റുഡ്യാര്‍ഡ് ക്ലിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്ക് എല്ലാ തലമുറകളുടേതുമാണ്. ചിത്രകഥയിലൂടെയും ദൂരദര്‍ശനിലെ അനിമേഷന്‍ പരമ്പരയിലൂടെയുമാണ് 90'സ് കിഡ്സിന്റെ മനസില്‍ മൗഗ്ലി ഇടംപിടിച്ചത്. 1967ല്‍ അനിമേഷന്‍ ചിത്രമായെത്തിയ ജംഗിള്‍ ബുക്ക് 2016ല്‍ വീണ്ടും നിര്‍മ്മിച്ചപ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജോണ്‍ ഫേവ്രോ സംവിധാനം ചെയ്ത ജംഗിള്‍ബുക്ക് ഇന്ത്യയില്‍ നിന്നുമാത്രം ശതകോടികള്‍ വാരി കളക്ഷന്‍ റെക്കോഡിട്ടു.
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മൗഗ്ലിയുടെ കഥയുമായി വീണ്ടുമെത്തുകയാണ് ഹോളിവുഡ് താരം ആന്‍ഡി സെര്‍ക്കിസ്. മോഷന്‍ ക്യാപ്ച്വറിങ് പ്രകടനത്തിലൂടെ ലോഡ് ഓഫ് ദ റിങ് സീരീസിലെ സ്മീഗളായും, പ്ലാനറ്റ് ഓഫ് ദി ഏപ്സിലെ സീസറായും പ്രേക്ഷകരെ വിസ്മയിപ്പിച്ചയാളാണ് ആന്‍ഡി സെര്‍ക്കിസ്. 'മൗഗ്ലി: ലെജന്‍ഡ് ഓഫ് ദി ജംഗിള്‍' സെര്‍ക്കിസ് ഒരുക്കിയിരിക്കുന്നത് വമ്പന്‍ താരനിരയുമായിട്ടാണ്. ക്രിസ്റ്റിയന്‍ ബെയ്ല്, കെയ്റ്റ് ബ്ലാഞ്ചറ്റ്, ബെനഡിക്റ്റ് കംബര്ബാക്, നവോമി ഹാരിസ്, മാത്യു റൈസ്, ഫ്രിദ പിന്റോ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇതില്‍ ഫ്രിദ പിന്റോയും മൗഗ്ലിയെ അവതരിപ്പിക്കുന്ന രോഹന് ചന്ദും ഒഴികെയുള്ളവര്‍ മൃഗങ്ങളുടെ വേഷത്തിലാണെത്തുക.
കേറ്റ് ബ്ലാഞ്ചറ്റ് കാ ആയും കംബര്ബാക്ക് ഷേര്ഖാന് ആയും സെര്‍ക്കിസ് ബാലുവായും എത്തുമ്പോള്‍ ബഗീരനായാണ് ക്രിസ്റ്റിയന്‍ ബെയ്ല് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. ബഗീരന്റെ കഥാപാത്രം ചെയ്തത് തികച്ചും വ്യത്യസ്തമായി അനുഭവമായിരുന്നെന്നാണ് ബെയ്ല് പറയുന്നത്.
ചിത്രത്തിന്റെ ചര്‍ച്ചകളുമായി സംവിധായകന് ആന്റി സെര്‍കിസ് തന്നെ ആദ്യം കാണുന്നത് നാല് വര്‍ഷങ്ങള്‍ക്ക് മുന്പാണെന്ന് താരം പറയുന്നു. അതിനിടയില്‍ മറ്റു ചിത്രങ്ങള്‍ ചെയ്തു. ചിത്രത്തിന്റെ എല്ലാ മികവിനും കാരണം സാങ്കേതിക വിദ്യയാണെന്നും താരം വ്യക്തമാക്കി.
നാളെ ഒരു ദിവസം കഥാപാത്രത്തിനായി ശരിക്കും ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് പകരം ഞാന്‍ ഒരു കസേരയില്‍ തലയില്‍ ഒരു ക്യാമറ വച്ചു കെട്ടിയിരിക്കുകയായിരിക്കാം. എന്നിട്ടത് കഥാപാത്രം ഡിജിറ്റലി നിര്‍മിക്കുകയായിരിക്കും അങ്ങനെയൊരു ദിവസം വന്നാല്‍ ഞാന്‍ അത്ഭുതപ്പെടില്ല.ക്രിസ്റ്റ്യന്‍ ബെയ്ല്
പറയുന്ന കഥയും ആശയവുമെല്ലാം പൂര്‍ണ്ണമായും നീതീകരിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സാധാരണ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ പണം തിരിച്ചു പിടിക്കാനായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും എന്നാല്‍ ഇത് അത്തരത്തിലൊരു ചിത്രമല്ല. ചിത്രം റുഡ്യാര്‍ഡ് കിപ്ലിങ്ങ് എഴുതിയ മൂലകഥയോട് നീതിപുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന ഉറപ്പും ബെയ്ല് നല്‍കുന്നുണ്ട്.
നെറ്റ്ഫ്ളിക്സാണ് മൗഗ്ലിയുടെ നിര്‍മ്മാതാക്കള്‍. ജോണ്‍ ഫേവ്രുവിന്റെ ജംഗിള്‍ ബുക്ക് കഥയില്‍ നിന്ന് വ്യത്യാസങ്ങളുള്പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ മൊഴിമാറ്റി ചിത്രമെത്തുമ്പോള്‍ അഭിഷേക് ബച്ചനാണ് ബഗീരയ്ക്ക് ശബ്ദം നല്‍കുക.
മൗഗ്ലിയുടെ മനുഷ്യരുടെ ഇടയിലേക്കുള്ള യാത്രയും അവരോടൊപ്പമുള്ള ജീവിതവുമാണ് അതില്‍ പ്രധാനം. അതുകൊണ്ട് തന്നെ ചിത്രം ഓര്മ പുതുക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ചിത്രം നാളെ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.