FILM NEWS

IFFK 2018: ‘ബെര്‍ഗ്മാന്‍ റെട്രോ കാണണം, ഗൊദാര്‍ദ് വീണ്ടെടുപ്പ് പ്രതീക്ഷകള്‍ നല്‍കുന്നു’; ജി പി രാമചന്ദ്രന്‍ 

ജി പി രാമചന്ദ്രന്‍  
ജി പി രാമചന്ദ്രന്‍  

ഐഎഫ്എഫ്‌കെയുടെ 23-ാം എഡിഷനെത്തിയിരിക്കുന്ന സമയത്ത് മുമ്പത്തേക്കാള്‍ ആവേശത്തിലാണ് ചലച്ചിത്ര നിരൂപകനായ ജിപിആര്‍. മേള പ്രളയത്തില്‍ മുങ്ങിപ്പോകാതിരുന്നതിന്റെ സന്തോഷത്തോടൊപ്പം തന്റെ ചില ഫേവറിറ്റ് ചിത്രങ്ങളേക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്. ബെര്‍ഗ്മാനിലൂടെ ചരിത്രത്തിലേക്ക് തിരിച്ചുപോകേണ്ടതിനേക്കുറിച്ചും ഗൊദാര്‍ദ് തരുന്ന വീണ്ടെടുപ്പ് പ്രതീക്ഷയേക്കുറിച്ചും പ്രളയത്തിന് കീഴടങ്ങാത്ത ചലച്ചിത്ര സ്‌നേഹികളേക്കുറിച്ചും ജിപിആര്‍ സംസാരിക്കുന്നു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ജി പി രാമചന്ദ്രന്‍ ന്യൂസ്‌റപ്റ്റ് ലേഖകനുമായി നടത്തിയ സംഭാഷണം.

ഐഎഫ്എഫ്‌കെ ചിത്രങ്ങളില്‍ താങ്കളുടെ സ്‌പെഷല്‍ സജഷന്‍സ് ഏതൊക്കെയാണ്?

ഐഎഫ്എഫ്‌കെയിലെ പല ചിത്രങ്ങളും ഗോവയില്‍ കണ്ടിരുന്നു. ഗൊദാര്‍ദിന്റെ ഇമേജ് ബുക്ക്, ജാഫര്‍ പനാഹിയുടെ ത്രീ ഫേസസ്, ദ വൈല്‍ഡ് പിയറി ട്രീ എന്നിവയൊക്കെ. വൈല്‍ഡ് പിയറി ട്രീ ഗംഭീര സിനിമയാണ്, നീണ്ടുനില്‍ക്കുന്നതെങ്കിലും മനോഹരമായ ആവിഷ്‌കാരമാണ്. ഈ സിനിമകളെല്ലാം തന്നെ. പിന്നെ ജാസ്പര്‍ നോവയുടെ ക്ലൈമാക്‌സ്. സൈക്കഡലിക്ക് ആയിട്ടുള്ള ഒരു അനുഭവമാണ് അത്. നേരത്തെ അദ്ദേഹത്തിന്റെ ചിത്രം സെന്‍സേഷനായിരുന്നു. ലാറ്റിനമേരിക്കനാണ്. ക്ലൈമാക്‌സ് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ്. സന്തോഷത്തിന് വേണ്ടിയാണല്ലോ പാര്‍ട്ടി നടത്തുക. കൗമാരക്കാരുടെ ഒരു പാര്‍ട്ടി തിരിച്ചടിച്ച് സെല്‍ഫ് ഡാമേജിങ് അവസ്ഥയില്‍ ആകുന്നതാണ് ക്ലൈമാക്‌സിന്റെ തീം. പടത്തിന്റെ നറേറ്റീവുമായുള്ള ക്യാമറയുടെ കണക്ഷന്‍ മനോഹരമാണ്. രൂപവും ശില്‍പവും എന്നൊക്കെ പറയുന്നതുപോലെ.

ഗൊദാര്‍ദ്
ഗൊദാര്‍ദ്

ബെര്‍ഗ്മാന്‍ റെട്രോ കാണണം, ഗൊദാര്‍ദ് ഒരിക്കല്‍ കൂടി വീണ്ടെടുപ്പ് പ്രതീക്ഷ നല്‍കുന്നു

ബെര്‍ഗ്മാന്റെ ക്ലാസിക്കുകള്‍ ഉണ്ട്. പുതിയ ആളുകള്‍ നിര്‍ബന്ധമായും കാണേണ്ടതാണ്. പുതിയ സിനിമ കാണുമ്പോള്‍ എപ്പോഴും ചരിത്രത്തിലേക്ക് നമ്മള്‍ പൊയ്‌ക്കൊണ്ടേയിരിക്കണം. അതുതന്നെയാണ് ഗൊദാര്‍ദിന്റെ ഇമേജ് ബുക്ക് എന്ന ചിത്രം ഓര്‍മ്മപ്പെടുത്തുന്നത്. ഫിലിം എന്നതിനേക്കാള്‍ ഒരു വീഡിയോ ഇന്‍സ്റ്റലേഷന്‍ പോലെയാണ് ഇമേജ് ബുക്ക്. ബിനാലെയൊക്കെ വന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ഇന്‍സ്റ്റ്‌ലേഷനെക്കുറിച്ച് മനസിലായല്ലോ. ഗൊദാര്‍ദിന്റെ ചിത്രങ്ങളുടെ ഹിസ്റ്ററി അതില്‍ വരുന്നുണ്ട്. കുറേ വീഡിയോ ഫൂട്ടേജുകളുണ്ട്. ഗോവയില്‍ ഈ ചിത്രം കാണിച്ചപ്പോള്‍ പലരും ഇറങ്ങിപ്പോയി. അവര്‍ കഥ അന്വേഷിച്ചുവരുന്നവരോ കണ്‍ടിന്യൂവിറ്റി അന്വേഷിച്ച് വരുന്നവരോ ആയിരിക്കാം. അവരെ കുറ്റപ്പെടുത്തുകയല്ല. ചില സീനുകള്‍ ബ്ലര്‍ ചെയ്തിട്ടാകും സ്‌ക്രീനില്‍ വരുക. ഉദാഹരണത്തിന് കമ്മ്യൂണല്‍ വയലന്‍സോ യുദ്ധമോ ആയി ബന്ധപ്പെട്ടുള്ള വയലന്‍സ് സീനുകള്‍ വരുമ്പോള്‍ ഏറ്റവും മോശം ഇമേജാണ് ഗൊദാര്‍ദ് കൊടുക്കുന്നത്. അത് ഗ്ലോറിഫൈ ചെയ്യപ്പെടാതിരിക്കാനും താന്‍ വയലന്‍സിന് എതിരാണെന്ന് കാണിക്കാന്‍ വേണ്ടിയുമാണ്. അങ്ങനെയൊക്കെയാണ് ഗൊദാര്‍ദിന്റെ സ്റ്റേറ്റ്‌മെന്റ്. ഗൊദാര്‍ദ് തന്നെ ഷൂട്ട് ചെയ്ത ഏതെങ്കിലും വിഷ്വല്‍ അതില്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. സിനിമയെ രണ്ടാമത് കണ്ടെടുത്തു എന്നാണ് പറയുന്നത്. ഈ 88-ാം വയസിലും സിനിമയെ പുതിയ രീതിയില്‍ വിഷ്വലൈസ് ചെയ്യുന്നു അല്ലെങ്കില്‍ കണ്‍സെപ്ച്ച്വലൈസ് ചെയ്യുന്നു എന്നത് അത്ഭുതകരമാണ്. റിപ്പീറ്റ് ചെയ്യുകയല്ല, പുതിയ രീതിയിലാണ് ചെയ്യുന്നത്. നമുക്ക് തന്നെ ജീവിതത്തേക്കുറിച്ച് ഒരു വീണ്ടെടുപ്പ് പ്രതീക്ഷയുണ്ടാകുകയാണ്. പെട്രോ ഡോളറിന്റെ ഭാഗമായി വരുന്ന 'മുസ്ലീം ഭീകരത'യേക്കുറിച്ചെല്ലാം ഇമേജ് ബുക്കില്‍ പറയുന്നുണ്ട്. വലിയൊരു വര്‍ക്കാണത്.

തടവ് ജീവിതത്തിന്റെ മറ്റൊരു ആവിഷ്‌കാരവുമായി പനാഹിയുണ്ട്

ജാഫര്‍ പനാഹി ഇറാനില്‍ തടവിലാണല്ലോ. ആ തടവിനെ അദ്ദേഹം മറ്റൊരു തരത്തില്‍ കൂടി ആവിഷ്‌കരിക്കുകയാണ് ത്രീ ഫേസസില്‍. എന്നുകരുതി ടാക്‌സി പോലെ തന്നെയാണെന്ന് പറയാന്‍ പറ്റില്ല. ക്യാമറയെ ഉപയോഗിക്കുന്നതുള്‍പ്പെടെ വ്യത്യസ്തമായാണ്. സോഷ്യല്‍ മീഡിയയും ഉണ്ട്. ഒരു കുട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ അയച്ചുകൊടുക്കുന്നു. ജാഫര്‍ പനാഹിയും പിന്നെ ഒരു നടിയുമുണ്ട്. അവര്‍ വീഡിയോ അയച്ച ആളെ തിരഞ്ഞ് പോകുകയാണ്. ഒരു ഗ്രാമത്തിലേക്ക്. ആ ഗ്രാമത്തിലുള്ളവര്‍ക്ക് ഒരു നടിയെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടാകുന്നുണ്ട്. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്ന് ഒരു നടിയുണ്ടാകുകയാണെന്ന് അറിയുമ്പോള്‍ അവര്‍ എതിര്‍ക്കുകയാണ്. ഇവിടുത്തെ സദാചാര പൊലീസിങ് മറ്റൊരു തരത്തില്‍ അവിടേയും ഉണ്ട്. സിനിമാ നടിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്റെ മകളോ പെങ്ങളോ നടിയായാല്‍ പ്രശ്‌നമാണ് എന്ന സമീപനമുണ്ടല്ലോ. അത് തന്നെ. ഇതിനേക്കുറിച്ച് പനാഹി ആത്മഗതം പോലെ പറയുന്നുമുണ്ട്. സമൂഹത്തേക്കുറിച്ചുള്ള ഓരോ പഠനങ്ങളാണ്.

നൂറി ബില്‍ജെ സെയ്‌ലാന്റെ വൈല്‍ഡ് പിയര്‍ ട്രീ

സെയ്‌ലാന്‍ ചിത്രങ്ങള്‍ മേളയില്‍ മുമ്പ് വലിയ സെന്‍സേഷന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലെ ശൈലിയും വ്യത്യസ്തമാണ്. ഒരാള്‍ നോവല്‍ എഴുതുന്നതിനേക്കുറിച്ചും ഹിപ്പോക്രസികളേക്കുറിച്ചുമൊക്കെയാണ്. ചെറിയ ചെറിയ കാര്യങ്ങളായിരിക്കാമെങ്കിലും വളരെ നന്നായി ആവിഷ്‌കരിച്ചിട്ടുണ്ട് ആ ചിത്രത്തില്‍.

ദ വൈല്‍ഡ് പിയര്‍ ട്രീയില്‍ നിന്നും 
ദ വൈല്‍ഡ് പിയര്‍ ട്രീയില്‍ നിന്നും 

റോമ എന്ന സിനിമ പ്രധാനപ്പെട്ട വര്‍ക്കാണ്. ഗ്രാവിറ്റി ചെയ്ത അല്‍ഫോണ്‍സോ കുറോണ്‍ ആണ് സംവിധായകന്‍. അടൂര്‍ നല്ല അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു ഗ്രാവിറ്റി. റോമ വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് എന്ന പ്രത്യേകത കൂടി റോമയ്ക്കുണ്ട്. നെറ്റ്ഫ്‌ളിക്‌സ് പടമായതിനാല്‍ കാനില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിവാദമുണ്ടായിരുന്നു. തിയേറ്റര്‍ റിലീസ് ആയിരിക്കണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചു. സ്വാതന്ത്ര്യത്തിന്റേയും ആധുനികതയുടേയുമൊക്കെ ഒരു മേളയായിട്ടാണ് കാനിനെ ആഘോഷിക്കുന്നത്. വെനീസ് ഫെസ്റ്റിന് ബദലായി വന്നതാണല്ലോ. പുതുമയിലും യാഥാസ്ഥികത്വം വരുന്നതിന്റെ ഭാഗമായാണ് കാനില്‍ അത് സംഭവിച്ചത്. ആധുനികതയില്‍ പോലും പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പോള്‍ അവര്‍ യാഥാസ്ഥിതികരായി മാറും. തിരുവനന്തപുരത്ത് നെറ്റ്ഫ്‌ളിക്‌സ് റിലീസിന് മുന്നേയാണ് ചിത്രം വരുന്നത്. ഗോവയില്‍ റോമ കാണിച്ചിട്ടുമില്ല. ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണെന്നത് വലിയൊരു സവിശേഷതയാണ്. പത്താം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. നല്ല തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചലച്ചിത്രമേള നടക്കാതെ പോകുന്ന ഒരു അവസ്ഥയില്‍ നിന്നാണ് ഈ നിലയിലെത്തിയിരിക്കുന്നത്?

പ്രളയക്കെടുതിയില്‍ സര്‍ക്കാരിന്റെ ഫണ്ട് പരിമിതി തടസമാകുമെന്ന് പറഞ്ഞപ്പോള്‍ സന്നദ്ധ സഹകരണങ്ങളുണ്ടായി. കഴിഞ്ഞ 22 വര്‍ഷവും ഇല്ലാത്ത രീതിയില്‍. ഫെസ്റ്റിവല്‍ ബുക്ക് ജിതിന്‍ എന്നയാളുടെ ടീം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിനായി മറ്റൊരു കൂട്ടായ്മ മുന്നോട്ട് വന്നു. അവര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും ഐഎഫ്എഫ്‌കെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇന്‍ഡസ്ട്രിയില്‍ നിന്ന് വരുന്നവര്‍ അല്ല. ഈ ഫെസ്റ്റിവല്‍ കൊണ്ട് കാര്യമില്ല, അക്കാദമി തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണ്, അക്കാദമിയേക്കുറിച്ച് ഞാന്‍ വിഭാവനം ചെയ്തത് ഇങ്ങനെയല്ല എന്നൊക്കെ പ്രമുഖരായ പലരും പറയുന്നുണ്ട്. അങ്ങനെയൊന്നും അല്ല. ഡോക്ടര്‍ ബിജു ഉള്‍പ്പെടെയുള്ളവര്‍ ഐഎഫ്എഫ്‌കെ ചിത്രങ്ങള്‍ കണ്ട് കണ്ടാണ് ഫിലിംമേക്കറായി മാറിയത്. വേറെ പലരുമുണ്ട്. അവര്‍ വേറെ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പോവുകയും മറ്റിടങ്ങളില്‍ നിന്ന് ചിത്രം കണ്ടിട്ടുമുണ്ടാകും. പുതിയ തലമുറയില്‍ നിന്നും നമ്മള്‍ ഫിലിംമേക്കര്‍മാരെ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ എല്ലാവരും സിനിമക്കാര്‍ ആയിക്കൊള്ളണമെന്നില്ല. സിനിമ നിരൂപിക്കുന്ന ഒരാളാകാം മറ്റേതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാകാം. അവരില്‍ നിന്നെല്ലാം ഇത് നടക്കണം എന്ന ആവശ്യമുണ്ടായിട്ടുണ്ട്.

IFFK 2018: ‘ബെര്‍ഗ്മാന്‍ റെട്രോ കാണണം, ഗൊദാര്‍ദ് വീണ്ടെടുപ്പ് പ്രതീക്ഷകള്‍ നല്‍കുന്നു’; ജി പി രാമചന്ദ്രന്‍ 

കേരളത്തിലെ പ്രളയം ആഗോളതലത്തില്‍ വാര്‍ത്തയായിരുന്നല്ലോ. പല ലോകചിത്രങ്ങള്‍ക്കും നമുക്ക് സബ്‌സിഡി കിട്ടുകയും ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ടതനുസരിച്ച് പലരും പണം കുറച്ച് സിനിമ തരാന്‍ തയ്യാറായി. തിയേറ്ററുകളും പണം കുറച്ച് സ്‌ക്രീനുകള്‍ ലഭ്യമാക്കിത്തന്നു. പ്രളയം വന്നപ്പോഴുണ്ടായിരുന്ന കൂട്ടായ്മ ശബരിമലവിധി വന്നപ്പോള്‍ പോയി എന്ന അഭിപ്രായമുണ്ട് ഒരു ഭാഗത്ത്. പക്ഷെ, നമ്മുടെ മതപരമായ ഒരു ഉത്സവവും മാറ്റിവെയ്ക്കപ്പെട്ടില്ല. മതപരമല്ലാത്ത ആധുനികമായ ആഘോഷങ്ങളുണ്ട് അത് വേണമെങ്കില്‍ മാറ്റിവെയ്ക്കാം എന്നൊരു തോന്നല്‍ വരികയാണ്. ഇത് നമ്മുടെ മതേതര സംവിധാനത്തിന് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റെല്ലാ വിമര്‍ശനങ്ങളുണ്ടെങ്കിലും യുവജനോത്സവം ആയാല്‍ പോലും. നമ്മുടെ സമൂഹത്തില്‍ യുവജനോത്സവും ഫെസ്റ്റിവലുമൊക്കെ വേണം. ഐഎഫ്എഫ്‌കെയുടെ കാര്യത്തില്‍ മാറി ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിന് പ്രേരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ ഏറ്റവും ആവേശമായി കാണുന്നത്. അതു തന്നെയാണ് ഈ മേളയുടെ പ്രധാന സന്ദേശവും. കേരളീയരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഒത്തുകൂടലും ലോകസിനിമയുമായുളള ബന്ധം തുടരലുമാണ് ഐഎഫ്എഫ്‌കെ.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018