'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിലെ അഭിനേതാക്കളായ ബോളിവുഡ് താരങ്ങളായ അനുപം ഖേറും, അക്ഷയ് ഖന്നയുമടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സംഘര്‍ഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്കിയ ഹര്‍ജിയിലാണ് ബീഹാറിലെ മുസാഫര്‍പൂര്‍ പൊലീസിനോട് കേസെടുക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടത്.
കോടതി നിര്‍ദേശ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും മറ്റ് ചില വ്യക്തികളെയും അപമാനിച്ചെന്നും ഇത് തന്റെ വികാരങ്ങളെ വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ മന്മോഹന് സിങ്ങായി വേഷമിട്ട അനുപം ഖേര്‍ മന്മോഹന് സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവായി വേഷമിട്ട അക്ഷയ് ഖന്ന എന്നിവരെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്, നിര്‍മാതാക്കള്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സഞ്ജയ് ബാരുവിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ പ്രചരണായുധമാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപി ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളും ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളൊന്നുമുണ്ടാക്കാന് റിലീസിന് ശേഷം ചിത്രത്തിന് സാധിച്ചില്ല. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ജനുവരി 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്.