സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ ജില് ഷൂട്ടിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. ഹരിപ്പാട്ടെ ലൊക്കേഷനില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജുവിന്റെ നെറ്റിക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് മഞ്ജുവിന് പ്രാഥമിക ശുശ്രൂഷ നല്കി. പരുക്ക് ഗുരുതരമല്ലെന്നും ചിത്രീകരണം തുടരുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന് ഡയറക്ടര്‍ റോളില്‍ മലയാളി സിനിമാലോകത്തെത്തുന്ന ചിത്രമാണ് ജാക്ക് ആന്‍ ജില്. 2011ല്‍ പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ഉറുമിയായിരുന്നു സന്തോഷ് ശിവന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
മഞ്ജു വാര്യരെ കൂടാതെ കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളത്തിലും ലണ്ടനിലുമായാണ് ചിത്രീകരണം നടത്തുന്നത്.
ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന ജാക്ക് ആന്‍ ജില്ലിന് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും സാങ്കേതിക വിദഗ്ദ്ധരെ സംവിധായകന് രംഗത്തിറക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്സ്മാന് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.