Keralam

അന്ത്യകര്‍മ്മം ചെയ്യാന്‍ കരഭൂമി അന്വേഷിക്കുന്ന ജനം,  മെട്രോ നഗരം പരിഗണിക്കാത്ത തലമിറ്റത്തെ ജീവിതങ്ങള്‍

മെട്രോ നഗരത്തിന്റെ വികസന പട്ടികയില്‍ ആരും ഉള്‍പ്പെടുത്താത്ത ജീവിതങ്ങളാണ് തിലമിറ്റത്ത് കഴിയുന്നത്. മഴകനക്കുമ്പോഴേക്ക് വീടുകളില്‍ വെള്ളം കയറുന്ന, വര്‍ഷത്തില്‍ പലതവണ ആവര്‍ത്തിക്കുന്ന ദുരവസ്ഥയില്‍ മനം മടുത്ത് ഹരീഷെന്ന യൂവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

തലമിറ്റം തുരുത്തിലെ ജയയുടെ വീട്ടുമുറ്റത്തെ തെങ്ങില്‍  ഒരു പ്ളാസ്റ്റിക് സഞ്ചി തൂക്കിയിട്ടിട്ടുണ്ട്. എറണാകുളത്തെ  തുണിക്കടയുടെ പേരുള്ള ആ സഞ്ചിയില്‍ ജയയുടെ മകന്‍ ഹരീഷിന്‍റെ ചിതാഭസ്മമാണ്‌. കര്‍മ്മങ്ങള്‍ നടത്തി മുറ്റത്തെ തെക്കേ കോണില്‍ കുഴിച്ചിടാന്‍ കാത്ത് വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. വെള്ളവും ചളിയും കെട്ടിനില്‍ക്കാത്ത ഒരിത്തിരി മണ്ണ് മൂന്നേക്കര്‍ തുരുത്തിലെങ്ങും ഇല്ലാത്തത് കൊണ്ട് ആ ചാരം അങ്ങനെ തന്നെ കിടക്കുകയാണ്. ദുരിതമൊടുങ്ങാത്ത ദ്വീപിലെ ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത മകന്‍ മരണാനന്തരവും അതേ കഷ്ടപ്പാടുകളിലൂടെ കടന്ന് പോകുന്നതോര്‍ത്ത് കണ്ണീര് തോരാതെ അമ്മ ജയ വീടിനകത്തുണ്ട്.

ഹരീഷിന്‍റെ ചിതാഭസ്മം 
ഹരീഷിന്‍റെ ചിതാഭസ്മം 

കായല്‍ കൊണ്ട് ചുറ്റപ്പെട്ട മൂന്നേക്കര്‍ ദ്വീപാണ് തലമിറ്റം. കൊച്ചി നഗരത്തിന്‍റെ പകിട്ടുകളില്‍ നിന്നും സൗകര്യങ്ങളില്‍ നിന്നും ഭൂമിശാസ്ത്രപരമായി ഏറെ ദൂരെയല്ലാത്ത സ്ഥലം. കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ 49-ാം ഡിവിഷനിലുള്ള സ്ഥലം . പക്ഷേ ഇവിടത്തുകാര്‍ക്ക്  ജീവനില്‍ ഒരുറപ്പും ഇല്ലാതെ കായല്‍ താണ്ടിയാലേ പുറംലോകത്തെത്താനാകൂ. മഴ പെയ്ത് കായലില്‍ വെള്ളം പൊങ്ങിയാല്‍ വീടിനകത്തും വെള്ളം  നിറയും. അരി വാങ്ങാനോ ആശുപത്രിയിലെത്തിക്കാനോ സ്കൂളില്‍ പോകാനോ ഒക്കെ ചെറുവഞ്ചികള്‍ തുഴഞ്ഞ് പോകണം. മഴക്കാലത്തെ ശക്തിയായ ഒഴുക്കില്‍  വഞ്ചികള്‍ ദിശ തെറ്റി മറിയും. വേനലായാല്‍ കായല്‍പ്പോളകള്‍ തിങ്ങിനിറഞ്ഞ് വഞ്ചി തങ്ങി നില്‍ക്കും. മെട്രോ വികസനം കണ്ണെത്തും ദൂരത്ത് തകൃതിയായി നടക്കുമ്പോഴും  ആരാലും പരിഗണിക്കപ്പെടാതെ ഒറ്റപ്പെട്ട് കിടക്കുന്ന ഇവിടത്തെ ജീവിതത്തില്‍ മനം നൊന്താണ് ഹരീഷെന്ന യുവാവ് ആത്മഹത്യ ചെയ്തത്.

ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് കുട്ടയില്‍  മീനെടുത്ത് തലച്ചുമടായി കൊണ്ട് പോയി വില്‍ക്കുന്നവരാണ് തലമിറ്റത്തെ അഞ്ച് കുടുംബങ്ങളിലെ പെണ്ണുങ്ങളും . പുരുഷന്‍മാര്‍ മീന്‍ പണിയും പ്ളംമ്പിങ്ങുമൊക്കെ ചെയ്യും. ഗതാഗത സൗകര്യമില്ലാത്ത വെള്ളം കെട്ടിനില്‍ക്കുന്ന ദ്വീപിലേക്ക് പെണ്‍മക്കളെ വിവാഹം ചെയ്തയക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് പുതുതലമുറയിലെ ആണ്‍കുട്ടികള്‍ പലരും കല്യാണം കഴിച്ചിട്ടില്ല.

ഹരീഷിനും എറണാകുളത്ത് പൈപ്പിന്‍റെ പണിയായിരുന്നു

അമ്മയും മകനും ഒരുമിച്ച് കായല്‍ കടക്കും. തിരിച്ചു വരുമ്പോള്‍ ആദ്യം വരുന്ന ആള്‍ അക്കരെയെത്തി മറ്റേ ആളെ കൂട്ടിക്കൊണ്ട് വരും. മരിക്കുന്ന അന്ന് രാത്രിയും മഴക്കെടുതികള്‍ കണ്ട് വിഷണ്ണനായിരുന്നു അയാള്‍. ഇവിടെ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് അമ്മയോട് ആവര്‍ത്തിച്ചു. ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാതെ വെള്ളം നിറഞ്ഞ മുറിയില്‍ കയറി കതകടച്ചു. പലക കൊണ്ടുള്ള കഴുക്കോലില്‍ തൂങ്ങിയ നിലയിലാണ് ഹരീഷിനെ പിന്നെ കണ്ടത്‌.

ഓമനയും സുകുമാരിയും ശോഭയും സെലിനും , ശ്യാമളയും  ഹരീഷിന്‍റെ അമ്മ  ജയയും മൃതദേഹവും വച്ച് നേരംവെളുക്കും വരെ കാത്തിരുന്നു. ആര്‍ത്ത് പെയ്യുന്ന മഴയില്‍ അക്കരേക്ക് പോകാനോ ആര്‍ക്കെങ്കിലും ഇങ്ങോട്ട്  വരാനോ വയ്യ. രാവിലെ പോലീസെത്തി കടത്ത് വള്ളത്തില്‍ തന്നെ മൃതദേഹം അടുത്ത കരയിലെത്തിച്ചു. കര്‍മ്മങ്ങള്‍ ചെയ്തതും  കാണാന്‍ വെച്ചതുമൊക്കെ കടവില്‍ തന്നെ.

അന്ത്യകര്‍മ്മം ചെയ്യാന്‍ കരഭൂമി അന്വേഷിക്കുന്ന ജനം,  മെട്രോ നഗരം പരിഗണിക്കാത്ത തലമിറ്റത്തെ ജീവിതങ്ങള്‍

തൃപ്പൂണിത്തുറയിലെ പൊതുശ്മാശനത്തില്‍ ദഹിപ്പിച്ചു  കിട്ടിയ ചാരമാണ്, മുറ്റത്തെവിടെയെങ്കിലും അടക്കാനാകാതെ വെള്ളം താഴുന്നതും കാത്ത് തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നത്.

മത്‌സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഇവിടം മുമ്പ്  ചമ്പക്കരയുടെ  ഭാഗമായിരുന്നു. ബാര്‍ജ് പോകാനുള്ള എളുപ്പവഴി ഉണ്ടാക്കിയതോടെ ഈ മൂന്നേക്കര്‍  ഒറ്റപ്പെട്ടു. ബാര്‍ജുകള്‍ പോകുമ്പോഴുള്ള ആഘാതത്തില്‍ പ്രദേശം താഴാനും മണ്ണൊലിച്ച് കടവ് ഇടിയാനും തുടങ്ങി. ഇപ്പോള്‍ വേലിയേറ്റ സമയത്ത് ജലനിരപ്പുയര്‍ന്ന്  വീടുകളെല്ലാം  വെള്ളത്തിലാകും. ഇരുപത്തി രണ്ട് മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുണ്ട്.  കണ്ടല്‍ക്കാടുകളും കുറ്റിക്കാടുകളും ചെളിക്കുണ്ടുകളുമാണ് അവരുടെ പരിസരം നിറയെ. പാമ്പുകളും ക്ഷുദ്രജീവികള്‍ക്കും ഒട്ടും കുറവില്ല. വെള്ളം പൊങ്ങിയാല്‍ കുടിവെള്ളം കിട്ടാന്‍ പോലും മാര്‍ഗ്ഗമില്ല. കക്കൂസുകളും ഉപയോഗ ശൂന്യമാകുന്നതോടെ ജീവിതദുരിതം ഇരട്ടിയാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ മഴ കുറയുന്നതും ഒഴുക്ക് ദുര്‍ബലമാകുന്നതും കാത്ത് നിന്ന് വീട്ടിലെത്താന്‍ രാത്രിയാകും.

ഈ ആറു കുടുംബങ്ങളില്‍ പലര്‍ക്കും സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടിയിട്ടില്ല. പട്ടയമുള്ളതും മൂന്ന് കുടുംബങ്ങള്‍ക്ക് മാത്രം. മൂന്ന് തലമുറയായുള്ള ദ്വീപിലെ ജീവിതം ഇവരുടെ ദൈനംദിനചര്യകളേയും ആവശ്യങ്ങളേയും കായല്‍ കടക്കുന്നതനുസരിച്ച് ചിട്ടപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കി.

സ്വന്തം വഞ്ചിയെടുത്ത് അക്കരെയെത്താന്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ശീലിച്ചു കഴിഞ്ഞു. എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറ്റി കരയില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കിട്ടണമെന്നതാണ് ഇവിടത്തുകാര്‍ രാഷ്ട്രീയക്കാരോടും സര്‍ക്കാരിനോടുമൊക്കെ അപേക്ഷിക്കുന്നത്. ഹരീഷിന്‍റെ ആത്മഹത്യ കണ്ട് അതേ മാര്‍ഗ്ഗത്തിലൂടേ ആകുമോ തങ്ങളുടേയും രക്ഷപ്പെടലെന്ന് പലരും ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മെട്രോ ട്രയിന്‍ കേറാന്‍ ഞങ്ങള്‍ ജീവന്‍ പണയം വെച്ച് വേണ്ടേ വരാന്‍ എന്ന് തലമിറ്റംകാര്‍ ചോദിക്കുന്നു.

നഗരം, മഹാകൊച്ചിയായി വികസിക്കുമ്പോള്‍ കുടിവെള്ളക്കുപ്പികള്‍ കാത്തിരിക്കുകയും പട്ടിണി കിടക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍ വെള്ളം കൊണ്ട് തീര്‍ത്ത തടവില്‍ കഴിയുകയാണ്‌. അതിലൊരാള്‍ ഈ ദുരിതത്തില്‍ മനംനൊന്ത് ആത്മഹത്യയും ചെയ്തിരിക്കുന്നു.

ഇനി എന്നാണ് വികസനസങ്കല്‍പ്പങ്ങളുടെ കണ്ണും ശ്രദ്ധയും തലമിറ്റത്തേക്ക് നീളുക?

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018