സിനിമാ ടിക്കറ്റ് നികുതി വര്‍ധന അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി. ചലച്ചിത്ര സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബജറ്റില്‍ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചലച്ചിത്ര സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
അമ്മ പ്രതിനിധികളും നിര്‍മ്മാണ-വിതരണ ഭാരവാഹികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പത്ത് മിനിറ്റില്‍ താഴെ മാത്രമായിരുന്നു ചര്‍ച്ച നടന്നത്.
സിനിമാ ടിക്കറ്റുകളുടെ അധിക നികുതി കുറയ്ക്കണമെന്നും സിനിമാ വ്യവസായം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത് എന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിലും ധനകാര്യ മന്ത്രിയുമായും ചര്‍ച്ച ചെയ്ത് സിനിമാ വ്യവസായത്തിന് അനുകൂല നടപടിയുണ്ടാകുമെന്ന് അദ്ദേഹമറിയിച്ചുവെന്നും ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചു.
ആഭ്യന്തര പരാതി പരിഹാര സെല്‍, ഡബ്ലിയുസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായില്ല. അതേസയം, ഓണ്‍ലൈന്‍ ബുക്കിങിനായി വന്‍കിട കമ്പനികള്‍ കമ്മീഷന് ഈടാക്കുന്ന വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇക്കാര്യത്തിലും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തീയേറ്റര്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചില്ല.
മറ്റ് പ്രശ്നങ്ങളൊന്നും ചര്‍ച്ചയായില്ലെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിച്ചു.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് കഴിഞ്ഞ സര്‍ക്കാര്‍ ഐനെറ്റ് വിഷന്‍ എന്ന കമ്പനിക്ക് 2015ല്‍ കരാര്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് ചില രാഷ്ട്രീയ ഇടപെടലില്‍ നടപടി റദ്ദാക്കുകയായിരുന്നു. ഇതുമൂലം കേരളത്തിലെ തിയ്യേറ്ററുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ബുക്ക് മൈ ഷോ എന്ന സ്വകാര്യ കമ്പനി കൈയ്യടക്കി വയ്ക്കുന്ന സ്ഥിതിയിലായി.
ഒരു ടിക്കറ്റിന് ഇന്റര്‍നെറ്റ് ഹാന്‍ഡ്ലിങ്ങ് ചാര്‍ജായി ഇരുപത് രൂപ മുതല്‍ ബുക്ക്മൈഷോ ഈടാക്കുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തുക വര്‍ധിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ ടിക്കറ്റിനും കമ്മിഷന് ഈടാക്കുകയും ചെയ്യും ഇതിനെല്ലാമെതിരെ കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും ഭൂരിഭാഗം തിയ്യേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് സൗകര്യം നല്‍കുന്നത് ബുക്ക്മൈഷോയിലൂടെ മാത്രമാണ് എന്ന കാരണത്താല്‍ പ്രേക്ഷകര്‍ക്ക് മറ്റ് വഴിയില്ലാതാവുകയായിരുന്നു.