങ്ങിയതും ആത്മഹത്യ ചെയ്തതും ദൈവവിധിയായിരുന്നെങ്കില്‍ അദ്ദേഹം പാപം എന്തു ചെയ്തു. പത്രോസ് രക്ഷപെട്ടിട്ടും തന്നാല്‍ തിരിച്ചു വിളിക്കപ്പെട്ട് വധിക്കപ്പെട്ടതില്‍ താനല്ലേ പാപി. ദൈവവിരലുകളിലെ ചരടില്‍ ആടുന്ന പാവകളാണു മനുഷ്യരെങ്കില്‍ പാപം ആസൂത്രണം ചെയ്ത ദൈവമാണോ അപരാധി. പന്തിയോസ് പീലാത്തോസിന്റെ നാളില്‍ താന്‍ പീഡകള്‍ സഹിച്ചെന്ന് ലോകം സഹതപിക്കുമ്പോള്‍ ഞാന്‍ എഴുതിയത് എഴുതി എന്നു പറഞ്ഞ അദ്ദേഹത്തിന്റെ ആര്‍ജവം ആര്‍ക്കുണ്ട്. മേലാവിലെ ഉത്തരവനുസരിക്കേണ്ട പീലാത്തോസ് ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു കൈകഴുകിയ ധീരതയും നീതിയും ആദരിക്കപ്പെടേണ്ടതല്ലേ.

സാധാരണ മനുഷ്യന്‍ ജീവിച്ചു മരിച്ച് ഓര്‍മയായും മറവിയായും തീര്‍ന്നുപോകുന്നു. കുടുംബവും ബന്ധുക്കളും ഓര്‍മയില്‍ ചുമന്ന ഭാരം മറവിയിലേക്കു തള്ളിയിടുന്നു. മഹത്തുക്കള്‍ക്കു പക്ഷേ ശാശ്വത മരണമില്ല. അവര്‍ ചരിത്രത്തിലും എഴുത്തുകാരിലും പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരുത്തരിലും നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന പുഴയായിക്കൊണ്ടിരിക്കും. കൈമറിഞ്ഞും കാലം മറിഞ്ഞും ഓരോ ഭാവനയിലും പരശതം വേഷങ്ങള്‍. തന്നെ ലേയിലും സൂര്യനിലും ചന്ദ്രനിലുമൊക്കെ ഓരോരുത്തര്‍ കാണുന്നു. സാക്കിസ് ഇപ്പോള്‍ ലേയില്‍ കാണുന്നു. മറ്റൊരാള്‍ ആല്‍പ്‌സില്‍ കാണുന്നുണ്ടാകും. ആമസോണില്‍ കാണുന്നുമുണ്ടാകാം. ഇപ്പോള്‍ ഏതു രൂപമാകും തനിക്ക്. ആരുടേയോ ഭാവനയില്‍ ജീവിക്കുന്നവന് ആരാകിലെന്ത്, യേശു വിചാരിച്ചു.

‘നിങ്ങളിപ്പോള്‍ എവിടെയാണ്’ യേശു ചോദിച്ചു.

‘അങ്ങുള്ളിടത്ത്’ ബുദ്ധന്‍ പറഞ്ഞു.

‘നമുക്കു സ്വാതന്ത്ര്യം വേണ്ടേ’ ബുദ്ധന്‍.

‘ആരില്‍ നിന്ന്’ യേശു.

ബുദ്ധനും ഗാന്ധിയും നിശബ്ദരായിരുന്നു.

ബുദ്ധന്‍ അപ്പോള്‍ വാരണാസിയിലായിരുന്നു. കാലവാര്‍ധക്യത്താല്‍ പൊട്ടിപ്പൊളിഞ്ഞൊരു കല്‍പ്പടവിലായിരുന്നു. പൊത്തുകളില്‍നിന്നും അകലേക്ക് ഉറുമ്പുകളുടെ ചിട്ടയൊപ്പിച്ച അടക്കമുള്ള നിര. മദ്യപന്റെ വെളിവുകേടുപോലെ ഓടിയും ഇടയ്ക്കു സന്ദേഹിച്ചു നിന്നും പാറ്റകള്‍ അസ്ഥിരയില്‍ സമയം പോക്കുന്നു. അല്‍പമകലെ, മാംസം അവശേഷിക്കുന്നുവെന്ന ധാരണയില്‍ ചെറിയ മനുഷ്യാസ്ഥിയില്‍ കടിപിടി കൂടുന്ന നായ്ക്കള്‍. ജീവിച്ചിരുന്നപ്പോള്‍ രാജാവോ ഭിക്ഷുവോ ആയിരുന്നിരിക്കണം ആ അസ്ഥി ഖണ്ഡത്തിന്റെ ഉടമ. മരിക്കുമ്പോള്‍ അഗ്‌നിക്കും കൃമികീടത്തിനും ഉറുമ്പിനും നായ്ക്കള്‍ക്കും ഇരയാകുന്ന ശരീരത്തെക്കുറിച്ച് മനുഷ്യന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു. കാണാത്ത മരണത്തെക്കുറിച്ചും അറിയാത്ത ആത്മാവിനെക്കുറിച്ചും ചിന്തിച്ചും ധ്യാനിച്ചുമുള്ള ജീവിതം. എല്ലാ ബാധ്യതയോടും കൂടി ജീവിതത്തെ സാക്ഷാത്ക്കരിക്കേണ്ടതിനു പകരം വിചാരിച്ചും സംസാരിച്ചും ജീവിതത്തെ അവയ്ക്കു ഭക്ഷണമാക്കുകയാണ് മനുഷ്യന്‍.

എവിടേയും തിരക്ക്. മൃതദേഹങ്ങളുടെ തിരക്ക്. കത്തിച്ചാമ്പലായും പാതി കത്തിയും ശവങ്ങള്‍. മരണം കാത്തിരിക്കുന്നവര്‍. മരണത്തിനായി വരുന്നവര്‍. ബലിയിടുന്നവര്‍. മരിച്ചവരുടെ ആത്മാവുകളാണ് തങ്ങളെന്ന അവകാശത്തില്‍ പറന്നെത്തുന്ന പക്ഷികള്‍. വാരണാസിയിലെത്തിയാല്‍ മരിച്ചേ അടങ്ങൂവെന്ന് ശരീരം മനുഷ്യനെ നിര്‍ബന്ധിക്കുന്നുണ്ടോ. പാത്തും പതുങ്ങിയും കബളിപ്പിച്ചോടി നടക്കുന്ന അദൃശ്യ മരണം ആരെ പിടികൂടുമെന്നറിയാതെ ശോക ശുഭാപ്തിയിലും അനിശ്ചയങ്ങളുടെ വാരണാസി.

ബുദ്ധന്‍ ഉള്ളാലേ ശാസിച്ചു. താന്‍ ബുദ്ധനാണ്. അകമേയിരുന്ന് ഒരു സന്ദേഹി തന്നെ വഴിതെറ്റിക്കുകയോ.

ബുദ്ധന്‍ ആനന്ദനെ കാത്തിരിക്കുകയാണ്. അയാള്‍ വരുന്നത് ഉള്ളില്‍ കാണാം. അകലെയാണെങ്കിലും തിടുക്കത്തിലാണ് വരവ്. ചോദിക്കാന്‍ ഒരു ഗുരുവില്ല. ആനന്ദന്‍ ഗുരുവല്ല, ശിഷ്യന്‍ മാത്രം. ചോദിച്ചാല്‍ ആനന്ദനു മനസിലാകും. സന്ദഹത്തിനു മറുപടി പറയാന്‍ പക്വതയുണ്ട്. ഗുരുവിന്റെ പക്വതയിലേക്കു വളരുന്നവന്‍. ആനന്ദന്‍ എന്ന പേരു വെറുതെയായില്ല. ദു:ഖകാരണമറിഞ്ഞ് അയാള്‍ ആനന്ദനായിരിക്കുന്നു. മരണം പ്രതീക്ഷിച്ചു ജീവിക്കുന്നവന്‍ തനിക്ക് ആത്മപിണ്ഡം വെക്കുംപോലെ, നിര്‍വ്വാണത്തിനു മുന്‍പേ ആനന്ദന്‍ അതിലേക്കു വളര്‍ന്നിരിക്കുന്നു. അകലെ നിന്നും ഒരുവെളിച്ചം വരുന്നു ബുദ്ധനു മനസിലായി, ആനന്ദന്‍.

ബുദ്ധനും ആനന്ദനും.

രണ്ടു വെളിച്ചങ്ങള്‍ പരസ്പരം പ്രതിഫലിച്ച് വാരണാസിയുടെ ശോകഛായയില്‍ വെളിച്ചം നട്ടു.

‘ധര്‍മ സങ്കടമുണ്ടോ?’ ബുദ്ധന്‍ ആനന്ദനോടു ചോദിച്ചു.

‘ഏതു ധര്‍മസങ്കടം ഭഗവാന്‍’

‘അനവധിയാണോ ധര്‍മസങ്കടങ്ങള്‍’

ആനന്ദന്‍ മൗനിയായി.

അനിശ്ചയങ്ങളുടെ തിരമാലയില്‍ ആടുന്ന കപ്പലാണ് ആനന്ദനെന്ന് ബുദ്ധനു മനസിലായി. ആസന്നമായൊരു കപ്പല്‍ഛേദത്തിന്റെ വക്കിലാണയാള്‍.

അതറിഞ്ഞ് കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കാരണങ്ങള്‍ ഒഴുക്കിക്കളയാന്‍ ബുദ്ധന്‍ ഉപദേശിച്ചു.

പുനര്‍ജന്‍മത്തിലാണെന്നു തോന്നുന്നു. പക്ഷേ പുനര്‍ജന്‍മം അനുഭവിക്കാന്‍ കഴിയുന്നില്ല. നിര്‍വാണം നടക്കാത്തതുകൊണ്ടാവണം കര്‍മങ്ങള്‍ ബാക്കിയായത്. മരണത്തിനു തൊട്ടുമുന്‍പ് എവിടെയൊക്കയോ സഞ്ചരിച്ചിരുന്നു. വലിയൊരു വെളിച്ച പ്രദേശത്ത് പരമ.ശാന്തതയില്‍ ഒഴുകി നടന്നിരുന്നു. ഉടനെ മരണമെന്നറിയാതെ മരിച്ചു.

ആനന്ദനിലെ കാറ്റും കോളും ശാന്തമാകുകയാണ്.

‘ഇവിടെ എത്തുംമുന്‍പുള്ളതൊന്നും അറിയില്ല. ഇപ്പോള്‍ അറിയുന്നതു വന്നതും അങ്ങുകാരണമാണ്. അവിടത്തെ മനസിന്റെ ക്ഷണമാണു ഞാന്‍’

ഇരുവരും നടന്നു. വാരണാസിയിലെ ജനിമൃതികളുടെ പടവുകളില്‍ സമയവാര്‍ധക്യം കൂടി വരുന്നു.

‘ആനന്ദന്‍ ഉണ്ടെന്നും ഇല്ലെന്നുമൊരു തോന്നല്‍. ഉണ്ടെന്നത് എന്റെ മുന്നിലായതുകൊണ്ട്. ഇവിടെ നിന്നും മാറുമ്പോള്‍ ആനന്ദന്‍ മറയുന്നു. അല്ലേ’

‘അതേ’

‘എന്റെ പ്രശ്‌നം മറ്റൊന്നാണ്. ഇത്രകാലം തേടിയതു കിട്ടിയില്ല.

അന്വേഷിച്ചത് കിട്ടുന്നതായിരുന്നോ’

കാല്‍ തടഞ്ഞതുപോലെ ആനന്ദന്‍ ഒന്നു നിന്നു. ഒപ്പമെത്താന്‍ ബുദ്ധന്‍ ആംഗ്യം കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018