INTERVIEW

എന്‍ റാം അഭിമുഖം: ‘മാധ്യമ മേഖലയെ പേടി വിഴുങ്ങുന്നു, ഒന്നിച്ച് നീങ്ങാന്‍ സമയമായി’

എന്‍ റാം 
എന്‍ റാം 
ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ കാണണമെങ്കില്‍ നാം അടിയന്തരാവസ്ഥയുടെ കാലത്തേക്ക് തിരിഞ്ഞുനോക്കണം. ഞാന്‍ രണ്ടിനേയും സമീകരിക്കുന്നില്ല. പക്ഷേ, മാധ്യമങ്ങളെ പേടിപ്പിക്കാന്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള ശ്രമങ്ങള്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല.

റഫാല്‍ ഇടപാടില്‍ ദ ഹിന്ദു ദിനപ്പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് വന്‍ വിവാദത്തിന് കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമനിരീക്ഷക സംഘങ്ങളും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവന്നു. അന്വേഷാത്മക പത്രപ്രവര്‍ത്തനത്തില്‍ ഇത്തരം രേഖകള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ദ ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാനും മുന്‍ എഡിറ്ററുമായ എന്‍ റാം സംസാരിക്കുന്നു. ദ വയര്‍ വെബ്‌സൈറ്റില്‍ അര്‍ഫാ ഖാനൂം ഷര്‍വാണി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ദ ഹിന്ദു പ്രസിദ്ധീകരിച്ച റഫാല്‍ രേഖകള്‍ കട്ടെടുത്തവയാണെന്നും അത് പ്രസിദ്ധീകരിക്കുന്നത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്നുമാണ് അറ്റോണി ജനറലിന്റെ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം ആവശ്യപ്പെടുകയുണ്ടായി. എന്താണ് പ്രതികരണം?

ഞങ്ങള്‍ എവിടെനിന്നും ഒരു രേഖയും മോഷ്ടിച്ചിട്ടില്ല. ആ രേഖകള്‍ ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയതുമല്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)എ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. 1923ലെ ഔദ്യോഗിക രഹസ്യനിയമത്തെ മറികടന്നുകൊണ്ട് നിലവില്‍വന്ന വിവരാവകാശ നിയമങ്ങളുടെ വിവിധ വകുപ്പുകള്‍ പ്രകാരവും ഞങ്ങള്‍ ചെയ്തത് കുറ്റമാവുന്നില്ല. ഇത് ആദ്യമായല്ല ചോര്‍ത്തപ്പെട്ട രേഖകള്‍ കോടതിക്കുമുമ്പിലെത്തുന്നത്. പ്രശാന്ത് ഭൂഷന്‍ കല്‍ക്കരി അഴിമതിക്കേസില്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. അത് കോടതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. അവ മോഷ്ടിക്കപ്പെട്ടതല്ല.

മാധ്യമങ്ങളെ പൊതുവായും ദ ഹിന്ദുവിനെ പ്രത്യേകിച്ചും ഭീഷണിപ്പെടുത്തുന്ന നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവന വന്നിട്ടുണ്ട്. രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടതായി കാണുന്നു. അങ്ങനെയെങ്കില്‍ നല്ലത്. ഇതോന്നും ഞങ്ങളെ ഒരുതരത്തിലും ബാധിക്കുന്നില്ല. കാരണം, ഞങ്ങളത് പൊതുതാല്‍പര്യപ്രകാരം പ്രസിദ്ധപ്പെടുത്തിയതാണ്. ഞങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷയുമുണ്ട്.

പക്ഷേ, ഇത് രാജ്യ സുരക്ഷയ്‌ക്കെതിരാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നത് മാധ്യമങ്ങളെ പേടിപ്പിച്ച് നിര്‍ത്താനാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

അതൊരു പ്രധാനകാര്യമാണ്. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതും അതാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്, പ്രത്യേകിച്ചും അന്വേഷാത്മക പത്രപ്രവര്‍ത്തനത്തിന് എതിരായ ഒരു സന്ദേശം നല്‍കുക എന്നതാവണം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ, ഇതിനെ നമുക്ക് നേരിട്ടേ മതിയാവൂ. മുമ്പെന്നത്തേക്കാള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് മാധ്യമമേഖലയെ ആകെ ചൂഴ്ന്നുനില്‍ക്കുന്ന ഒരു ഭീതിയുടെ കാലാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതുകണ്ട് ജനങ്ങള്‍ പേടിക്കരുത്.

ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ കാണണമെങ്കില്‍ നാം അടിയന്തരാവസ്ഥയുടെ കാലത്തേക്ക് തിരിഞ്ഞുനോക്കണം. ഞാന്‍ രണ്ടിനേയും സമീകരിക്കുന്നില്ല. പക്ഷേ, മാധ്യമങ്ങളെ പേടിപ്പിക്കാന്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള ശ്രമങ്ങള്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല.

ഒരു വലിയ വിഭാഗം മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രചാരകരുടെ റോളിലേക്ക് മാറി എന്നതും കാണാതിരുന്നുകൂടാ. പ്രധാനപ്പെട്ട ചില മാധ്യമങ്ങള്‍, പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍ പലതും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം സര്‍ക്കാരിന്റെ മുഴുവന്‍സമയ പ്രൊപ്പഗണ്ട ഏറ്റെടുത്തിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് ആക്രമണത്തിനും ശേഷം റഫാല്‍ ഒരു പ്രശ്‌നമാവില്ല എന്ന് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാകുമോ? അത് തിരിച്ചുവരുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന തോന്നലാകുമോ ഇപ്പോഴത്തെ അങ്കലാപ്പിന് പിന്നില്‍?

ശരിയാണ്. പുല്‍വാമ ഭീകരാക്രണത്തിനും ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ നറേറ്റീവ് നിര്‍ണയിക്കാന്‍ കഴിയുമെന്ന് ബിജെപി കരുതിയിട്ടുണ്ടാവും. അതിദേശീയതയ്ക്കും ജിങ്കോയിസത്തിനും ‘അവരെ പാഠം പഠിപ്പിക്കൂ’ എന്ന കൊലവിളികള്‍ക്കും ജനങ്ങള്‍ കൂടുതല്‍ വശംവദരാകുന്ന ഹിന്ദി മേഖലയില്‍ ഇത് സ്വാധീനമുണ്ടാക്കുമെന്ന് അവര്‍ കരുതിയിരിക്കാം.

ഞാന്‍ മനസിലാക്കുന്നത് അഴിമതി തെരഞ്ഞെടുപ്പിലെ ഒന്നാമത്തെ വിഷയമാകാറിയല്ല എന്നാണ്. അത് ബോഫോഴ്‌സ് കേസിലാണെങ്കിലും ടുജി സ്‌പെക്ട്രം കേസിലാണെങ്കിലും അങ്ങനെയായിരുന്നു. തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എന്നിവയാണ് ഇത്തവണത്തെ പ്രധാന പ്രശ്‌നങ്ങള്‍ എന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത്. അഴിമതി മൂന്നാത്തെയോ നാലാമത്തെയോ കാര്യം മാത്രമാണ്.

എന്നാല്‍ അഴിമതിക്കേസുകള്‍ എല്ലായിപ്പോഴും പ്രതിപക്ഷത്തിന്റെ കയ്യിലെ പ്രധാന ആയുധമാകും. അതവര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കും. ഇത്തവണ രാഹുല്‍ ഗാന്ധി അത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. റഫാല്‍ പ്രശ്‌നം അദ്ദേഹം വിടാതെ പിന്തുടരുകയും ആവര്‍ത്തിച്ച് ഉന്നയിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ രാജ്യത്ത് ഇപ്പോഴും നിര്‍ണായക സ്വാധീനമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് ഒരു തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. അതുകൊണ്ടാണ് അവര്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നത്.

സ്വതന്ത്ര മാധ്യമങ്ങള്‍ക്കും അവയുടെ പങ്കുണ്ട്. പ്രത്യേകിച്ചും ഡിജിറ്റല്‍ മാധ്യമങ്ങളായ ദ വയര്‍, കാരവന്‍, സ്‌ക്രോള്‍ എന്നിവയുടെ പങ്ക് പ്രശംസനീയമാണ്. ബോഫോഴ്‌സിലെപ്പോലെ റഫാലിലും ദ ഹിന്ദു മുന്നില്‍ത്തന്നെയുണ്ട്. ഇത് ഏതെങ്കിലും ഒരു മാധ്യമസ്ഥാപനത്തിന്റെ മാത്രം പണിയല്ല. പരസ്പരം മത്സരമുള്ളപ്പോള്‍ത്തന്നെ ഒന്നിച്ചുള്ള ചില പരിശ്രമങ്ങളും ആവശ്യമാണ്. ഒരാളുടെ കയ്യിലുള്ളതില്‍നിന്ന് മറ്റൊരാള്‍ മറ്റൊന്ന് കണ്ടെത്തുന്നതുപോലെ. ഉദാഹരണത്തിന്, ദ വയറിന്റെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തി. കാരവന്റെ പക്കലും ചില രേഖകളുണ്ടായിരുന്നു. പരസ്പരം മത്സരിക്കുമ്പോള്‍ത്തന്നെ അതൊരു കൂട്ടായ പ്രവര്‍ത്തനം കൂടിയാണ്. ജേണലിസം മുന്നോട്ടുപോകുന്നത് അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പെന്റഗണ്‍ പേപ്പേഴ്‌സ് സംബന്ധിച്ച അന്വേഷണത്തിന്റെ പാരമ്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും കൈകോര്‍ത്തത് നാം കണ്ടതാണ്. വിക്കി ലീക്‌സ് രേഖകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ദ ഹിന്ദുവിനും ഒരു പങ്കുണ്ടായിരുന്നു. അതാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. പ്രയാസമേറിയതും അഴിമതി നിറഞ്ഞതുമായ ഈ മാധ്യമ അന്തരീക്ഷത്തില്‍ ഇപ്പോഴും സ്വതന്ത്രമായി നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്പരം സഹകരിക്കാന്‍ കഴിയും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018