‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെയാണ് ഒമര്‍ലുലു സംവിധാനം ചെയ്യുന്നു ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ നായികായ പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചിത്രം കേരളത്തിന് പുറത്തേക്കും അറിയപ്പെട്ടു. അതുകൊണ്ട് തന്നെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിനപ്പുറം വലിയ റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
1200 തിയേറ്ററുകളിലാണ് ചിത്രം ഇന്ത്യയിലുടനീളം റിലീസ് ചെയ്യുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും. തുപ്പാക്കി,തെറി, കബാലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച കലൈപ്പുലി താണുവാണ് ചിത്രം തമിഴില്‍ റിലീസിനെത്തിക്കുന്നത്.
ചിത്രത്തിനായി കേരളത്തില്‍ വലിയ പ്രമോഷനുകളൊന്നും നടക്കുന്നില്ലെങ്കിലും കേരളത്തിന് പുറത്ത് വലിയ രീതിയിലുള്ള പ്രചരണം ലഭിക്കുന്നുണ്ട്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമായിട്ട് കൂടി അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി ഉപയോഗിക്കുന്ന തരത്തിലാണ് പ്രചരണങ്ങള്‍. കേരളത്തിന് പുറത്ത് പ്രേക്ഷകരും ചിത്രത്തെ കാത്തിരിക്കുന്നുണ്ട്.

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡിസ് ലൈക്കുകള്‍ കൂടുതലാണെങ്കിലും ടീസറും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന ചിത്രമാകാനും അഡാറ് ലൗവ്വിന് സാധിച്ചിട്ടുണ്ട്.

സ്കൂള്‍ പശ്ചാത്തലത്തിലൊരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഔസേപ്പച്ചന് വാളങ്കുഴിയാണ് ചിത്രം നിര്‍മിക്കുന്നത്.