കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തിരുത്തി കെ മുരളീധരന്. ബിജെപിയ്ക്കെതിരെ അക്രമം ഉപേക്ഷിച്ചാല്‍ സിപിഐഎമ്മുമായും സംസ്ഥാനത്ത് കൂട്ടുകൂടാം എന്നാണ് മുല്ലപള്ളി പറഞ്ഞത്. ഇതിനെതിരെയാണ് മുരളീധരന് രംഗത്തെത്തിയത്.
സംസ്ഥാനത്ത് മുഖ്യശത്രു സിപിഐഎം ആണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎമ്മുമായി കൂട്ടുകൂടേണ്ട കാര്യമില്ല.കെ മുരളീധരന്
ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രസ്താവന. അതിനായി അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ട് വെയ്ക്കുന്നത്. കോടിയേരിയും പിണറായിയും നിലപാടില്‍ എന്തുക്കൊണ്ട് മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഭയമായതിനാലാണ് ബിജെപിക്ക് എതിരെ പ്രതികരിക്കാത്തത് എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
മൂന്നാം സീറ്റ് തര്‍ക്കം മുന്നണിയെ ബാധിക്കില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ദേശീയ രാഷ്ട്രീയ സാഹചര്യം ലീഗിന് അറിയാമെന്നും വ്യക്തമാക്കി.
മൂന്നാം സീറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാലക്കാട് ചേരുന്നുണ്ട്. നീണ്ട വര്‍ഷക്കാലം യുഡിഎഫില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. അതിനാല്‍ നേതൃത്വത്തെ ധരിപ്പിച്ചുള്ള തീരുമാനമായിരിക്കും ലീഗ് കൈക്കൊള്ളുന്നതെന്ന പ്രതീക്ഷയും മുല്ലപ്പള്ളി പങ്കുവെച്ചു.
ദേവീകുളം സബ്കളക്ടറെ എംഎല്‍എ ശകാരിച്ച സംഭവത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ നവോത്ഥാനമെന്ന് ചോദിച്ച മുല്ലപ്പള്ളി സിപിഐഎമ്മിന് ജീര്‍ണതയുടെ സംസ്കാരമാണെന്നും കുറ്റപ്പെടുത്തി. പൊമ്പിളൈ ഒരുമൈ സമരകാലത്തും സമാനമായ രീതിയില്‍ എംഎല്‍എ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.