INTERVIEW

ദിവ്യാ ഗോപിനാഥ് അഭിമുഖം: മോഹന്‍ലാലും അമ്മയും നിരാശപ്പെടുത്തുന്നു, ശരിയായ നിലപാടെടുക്കുന്നതുവരെ പോരാടും  

ദിവ്യാ ഗോപിനാഥ്
ദിവ്യാ ഗോപിനാഥ്
‘എന്റെ പേരു വെളിപ്പെടുത്താതെയുള്ള ആദ്യ പോസ്റ്റിട്ടതിനുശേഷം അയാള്‍ എന്റെ സുഹൃത്ത് വഴി കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് അയാള്‍ പ്രകടിപ്പിച്ച കാപട്യം നിറഞ്ഞ മാന്യതയാണ് മറ്റൊരു തരത്തില്‍ എന്റെ പരസ്യമായ തുറന്നു പറച്ചിലിനു വഴിയായത്.’

തൊഴിലിടത്ത് വെച്ച് അലന്‍സിയര്‍ ലേ ലോപ്പസ് എന്ന മുന്‍നിര നടനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെച്ച് ദിവ്യാ ഗോപിനാഥ് എന്ന അഭിനേത്രി രംഗത്തെത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ദിവ്യയുടെ വാക്കുകള്‍ നൂറ് ശതമാനം ശരിയാണെന്ന് ഇരുവരുടെയും സഹപ്രവര്‍ത്തകരും പലതവണ ആവര്‍ത്തിച്ചു. അലന്‍സിയര്‍ ഇപ്പോഴും താരസംഘടനയായ അമ്മയിലെ അംഗമായി തുടരുന്നു. മീടൂ താല്‍ക്കാലിക പ്രതിഭാസമാണെന്ന പ്രവചനങ്ങളില്‍ ‘താരരാജാക്കന്‍മാര്‍’ അഭയം തേടുമ്പോള്‍ ശരിയായ നിലപാട് എടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കുകയാണ് ദിവ്യാ ഗോപിനാഥ്. അത് ആരോപണമല്ലെന്നും അനുഭവമാണെന്നും ആവര്‍ത്തിക്കുന്നു. പോരാട്ടത്തോടൊപ്പം അഭിനയം തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു.

എങ്ങിനെയാണ് സിനിമയില്‍ എത്തുന്നത് ?

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ കലോത്സവ നാടകങ്ങളില്‍ നിന്നാണ് തുടക്കം, ബി കോം മുതല്‍ എം കോം വരെയുള്ള 5 വര്‍ഷങ്ങളിലും എംജി യൂണിവേഴ്‌സിറ്റി നാടകങ്ങളില്‍ പങ്കെടുക്കുകയും അവിടെ നിന്നാണ് എന്റെ ആദ്യ ഗുരു ശശിധരന്‍ നടുവില്‍ മാഷിനെ പരിചയപ്പെടുന്നത്. പിന്നീട് എന്റെ വഴി അഭിനയമാണെന്ന തിരിച്ചറിവുണ്ടായതിനേത്തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അഭിനയത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അഭിനയത്തോടൊപ്പം എം ഫില്ലും ചെയ്യുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലായിരുന്ന സമയത്ത് ഒരു സിനിമാ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിങ് ഡയറക്ടറെ പരിചയപ്പെട്ടു. അങ്ങിനെ കമ്മട്ടിപ്പാടത്തിലൂടെയാണ് ആദ്യമായി സിനിമാരംഗത്തേക്കു വരുന്നത്. ആഭാസം എന്ന സിനിമയിലൂടെയാണ് ആളുകള്‍ കുറച്ചു കൂടി എന്നെ അറിഞ്ഞു തുടങ്ങിയത്.

കലാപാരമ്പര്യമുള്ള കുടുംബമാണോ?

ഒരിക്കലും അല്ല. അച്ഛനും അമ്മയും സാധാരണക്കാരില്‍ സാധാരണക്കാരാണ്. അച്ഛന്‍ നാട്ടിലെ പൊതുപ്രവര്‍ത്തകനും അമ്മ തനി നാടന്‍ വീട്ടമ്മയുമാണ്. പിന്നെ ഒരു ചേച്ചിയാണുള്ളത്. ജനിച്ചതും വളര്‍ന്നതുമെല്ലാം എറണാകുളത്ത് കളമശ്ശേരിയിലാണ്. കലാപരാമ്പര്യമില്ലാത്ത കുടുംബമായതുകൊണ്ടുതന്നെ അഭിനയരംഗത്തേക്കു വരുന്നതിനെ കുറിച്ച് വളരെ പ്രയാസപ്പെട്ടാണ് മനസ്സിലാക്കിയെടുത്തത്. ഇപ്പോള്‍ വീട്ടുകാരില്‍ നിന്നെല്ലാം നല്ല പ്രോത്സാഹനമുണ്ട്.

അലന്‍സിയറിനെതിരെയുള്ള ലൈംഗീകാരോപണത്തെ തുടര്‍ന്ന് അയാളില്‍ നിന്നും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടോ? മുന്നോട്ട് പോകുവാന്‍ ഭയമുണ്ടോ?

അത് വെറുമൊരു ആരോപണമല്ല, സത്യസന്ധമായ അനുഭവമാണ്. ആഭാസത്തിന്റെ സെറ്റില്‍ വച്ച് അയാളില്‍ നിന്നും ഉണ്ടായ ലൈംഗീക ചുവയുള്ള സംസാരങ്ങളും ബലപ്രയോഗങ്ങളും എന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു. അണിയറ പ്രവര്‍ത്തകരുടെ സഹായവും പ്രോത്സാഹനവും മാത്രമാണ് എന്നെ ആ സിനിമ പൂര്‍ത്തീകരിക്കുവാന്‍ പ്രാപ്തയാക്കിയത്. എന്റെ പരസ്യമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അയാളില്‍ നിന്ന് ആദ്യമുണ്ടായ ആക്രോശങ്ങളും ഇപ്പോഴുള്ള നിശബ്ദ്ദതയും എന്നെ ഒട്ടും ഭയപെടുത്തുന്നില്ല. തുടക്കകാരികളായ അഭിനേത്രികള്‍ക്കൊരാള്‍ക്കും അയാളില്‍ നിന്നും ഇത്രയും നീചമായ അനുഭവങ്ങളുണ്ടാകരുതെന്ന ആഗ്രഹത്താലാണ് ഞാന്‍ ധൈര്യപൂര്‍വ്വം മുന്‍പോട്ടു വന്നത്. ആ ധൈര്യം ഇപ്പോഴുമുണ്ട്. ഒരു പാട് പേരുടെ പിന്തുണയും ഉണ്ട്. എന്റെ പേരു വെളിപ്പെടുത്താതെയുള്ള ആദ്യ പോസ്റ്റിട്ടതിനുശേഷം അയാള്‍ എന്റെ സുഹൃത്ത് വഴി കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് അയാള്‍ പ്രകടിപ്പിച്ച കാപട്യം നിറഞ്ഞ മാന്യതയാണ് മറ്റൊരു തരത്തില്‍ എന്റെ പരസ്യമായ തുറന്നു പറച്ചിലിനു വഴിയായത്.

ഡബ്ലിയുസിസി ഭാരവാഹികള്‍ക്കൊപ്പം  
ഡബ്ലിയുസിസി ഭാരവാഹികള്‍ക്കൊപ്പം  

അലന്‍സിയറിനെതിരെ നിയമപരമായി പരാതി കൊടുത്തിട്ടുണ്ടോ?

ജസ്റ്റിസ് ഹേമാ കമ്മീഷന്‍ മുമ്പാകെ പരാതി കൊടുത്തിട്ടുണ്ട്. പിന്നെ ഡബ്ലിയുസിസി വഴി അമ്മയിലും. അമ്മയില്‍ കൊടുത്ത പരാതിക്ക് ഇതുവരെ മറുപടിയൊന്നും വന്നില്ല. പരാതി കൊടുത്തിട്ട് കുറച്ച് ദിവസങ്ങളായി. ആദ്യമേ അമ്മയില്‍ പരാതിപ്പെടാതിരുന്നത് ഞാനതില്‍ അംഗമില്ലാതിരുന്നതുകൊണ്ടാണ്. മെമ്പറല്ലെങ്കിലും പരാതി കൊടുക്കാന്‍ പറ്റുമെന്ന് വൈകിയാണ് അറിഞ്ഞത്. അലന്‍സിയര്‍ ഇപ്പോഴും അമ്മയിലെ അംഗമാണ്.

അമ്മ എന്ന സംഘടനയില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?

മോഹന്‍ലാലിന്റെ മീ ടൂ വിന് എതിരെയുള്ള വാദങ്ങളും മറ്റ് അമ്മ അംഗങ്ങളുടെ നിലപാടുകളും നിരാശയാണുളവാക്കുന്നത്. എന്നേക്കാളും സീനിയറായ സഹപ്രവര്‍ത്തകയോടു തന്നെ അമ്മ എടുത്തു കൊണ്ടിരിക്കുന്ന നിലപാടില്‍ വേദനയുണ്ട്. ശരിയായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഏതറ്റം വരെയും സധൈര്യം മുന്നോട്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. അലന്‍സിയറെ ആജീവനാന്തം തഴയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. തെറ്റ് തിരുത്താന്‍ അയാള്‍ തയ്യാറാകണം. ആര്‍ക്കുനേരെയും ഇത്തരം പ്രവര്‍ത്തികള്‍ ഇനിയൊരിക്കലും കാണിക്കരുതെന്നും, എന്നോടു മനസ്സു തുറന്നുള്ള ഒരു ക്ഷമാപണവും പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല അലന്‍സിയര്‍ എന്ന കലാകാരനോട് ബഹുമാനവും അയാളെന്ന വ്യക്തിത്വത്തോട് പുച്ഛവുമാണ്.

സിനിമാരംഗം ഇനിയും പ്രതീക്ഷകള്‍ നല്‍കുന്നുണ്ടോ?

തീര്‍ച്ചയായും, എല്ലാ മേഖലകളിലും പരോക്ഷമായുള്ളതൊക്കെ തന്നെയാണ് ഈ ഫീല്‍ഡിലും ഉള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അലന്‍സിയര്‍ പോലെ ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ മറ്റെല്ലാവരിലും എനിക്കു വിശ്വാസമുണ്ട്. സുരാജ് വെഞ്ഞാറമൂട്, റിമ, രമ്യാ പാര്‍വ്വതി, മഞ്ജു വാര്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രവി വാസുദേവ് എന്നിങ്ങനെ നിരവധി പേര്‍ മലയാള സിനിമയെ പ്രതിനിധീകരിച്ച് എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. അതുകൊണ്ടു തന്നെ എനിക്ക് മലയാള സിനിമയില്‍ ആത്മവിശ്വാസമുണ്ട്.

‘ശാകുന്തളം: ഒരു നായാട്ടുകഥ’ എന്ന നാടകത്തില്‍  
‘ശാകുന്തളം: ഒരു നായാട്ടുകഥ’ എന്ന നാടകത്തില്‍  

വരാനിരിക്കുന്ന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

നവംബര്‍ 25ന് ‘ശാകുന്തളം’ പ്രീമിയര്‍ ഷോയാണ് തൃപ്പൂണിത്തുറയില്‍ വച്ച്. പ്രഭാകരന്‍ സാറിന്റെ (ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍ പ്രഭാകരന്‍) പുലിജന്മം എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു നാടകം മണികണ്ഠന്‍ ആചാരിയോടൊപ്പം ചെയ്യുന്നു. പിന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യാനിരിക്കുന്നു. വൈറസിന്റ ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ്. വൈറസ് നല്ല പ്രതീക്ഷ തരുന്നുണ്ട്.

പുലിജന്മം നാടകത്തെക്കുറിച്ച്?

2006’ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ സുവര്‍ണ കമലം ലഭിച്ച, മലയാളത്തിന്റെ പ്രിയ നടന്‍ മുരളി പ്രധാന വേഷത്തിലഭിനയിച്ച പുലിജന്മം അരങ്ങില്‍ വീണ്ടും പുനരാവിഷ്‌ക്കരിക്കപ്പെടുകയാണ്. കലാസാംസ്‌കാരിക രംഗത്തെ നവസംരംഭമായ ദ്രാവിഡ എന്റര്‍ടെയ്ന്‍മെന്റ്സ് പുലിജന്മം അവതരിപ്പിക്കുന്നത്. ഞാനുള്‍പ്പെടുന്ന പത്ത് പേര്‍ ചേര്‍ന്നാണ് ദ്രാവിഡ എന്റര്‍ടെയ്ന്‍മെന്റ്സിന് രൂപം നല്‍കിയിരിക്കുന്നത്. ഞാനാണ് ഈ സംരഭത്തിന്റെ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത്. ദ്രാവിഡയുടെ ഒന്നാമത്തെ പ്രൊജക്ടാണ് പുലിജന്മം. കുസാറ്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആദ്യ അവതരണം നടന്നു. പ്രേക്ഷകരായി 600ലധികം പേരുണ്ടായിരുന്നു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് ഉദ്ഘാടനം ചെയ്തത്. പ്രൊഫസര്‍ എം കെ സാനു, പ്രിയനന്ദന്‍, ഡോ. ആര്‍ ശശിധരന്‍, കെ ജി പൗലോസ്, ജെസ്സി പീറ്റര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

പൊട്ടന്‍, കുറത്തി, ഗുളികന്‍ തുടങ്ങി വിവിധ തെയ്യങ്ങള്‍ കഥാപാത്രങ്ങളായെത്തുന്ന പുലിജന്മം കീഴാള കഥയാണ്. പുലയ സമുദായത്തിന്റെ തൊണ്ടച്ചന്‍ ദൈവങ്ങളില്‍ പുലി മറഞ്ഞ തൊണ്ടച്ചന്‍ അഥവാ കാരി ഗുരുക്കള്‍ തെയ്യത്തിന്റെ കഥയാണ് പ്രമേയം. 18 കളരിയിലും പഠിച്ച് ആയുധാഭ്യാസവും അക്ഷരാഭ്യാസവും ഒടിവിദ്യയുമറിയുന്നയാളാണ് കാരി ഗുരുക്കള്‍. നാടുവാഴിയുടെ ഭ്രാന്തും അതുവഴി നാടിനുണ്ടായ ആധിയും തീര്‍ക്കാന്‍ പുലിജഡയും പുലിവാലും കൊണ്ടുവരാന്‍ ഗുരുക്കള്‍ പുലിവേഷം സ്വീകരിക്കുന്നു. ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചു മനുഷ്യ രൂപം പ്രാപിക്കാനാകാതെ ചതിയില്‍പെട്ട കാരിഗുരുക്കളുടെ കഥയാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം പറയുന്നത്. സംവിധായകന്‍ ചോതിയാര്‍ എന്ന കഥാപാത്രത്തെ കൂടി നാടകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കളരിയും തെയ്യവും അടിയാള നൃത്തങ്ങളും ചേര്‍ന്നതാണ് നാടകത്തിലെ ചുവടുകള്‍. തുടി, മരം, കൈച്ചിലമ്പ് തുടങ്ങിയ വാദ്യങ്ങളാണ് പിന്നണിയില്‍. അജിത് കുമാറും സംഘവുമാണ് പിന്നണി വാദ്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ മണികണ്ഠന്‍ ആചാരിയാണ് മുഖ്യകഥാപാത്രമായ കാരി ഗുരുക്കളെ അവതരിപ്പിക്കുന്നത്. കാരി ഗുരുക്കളെ അവതരിപ്പിക്കുക എന്നത് മണികണ്ഠന്റെ സ്വപ്നമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദമെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനി വി പി ആതിര് വെള്ളച്ചിയായി വേഷമിടുന്നു. സംവിധായകന്‍ കെ ബിനീഷ് ഉള്‍പ്പെടെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ എന്റെ സുഹൃത്തുക്കളായ ഒരു പറ്റം യുവാക്കളാണ് അരങ്ങിലും അണിയറയിലും. ശ്രീജിത്ത്, ഗാര്‍ഗി അനന്തന്‍, ആതിര ശിവദാസ്, നാരായണന്‍, ശ്രീരാജ്, ഗോവിന്ദ് പപ്പു, അയമന്‍ അബ്ദുള്ള, നന്ദഗോപന്‍, റോഷന്‍, ആകാശ്, മീനാക്ഷി, ഹിരണ്‍, ഫിദ, പ്രഫുല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി രംഗത്ത് വരുന്നു. ജൂബിത് നമ്രാഡത്തിന്റെ വരികള്‍ക്ക് ദേവ് സംഗീതം പകര്‍ന്നു. കല: വൈശാഖ് കൃഷ്ണപ്രസാദ്, പ്രോപ്പര്‍ട്ടി: സുബിന്‍ ഋഷികേശും വിശാഖ് ഭാസിയും ചേര്‍ന്ന്. മേക്കപ്പ്: ഗോവിന്ദ് എസ്. രമ്യ സുവിയാണ് വസ്ത്രാലങ്കാരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018