INTERVIEW

ജീവന്‍ ജോബ് തോമസ് അഭിമുഖം: ‘അജയനെ അജ്മലും കുപ്രസിദ്ധ പയ്യനുമാക്കുന്നത് ഭൂരിപക്ഷമാണ്’ 

ജീവന്‍ ജോബ് തോമസ്
ജീവന്‍ ജോബ് തോമസ്
ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഈ ജനാധിപത്യ സാഹചര്യം തകര്‍ക്കപ്പെടുമോ എന്ന ചോദ്യം വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അത് കൂട്ടി വായിക്കുമ്പോളാണ് ചിത്രവും നീതിന്യായ വ്യവസ്ഥിതികളും കൂടുതല്‍ പ്രസക്തമാവുന്നത്.

നീതിന്യായവ്യവസ്ഥ ഫലപ്രദമായി നിലനില്‍ക്കുന്നു എന്ന് സമൂഹത്തെ ബോധിപ്പിക്കാന്‍ ഭരണകൂടസംവിധാനങ്ങള്‍ ബലിയാടാക്കിയ നിരപരാധികളുടെ നിര നീണ്ടതാണ്. അത്തരം ഒരു 'ഫ്രെയിമിങ്ങിന്' ഇരയായ ചെറുപ്പക്കാരന്റെ കഥയാണ് മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ പറയുന്നത്. 2012ല്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുത്തുകാരനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കോഴിക്കോട് ഹോട്ടലുകളില്‍ പലഹാരം ഉണ്ടാക്കി വിറ്റു ജീവിച്ചിരുന്ന സുന്ദരിയമ്മ എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ കേസില്‍ പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടതുമാണ് ചിത്രത്തിന്റെ മൂലകഥ. രണ്ട് വര്‍ഷത്തിന് ശേഷം ജീവന്‍ ജോബ് തോമസ് പച്ചക്കുതിര മാഗസിനില്‍ എഴുതിയ 'സുന്ദരിയമ്മ, ജയേഷ് അഥവാ പൊലീസ് സദാചാരം' എന്ന ലേഖനത്തിലൂടെയാണ് സംഭവത്തേക്കുറിച്ച് പുറംലോകം കൂടുതലായി അറിയുന്നത്. മധുപാലിന് അടുത്ത ചിത്രം ചെയ്യാനുള്ള പ്രേരണയും മലയാള സിനിമയ്ക്ക് പുതിയൊരു തിരക്കഥാകൃത്തിനേയും ആ ലേഖനത്തിലൂടെയുണ്ടായി. മികച്ച പ്രതികരണങ്ങളുമായി 'ഒരു കുപ്രസിദ്ധ പയ്യന്‍' പ്രദര്‍ശനം തുടരുകയാണ്.

പക്ഷെ, യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണെന്ന അവകാശവാദം ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഉപയോഗിക്കുന്നേയില്ല. ഫിക്ഷണലൈസ് ചെയ്താണ് കഥയൊരുക്കിയതെന്നും പോപ്പുലര്‍ സിനിമയുടെ സഹായത്തോടെ നീതിയെപ്പറ്റിയുള്ള ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്നും തിരക്കഥാകൃത്ത് ജീവന്‍ ജോബ് തോമസ് ന്യൂസ്‌റപ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൊലീസ് സംവിധാനത്തിനൊപ്പം സമൂഹവും നിലനില്‍ക്കുന്ന നീതിന്യായവ്യവസ്ഥയുടെ ഫ്രെയിമിങ്ങില്‍ പങ്കാളിയാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന് മേല്‍ ആധിപത്യം ചെലുത്താല്‍ ശ്രമിക്കുന്നതിനേക്കുറിച്ചും അജയനെ പൊലീസ് അജ്മല്‍ ആക്കുന്നതിന്റെ രാഷ്ട്രീയത്തേക്കുറിച്ചും ജീവന്‍ സംസാരിക്കുന്നു. കോടതിയില്‍ അവതരിപ്പിക്കപ്പെടുന്ന സത്യം ഒരു പ്രത്യേക വീക്ഷണകോണില്‍ നിന്ന് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്നു.

സുന്ദരിയമ്മ കൊലക്കേസുമായി ബന്ധപ്പെട്ട് താങ്കള്‍ എഴുതിയ ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യഥാര്‍ത്ഥ സംഭവവുമായി കുപ്രസിദ്ധ പയ്യന് എത്രത്തോളം ബന്ധമുണ്ട്?

പച്ചക്കുതിരയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത സ്റ്റോറി അതുപോലെ തന്നെ സിനിമയിലേക്ക് എടുക്കുകയല്ല ചെയ്തിരിക്കുന്നത്. അത് ഫിക്ഷണലൈസ് ചെയ്താണ് കഥ ഒരുക്കിയത്. യഥാര്‍ഥ കഥകള്‍ അതുപോലെ തന്നെ സിനിമയാക്കുമ്പോള്‍ ഉണ്ടായി വരുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്. വ്യക്തികളുടെ സ്വഭാവമൊന്നും നമുക്ക് അതുപോലെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ ഒരു കഥാപാത്രം ഒരവസരത്തില്‍ എടുക്കുന്ന തീരുമാനം യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ തീരുമാനമായി കാണിക്കുമ്പോള്‍ അത് അവര്‍ക്ക് പ്രശ്നം ഉണ്ടാക്കും. അതുകൊണ്ട് ആ കഥാപാത്രത്തെയും ആ സംഭവത്തെയുമാണ് ഈ ചിത്രത്തില്‍ പുനരവതരിപ്പിച്ചിരിക്കുന്നത്. 2014 ലാണ് പച്ചക്കുതിരയില്‍ ഞാന്‍ ആ സ്റ്റോറി ചെയ്യുന്നത്, അതിനു ശേഷം നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ തിരക്കഥ എഴുതുന്ന സമയത്തു തന്നെ ഇതുപോലെ സാമ്യമുള്ള വേറെയും സംഭവങ്ങള്‍ സമൂഹത്തില്‍ ഉണ്ടായി. അതും ചിത്രത്തിലേക്ക് കൊണ്ടു വരാന്‍ നോക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുപ്രസിദ്ധ പയ്യന്‍ പച്ചക്കുതിരയില്‍ വന്ന സ്റ്റോറി ആണെന്ന് പറയാനാകില്ല. പക്ഷേ അതിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ഞങ്ങള്‍ അതിനകത്ത് നമ്മുടേതായ ഒരുപാട് കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു, സംഭവങ്ങള്‍ ചേര്‍ത്തു, അതുകൊണ്ടാണ് ഇത് യഥാര്‍ഥ കഥയാണെന്ന തരത്തിലുള്ള ഒരു മാര്‍ക്കറ്റിംഗിലേക്കും കടക്കാതിരുന്നത്.

ജീവന്‍ ജോബ് തോമസ് അഭിമുഖം: ‘അജയനെ അജ്മലും കുപ്രസിദ്ധ പയ്യനുമാക്കുന്നത് ഭൂരിപക്ഷമാണ്’ 

നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഒരുപാട് സംഭവങ്ങള്‍ക്കുള്ളില്‍ ഇത്തരം കേസുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതില്‍ ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ശരിക്കും പ്രതിയാണോ എന്ന തരത്തില്‍ വരെ സംശയമുണ്ടായി. യഥാര്‍ത്ഥ കേസില്‍ പ്രതിയെ വെറുതെ വിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതുപോലെ സംഭവിക്കാത്ത അനേകം കേസുകളുമുണ്ട്. ഉയര്‍ന്ന കോടതികളിലേക്ക് ചെല്ലുമ്പോള്‍ തലം മാറുന്ന കേസുകള്‍ ഉണ്ട്. സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്. നമ്മുടെ സമൂഹത്തില്‍ രണ്ട് സിസ്റ്റങ്ങള്‍ ഉണ്ട്, ഒന്ന് നിയമം നടപ്പാക്കുന്ന പൊലീസും രണ്ട് ജുഡീഷ്യറിയും, ഇത് രണ്ടും കൂടിച്ചേരുന്ന നീതിന്യായ വ്യവസ്ഥയാണ് നമ്മുടെ സമൂഹത്തില്‍ നിയമം പരിരക്ഷിക്കുന്നതും, നടപ്പിലാക്കുന്നതുമെല്ലാം. ആ സിസ്റ്റത്തെ ആഴത്തില്‍ മനസ്സിലാവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സിനിമ ഉണ്ടാകുക എന്നതാണ് പ്രധാനം. എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്? അത് പൊലീസ് സിസ്റ്റം മാത്രമല്ല. ഒരിക്കലും നമുക്ക് പൊലീസ് സിസ്റ്റത്തില്‍ ജോലി ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്താനും കഴിയില്ല. പൊലീസ് സിസ്റ്റം മാത്രമല്ല, മറിച്ച് സമൂഹം മുഴുവനും അതിനകത്ത് ഉള്‍പ്പെട്ടിരിക്കുന്നുണ്ടെന്ന് കൂടുതല്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കാണാനാകും. ചില സിനിമകള്‍ പൊലീസിനെ കുറ്റപ്പെടുത്തുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യാറുണ്ട്. ചില സിനിമ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തും. പക്ഷെ സത്യം എപ്പോഴും ‘മള്‍ട്ടിപ്പിള്‍ റിയാലിറ്റി’ ആയിട്ടാണ് നിലനില്‍ക്കുക. അത് മനസിലാക്കുന്നതിന് യഥാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തില്‍ എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് കാണുകയും വ്യത്യസ്ത തലങ്ങളിലൂടെ സമീപിക്കുകയും വേണം.

ചിത്രം അല്‍പം കൂടി റിയലിസ്റ്റിക് ആക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്‌

ഈ ചിത്രത്തില്‍ യാഥാസ്ഥികമായ സമൂഹത്തെയും അതില്‍ നടക്കുന്ന സംഭവങ്ങളെയും ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിനൊപ്പം തന്നെ ഫിക്ഷണലൈസ് ചെയ്ത്, ആവശ്യമായ സിനിമാറ്റിക്കായുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം. എന്താണ് നീതി, എങ്ങനെയാണ് നീതി നടപ്പാകുന്നത് എന്നതിനേക്കുറിച്ചെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ചര്‍ച്ചയും സംവാദവുമെല്ലാം സമൂഹത്തിലുണ്ടാക്കാന്‍ ചിത്രത്തിന് കഴിയുമെന്ന തോന്നലുണ്ട്. പോപ്പുലര്‍ സിനിമയുടെ സഹായത്തോടെ നീതിയെക്കുറിച്ചുള്ള ഒരു ചര്‍ച്ച അതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നീതിയെപ്പറ്റി, അടുത്ത കാലത്ത് നമ്മുടെ ഇടയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സൗമ്യ കേസിലും, ജിഷ കേസിലുമെല്ലാം നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചകളുടെയെല്ലാം പാഠങ്ങളും അതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളും നമ്മള്‍ ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കോടതി രംഗങ്ങളൊക്കെ പറ്റാവുന്നത്ര റിയലിസ്റ്റിക് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും സിനിമയ്ക്ക് ആവശ്യമായ ഡ്രാമ ചോര്‍ന്നു പോവാതിരിക്കാനായിട്ട് ശ്രമിച്ചിട്ടുണ്ട്. ഡ്രാമയില്‍ വെള്ളം ചേര്‍ത്തു കഴിഞ്ഞാല്‍ അതൊരിക്കലും കാഴ്ചക്കാരനില്‍ പൂര്‍ണ്ണമായും എത്തില്ലെന്നാണ് എന്റെ വിശ്വാസം. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കോര്‍ട്ട് ഡ്രാമകള്‍ എഴുതുന്ന എഴുത്തുകാരനായ ജോണ് ഗ്രിഷാം പറയുന്നത് സിനിമയിലേയോ, നോവലിലേയോ ഫിക്ഷണല്‍ ആയിട്ടുള്ള കോര്‍ട്ട് ഒരിക്കലും യഥാര്‍ത്ഥമല്ലെന്നാണ്. അത് നമുക്ക് അങ്ങനെ നിര്‍മ്മിക്കാനും കഴിയില്ല. കാരണം അത് ശരിക്കും മറ്റൊരു സാങ്കല്‍പിക ലോകത്ത് നടക്കുന്നതാണ്. പ്രേക്ഷകരോട് സംവദിക്കാന്‍ വേണ്ടി നമ്മള്‍ രൂപപ്പെടുത്തുന്ന ഒരു വ്യത്യസ്തമായ ലോകമാണത്. അതിനകത്ത് ഇത് റിയല്‍ ആണല്ലോ എന്ന തോന്നാലുണ്ടാക്കുകയാണ് എപ്പോഴും സിനിമ ചെയ്യേണ്ടത്. കണ്ടു കൊണ്ടിരിക്കുന്നയാള്‍ക്ക് ഇത് യഥാര്‍ത്ഥമാണെന്ന് തോന്നുകയും, ഒപ്പം നമുക്ക് പറയാന്‍ ഉള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുകയും ചെയ്യണം. ഇത് തമ്മിലുള്ള ഒരു ബാലന്‍സ് തെറ്റാതെ ചെയ്യുക എന്നതാണ് അതിലെ വെല്ലുവിളി. അത് സാധ്യമായി എന്നാണ് കരുതുന്നത്.

പൂര്‍ണ്ണമായ ഒരു സത്യാന്വേഷണത്തിലേക്ക് , അതായത് ആരാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്നതിലേക്ക് സിനിമ പോകുന്നില്ലല്ലോ?

അതുകൊണ്ടാണ് ഇതൊരു റിയല്‍ സ്റ്റോറി അല്ല എന്ന് പറഞ്ഞത്. ഒന്നാമത്തെ കാര്യം, അങ്ങനെയൊരു സത്യം നമുക്ക് കണ്ടെത്താന്‍ കഴിയില്ല. കോടതിയില്‍ അവതരിപ്പിക്കപ്പെടുന്ന സത്യം എന്നു പറയുന്നത് ഒരു പ്രത്യേക പോയിന്റ് ഓഫ് വ്യൂവില്‍ അവതരിപ്പിക്കുന്ന സത്യം മാത്രമാണ്. ശരിക്കും എന്താണ് സംഭവിച്ചത് എന്നതിനെ പറ്റിയുള്ള വാദങ്ങള്‍ മാത്രമാണ്. അതിനെല്ലാം അപ്പുറം ഒരു സത്യം പറയപ്പെടുന്നുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. അവിടെയാണ് ഫിക്ഷന്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നത്. നമുക്ക് സത്യത്തിലേക്ക് പോകാനുള്ള എളുപ്പ വഴികള്‍ അത് തുറന്നിടും. ഇത് അജയന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം മാത്രമാണ്. പച്ചക്കുതിരയില്‍ വന്ന ലേഖനവുമായി ഇതിനെ ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയില്ല. അജയന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അനേകം സംഭവങ്ങളെ മുന്‍ നിര്‍ത്തി സത്യത്തിലേക്കുള്ള ഒരു അന്വേഷണം തന്നെയാണ് ചിത്രത്തില്‍ സാധ്യമാക്കുന്നത്. ലേഖനവും സിനിമയും രണ്ടാണ്. ലേഖനം ഒരു സംഭവത്തെ പറ്റിയുള്ള റിപ്പോര്‍ട്ടിംഗ് ആണ്. ആ ലേഖനവും അങ്ങനെയാണ്. അതില്‍ പ്രതിയായ വ്യക്തിയെ ഞാന്‍ കണ്ട്, സംസാരിച്ച്, പൊലീസ് സമര്‍പ്പിച്ച രേഖകള്‍ മനസ്സിലാക്കിയശേഷം തയ്യാറാക്കിയ വസ്തുതകളുടെ അന്വേഷണമാണത്. പക്ഷേ സിനിമ ഒരിക്കലും വസ്തുതകള്‍ അന്വേഷിക്കുന്നില്ല, അത് വൈകാരികമായ യാത്രയാണ്. അതു രണ്ടും പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയില്ല.

ജീവന്‍ ജോബ് തോമസിന്റെ ലേഖനത്തില്‍ നിന്നും 
ജീവന്‍ ജോബ് തോമസിന്റെ ലേഖനത്തില്‍ നിന്നും 

കുപ്രസിദ്ധ പയ്യന്‍ എന്ന പേരില്‍ തന്നെ സമൂഹത്തിന്റെ പങ്കുകൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

‘ഒരു വ്യക്തി ഒരിക്കലും ഒറ്റപ്പെട്ട തുരുത്തല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതം മറ്റുള്ളവരുടെ കൂടി ബാധ്യതയാണ്’. ഇതാണ് ആ സംഭവത്തില്‍ നിന്ന് നമ്മള്‍ സിനിമയാക്കാന്‍ സ്വീകരിച്ച പ്രധാനപ്പെട്ട കാര്യം. സമൂഹത്തില്‍ ഒരു ആത്മഹത്യ ഉണ്ടായാല്‍ അത് ആ സമൂഹത്തിന്റെ മുഴുവന്‍ ബാധ്യതയാണ്. അയാളുടെ സുഹൃത്തുക്കളും, ബന്ധുക്കളും, രാഷ്ട്രീയമായ ചുറ്റുപാടും എല്ലാം അതിന് കാരണമാണ്. മനുഷ്യന്‍ ഒരു പൊതുജീവിയാണ്. ഒറ്റപ്പെടല്‍ ആണ് ജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തം. തനിച്ചാകല്‍, അനാഥത്വം അങ്ങനെയുള്ളവയില്‍ നിന്ന് ഒരു മനുഷ്യനെ തിരിച്ചു കൊണ്ടുവന്ന് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ഒരു സമൂഹത്തിന് കഴിയുന്ന അല്ലെങ്കില്‍ കഴിയേണ്ടതായ കാര്യം. ഒരു വ്യക്തി ഒറ്റയ്ക്കല്ല, കൂട്ടായാണ് നിലനില്‍ക്കുന്നത് എന്ന ഉറപ്പാക്കലിലാണ് സമൂഹത്തിന്റെ ആരോഗ്യം. നമ്മള്‍ എത്രത്തോളം ആരോഗ്യപരമായ സമൂഹത്തിലാണ് നില്‍ക്കുന്നതെന്ന കാര്യമാണ് ഈ സിനിമയിലൂടെ കാണിക്കാന്‍ ഉദ്ദേശിക്കുന്നതും. പച്ചക്കുതിരയില്‍ വന്ന കേസുമായി ചിത്രത്തെ ബന്ധിപ്പിച്ചാലും, അത് ഈ രീതിയില്‍ സമൂഹത്തിന് കാണാന്‍ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അത് സമൂഹത്തിനു മുന്നില്‍ വയ്ക്കാനേ എന്നെക്കൊണ്ടാകൂ. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തേക്കുറിച്ച് ചിത്രം ഒന്നും തന്നെ പറയുന്നില്ലല്ലോ?

സിനിമയ്ക്ക് എപ്പോഴും അതിന്റെ ഒരു സമയപരിധിക്കകത്തു നില്‍ക്കേണ്ടതായിട്ടുണ്ട്. ചിത്രത്തില്‍ നമ്മള്‍ അജയന്റെ വികാരങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിച്ചിട്ടുള്ളത്. അജയനെ പിന്തുടരുമ്പോള്‍ നമ്മള്‍ പൊലീസുകാരെ കാണേണ്ടി വരുന്നില്ല. അവര്‍ അജയനിലേക്ക് എത്തുമ്പോള്‍ മാത്രം അവരെ കണ്ടാല്‍ മതി. നമ്മള്‍ ആണ് ആ കഥാപാത്രം എങ്കില്‍ നമ്മള്‍ അതല്ലാതെ കാണില്ലല്ലോ. എന്നിരുന്നാലും ചിത്രത്തിനകത്ത് നമ്മള്‍ പറയുന്ന കൊലപാതകത്തിന്റെയും അതിനു പിന്നിലെ ദുരൂഹതയും നില നിര്‍ത്തേണ്ടത ആവശ്യമായത് കൊണ്ടാണ് കുറച്ചെങ്കിലും പൊലീസ് നടപടികള്‍ കാണിച്ചിരിക്കുന്നത്. ഒരു പരിധിയില്‍ കൂടുതല്‍ പോലീസ് അന്വേഷണങ്ങളിലേക്ക് പോയാല്‍ പിന്നെ ചിന്ത ആരാണത് ചെയ്തതെന്നതിലേക്ക് മാത്രമായി ചുരുങ്ങി പോവും. പ്രത്യേകിച്ചും കൊലപാതകം പോലൊരു സിറ്റുവേഷന്‍ സിനിമയുടെ മുഖ്യ ഘടകമായി കൈകാര്യം ചെയ്യുമ്പോള്‍. നമുക്ക് അജയനെ ആണ് പിന്തുടരേണ്ടത്, അജയന്റെ ഇമോഷനെയാണ്. അജയനുമായിട്ടാണ് നമ്മള്‍ പൊലീസിലേക്ക് എത്തുന്നത്.

ജീവന്‍ ജോബ് തോമസ് അഭിമുഖം: ‘അജയനെ അജ്മലും കുപ്രസിദ്ധ പയ്യനുമാക്കുന്നത് ഭൂരിപക്ഷമാണ്’ 

ഒരു ‘കണ്‍വീനിയന്റ് ക്യാച്ച്’ ആയാണ് അജയനെ പൊലീസ് തെരഞ്ഞെടുക്കുന്നത്. സമൂഹത്തിന്റെ ‘സൗകര്യവും’ ഇതില്‍ ഇല്ലേ?

സിനിമയ്ക്ക് വേണ്ടി കുറച്ചു ‘ഡ്രമാറ്റിക് എലമെന്റ്’ ഉപയോഗിക്കേണ്ടതായുണ്ട്. സമ്മര്‍ദം എന്നു പറയുന്നത് സ്വഭാവികമായും എപ്പോഴും ഉണ്ടാകുന്നതാണ്. ആ സമ്മര്‍ദ്ദം പൊലീസിന്റെ ഉന്നത തലങ്ങളില്‍ നിന്ന് മാത്രം വരുന്നതല്ല, മറിച്ച് മുഴുവന്‍ സമൂഹത്തില്‍ നിന്നു കൂടിയുള്ളതാണ്. ആരോ നിര്‍ബന്ധിക്കുന്നുണ്ട്. അത് ചുറ്റുപാടുള്ള സമൂഹവും, രാഷ്ട്രീയമായും അല്ലാതെയുമൊക്കെ തന്നെ പോലീസിനെ സമ്മര്‍ദത്തിലാക്കും. അത് ഒരു തരത്തില്‍ കാണിക്കാനായി നമ്മള്‍ ഒരു കഥാപാത്രത്തെയും ഉപയോഗിച്ചിട്ടുണ്ട്. അതില്‍ രാഷ്ട്രീയമായതും അല്ലാത്തതുമായ സമ്മര്‍ദങ്ങള്‍ ഉണ്ടാകാം. എല്ലാം ചേര്‍ത്ത് പ്രതീകാത്മകമായി പറയുക എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത്. ശരിക്കും അത്തരം കാര്യങ്ങള്‍ തന്നെ ഇതിലും ആഴത്തില്‍ പറയേണ്ടതാണ്. പക്ഷെ അജയനില്‍ കേന്ദ്രീകരിച്ച് എഴുത്ത് മുന്നോട്ട് പോകേണ്ടിയിരുന്നതുകൊണ്ട് അത്രയും സാധ്യമായിട്ടില്ല. പ്രധാനമായും ആരു ചെയ്തു എന്നന്വേഷിക്കുന്ന ഒരു പരമ്പരാഗതമായ കുറ്റാന്വേഷണ ചിത്രമായി സിനിമ പോകരുത് എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. ആരാണ് കൊന്നത് എന്നത് തേടി കണ്ടുപിടിച്ച് അവസാനിക്കുന്ന ഒന്നില്‍ തീരുന്നതല്ല ഈ ചിത്രം. പറയാനുള്ള കാര്യങ്ങള്‍ മുഴുവനായും കോടതിയില്‍ വച്ച് വെളിപ്പെടുത്തുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. കോടതി ആണ് ചിത്രത്തിന്റെ അടിത്തറ. അങ്ങോട്ടേക്ക് കഥയെ എത്തിക്കുക എന്നതായിരുന്നു തിരക്കഥയുടെ പ്രധാന ധര്‍മം.

സംവിധായകന്‍ മധുപാലും നടന്‍ ടൊവിനോയും 
സംവിധായകന്‍ മധുപാലും നടന്‍ ടൊവിനോയും 

‘കോടതി എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ നിങ്ങള്‍ എന്നെ തൂക്കിക്കൊല്ലില്ലേ?’ എന്ന് അജയന്‍ ഹന്നയോട് ചോദിക്കുന്നുണ്ട്. അതൊരു സാധാരണക്കാരന്റെ കോടതിയെപ്പറ്റിയുള്ള ധാരണയാണ്. സാധാരണക്കാരനെ സംബന്ധിച്ച് കോടതി എന്താണെന്നും അതില്‍ പറയുന്നുണ്ട്‌.

അജയനെന്ന മനുഷ്യന്റെ സമൂഹത്ത പറ്റിയുള്ള കാഴ്ചപ്പാട് മുഴുവനായി വെളിപ്പെടുന്ന ഒരു ഡയലോഗ് ആണത്. അജയന് ഈ നടപടിക്രമങ്ങള്‍ ഒന്നും അറിയില്ല. സാധാരണ നല്ല വിദ്യാഭ്യാസം ഉള്ള ആളുകള്‍ പോലും ചിലപ്പോള്‍ കോടതിയുടെ നടപടികള്‍ക്കുള്ളില്‍ പെട്ടാല്‍ കുടുങ്ങിപ്പോകും. നമ്മുടെ പല സാഹിത്യ കൃതികളിലും ഇന്ത്യന്‍ കോടതികളുടെ ചില നടപടിക്രമങ്ങളുടെ ബുദ്ധിമുട്ട് കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആനന്ദിന്റെയൊക്കെ കൃതികളില്‍. അത് കാണിക്കുക എന്നതാണ് ഞങ്ങളും ഉദ്ദേശിച്ചത്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ വച്ച് ഏറ്റവും ഭേദപ്പെട്ട ഒരു വ്യവസ്ഥിതിയില്‍ ജീവിക്കുന്നവരാണ് നമ്മള്‍. ജനാധിപത്യമാണ് ഇന്നത്തെ ഏറ്റവും മികച്ച സിസ്റ്റം. ആ ജനാധിപത്യത്തിന്റെ പ്രധാന തൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. ജനാധിപത്യത്തിന്റെ മറ്റുള്ള തൂണുകള്‍ പോലെ തന്നെയാണ് അതിന്റെ പ്രാധാന്യം. പക്ഷെ അത് അവസാനത്തേതാണ് എന്നു പറയാന്‍ നമുക്കാകില്ല. കാരണം അതും കറപ്റ്റഡ് ആകാറുണ്ട്. എങ്കിലും ജുഡീഷ്യറിയുടെ മഹത്വം നിലനിര്‍ത്തേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ ആവശ്യമാണ്. ജുഡീഷ്യറി പോലും ഭരണകൂടത്തിന് അടിയറവു പറയുന്ന ഒരുപാട് ലോകസാഹചര്യങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഇന്ത്യയിലെ പോലെയാകണം എന്നില്ല മറ്റൊരിടത്ത്. അധികാരത്തിന്റെ കീഴില്‍ ജുഡീഷ്യറി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും അവിടെയെല്ലാം വ്യത്യസ്തമായിരിക്കും. പണ്ട് രാജാവാണ് ഈ നിയമങ്ങള്‍ എല്ലാം ഉണ്ടാക്കിയിരുന്നത്. അവര്‍ക്കിഷ്ടമുള്ള നിയമം. മറ്റുള്ള രാജ്യങ്ങളില്‍ ചിലപ്പോള്‍ കോടതി മറ്റുള്ളവര്‍ക്ക് കീഴ്പ്പെടാം. അവിടെ കോടതിക്ക് ഇത്ര അധികാരമുണ്ടാകില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ജനാധിപത്യം എന്നതിന്റെ മൂല്യം മനസ്സിലാകുന്നത്. അതിലുള്ള വിശ്വാസമാണ് അജയന് സാധ്യമാകുന്നത്. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അത്തരമൊരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ഒരാളാണ്. ഈ ജനാധിപത്യ സാഹചര്യം തകര്‍ക്കപ്പെടുമോ എന്ന ചോദ്യം വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഈ കൂട്ടിവായനകളിലൂടെയാണ് ചിത്രവും നീതിന്യായ വ്യവസ്ഥിതികളും കൂടുതല്‍ പ്രസക്തമാവുന്നത്.

ടൊവിനോ ഒരു കുപ്രസിദ്ധ പയ്യനില്‍ 
ടൊവിനോ ഒരു കുപ്രസിദ്ധ പയ്യനില്‍ 

അജയന്‍ എന്ന പേര് അജ്മല്‍ എന്നാക്കുകയാണ് പൊലീസ്. അയാളെ കുടുക്കാന്‍ കാണുന്ന ഒരു എളുപ്പ വഴികളില്‍ ഒന്ന്.

ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ചില രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ ഒന്നാണത്. ബോംബെ ഹൈക്കോടതിയുടെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള ഒരു കേസ് മാത്രമാണ് സിനിമയില്‍ പറഞ്ഞത്. അതല്ലാതെ തന്നെ ഒരുപാട് റഫറന്‍സുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. എങ്കിലും വാദപ്രതിവാദങ്ങള്‍ നടക്കുന്ന വിഷയമാണത്. ഇന്ത്യയില്‍ ദളിതരും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ആകുമ്പോള്‍ അമേരിക്കയില്‍ അത് വേറെ തരത്തിലാകും. അവിടെ വംശീയ വേര്‍തിരിവ് നടക്കുന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ ആവാം. ഓരോയിടത്തും അതങ്ങനെ മാറിക്കൊണ്ടിരിക്കും. സമൂഹത്തില്‍ എപ്പോഴും അത്തരമൊരു സാഹചര്യം ഉണ്ടാകും. ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷത്തിന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കും. അത് രാഷ്ട്രീയത്തിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെ നിരന്തരം പ്രതിഫലിച്ചു കൊണ്ടിരിക്കും. പ്രത്യേകിച്ചും ജനാധിപത്യം എന്നത് വോട്ടിങ് പ്രകാരം അധികാരം നിര്‍ണ്ണയിക്കുന്ന രീതികൂടിയാകുമ്പോള്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമെല്ലാം വലിയൊരു ഘടകമായി വരും. ആ വിഷയത്തില്‍ ഒരു സംവാദം തുടങ്ങി വയ്ക്കുക എന്നത് മാത്രമേ നമുക്ക് സാധ്യമാകൂ. ഇങ്ങനെയൊരു വിഷയമുണ്ടെന്ന് സാധാരണ ജനങ്ങളെ അറിയിക്കുക. ഒരു കൊമേര്‍ഷ്യല്‍ സിനിമ എന്ന പാറ്റേണില്‍ ചെയ്ത ചിത്രമാവുമ്പോള്‍ അത്രയും എങ്കിലും വേണ്ടേ..?

സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ത്ഥരാകുന്നു എന്നു കൂടി ചിത്രം പറയുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സ്വാതന്ത്ര്യവും നവോത്ഥാന മൂല്യങ്ങളും ആധുനിക വിദ്യാഭ്യാസവുമെല്ലാം നമ്മുടെ സമൂഹത്തിലുണ്ട്. അതിന്റേതായ ഒരു ആധുനികത നമ്മുടെ ഉള്ളിലുമുണ്ട്. പക്ഷെ അടിസ്ഥാനമായ ഈഗോ, ജാതി, വര്‍ഗീയ-രാഷ്ട്രീയ ചിന്തകള്‍ ഇതെല്ലാം നമ്മുടെ ഉള്ളിലുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇടപെടുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ വരും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ആത്യന്തികമായി എല്ലാവരും അതിജീവനം മാത്രമാണ് ലക്ഷ്യം വയ്ക്കുക. നമുക്ക് ഒരു പ്രശ്നം വന്നാല്‍ അത് തരണം ചെയ്യണം എന്ന് തന്നെയാണ് നമ്മള്‍ വിചാരിക്കുക. അത്തരം വിഷയങ്ങള്‍ വരുമ്പോള്‍ നമ്മള്‍ എപ്പോഴും സ്വാര്‍ത്ഥനാവും. സ്വര്‍ത്ഥനായി പോകും. ആ സ്വാര്‍ത്ഥതയ്ക്കപ്പുറം നിന്നുകൊണ്ട് മറ്റുള്ളവരെപ്പറ്റി കരുതലുണ്ടാകുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ കുറച്ചുകൂടി ശക്തിയുള്ള ഒരു സമൂഹമായി നമ്മള്‍ മാറുകയുള്ളൂ. ഒരു വ്യക്തിയുടെ ജീവിതം അയാളുടെ മാത്രം ബാധ്യതയാണെന്ന് തോന്നുന്ന സാഹചര്യത്തില്‍ നമുക്ക് ജീവിക്കാന്‍ തന്നെ തോന്നില്ല. കാരണം ഞാന്‍ ഒരു എഴുത്തുകാരനായി നിലനില്‍ക്കേണ്ടത് എന്റെ മാത്രം ബാധ്യത ആണെന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക് എഴുതാന്‍ പറ്റില്ല. ഞാന്‍ അധ്യാപകനാകേണ്ടത് എന്റെ മാത്രം കാര്യമാണെങ്കില്‍ പിന്നീട് അധ്യാപകനായി തുടരുന്നതിന് അര്‍ത്ഥമില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ ആവശ്യത്തിന് മാത്രമാണ് ഈ പണി ചെയ്യുന്നതെങ്കില്‍ അത് ഏത് പണി ചെയ്യുന്ന പോലെയുമേ ഉള്ളൂ. അല്ലാതെ പ്രത്യേകിച്ചൊരു അര്‍ത്ഥവും ഇല്ല. സമൂഹത്തിന് എപ്പോഴും പരസ്പരബന്ധമുണ്ട്. മനുഷ്യന്‍ എപ്പോഴും ഒരു സമൂഹജീവിയാണ്. പരസ്പരം ഉള്ള ബന്ധവും അതിലെ കരുതലുമാണ് അതില്‍ പ്രധാനപ്പെട്ടത്. അതൊക്കെ ഇല്ലാതാകുമ്പോഴാണ് മനുഷ്യന്‍ ഒറ്റപ്പെട്ട പോകുന്നത്. നമ്മുടെ സിനിമ അത്തരത്തിലുള്ള വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പോലും സ്വാര്‍ത്ഥത അതിനൊപ്പം തന്നെ വരുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ സത്യം മനസ്സിലാക്കാന്‍ ആര്‍ക്ക് കഴിയുമെന്നതാണ് മറ്റൊരു ചോദ്യം, ഹന്ന സന്തോഷ് നാരായണന്റെ മുന്നില്‍ കരയുന്ന രംഗം അതിനുള്ള ഉത്തരമാണോ ?

ഹന്നയുടെ ഇമോഷണല്‍ ട്രാവല്‍ അജയന്റെ ഇമോഷണല്‍ ട്രാവലുമായി ചേര്‍ത്തുവെച്ചുകൊണ്ട് മാത്രമേ നമുക്ക് കാണാന്‍ പറ്റു. നമ്മുടെ അനുഭവങ്ങള്‍ മറ്റൊരാളുടെ അനുഭവും തമ്മില്‍ ‘എമ്പതൈസ്’ ചെയ്യുകയാണ്. അത് സഹതാപമോ അനുകമ്പയോ അല്ല, അനുതാപമാണ്. അവന്റെ അവസ്ഥ എനിക്കുണ്ടാകുന്നതാണെന്ന തോന്നല്‍. ഹന്ന അതനുഭവിച്ചിട്ടുണ്ട്. ഹന്നയെ തന്റെ ബോസ് നേര്‍ക്കുനേര്‍ നിന്ന് കള്ളി എന്നു വിളിച്ചിട്ടുണ്ട്, ഹന്ന തെറ്റു ചെയ്തിട്ടല്ല. മറിച്ച് അത് ബോസിന്റെ ദേഷ്യം മാത്രമാണ്. ഹന്നയുടെ ജീവിതരീതിയും ക്ലാസുമെല്ലാം അജയനില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ പോലും അവരിരുവരും അനുഭവിക്കുന്നത് ഒരേ വൈകാരികതയാണ്. അതിന്റെ ആഴത്തില്‍ വ്യത്യാസം ഉണ്ടാവാം, പക്ഷെ ഒരിടത്ത് കരിയറിലെ അതിജീവനവും മറ്റൊരിടത്ത് സമൂഹത്തില്‍ ജീവിച്ചിരിക്കാനായിട്ടുള്ള അതിജീവനശ്രമവും. രണ്ടുപേരും ഒരു കഥാപാത്രത്തിന്റെ രണ്ട് വശങ്ങള്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജീവന്‍ ജോബ് തോമസ് അഭിമുഖം: ‘അജയനെ അജ്മലും കുപ്രസിദ്ധ പയ്യനുമാക്കുന്നത് ഭൂരിപക്ഷമാണ്’ 

സിനിമയില്‍ കണ്ടു ശീലിച്ച ചിലതുണ്ട്. കോടതിയിലെ വെല്ലുവിളി, ആദ്യം നിസ്സഹായയായ നായിക പിന്നീട് തിരിച്ചു വന്ന് വിജയിക്കുന്നു. കയ്യടിക്ക് വേണ്ടിയുള്ള ഡ്രാമ ഉള്‍പെടുത്തിയില്ലേ?

ഡ്രാമ ഒരു മോശം കാര്യമാണ് എന്നു കരുതുന്ന ഒരാളല്ല ഞാന്‍. നമ്മുടെ ഉള്ളിലെല്ലാം ഡ്രാമ ഉണ്ട്. വളരെ റിയലിസ്റ്റിക് ആയി് കിടക്കുന്ന അതുപോലെയുള്ള ചില അനുഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ട്. അതിനെ സ്‌ക്രീനില്‍ എങ്ങനെ എത്തിക്കാന്‍ കഴിയുമെന്ന് ആലോചിക്കുന്നയാളാണ് ഞാന്‍. നമ്മുടെ ഉള്ളിലെല്ലാം അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ലേ? ദുര്‍ബലമായ ഒരു പോയിന്റുമായി ആളുകള്‍ക്ക് എമ്പതൈസ് ചെയ്യാന്‍ കഴിയുമ്പോഴാണ് അവിടെ ആളുകള്‍ക്ക് ആവേശം വരുന്നത്. അജയന്റെ കൂടെയും ഹന്നയുടെ കൂടെയും അവിടെ യാത്ര നടക്കുന്നുണ്ട്. അജയന്‍ എങ്ങനെയെങ്കിലും രക്ഷപെടണം എന്ന തോന്നല്‍ കാഴ്ചക്കാര്‍ക്ക് ഉണ്ടാകുമ്പോഴാണ്..അവിടെ തടസമായി നില്‍ക്കുന്ന കഥാപാത്രങ്ങളെ തട്ടിമാറ്റണം എന്ന അജയന്റെയും ഹന്നയുടെ തോന്നലാണ്..കാഴ്ചക്കാരനില്‍ വര്‍ക്ക് ചെയ്യുന്നത്.

സാധാരണപൗരന്റെ ജീവിതത്തെ എത്ര എളുപ്പത്തിലാണ് പൊലീസും കോടതിയും മാറ്റിമറിക്കുന്നതെന്ന് ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജനാധിപത്യം അതിന്റെ എല്ലാ തൂണുകളും ഒരുമിച്ചു നില്‍ക്കുമ്പോള്‍ മാത്രമേ കൃത്യമായി പ്രവര്‍ത്തിക്കൂ. അപ്പോള്‍ ജുഡീഷ്യറിയെ മാത്രം അധികമായി മഹത്വവല്‍ക്കരിക്കേണ്ട കാര്യമില്ല. അതും മനുഷ്യന്‍ കൈകാര്യം ചെയ്യുന്ന സിസ്റ്റം തന്നെയാണ്. അവരും കറപ്റ്റഡ് ആവാം. അതിനകത്തും ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ആവശ്യം. കോടതി മാത്രമല്ല, പൊലീസിങ്ങും പ്രധാനപ്പെട്ടതാണ് എന്നു കരുതുന്ന ഒരാളാണ് ഞാന്‍. എല്ലാ പൊലീസുകാരും മോശക്കാരാണ് എന്നു പറയാന്‍ ഈ സിനിമ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അതിന്റെയെല്ലാം പ്രാധാന്യം എന്താണെന്ന് ഓരോ പൊലീസുകാരനും തിരിച്ചറിയാന്‍ സിനിമ കാരണമാകണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ഒരു നിരപരാധിയെ കുറ്റക്കാരനായി കണക്കാക്കിയാല്‍, അയാള്‍ അനുഭവിക്കുന്ന മനോനില മനസിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഓരോ പൊലീസുകാരനും സ്വയം താന്‍ ചെയ്യുന്ന കാര്യം സത്യമാണോ എന്ന് കൂടുതല്‍ ശ്രദ്ധയോടെ ചിന്തിക്കൂ. ഒരു ജഡ്ജി ഒരു കേസ് കേള്‍ക്കാന്‍ എത്രത്തോളം ശ്രദ്ധ കൊടുക്കേണ്ടതുണ്ടോ അത്രത്തോളം ശ്രദ്ധ തന്നെ പൊലീസുകാരനും ഒരാളെ പ്രതിയാക്കുമ്പോള്‍ വേണം. നമ്മുടെ ആത്മനിഷ്ഠമായ മൂല്യങ്ങള്‍ ധാര്‍മിക മൂല്യങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നതാണ് കലയുടെ ഒരു ഉത്തരവാദിത്വം. അത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹവുമായി കൂടുതല്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടാവും. എല്ലാവര്‍ക്കും നീതി എന്നത് സ്‌കൂളില്‍ ‘സാമൂഹ്യനീതി’യെന്ന് എഴുതി പഠിപ്പിച്ചാല്‍ മാത്രം ലഭ്യമാകുന്ന ഒന്നല്ല. ഇത്തരം ചര്‍ച്ചകളാണ് അതിനു വഴിവെക്കുന്നത്.

അജയന്‍മാര്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കില്ലേ?

സത്യം ആളുകള്‍ മനസ്സിലാക്കി എടുക്കുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത പ്രവര്‍ത്തികളേക്കുറിച്ച്, അത് ശരിയാണോ എന്ന് ആലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ധാര്‍മികതയും മൂല്യങ്ങളും ശക്തമാകുന്നു. അപ്പോള്‍ മാത്രമേ വീണ്ടുമൊരു അജയന്‍ ഉണ്ടാകാതിരിക്കു. ഭൂരിപക്ഷം എന്തു പറയുന്നു എന്നതിനനുസരിച്ച് നമ്മള്‍ പ്രവര്‍ത്തിക്കാന്‍ പോയാല്‍ അജയന്മാര്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. നമ്മുടെ ഉള്ളില്‍ ഒരു ആത്മബോധമുണ്ട്. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കാതെ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ ആ കാഴ്ചപ്പാടിനുള്ളിലൂടെ നോക്കിക്കാണുുക. ചിലപ്പോള്‍ ചെറിയ ചെറിയ ശ്രദ്ധ കിട്ടാനും അഭിനന്ദനം കിട്ടാനും വേണ്ടി നാം ചെയ്യുന്ന ചില കാര്യങ്ങളാണ് പലപ്പോഴും അജയന്മാരെ ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അത്തരം കേസുകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അത്തരം ആത്മബോധങ്ങളിലൂടെ ധാര്‍മിക മൂല്യങ്ങള്‍ പകരേണ്ട ഒരുത്തരവാദിത്വം കലയ്ക്കുണ്ട്.

ഒരു സിനിമ കൊണ്ട് ഒന്നും മാറില്ല. പക്ഷേ നിരന്തരമായ ചര്‍ച്ചയിലൂടെ അത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആര്‍ട്ടിനു കഴിയും.Art can communicate with the sub consciousness of human being.’ അതിലൂടെ സമയോചിതമായ മാറ്റം ഉണ്ടാക്കാന്‍ നമുക്ക് ശ്രമിക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018