INTERVIEW

കെഎന്‍ ഗണേഷ് അഭിമുഖം: ഈ ഏറ്റുമുട്ടല്‍ മാറ്റിവെയ്ക്കാവുന്നതല്ല, മുന്നോട്ടുപോക്കിന് ഈ സമരങ്ങളെ നേരിടേണ്ടതുണ്ട്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നടക്കുന്ന നാമജപ സമരത്തെ കേരളത്തിന്റെ ചരിത്ര പാശ്ചാത്തലത്തില്‍ സമീപിക്കുകയാണ് ചരിത്രകാരനായ ഡോ കെ എന്‍ ഗണേഷ് ഈ അഭിമുഖത്തില്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളെ കേരളത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ എങ്ങനെയാണ് കാണുന്നത്?

ഞാന്‍ കാണുന്നത് കേരളത്തില്‍ ഒരു പക്ഷെ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ധ്രുവീകരണം നടക്കുന്നുവെന്നാണ്. ഒരു പക്ഷെ ഇതിന് മുമ്പും നടക്കാന്‍ സാധ്യതയുണ്ടായിരുന്നു. അത് പക്ഷെ പൂര്‍ണ തലത്തില്‍ എത്താതെ പോയ പോളറൈസേഷന്‍ ഇപ്പോഴാണ് നടക്കുന്നത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

ഈ പോളറൈസേഷന്‍ എന്നുപറയുന്നത് കേരളത്തിന്റെ മുന്നോട്ട് പോക്കില്‍ നിര്‍ബന്ധമായും അതിജീവിച്ചു പോകേണ്ട ഒരു ഘട്ടമാണോ. അതോ ഈ ധ്രുവീകരണം തന്നെ ഒരു തിരിച്ചടിയുടെ സൂചനയാണോ?

എനിക്ക് തോന്നുന്നത് നിര്‍ബന്ധമായും ഇത്തരമൊരു അവസ്ഥയിലൂടെ കേരളം കടന്നുപോകേണ്ടതുണ്ട് എന്നാണ്. മുന്നോട്ട് പോക്കില്‍ ഇത്തരമൊരു അവസ്ഥയെ നേരിടാതെ കഴിയില്ലെന്നാണ് വസ്തുതെയെന്നാണ് എനിക്ക് തോന്നുന്നത്.

ഇ എം എസ് സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരം 
ഇ എം എസ് സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരം 

കേരളത്തിന്റെ നവോത്ഥാനത്തിന്റെ ഒരു പരിമിതിയുടെ പ്രതിഫലനമായി ഇപ്പോഴത്തെ അവസ്ഥയെ കാണുന്നവരുമുണ്ട്. നമ്മുടെ സമൂഹത്തില്‍ നിലനിന്ന എന്നാല്‍ അത്രയൊന്നും സജീവമല്ലാത്ത ചിന്തകള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായി പുറത്തേക്ക് വരുന്നതാണോ?

ഞാന്‍ നേരത്തെയും എഴുതാനും പറയാനും ശ്രമിച്ചത് ഇത് നമ്മുടെ സമൂഹത്തില്‍ എപ്പോഴും നിലനിന്നിരുന്ന ഒന്നാണെന്നാണ് എന്നതാണ്. അതായത് നവോത്ഥാനത്തിന്റെ അകത്തുനിന്നുതന്നെ രൂപപ്പെട്ട ഒരു വൈരുദ്ധ്യമായിട്ടാണ് ഞാന്‍ ഇതിനെ മനസ്സിലാക്കുന്നത്. അകത്തുണ്ടായിരുന്ന സംഗതിയാണ്. പല രൂപത്തിലും പല രീതിയിലും വലതുപക്ഷത്തിന് അനുകൂലമായ ഒരു കണ്‍സോളിഡേഷനുവേണ്ടി ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കാരണം പൊതുവിലുള്ള സാഹചര്യങ്ങള്‍ അതിന് സഹായകരമായിരുന്നില്ല. ഇന്ത്യയിലെയും കേരളത്തിലേയും നിലനിന്നിരുന്ന സാഹചര്യം വലതുപക്ഷ ധ്രുവീകരണത്തിന് യോജിച്ചതായിരുന്നില്ല. ഇപ്പോള്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഇന്ത്യയിലും ഒരു പക്ഷെ കേരളത്തിലും വളര്‍ന്നുവന്നിട്ടുണ്ട് എന്നതുകൊണ്ടാണ് അത് പുറത്തുവരുന്നത്. അല്ലെങ്കില്‍ കുറച്ചു കൂടി വ്യക്തതയോടെ പുറത്തുവരാന്‍ തുടങ്ങിയത്. നവോത്ഥാനം എന്ന് വിളിക്കുന്ന പക്രിയ പൂര്‍ണമായിരുന്നില്ല. Smashing the opposition എന്ന പവര്‍ അതിന് ഉണ്ടായിരുന്നില്ല. വലതുപക്ഷം എന്നത് ആദ്യഘട്ടത്തില്‍ എമേര്‍ജ് ചെയ്തിരുന്നില്ല,. കാരണം അന്ന് നാടുവാഴിത്തം, ജന്മിത്തം, എന്നിവയ്ക്ക് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍ പിന്നീട് റാഡിക്കല്‍ പൊളിറ്റിക്ക്‌സ് എന്നിവയെല്ലാം ഇതിനെതിരായതുകൊണ്ട് തന്നെ വലതുപക്ഷത്തിന് അങ്ങനെ ഒരു വോയ്‌സ് അവര്‍ക്ക് കിട്ടിയിരുന്നില്ല. ചില സാഹിത്യകൃതികളിലൊക്കെ അതിന്റെ പ്രാതിനിധ്യങ്ങള്‍ കണ്ടുവെന്നതല്ലാതെ സമൂഹത്തില്‍ അത് പ്രകടമായി പുറത്തുവന്നിരുന്നില്ല. അതേസമയം അത്തരത്തിലുള്ള ഒന്ന് അന്നും പല രൂപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം മലബാര്‍ കലാപത്തിന് ശേഷം സനാതന ഹിന്ദുക്കളുടെ സംഘങ്ങള്‍ ഉണ്ടായിരുന്നു. 1930 കളിലും 40 കളിലും തിരുവിതാകുറില്‍ ഈഴവരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീംങ്ങളുടെയും കണ്‍സോളിഡേഷന്‍ ഉണ്ടായപ്പോള്‍ അതിന് എതിരായി ഒരു ഹിന്ദു മണ്ഡലം രൂപം കൊണ്ടിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റി യൊക്കെയായിരുന്നു ഇതിന് പിന്നില്‍. 50 കളുടെ അവസാനത്തില്‍ വിമോചന സമരത്തിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയായി അത് പ്രത്യക്ഷപ്പെട്ടു. വീണ്ടും അത് 80ളിലുടെ അവസാനത്തില്‍ ശിലാന്യാസത്തിന്റെ കാലത്തും ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമുണ്ടായിരുന്നു. ആര്‍എസ് എസ്സിനെ സഹായിക്കാന്‍ ധാരളം സ്വാമിജിമാരും മറ്റും ഉണ്ടായിരുന്നു. പല രീതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അതിന് അക്കാലത്തെ ഒരു രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ പൂര്‍ണമായും അതിന് അനുകൂലമായിരുന്നില്ല. എന്നാല്‍ ഇക്കാലത്തും കേരളത്തില്‍ മറ്റ് കാര്യങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം കിട്ടിയത്. അന്ന് കേരളത്തിലെ പ്രധാന വിഷയമായിരുന്നത് ഗള്‍ഫ് യുദ്ധമൊക്കെയായിരുന്നു. അതായിരുന്നു ഇവിടുത്തെ ചര്‍ച്ച. അതുകൊണ്ട് ആളുകള്‍ അതിലേക്ക് വലുതായി സ്വാധീനിക്കപ്പെട്ടില്ല. ഗള്‍ഫ് യുദ്ധം ആളുകളെ വലിയതൊതില്‍ ബാധിക്കുന്നതായിരുന്നു.

നേരത്തെ സനാതാന ഹിന്ദുക്കളുടെ വളര്‍ച്ചയുണ്ടാകുമ്പോള്‍ തന്നെയാണ് ഉപ്പുസത്യഗ്രഹം ഉണ്ടായത്. അതോടെ അത് അവിടെ ബ്രേക്ക് ചെയ്തുപോകുകയും ആളുകളുടെ ശ്രദ്ധ ദേശീയ പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു. 40 കളിലും ഇതുതന്നെയാണ് സംഭവിച്ചത്. അത്തരത്തിലൊരു മൂവ്‌മെന്റിനെ ഓവര്‍ടേക്ക് ചെയ്യുന്ന രീതിയിലുള്ള സംഭവങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. ദേശീയ പ്രസ്ഥാനം മാത്രമല്ല, പലതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. രാജവിരുദ്ധ ഉത്തരവാദിത്ത പ്രക്ഷോഭങ്ങള്‍ വലിയ തോതില്‍ വളര്‍ന്നുവന്നു.

യഥാര്‍ത്ഥ്ത്തില്‍ വിമോചന സമരമാത്രമാണ് വലതുപക്ഷത്തിന്റെ കൃതൃമായുളള രാഷ്ട്രീയ മൂവ്‌മെന്റ് ആയി മാറുന്നത്. തീര്‍ച്ചയായും അതൊരു ഹിന്ദു സംഗതിയായിരുന്നില്ല. എന്നാല്‍ ഇന്നത്തെ പോലെ വിശ്വാസം എന്നത് സംഗതിയെ ചുറ്റിപ്പറ്റിയാണ് അന്നും വിവിധ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കപ്പെട്ടത്. അത്രയും തീവ്രമായ പ്രകടനം ഇപ്പോഴാണ് നടക്കുന്നത്. നായന്മാരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വരെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിന് ശേഷം പ്രാദേശികമായ സംഗതികള്‍ ഉണ്ടായിട്ടുണ്ടാവാമെങ്കിലും ഇത്രയും വ്യപാകമായും ശക്തമായും ആളുകളെ പുറത്തേക്ക് എത്തിക്കുന്നത് ഇപ്പോഴാണ്. അന്ന് തന്നെ ദേശീയ തലത്തിലുള്ള രാഷട്രീയം ഇവര്‍ക്ക് അനുകൂലമായിരുന്നില്ല. കോണ്‍ഗ്രസും നെഹ്‌റുവുമാണെന്നതുകൊണ്ടും (ഞാന്‍ നെഹ്‌റുവിനെ ന്യായികരിക്കാന്‍ വേണ്ടി പറയുകയല്ല) മറിച്ച് അന്നത്തെ കോണ്‍ഗ്രസിന്റെ ഘടന ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് വേണം കാണാന്‍. അതിനു ശേഷം നടക്കുന്ന ഏറ്റവും ശക്തമായ മൂവ്മെന്റ് ആണ് ഇപ്പോഴത്തെത്. അന്ന് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അതിന് ശേഷമുള്ള ഒരു കണ്‍സോളിഡേഷന്‍ പഴയ രീതിയില്‍ നിലനിര്‍ത്താന്‍ വലതുപക്ഷത്തിന് കഴിഞ്ഞില്ല. പലരും പിന്നീട് ആ കൂട്ടത്തില്‍നിന്ന് മാറി. കേരളത്തില്‍ ഇപ്പോള്‍ ഒരു പൊളറൈസേഷന്‍ ഉണ്ടാവുമെന്നല്ല ഞാന്‍ പറയുന്നത്. ഉണ്ടായിക്കൂടെന്നില്ല. രാഷ്ട്രീയമായ ധ്രുവികരണത്തെക്കാള്‍ സാമൂഹ്യമായ ധ്രുവികരണത്തിനാണ് സാധ്യത.

അത് ഒരു രാഷ്ട്രീയ ധ്രുവികരണത്തിന് വഴിവെയ്ക്കാനുള്ള സാധ്യത എത്രത്തോളമാണ്?

ഗുരുതരമായ പ്രശ്‌നങ്ങള്‍  ഇതിലുണ്ട്. ഒന്ന് ന്യൂനപക്ഷം ഇതിനെ എങ്ങനെ സമീപിക്കുന്നുവെന്നത്.ക്രൈസ്തവ സംഘടനകള്‍ ഇക്കാര്യത്തില്‍  ഒന്നും പറഞ്ഞിട്ടില്ല. മുസ്ലീം ലീഗ് ചില സൂചനകള്‍ നല്‍കുന്നുവെന്നതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും വിശ്വാസത്തെ ഹനിക്കുമെന്ന് അവര്‍ പറഞ്ഞേക്കും. എന്നാല്‍ അതെങ്ങനെ വികസിക്കുമെന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് ബിജെപി ശക്തമായി നിലനില്‍ക്കുന്നതുകൊണ്ട് അവര്‍ക്ക് അനുകൂലമായ ഒരു സമീപനം മുസ്ലീങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുക എളുപ്പമല്ല. അപ്പോഴാണ് കോണ്‍ഗ്രസിന്റെ നിലപാട് പ്രസക്തമാകുന്നത്.

ശബരിമല സുപ്രീം കോടതി വിധിക്കെതിരെ കെ പി സി സിയുടെ പ്രതിഷേധം 
ശബരിമല സുപ്രീം കോടതി വിധിക്കെതിരെ കെ പി സി സിയുടെ പ്രതിഷേധം 

കോണ്‍ഗ്രസിന്റെ നിലപാട് ഇപ്പോള്‍ പരസ്യമാണ്. അവര്‍ ഇക്കാര്യത്തില്‍ സംഘ്പരിവാര്‍ സംഘനടകള്‍ക്കൊപ്പമോ അവരെക്കാള്‍ ശക്തമായോ നിലപാട് സ്വീകരിച്ചു കഴിഞ്ഞു.?

കോണ്‍ഗ്രസില്‍ എന്നും ഒരു വലതുപക്ഷം ഉണ്ടായിരുന്നു. ഉദാഹരണത്തിന് മലബാര്‍ കലാപ സമയത്ത് മുസ്ലീങ്ങള്‍ ഹിന്ദുക്കളെ കൊലപ്പെടുത്തുന്നുവെന്ന് പറഞ്ഞ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കത്തയച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവായ യു ഗോപാലമേനോന്‍ ആണ്. 1920- കളിലും ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു.  ഇക്കൂട്ടത്തില്‍പെട്ട ബി എസ് മുഞ്ചെ പിന്നീട് ആര്‍ എസ് എസ്സിന്റെ സ്ഥാപകരില്‍ ഒരാളായി മാറുകയും ചെയ്തു. ഇത്തരക്കാരുടെ നേതൃത്വത്തിലാണ് സനാതന സമ്മേളനമൊക്കെ നടത്തിയത്. അതില്‍ കോണ്‍ഗ്രസുകാര്‍ വ്യാപകമായി പങ്കെുടുത്തിരുന്നു. 1940 കള്‍ ആവുമ്പോക്കെും ഇത്തരത്തിലുള്ള ആളുകളുമായി ധാരണയിലെത്താനൊക്കെയുള്ള ശ്രമവുമുണ്ടായി. മന്നത്ത് പതമ്‌നാഭന്‍ ഈക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹം പിന്നിട് വിട്ടുവെങ്കിലും അത്തരക്കാരുമായി പലതരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായിരുന്നു. ഇത് ശക്തമായത് പിന്നീട് വിമോചന സമരകാലത്താണ്. പനമ്പള്ളിയും പി ടി ചാക്കോയും ഒക്കെ വലതുപക്ഷക്കാരായി മാറിയിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ എപ്പോഴും ഒരു സെന്‍ട്രിസ്റ്റ് ലിബറല്‍ സെക്കുലര്‍ നിലപാടുള്ളവര്‍ ഉണ്ടായിരുന്നു. അത് കാണാതെ പോകരുത്. പലരും റൈറ്റ് വിങ് നിലപാടുകളില്‍നിന്ന് അകന്നുനിന്നിരുന്നു. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് വിരോധിയായ കെ കേളപ്പന്‍ പോലും സെന്റട്രിസ്റ്റ് നിലപാട് സ്വീകരിച്ചുിരുന്നു. ഭിന്ന നിലപാടുകള്‍ക്കിടയില്‍ ആടി കളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനങ്ങള്‍.  എന്നാല്‍ സെന്‍ട്രിലിസ്റ്റ് ഗ്രൂപ്പിന്റെ സ്വാധീനം 1960 കളോടെ കുറയുകയായിരുന്നു. അത്തരക്കാരില്‍ പലരും നിശബ്ദരാകുകയോ, കോണ്‍ഗ്രസില്‍നിന്ന് അകലുകയോ ചെയ്തു ഈ കാലത്ത്.

അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുതുടങ്ങിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. വിവിധ സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥി, തൊഴിലാളി യൂണിയനുകള്‍ പോലുള്ളവ. കോണ്‍ഗ്രസിന്റെ മിഡില്‍ക്ലാസ് ഏറിയയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയറിവരാന്‍ തുടങ്ങിയതുമുതലാണ് കോണ്‍ഫ്‌ളിക്റ്റ് പ്രത്യക്ഷമായത്. പുതിയ ജനറേഷന്‍ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കെ എസ് യുവിലുടെ രൂപപ്പെട്ടുവന്നതാണ്. അവരുടെ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഇടതുപക്ഷവിരുദ്ധതയാണ് അവരുടെ തലയില്‍ പിന്നീട് മാറ്റമില്ലാതെ നിലനിന്നത്. അതായത് അവരുടെ രാഷ്ട്രീയത്തെ പില്‍കാലത്ത് നയിക്കുന്നതും വിദ്യാര്‍ത്ഥി കാലത്തെ അവരുടെ രാഷ്ട്രീയമാണ്. അവരുടെ രാഷ്ട്രീയ തീരുമാനം അങ്ങനെയാണ് രൂപപ്പെടുന്നത്. എ കെ ആന്റണി മുതലുള്ളവര്‍ അങ്ങനെയാണ്. കെ കേളപ്പനും എ കെ ആന്റണിയും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. പക്ഷെ കേളപ്പന് അത് നെഗോഷിയേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്നതുപൊലുള്ള പ്രശ്‌നം വരുമ്പോള്‍ വിശ്വാസിയായ ലിബറലാണ് ഇപ്പോള്‍ പൊസിഷന്‍ എടുക്കേണ്ടത്. അതു ചെയ്യുന്നില്ല. യുവതി പ്രവേശനത്തിനെതിരെ പ്രചാരണം വരുമ്പോള്‍ അവര്‍ക്ക് തിരിച്ച്  ഒരു ചോദ്യവും ചോദിക്കാന്‍ പറ്റുന്നില്ല. നാട്ടിലെ എല്ലാ അയ്യപ്പന്‍ ക്ഷേത്രങ്ങളിലും പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ എന്തുകൊണ്ട് ശബരിമലയില്‍ അത് സാധ്യമാകുന്നില്ലെന്ന് ചോദ്യം ലിബറല്‍ വിശ്വാസിക്ക് ചോദിക്കാന്‍ പറ്റുന്നില്ലെന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഇതു സംഭവിക്കുന്നത് മേല്‍ പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടാണ്. ലിബറല്‍ പൊസിഷനുകളുള്ള കോണ്‍ഗ്രസുകാരില്‍നിന്ന് അത്തരം ചോദ്യം ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ ഉണ്ടാവുന്നില്ല.

കേരളത്തിന്റെ നവോത്ഥാനം സംഭവിക്കുന്നത് അടിസ്ഥാനവിഭാഗങ്ങളിലാണ്, അതുകൊണ്ട് വലിയ സാമുൂഹ്യ മാറ്റത്തിന് കാരണമായതെന്ന വിലയിരുത്തലുകളുണ്ട്. അത്തരത്തിലുള്ള ചരിത്രമുണ്ടെന്ന് പറയുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ വലിയൊരു ജനസമൂഹം ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്ന്ത്. അവരോട് എന്താണ് ഇടതുപക്ഷം സംസാരിക്കുക?

എന്റെ ഒരു തോന്നല്‍ ചില അടിസ്ഥാന ഡിബേറ്റുകള്‍ കേരളത്തില്‍ നടന്നിട്ടില്ല എന്നതാണ്. അതില്‍ ഒന്ന് വിശ്വാസം സംബന്ധിച്ചാണ്. യുറോപ്പില്‍ ആധുനികത വളര്‍ന്നുവന്ന ഘട്ടത്തില്‍ വിശ്വാസവും യുക്തിപരതയും തമ്മിലുള്ള ഡിബേറ്റ് നടന്നിരുന്നു. സയന്‍സ് എന്നത് പുതിയൊരു ചിന്തയുടെ രൂപമായി അവര് കാണുകയും എന്തിനെയും സയന്‍സാണ് എന്ന് പറഞ്ഞാല്‍ മാത്രം സ്വീകാര്യത കിട്ടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. കേരളത്തില്‍ അങ്ങനെ ഒരു ഡിബേറ്റ്  നടന്നിട്ടില്ല. ജാതി, ആചാരം, ആചാരബന്ധത അന്ധവിശ്വാസം എന്നിവയില്‍ തളച്ചിടപ്പെടുകയും ചെയ്തു. അന്നത്തെ പല പ്രശ്‌നങ്ങളും അത്രമേല്‍ ആചാര ബന്ധമായിരുന്നു എന്നത് വാസ്തവമാണ്. ഇതിനുള്ള വിശദീകരണം തേടിയത് ആധ്യാത്മികതയിലായിരുന്നു. അതായത് ആചാരബന്ധതയെ വിമര്‍ശിക്കുന്നതിന് ഉപയോഗിക്കച്ചത് യുക്തിപരതയായിരുന്നില്ല. ആചാരവും വിശ്വാസവും തമ്മിലുള്ള ബന്ധത്തിലേക്ക് പിന്നിടുള്ള ചര്‍ച്ചകള്‍ മാറി. അതിന് അതിന്റെതായ കാരണങ്ങള്‍ ഉണ്ട്. ഇതൊന്നും തെറ്റല്ല. പക്ഷെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യത്തിലേക്ക് മാറിയില്ല. ശാസ്ത്രജ്ഞര്‍ തന്നെ വിശ്വാസം എന്ന മേഖലയിലെക്ക് കടന്നില്ല. അതിലേക്ക് കടക്കേണ്ടതില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്. ഇക്കാരണത്താലൊക്കെ വിശ്വാസമെന്നതിന് ഒരു ഫ്രീ സ്‌പേസാണ് ലഭിച്ചത്. വിവിധ മതസംഘടനങ്ങള്‍ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. അതേസമയം ഈ വിശ്വാസികള്‍ക്ക് സയന്‍സിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടില്ല. മതഗ്രന്ഥങ്ങളില്‍ ശാസ്ത്രമാണോ എന്ന മട്ടില്‍ ലേഖനങ്ങള്‍ വരുന്നു. എന്നാല്‍ ശാസ്ത്രകാരന്‍മാര്‍ വിശ്വസത്തിന്റെ മേഖലയിലേക്ക് കടക്കാന്‍ തയ്യാറായില്ല. അതില്‍ കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റ് ഇതര വ്യത്യാസമൊന്നുമില്ല.

വലതുപക്ഷം ശക്തിപ്പെടുമ്പോള്‍ അതിന് വേണ്ടി എല്ലാകാലത്തും പ്രവര്‍ത്തിച്ചത് എന്‍ എസ് എസ്സാണ്. വിമോചന സമരകാലത്തും ഇപ്പോഴും?

എന്‍ എസ് എസ്സിന്റെ പോലുള്ള സംഘടനകള്‍ മാത്രമല്ല, ചില ക്രിസ്ത്യന്‍ സംഘടനകളും ഇതുപോലെയാണ്. കൊളോണിയല്‍ കാലഘട്ടത്തിലുണ്ടായ മാറ്റം ശ്രദ്ധിക്കണം. നായര്‍ എന്നത് ഒരു ഹോമോജിനിസ് വിഭാഗമല്ല. ജാതിയല്ല, സമുദായമാണ് നിലനില്‍ക്കുന്നത്. സമുദായം മറ്റുള്ളവരുമായി സമത്വം അവകാശപ്പെടുന്നതാണ്. നായന്മാര്‍ അടിസ്ഥാനപരമായി ക്ഷേത്രങ്ങളുടെയോ രാജക്കാന്മാരുടെ ആശ്രിതന്മാരായിരുന്നു. അതിന്റെ പ്രയോജനവും അവര്‍ക്കുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ സമര്‍ത്ഥരായ ആളുകള്‍ പലരീതിയിലും കുടുതല്‍ സ്വത്തുക്കള്‍ ഉണ്ടാക്കുകയും ചെയ്തു. വടക്കന്‍ പാട്ടുകളിലൊക്കെ പ്രതിഫലിക്കുന്നത് ഇത്തരത്തില്‍ നടത്തിയ അക്രമങ്ങളൊക്കെയാണ്. ബ്രിട്ടീഷുകാരുടെ കാലം വന്നപ്പോള്‍ ചില ഗുണങ്ങള്‍ ഈ വിഭാഗത്തിന് ഉണ്ടായി. ചില പ്രത്യേക അവകാശങ്ങള്‍ ഇവര്‍ക്ക് ബ്രാഹ്മണരുമായുള്ള അടുപ്പം കൊണ്ട് നേരത്തെ തന്നെ അവര്‍ക്കുണ്ടായിരുന്നു. എഴുത്തും വായനയും അറിയാം. നായന്മാരില്‍ വലിയൊരു വിഭാഗം കണക്കെഴുത്തുകാരാണ്, സാമൂഹ്യമായി ഭേദപ്പെട്ട അവസ്ഥ അവര്‍ക്ക് ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ടുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്നല്ല. ചിലര്‍ക്ക് ഉണ്ടായിരുന്നു. കൊളോണിയല്‍ കാലത്തെ ഇടത്തരം ജോലികളില്‍ പലതും നായന്മാരെയാണ് ഏല്‍പ്പിച്ചത്. അവര്‍ വളരെ സ്വാധീനമുള്ള ഒരു ആശ്രിത വിഭാഗമായി മാറി. അങ്ങനെയുണ്ടായിരുന്ന മേല്‍ക്കൈ നായന്മാര്‍ എന്ന വിഭാഗത്തിനുണ്ടായിരുന്നു. അത് മറ്റൊരു സാഹചര്യത്തില്‍ നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. വിദ്യാഭ്യാസ നിയമവും ഭൂ നിയമവും ആയിരുന്നു 1957 ലെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ആ ഘട്ടത്തില്‍ പട്ടം താണുപിള്ളയോട് വിദ്യാഭ്യാസ നിയമത്തെ എതിര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്തിന് എതിര്‍ക്കുന്നുവെന്നായിരുന്നു മറുചോദ്യം. അങ്ങനെ ചോദിക്കാനുള്ള കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് ഇല്ലായിരുന്നുവെന്നതുകൊണ്ടാണ്. മന്നത്ത് പത്മനാഭന്‍ വിദ്യാഭ്യാസ ബില്ലിനെ ആദ്യഘട്ടത്തില്‍ അനുകൂലിച്ച വ്യക്തിയാണ്. അതേസമയം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭൂനിയമങ്ങളോട് വലിയ എതിര്‍പ്പുണ്ടായിരന്നില്ല. കാരണം എസ്റ്റേറ്റുകളെ അതില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് വിദ്യാഭ്യാസ ബില്ലായിരുന്നു പ്രശ്‌നം. പിന്നീട് യോജിച്ചുനില്‍ക്കാന്‍ അവര്‍ ചില കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാത്രം. ഇപ്പോഴും സംവരണത്തിനുള്ള എതിര്‍പ്പൊക്കെ നായന്മാരില്‍നിന്നുണ്ടാകാനുള്ള കാരണം പ്രിവിലേജുകള്‍ കൈയൊഴിയാനുള്ള വിസമ്മതമാണ്. അതാണ് അവരുടെ വലതു രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

എല്‍ ഡി എഫിന്റെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 
എല്‍ ഡി എഫിന്റെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 

ഇപ്പോഴത്തെ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ഇടതുപക്ഷം തന്നെ പറയുന്നത് കോടതിയുടെ ഇടപെടല്‍ ആണ് ഞങ്ങള്‍ക്ക് നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല എന്നാണ്. ഇടതുപക്ഷത്തിന് പോലും ഇത്തരം കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

അത് പരിശോധിക്കേണ്ടതാണ്. കേരളത്തില്‍ ബഹുഭൂരിപക്ഷം വിശ്വാസികളാണെന്ന പ്രസ്താവന തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. നല്ലൊരു ശതമാനത്തെ സംബന്ധിച്ചും വിശ്വാസം എന്നതൊക്കെ ഒരു ടോക്കണിസം ആണ്. ഇടയ്ക്ക് ഒന്ന് ക്ഷേത്രത്തില്‍ പോകുകയെന്നൊക്കെയുള്ള കാര്യങ്ങള്‍. സാധാരണക്കാരന്‍ വിശ്വാസികള്‍ തന്നെയാണ്. അവര്‍ അക്കാര്യത്തില്‍ അഗ്രസീവ് ഒന്നുമല്ല. വിശ്വാസത്തെക്കാള്‍ അപ്പുറമുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അതാണ് ഇടതുപക്ഷത്തെ പോലും പിന്‍വലിപ്പിക്കുന്നതെന്ന് തോന്നുന്നുണ്ട്. പല സ്ഥലങ്ങളിലും ഇത് ചെയ്യുന്ന ഏജന്‍സീസ് അതായത് അയ്യപ്പ സേവാസംഘം, എന്‍ എസ് എസ്, മഹല്ലുകള്‍, ക്രിസ്ത്യന്‍ അസോസിയേഷനുകള്‍ ഇവര്‍ക്കൊക്കെയുള്ള സ്വാധീനം വലുതാണ്. പുരോഗമന വാദി പോലും പല കാര്യങ്ങള്‍ക്കും വഴങ്ങുകയാണ് പതിവ്. കേരളത്തില്‍ കുറേക്കാലമായി വളര്‍ന്നുവരുന്ന സോഷ്യല്‍ കണ്‍സര്‍വേറ്റീവിസം ആണ് ഇതിന്റെ കാരണം. ഈ കണ്‍സര്‍വേറ്റീസം മുഴുവന്‍ നിലനില്‍ക്കുന്നത് വിശ്വാസത്തിന് കൊടുത്ത നേരത്തെ പറഞ്ഞ ഫ്രീ സ്‌പേസിന്റെ ഫലമായാണ്. കുടുംബത്തിന്റെ അകത്താണ് ഈ കണ്‍സര്‍വേറ്റീവിസം നിലനില്‍ക്കുന്നത്. ഇത് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് എന്തെങ്കിലും ആയിക്കൊട്ടെ എന്ന സമീപനത്തിലേക്ക് മാറുന്നു. അപ്പോഴാണ് ലീഗല്‍ റെമഡിയിലേക്ക് മാറുന്നത്. സുപ്രീം കോടതി വിധിവന്നാല്‍ അതിനെ ഉപാധിയാക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. സെക്കുലര്‍ ഡെമോക്രാറ്റിക്ക് ശക്തികള്‍ ഒരു പാട് നാളായി കേരളത്തില്‍ പ്രതിരോധത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മൊത്തം മൊബിലൈസ് ചെയ്യാന്‍ കഴിയുന്നത് നാല്പത് ശതമാനത്തിന് അടുപ്പിച്ച വോട്ടാണ്. ബാക്കിയെല്ലാവരും യോജിച്ചാല്‍ അവര്‍ വിജയിക്കും. എന്നാല്‍ കൃത്യമായ ചില പൊസിഷനുകളില്‍ അടിയുറച്ചുനിന്നാല്‍ ഇടതുപക്ഷത്തിന് ശക്തമായി മുന്നോട്ടുപോകാന്‍ കഴിയും. ഒട്ടേറെ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും ഇടതുപക്ഷം അതിലേക്ക് കൂടുതലായി മാറുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ ഈ സമരവും മറ്റും അതിനെ കൂടുതല്‍ ശക്തമാക്കുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വെല്ലുവിളി അതുകൊണ്ടുതന്നെ മാറ്റിവെയ്‌ക്കേണ്ടതല്ല. മാറ്റിവെച്ചാല്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരികയേ ഉള്ളൂ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018