INTERVIEW

പ്രഭാത് പട്‌നായിക്ക് അഭിമുഖം:  നവലിബറലിസവുമായി സന്ധിചെയ്താല്‍ പിന്നെ ഇടതുപക്ഷമില്ല 

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ പ്രഭാത് പട്‌നായിക്ക് ഫാസിസം, നവലിബറലിസം വലതുപക്ഷത്തിന്റെ വളര്‍ച്ച, സമകാലിക സാഹചര്യത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടത് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ വലതുപക്ഷ മുന്നേറ്റം നടക്കുന്ന സമയമാണ്. പലയിടങ്ങളിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍വരുന്നു. പ്രത്യക്ഷത്തിലെങ്കിലും ഈ പാര്‍ട്ടികള്‍ ആഗോളവല്‍ക്കരണത്തിനെതിരെയാണ് സംസാരിക്കുന്നത്. അവരുടെ സമ്പദ് വ്യവസ്ഥകളെ സംരക്ഷിച്ചു നിര്‍ത്തുകയെന്നത് ഒരു അജണ്ടയായി പറയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ വലതുപക്ഷ സര്‍ക്കാരുകള്‍ ആഗോള ധനമൂലധനത്തിനെതിരെയാണ് എന്ന് പറയാന്‍ കഴിയുമോ?

തീര്‍ച്ചയായും അല്ല. താങ്കള്‍ protectionism ത്തെക്കുറിച്ച് പറഞ്ഞത് കൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ സമ്പദ് വ്യവസ്ഥകളെ സംരക്ഷിച്ചുനിര്‍ത്തുന്ന (protectionism) എന്നത് നവ ഉദാരവല്‍ക്കരണവുമായി ചേര്‍ന്ന് പോകുന്നതല്ല. എന്നാല്‍ ഒരിക്കല്‍ പോലും അമേരിക്കയുടെ പ്രസിഡന്റ ട്രംപ് ആഗോള ധനമൂലധനത്തിന്റെ ചലനങ്ങള്‍ക്കെതിരായി ഒന്നും സംസാരിച്ചിട്ടില്ല. ധനമൂലധനത്തിനെതിരായും സംസാരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞത് ചില നിയന്ത്രണങ്ങളെക്കുറിച്ചാണ്. തൊഴില്‍ സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന രീതിയിലുള്ള ചില നിയന്ത്രണങ്ങളെക്കുറിച്ച്. എന്ന് മാത്രമല്ല, അമേരിക്കന്‍ കമ്പനികളുടെ നികുതിയില്‍ വലിയ കുറവാണ് ട്രംപ് വരുത്തിയത്. ട്രംപ് മാത്രമല്ല, വലതുപക്ഷ രാഷ്ട്ര നേതാക്കള്‍ ആരും തന്നെ ആഗോള ധന മൂലധനത്തിന്റെ സ്വതന്ത്ര ചലനത്തെക്കുറിച്ച് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. മാത്രവുമല്ല അവര്‍ക്ക് അനുകൂലമായ സമീപനങ്ങളാണ് സ്വീകരിക്കുകയും ചെയ്യുന്നത്.

അങ്ങനെയാകുമ്പോഴും ആഗോളവല്‍ക്കരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ കൂടിയാണ് പല രാജ്യങ്ങളിലും വലതുപക്ഷ രാഷ്ട്രീയം സ്വാധീനം ചെലുത്തുകയും അധികാരത്തിലെത്തുകയും ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് പ്രതിഷേധത്തെ നയിക്കാന്‍ പറ്റാത്തത്?

അതിന് ഒരു കാരണം ലോകവ്യാപകമായി ഇടതുപക്ഷം തളര്‍ച്ചയിലാണെന്നത് കൊണ്ടാണ്. ഈ തളര്‍ച്ച പ്രധാനമായും ഉണ്ടാകുന്നത് ആഗോളവല്‍ക്കരണത്തോട്‌ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള അവ്യക്തത മൂലം ഉണ്ടാകുന്നതാണ്. രണ്ട് കാരണങ്ങള്‍ മൂലമാണ് ഈ അവ്യക്തത ഉണ്ടാകുന്നത്.

ഒന്ന് ആഗോളവല്‍ക്കരണം ഉത്പാദന ശക്തികളെ  വികസിപ്പിക്കുമെന്നും ആ കാരണം കൊണ്ട് തന്നെ അത് പിന്തുണയക്കപ്പെടേണ്ടതാണെന്നും ഇടതുപക്ഷത്തെ ഒരു വിഭാഗം കരുതുന്നു. ഉത്പാദനശക്തികളെ വികസിപ്പിക്കുകയെന്നതിനെ (development of productive forces) വളരെ പ്രധാന്യത്തോടെയാണ്  ഇവര്‍ കാണുന്നത്. ഇതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഇത്തരം കാഴ്ചപാടിനെ ഞാന്‍ പ്രൊഡക്ഷനിസ്റ്റ് കാഴ്ചപാട് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം നിലപാട് ഇവിടെയും പ്രബലമാണ്. ബുദ്ധദേബ് ഭട്ടാചാര്യയെ പോലുള്ളവര്‍ ഇത്തരം നിലപാട് സ്വീകരിച്ച വരാണ്. അതിന്റെ ഫലമായാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്‌ തിരിച്ചടിയുമുണ്ടായത്.

മറ്റൊരു കാരണം, അതും ഇടതുപക്ഷക്കാര്‍ക്കിടയില്‍ വളരെ പ്രബലമാണ്. ആഗോളവല്‍ക്കരണത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും അത് സാര്‍വദേശിയമായ കാഴ്ചപാടാണ് മുന്നോട്ടുവെയ്ക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ അതില്‍നിന്നുള്ള പിന്മാറ്റം ദേശീയതയിലേക്കുള്ള പിന്‍മാറ്റമാണ്, ആധുനികതയില്‍നിന്നുള്ള പിന്മാറ്റമാണ് എന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. ഈ നിലപാടിന്റെ പ്രശ്‌നം അവര്‍ ദേശീയതയെ ഏകമായ സംജ്ഞയായി കാണുന്നുവെന്നതാണ്. കൊളോണിയല്‍ വിരുദ്ധ ദേശീയതെയും സാമ്രാജ്യത്വ അനുകുല ദേശീയതയേയും വ്യത്യസ്തമായി കാണാന്‍ ഇവര്‍ തയ്യാറല്ല. ഗാന്ധിയുടെ ദേശീയതയും ഹിറ്റ്‌ലറുടെ ദേശീയതയും ഇവര്‍ക്ക് ഒന്നാണ്. ധനമൂലധനത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുന്ന ദേശീയതയും പ്രതിലോമകരമായ ദേശീയതയും ഒന്നല്ല. ഈ ഒരു വ്യക്തത കുറവ് യുറോപ്പിലെ ഇടതുപക്ഷത്തിനുണ്ട്. ഈ വ്യക്തതകുറവ് ഇവിടെയ്ക്കും എത്തിച്ചിട്ടുണ്ട്. ഇതാണ് പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തിന്റെ തളര്‍ച്ചയ്ക്ക് കാരണം.

പിന്നീടുള്ളത് രാഷ്ട്രീയമായ കാരണങ്ങളാണ്. ആഗോളവല്‍ക്കരണം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇടതുപക്ഷത്തെയാണ്. കാരണം അത് തൊഴിലാളിയൂണിയനുകളെ ഇല്ലാതാക്കുന്നു. തൊഴിലാളിയുടെ സംഘടിത ശക്തിയെ നശിപ്പിക്കുന്നു. തൊഴിലാളികളാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തി. ഇങ്ങനെ തകര്‍ക്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. മൂലധനത്തിന് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാതെ സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ തൊഴിലാളികള്‍ക്ക് അത്തരത്തിലുള്ള നീക്കം സാധ്യമല്ല. കാരണം തൊഴില്‍ സമരം കൊണ്ട് ഒരു വ്യവസായിക്ക് മറ്റൊരു രാജ്യത്തിലേക്ക് തന്റെ നിക്ഷേപം മാറ്റാന്‍ കഴിയും. അതേസമയം തൊഴിലാളിക്ക് അത്തരത്തിലുളള നീക്കം അസാധ്യമാണ്.

മറ്റൊരു കാരണം ആഗോളവല്‍ക്കരണം പൊതുമേഖലയെ തകര്‍ക്കുന്നുവെന്നത് കൊണ്ടാണ്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് പൊതുമേഖലയിലാണ്. സ്വകാര്യവല്‍ക്കരണത്തോടെ തൊഴിലാളികളുടെ സംഘടിക്കാനുള്ള സാഹചര്യത്തിലും കുറവുണ്ടാകുന്നു. ഇടത് പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയ്ക്ക് ഇടയാക്കുന്ന മറ്റൊരു കാരണം ഉപയോഗിക്കപ്പെടാത്ത തൊഴില്‍ ശക്തിയില്‍ (Reserve army of labour)ഉണ്ടാകുന്ന വര്‍ധനയാണ്. വലതുപക്ഷം പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കുകയും അതിന്റെ കാരണം മറ്റ് ചിലതിലേക്ക് കൊണ്ടുപോയി കെട്ടുകയും ചെയ്യുന്നു. തൊഴില്‍ നഷ്ടമാകുന്നതിന് കാരണം കുടിയേറ്റക്കാരാണ്, മതന്യൂനപക്ഷങ്ങളാണ് എന്നൊക്കെ പറയുന്നത് ഇതിന്റെ ഭാഗമായാണ്. ഇങ്ങനെയാണ് നിയോലിബറലിസത്തിന്റെ സഖ്യകക്ഷിയായി ഫാസിസ്റ്റുകള്‍ മാറുന്നത്. ഇങ്ങനെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ഇടതുപക്ഷത്തെ തളര്‍ത്തുന്നത്. ഇന്ത്യയില്‍ സമീപകാലത്ത് ശക്തിപ്പെടുന്ന കര്‍ഷക പ്രക്ഷോഭത്തെ ഇടതിന്റെ തിരിച്ചുവരാനുള്ള ശ്രമങ്ങളായാണ് ഞാന്‍ കാണുന്നത്.

പ്രഭാത് പട്‌നായിക്ക് അഭിമുഖം:  നവലിബറലിസവുമായി സന്ധിചെയ്താല്‍ പിന്നെ ഇടതുപക്ഷമില്ല 

ഇടതുപക്ഷം ഈ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണോ താങ്കള്‍ പറയുന്നത്?

തീര്‍ച്ചയായും. ഇടതുപക്ഷത്തിന് പലയിടങ്ങളിലും അതിന് പറ്റുന്നില്ല. അതേസമയം ചില രാജ്യങ്ങളില്‍ ഈ പ്രശ്‌നങ്ങളെ തിരിച്ചറിയുകയും നേരിടാനും ഇടതുപക്ഷം തയ്യാറായിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രീസിലെ സൈറിസ എന്ന പ്രസ്ഥാനം. അവര്‍ ധനമൂലധനത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിനെ നേരിടാന്‍ തയ്യാറാകുകയും ചെയ്തതിനെ തുടര്‍ന്നാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അവര്‍ക്ക് അന്തരാഷ്ട്ര ധനമൂലധനത്തിന്റെ പിടുത്തത്തില്‍നിന്ന് രാജ്യത്തെ പുറത്തുകടത്താന്‍ പറ്റിയില്ല. പ്രശ്‌നങ്ങള്‍ തിരിച്ചറിയുക എന്നത് മാത്രമല്ല, ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം, ധനമൂലധനത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും സ്വാധീനത്തില്‍നിന്ന് പുറത്തുകടക്കാനും കഴിയണം.

ഉത്പാദന ശക്തികളുടെ വികാസത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. അതിനോടുള്ള അമിതമായ താല്‍പര്യമാണോ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായത്?

തീര്‍ച്ചയായും അതൊരു പ്രധാന കാരണമാണ്. ഉത്പാദന ശക്തികളുടെ വികാസമെന്നത്‌ മാര്‍ക്‌സിന്റെ പ്രസക്തമായ ആശയം തന്നെയാണ്. അതിന് നല്‍കുന്ന വ്യാഖ്യാനമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഉത്പാദന ശക്തികളുടെ വികസനം മാത്രമാണ് പ്രധാനമെന്ന ചിന്തയാണ് തിരിച്ചടിയ്ക്ക് കാരണമായത്. പശ്ചിമബംഗാളില്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കി. വ്യവസായവല്‍ക്കരണം വേണം. അതിനോടൊക്കെ ഞാന്‍ യോജിക്കുന്നു. പക്ഷെ  അതിനുവേണ്ടി കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ഹനിച്ചാല്‍ പോലും അത് നടപ്പിലാക്കണമെന്നതായിരുന്നു അന്ന്‌ സ്വീകരിച്ച നയം. കര്‍ഷകരുടെ പിന്തുണ നഷ്ടപ്പെടിട്ട് ടാറ്റയുടെ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിച്ചത് വലിയ അബദ്ധമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലുള്ള തെറ്റ് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. വികസനത്തിന്റെ പേരില്‍ അടിസ്ഥാനവര്‍ഗത്തിന്റെ പിന്തുണ നഷ്ടപെടുത്തുന്ന തീരുമാനം ശരിയല്ല. അത് പ്രൊഡ്കഷനിസം ആണ്. ഇടതുപക്ഷം അങ്ങനെയാവണമെന്നാണ് നിയോലിബറലുകള്‍ ആഗ്രഹിക്കുന്നത്. അതോടെ ഇടതുപക്ഷത്തിന്റെ അടിസ്ഥാനവര്‍ഗത്തിന്റെ പിന്തുണ നഷ്ടപെടും.

മനസ്സിലാക്കേണ്ട കാര്യം മാര്‍ക്‌സിസം എന്നത് ഉത്പാദനവുമായി ബന്ധപ്പെട്ടുള്ള കാര്യമല്ല എന്നതാണ്. മാര്‍ക്‌സിസം എന്നത് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ഒരു സംവിധാനം കാലഹരണപ്പെട്ടു എന്ന മനസ്സിലാക്കേണ്ടത് അതിന്റെ വളര്‍ച്ച നിരക്കുമായി ബന്ധപ്പെട്ടല്ല. റഷ്യയില്‍ വിപ്ലവത്തിനായി ലെനിന്‍ ശ്രമിച്ചത് അവിടെ വളര്‍ച്ചാ നിരക്ക് പൂജ്യമായതുകൊണ്ടായിരുന്നില്ല.

ഭാവിയില്‍ ഇടതുപക്ഷത്തിന് പങ്കാളിത്തമോ പുറത്തുനിന്നുള്ള പിന്തുണ നല്‍കുന്നതോ ആയ സര്‍ക്കാര്‍ രൂപികരിക്കപ്പെടുകയാണെങ്കില്‍ നിയോലിബറലിസവുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകും. മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇടതുപക്ഷത്തിന്റെ നിലപാട് സ്വീകരിച്ചുകൊള്ളണമെന്നില്ല. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നിയോലിബറലിസത്തിനെതിരായ സമീപനങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുകയാണ് ബുര്‍ഷ്വാ പാര്‍ട്ടികളുടെ ആവശ്യം. അത് അംഗീകരിച്ചുകൊടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. നവലിബറിസത്തെ അംഗീകരിച്ചാല്‍  ഇടതുപക്ഷമുണ്ടാവില്ല. നിയോലിബറലിസം എന്നത് തന്നെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്.

ചുരുക്കം ചില രാജ്യങ്ങളെങ്കിലും ഇപ്പോഴും നിയോലിബറലിസത്തെ എതിരിടുന്നുണ്ട്. ചൈനയുടെ വിപണി സോഷ്യലിസത്തെ പോലും ചിലര്‍ ആഗോളവല്‍ക്കരണത്തെ നേരിടാനുള്ള ഒരു മാതൃകയാണെന്ന് പറയുന്നു. താങ്കളെങ്ങിനെയാണ് ഇതിനെ കാണുന്നത്.?

ആദ്യമായി വിപണി സോഷ്യലിസം എന്ന ഒന്ന് ഇല്ല. ആ വാക്കില്‍ തന്നെ വൈരുദ്ധ്യം ഉണ്ട്. ചൈനയെ ഒരു മാതൃകയായും കണക്കാക്കുന്നില്ല. അതേസമയം ചൈന മറ്റ് സമ്പന്ന രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് പറയാം. പക്ഷെ ഒരു മാതൃകയല്ല. എനിക്ക് തോന്നുന്നത് മുതലാളിത്ത പ്രതിസന്ധി മൂലം ചൈനയ്ക്ക് ഇതുവരെ തുടര്‍ന്ന വികസന രീതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഇപ്പോള്‍ അവര്‍ കയറ്റുമതി അധിഷ്ഠിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. അത് തുടരാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് ആഭ്യന്തര വിപണി വികസിപ്പിക്കേണ്ടിവരും. അതിന് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തണം. അങ്ങനെ സംഭവിച്ചാല്‍ സോഷ്യലിസ്റ്റ് രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ അവര്‍ക്ക് നടപ്പിലാക്കേണ്ടിവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പക്ഷെ ചൈനയെ നിയോലിബറലിസത്തിനെതിരായ മോഡല്‍ ആയി കണക്കാക്കാന് പറ്റില്ല.

സാമ്രാജ്യത്വം എന്നത് ഇന്നും സജീവമായി തന്നെ ഉള്ള സംവിധാനമാണെന്ന് ആവര്‍ത്തിച്ചുപറയുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ് താങ്കള്‍. ചില മാര്‍ക്‌സിസ്റ്റുകള്‍ തന്നെ അങ്ങനെ കരുതുന്നുമില്ല. എങ്ങനെയാണ് താങ്കള്‍ അതിനെ വിശദീകരിക്കുന്നത്.?


തീര്‍ച്ചയായും സാമ്രാജ്യത്വം ഉണ്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷം രാഷ്ട്രീയ കോളനിവല്‍ക്കരണം അവസാനിപ്പിക്കാന്‍ സാമ്രാജ്യത്വം തയ്യാറായി. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് സാമ്പത്തികമേഖലയിലെ അവകാശം സ്ഥാപിച്ചെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല. വിഭവങ്ങളുടെ മേലുള്ള അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മൂന്നാം ലോകരാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. ദേശസാല്‍ക്കരണം നടത്തുന്നതിനെതിരെ വലിയ തോതിലുള്ള ഇടപെടലുകളാണ് നടക്കുന്നത്. സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഈജിപ്തിനെതിരെയുണ്ടായ ഇടപെടല്‍ ഒരു ഉദാഹരണമാണ്. ഗ്വാട്ടിമാലയില്‍ ജേക്കബോ അര്‍ബെന്‍സ് യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സിഐഎ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ചെയ്തത്. (ഗ്വാട്ടിമാലയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ജേക്കബോ അര്‍ബെന്‍സ് ഗുസ്മാന്‍. അമേരിക്കന്‍ പിന്തുണയോടെ ഭരിച്ച ജോര്‍ജ്ജ് ഉബിക്കോയുടെ നയങ്ങള്‍ക്കെതിരെ നടന്ന വിപ്ലവ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി. സാമൂഹ്യ കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. അമേരിക്കന്‍ ഫ്രൂട്ട് കമ്പനിയില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. പക്ഷെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അര്‍ബെന്‍സിനെ സിഐഎ നടത്തിയ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.)

എന്നാല്‍ രാഷ്ട്രീയമായി കോളനിമുക്തമായ മൂന്നാംലോക രാജ്യങ്ങള്‍ ശ്രമിച്ചത് അവരുടെ സാമ്പത്തിമേഖലയിലുള്ള അവകാശം സ്ഥാപിക്കാനാണ്‌.  അതിനെ അട്ടിമറിക്കാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നീക്കങ്ങള്‍ നടത്തി. ഇതാണ് 50 കളിലൊക്കെ സംഭവിച്ചത്. ഇപ്പോഴാകട്ടെ ഈ സമ്പത്തുകളൊക്കെ അവര്‍ തന്നെ നിയന്ത്രിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിലൊക്കെ ഈ അവസ്ഥയാണ് ഉള്ളത്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഒരു പ്രധാന ആവശ്യം ധാതുസമ്പത്തിന്റെ സാമൂഹ്യനിയന്ത്രണമായിരുന്നു. ഇപ്പോള്‍ അതൊക്കെയും സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളുടെ വിഭവങ്ങളുടെമേല്‍ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണം കൂടുതല്‍ ശക്തമായിരുന്നു. നേരത്തെ അവര്‍ അത് നടത്തിയത് രാഷട്രീയമായ നിയന്ത്രണത്തോടെയാണെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നതാണ് വ്യത്യാസം. അതുമാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വമോ ജപ്പാന്‍ സാമ്രാജ്യത്വമോ അതുപോലുള്ളതോ അല്ല, മറിച്ച് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ സാമ്രാജ്യത്വമാണ് ഇപ്പോഴുള്ളത്.

പ്രഭാത് പട്‌നായിക്ക് അഭിമുഖം:  നവലിബറലിസവുമായി സന്ധിചെയ്താല്‍ പിന്നെ ഇടതുപക്ഷമില്ല 

മുതലാളിത്തം മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ പ്രതിസന്ധിയാലാണെന്ന് പറയാറുണ്ട്. ഏത് രീതിയിലാണ് ഇപ്പോഴത്തെ പ്രതിസന്ധി മുമ്പുണ്ടായ പ്രതിസന്ധികളില്‍നിന്ന് വ്യത്യാസപ്പെടുന്നത്.?

നിയോലിബറല്‍ മുതലാളിത്തം ഇനി മുന്നോട്ട് പോകാന്‍ ആവാത്ത വിധം പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ മുതലാളിത്തം എന്ത് ചെയ്യുമെന്ന് വ്യക്തമല്ല. അത് വെറുതെ ഇരിക്കുമെന്ന് കരുതാനും കഴിയില്ല. 2000 ത്തില്‍ സംഭവിച്ചത് പോലെ ചില താല്‍ക്കാലിക നീക്കങ്ങള്‍ ഉണ്ടായേക്കാം. ഹൗസിംങ് ബബിള്‍ പോലെയുള്ളവ. ( ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്കയിലും മറ്റും ഉണ്ടായ സാമ്പത്തിക വളര്‍ച്ച ഹൗസിംങ് രംഗത്തെ വളര്‍ച്ച കൊണ്ടായിരുന്നു. എന്നാല്‍ വായ്പകള്‍ തിരിച്ചടക്കപ്പെടാത്തതിനെ തുടര്‍ന്ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തകരുകയും മുതലാളിത്ത ലോകം വലിയ പ്രതിസന്ധിയില്‍ പെടുകയുമാണുണ്ടായത്.)

രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള പ്രതിസന്ധി അതിജീവിച്ചത് സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയിലെ ഇടപെടലിലൂടെയാണ്. പക്ഷെ അങ്ങനെ എന്തെങ്കിലും ഇനി ഉണ്ടാകുന്നതായി എനിക്ക് തോന്നുന്നില്ല. പ്രതിസന്ധി അതിജീവിക്കാനും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ അധീശത്വം നിലനിര്‍ത്താനും ഫാസിസ്റ്റുകളുമായി ചേരുകയെന്നതാണ് മുതലാളിത്തം ചെയ്യുന്നത്. ഇതുകൊണ്ടാണ് ഫാസിസ്റ്റുകള്‍ ശക്തിപ്പെടുന്നത്. ഫാസിസം ശക്തിപ്പെടുന്നത് ഇടതുപക്ഷം ശക്തമാകുമ്പോഴാണ് എന്നത് തെറ്റായ സങ്കല്‍പ്പമാണ്. ഇടതുപക്ഷം ദുര്‍ബലമാകുമ്പോഴാണ് ഫാസിസം ശക്തിപ്പെടുന്നത്. വാള്ട്ടർ ബെന്‍ജമിന്‍ പറയുന്നത് വിപ്ലവപരാജയങ്ങളുടെ തേരിലേറിയാണ് ഫാസിസം വരുന്നതെന്നാണ്. ജര്‍മ്മനിയില്‍ വിപ്ലവത്തിനായുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ തൊഴിലാളി വര്‍ഗം പ്രതീക്ഷയറ്റ അവസ്ഥയിലായിരുന്നു. ആ ഘട്ടത്തിലാണ് ഫാസിസം വരുന്നത്. ഫാസിസമെന്നത് ഒരിക്കലും തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു പദ്ധതിയല്ല. പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് അതില്‍ പങ്കാളിയാകുന്നത്. ഇന്ത്യയിലും അങ്ങനെതന്നെയാണ്. ധനമൂലധനം വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ അത് ഫാസിസ്റ്റുകളുമായി ചേരുമെന്നുള്ളതാണ് സ്വാഭാവികമാണ്. 1930കളിലും അങ്ങനെയായിരുന്നു. എന്നാല്‍ അതേ പോലെ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം അന്ന് യുദ്ധത്തിലൂടെയാണ് പ്രതിസന്ധി മറികടന്നത്. ഇന്ന് പക്ഷെ ധനമൂലധനത്തിന് യുദ്ധം നടത്തുന്നതില്‍ താല്‍പര്യമില്ല. കാരണം അത് മൂലധനത്തിന്റെ തന്നെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്നത് കൊണ്ടാണ്. അതുകൊണ്ടാണ് ചൈനയ്‌ക്കെതിരെ വ്യാപര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ചര്‍ച്ചയ്ക്ക് ട്രംപ്  തയ്യാറാകുന്നത്.

ഇന്ത്യ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടോളമായി. നെഹ്‌റുവിയന്‍ സാമ്പത്തിക പരിപാടിയുടെ പ്രതിസന്ധിയാണോ നിയോ ലിബറലിസത്തിലേക്ക് ഇന്ത്യയെ നയിച്ചത്.?

ഇതൊരു പ്രധാന പ്രശ്‌നമാണ്. യഥാര്‍ത്ഥത്തില്‍ നെഹ്‌റുവിയന്‍ നയങ്ങളുടെ അടിസ്ഥാനം സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു. എന്നാല്‍ അത് സോഷ്യലിസ്റ്റ് പരിപാടിയായിരുന്നില്ല. മൂന്ന് പരിമിതികളാണ് നെഹ്‌റുവിയന്‍ നയങ്ങള്‍ക്ക് ഉണ്ടായത്. ഒന്ന് ആഭ്യന്തര വിപണിയുടെ വികാസത്തിലൂന്നിയായിരുന്നു നെഹ്‌റുവിയന്‍ പരിപാടി. എന്നാല്‍ അതിന് അനിവാര്യമായ നയപരിപാടികള്‍ ഉണ്ടായില്ല. ഭൂപരിഷ്‌ക്കാരം പോലുള്ള നടപടികള്‍ സ്വീകരിച്ചില്ല. അതുവലിയ പരിമിതിയായി. പിന്നീടുള്ളത് ബുര്‍ഷ്വാ വിഭാഗത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്. ആ വിഭാഗം കൂടുതല്‍ ശക്തമായി. ആ വിഭാഗമാണെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ അസ്വസ്ഥരായിരുന്നു. അങ്ങനെയുള്ള പ്രതിസന്ധികളില്‍ ചെന്ന് പെടുകയായിരുന്നു നെഹ്‌റുവിയന്‍ നയങ്ങള്‍. ഇതിന് പുറമെ അന്താരാഷ്ട്ര രംഗത്തെ സംഭവങ്ങളും ബാധിച്ചു. അമേരിക്കയില്‍നിന്ന് യൂറോപ്പിലേക്ക് ഡോളറുകള്‍ കൂടുതലായി എത്തിയതോടെ അവ ലോകത്തെവിടെയും നിക്ഷേപിക്കാന്‍ സാധിക്കണമെന്ന ആവശ്യം ഉയര്‍ന്നു. മൂലധന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതും കൂടി കാരണമായി.

നിയോ ലിബറിലസത്തെ എതിര്‍ക്കുന്ന പലരും ഇന്ത്യയില്‍ ബദലായി നിര്‍ദ്ദേശിക്കുന്നത് നെഹ്‌റുവിയന്‍ മോഡലിനെയാണ്. നിയോ ലിബറലിസത്തിനുള്ള ബദലായി മനസ്സിലാക്കാന്‍ കഴിയുമോ?

അതിന് പല പരിമിതികളുമുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂപരിഷ്‌ക്കരണം ഏറ്റെടുത്ത് നടപ്പില്ലാക്കാന്‍ കഴിഞ്ഞില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. അതുപൊലെ ബൂര്‍ഷ്വാസിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു സമ്പ്രദായം ഒരു ബദലായി മാറില്ല.

നിയോ ലിബറല്‍ നയം നടപ്പിലാക്കി തുടങ്ങിയതിന് ശേഷം എന്ത് മാറ്റങ്ങളാണ് 2014 ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായത്.?

മോഡി അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ നിയോ ലിബറല്‍ നയങ്ങളുടെ പ്രതിസന്ധി പുറത്തുവന്നു തുടങ്ങിയിരുന്നു. ഈ നയങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് മധ്യവര്‍ഗത്തിലെ ഒരുവിഭാഗത്തിനുള്ള തൊഴിലവസരങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് ഐടി മേഖലകളില്‍. എന്നാല്‍ പല കാരണങ്ങളാല്‍ മന്‍മോഹന്‍സിങിന്റെ കാലത്തുതന്നെ തൊഴിലവസരങ്ങളില്‍ കുറവ് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. പുറംകരാര്‍ തൊഴിലിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതൊക്കെ അതിനെ ബാധിച്ചു. ഇക്കാലത്തൊക്കെയും കര്‍ഷകരുടെയും അടിസ്ഥാനവിഭാഗങ്ങളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരുന്നു. ഇതിനൊക്കെ പരിഹാരം താന്‍ അധികാരത്തില്‍ വരികയാണെന്നായിരുന്നു മോഡിയുടെ വാദം. പ്രത്യേകിച്ച് എന്തെങ്കിലും സാമ്പത്തിക പരിപാടി മുന്നോട്ടുവെച്ചായിരുന്നില്ല അദ്ദേഹം ഇത്തരം അവകാശ വാദം ഉന്നയിച്ചത്. ഫാസിസ്റ്റുകളുടെ സ്വാഭാവിക രീതിയാണത്. അഞ്ച് വര്‍ഷമായിരിക്കുന്നു. തൊഴിലവസരങ്ങള്‍ മുന്‍പുള്ളതിനെക്കാള്‍ കുറഞ്ഞിരിക്കുന്നു. സാമ്പത്തിക നില കൂടുതല്‍ തകരാറിലായിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഫാസിസ്റ്റ് ആക്രമണം കൂടുതല്‍ വ്യാപകമാകുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ഫാസിസമാണോ എന്നത് സംബന്ധിച്ച് ഇടതുപക്ഷത്തിനിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.?

ഇന്ത്യയില്‍ അധികാരത്തിലുള്ളത് ഫാസിസ്റ്റുകള്‍ ആണ്. എന്നാല്‍ ഫാസിസ്റ്റ് രാജ്യമായി ഇന്ത്യ മാറികഴിഞ്ഞിട്ടില്ല. അതേസമയം ഫാസിസ്റ്റുകള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവര്‍ ഫാസിസ്റ്റ്  രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ഹിന്ദുത്വത്തിന് കൈവന്ന സാമൂഹ്യ അധീശത്വമാണ് പ്രധാനം. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ തോറും സന്ദര്‍ശിക്കുന്നത്. ഇതൊന്നും ഒരു ദശാബ്ദം മുമ്പ് സംഭവിക്കില്ലായിരുന്നു. ബുദ്ധിജിവികളെ, ചിന്തകരെ, ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുക, സര്‍വകലാശാലകള്‍ തകര്‍ക്കുക, ആശയ പ്രചാരണത്തെ ഭയക്കുക എന്നിവയൊക്കെ ചെയ്തുകൊണ്ടാണ് ഇവിടെ ഫാസിസം പ്രവര്‍ത്തിക്കുന്നത്. തെരുവു ആക്രമണവും, ഭരണകൂടത്തിന്റെ ആക്രമണവും ഒന്നിച്ചാണ് നടക്കുന്നത്. അതാണ് ഫാസിസത്തിന്റെ സവിശേഷത.

ഇതിനെതിരായ പ്രതിരോധം സാധ്യമാകുക മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടിപ്പിച്ചുകൊണ്ടാണോ?

എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സംഘടിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസം ഉണ്ടാക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തിലാവണം . അല്ലാതെയുള്ള പ്രവര്‍ത്തനം ഫാസിസ്റ്റുകളെ തിരികെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് മാത്രമേ സഹായിക്കു. മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ നിയോലിബറല്‍ നയത്തിനെതിരായ നിലപാട് സ്വീകരിപ്പിക്കാന്‍ ഇടതുപക്ഷം മുന്നോട്ടുവരികയാണ് വേണ്ടത്. ഒന്നാം യുപി എ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് പല കാര്യങ്ങളും നടന്നത്.  തൊഴിലുറപ്പ്പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം എന്നിവ നടപ്പിലാക്കിയത് അത്തരമൊരു ഇടപെടലിന്റെ ഫലമാണ്. അത് ജനങ്ങള്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നതായിരുന്നു. പ്രത്യേകിച്ചും തൊഴിലുറപ്പ് പദ്ധതി. ഇപ്പോള്‍ അത് പൂര്‍ണമായി തകര്‍ക്കപ്പെട്ടിരിക്കുന്നു.

പ്രഭാത് പട്‌നായിക്ക് അഭിമുഖം:  നവലിബറലിസവുമായി സന്ധിചെയ്താല്‍ പിന്നെ ഇടതുപക്ഷമില്ല 

അത്തരമൊരു ഇടപെടല്‍ നടത്താന്‍ ഇടതുപക്ഷത്തിന് 2004ല്‍ കഴിഞ്ഞിരുന്നു. 2009ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തില്‍വന്നപ്പോള്‍ നവലിബറല്‍ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ ഇടതുപക്ഷം 2004 ലെ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് തന്ത്രപരമായി തെറ്റായ തീരുമാനമായിരുന്നോ?

കോണ്‍ഗ്രസിലെ നിയോ ലിബറല്‍ നയങ്ങളോട് വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍ ഇടതുപാര്‍ട്ടികളുടെ സ്വാധീനത്തില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. മന്‍മോഹന്‍ സിങ് തന്നെ പറഞ്ഞത് അദ്ദേഹം ശ്വാസം മുട്ടല്‍ അനുഭവിച്ചിരുന്നുവെന്നാണ്. ഇടതുപക്ഷം പിന്‍വാങ്ങിയതോടെയാണ് അദ്ദേഹം സ്വതന്ത്രനായത്. അതുകൊണ്ട് ഇടതുപക്ഷത്തെ ഒഴിവാക്കുകയെന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്‍പര്യമായിരുന്നു. അമേരിക്കയുമായുള്ള ആണവകരാറിന്റെ കാര്യത്തില്‍ ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം പിന്നീട് കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തെ അറിയിച്ചത്. എന്നാല്‍ ചര്‍ച്ച നടത്തിയതിന് ശേഷം അവര്‍ ഏകപക്ഷീയമായി കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. ഇടതുപക്ഷം കോണ്‍ഗ്രസിനെ കുടുതല്‍ വിശ്വസിച്ചുപൊയതിന്റെ കൂടി ഫലമായിരുന്നു അത്. എന്നാല്‍ ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തുന്നതിനെ തന്നെ ഇടതുപക്ഷത്തിന് എതിര്‍ക്കാമായിരുന്നില്ലേ എന്നാണെങ്കില്‍ അതെ എന്നാണ് ഉത്തരം. അതില്‍ എനിക്ക് സംശയമില്ല.

രാജ്യത്ത് സമീപകാലത്ത് വളര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭം മുഖ്യധാരയുടെ കൂടെ വിഷയമായി മാറിയിട്ടുണ്ട്. നയപരിപാടികളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ട് സാധിക്കുമോ?

ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് രാജ്യത്ത് പുതിയ ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. കര്‍ഷിക ഉത്പന്നങ്ങളുടെ വില, വായ്പ, തുടങ്ങി ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളെ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് പ്രധാനമായിട്ടുള്ളത്. നിയോലിബറലിസത്തിനെതിരായ പോരാട്ടത്തിന് അതിന്റെതായ ഡയലക്റ്റിക്സുണ്ട്. ഇത്തരം സമരങ്ങള്‍ കൊണ്ട് ഒറ്റയടിക്ക് രാഷ്ട്രീയപാര്‍ട്ടികളെ ജനാനുകൂല നിലപാടിലേക്ക് മാറ്റാന്‍ കഴിയുമെന്ന് കരുതരുത്. ജനങ്ങള്‍ക്ക് അനുകൂലമായ നയപരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ നിയോലിബറലിസവുമായി ഒരു ഏറ്റുമുട്ടലില്‍ എത്തിക്കും. ഒന്നുകില്‍ നിങ്ങള്‍ക്ക് അതുമായി ഏറ്റുമുട്ടി മുന്നോട്ട് പോകാം. അല്ലെങ്കില്‍ പിന്‍വാങ്ങാം. ഗ്രീസിലെ സൈറീസ് അങ്ങനെ പിന്‍വാങ്ങിയവരാണ്. പിന്‍വാങ്ങുകയല്ല, നിയോലിബറലിസത്തിനെതിരെ മുന്നോട്ടുപോകുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. അങ്ങനെമാത്രമെ ഫാസിസത്തിനെതിരായ പോരാട്ടം ശരിയായ രീതിയില്‍ നടത്താന്‍ പറ്റൂ.

പ്രഭാത് പട്‌നായിക്ക് അഭിമുഖം:  നവലിബറലിസവുമായി സന്ധിചെയ്താല്‍ പിന്നെ ഇടതുപക്ഷമില്ല 

അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു കുട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍വരികയും ഇടതുപക്ഷത്തിന്റെ പിന്തുണ അനിവാര്യമായി വരുന്ന ഒരു ഘട്ടമുണ്ടാകുകയും ചെയ്താല്‍ മന്ത്രിസഭയില്‍ ചേരുന്നതാണ് നല്ലതെന്ന് താങ്കള്‍ കരുതുന്നുവോ?

അത് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കെണ്ടതാണ്. പക്ഷെ, 1996 ല്‍ ജ്യോതിബസുവിനോട് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്യേണ്ടതായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം യുണൈറ്റഡ് ഫ്രണ്ടാണ് ജ്യോതിബസുവിനോട് പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു എന്നത് ശരിയാണ്. ഭരണം ഏറ്റെടുത്തിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറെയേറെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുമായിരുന്നു. 2004 ല്‍ അത്തരമൊരു സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ഇനി എന്ത് ചെയ്യണമെന്നത് അപ്പോഴത്തെ സാഹചര്യം വിലയിരുത്തി ചെയ്യേണ്ടതാണ്.

ശബരിമല സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ ഒരു വലിയ ധ്രൂവികരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിന്റെ മാതൃകയിലാണ് സമരമെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍?

ഈ സമരത്തെ ഇടതുപക്ഷം അതിജീവിക്കുമോ എന്നതല്ല, ഇടതുപക്ഷം ഇതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുകയാണ് വേണ്ടത്. ഈ എതിര്‍പ്പിനെ നേരിടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇടതുപക്ഷം പിന്‍വാങ്ങുകയാണ് ചെയ്തതെങ്കില്‍ ഇടതുപക്ഷം തന്നെ ഇല്ലാതായേനെ. അത് രാജ്യത്തെമ്പാടുമുള്ള ഇടതുപക്ഷത്തിനും തിരിച്ചടി യാകുമായിരുന്നു. ശബരിമലയിലുടെ പേരില്‍ നേരത്തെ മറ്റിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഹിന്ദുത്വം കേരളത്തില്‍ പരീക്ഷിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018