ബോളിവുഡ് പ്രണയ ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ വിലക്ക്. ചിത്രം മതവികാരം വ്രണപ്പെടുത്തുകയാണെന്നാരോപിച്ച് ഹിന്ദു സേനയുള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തുടര്‍ന്നാണ് നടപടി. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ രണ്ട് ജില്ലാ മജിസ്ട്രേറ്റുമാര്‍ ചിത്രം വിലക്കുകയായിരുന്നു. സുശാന്ത് സിങ് രാജ്പുത് നായകവേഷത്തിലും സാറ അലി ഖാന് നായിക വേഷത്തിലുമെത്തുന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്തത്.
ഉത്തരാഖണ്ഡിനെ തകര്‍ത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് തീര്‍ഥാടകരെ ചുമന്നു കൊണ്ടുപോകുന്ന മുസ്ലീം യുവാവിന്റെ കഥാപാത്രമാണ് സുശാന്തിന്റേത്. മുസ്ലീം യുവാവും ക്ഷേത്രത്തിലേക്കെത്തുന്ന ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയമാണ് കേദാര്‍നാഥില്‍. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയും ബിജെപിയും മുന്‍പേ തന്നെ രംഗത്തെത്തിയിരുന്നു.

ചിത്രം വിലക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും ഔദ്യോഗികമായി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ബിജെപി സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. കേദാര്‍നാഥ് വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ നല്കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ഹിന്ദു സേന പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. കേദാര്‍നാഥ് പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് റീലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേദാര്‍നാഥ് ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപിയുടെ മീഡിയ റിലേഷന്‍സ് സംഘത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് സിബിഎഫ്സി ചെയര്മാന് പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി.
റോണി സ്ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സംവിധായകനും കനിക ധിലണും ചേര്‍ന്നാണ്.