Keralam

ഒരു ദിവസത്തെ താരപദവിയില്‍ തീരുന്നതല്ല ഹനാന്റെ അതിജീവനശ്രമങ്ങള്‍; അപഹസിക്കുന്നവര്‍ അറിയണം ഈ പെണ്‍കുട്ടിയുടെ ജീവിത ഓട്ടം 

ഹനാന്‍ 
ഹനാന്‍ 
കോളെജ് യൂണിഫോമില്‍ മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന പെണ്‍കുട്ടി എന്ന പേരില്‍ വന്ന പത്രവാര്‍ത്തയാണ് തൃശ്ശൂര്‍ കേച്ചേരി സ്വദേശി ഹനാനെ ഒറ്റദിവസം കൊണ്ട് താരമാക്കിയത്.

യൂണിഫോമിട്ട്, ക്യാപും ഗ്‌ളൗസും ധരിച്ച് മുന്നിലെ സ്റ്റൂളില്‍ വെച്ച മീന്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ഹനാന്റെ കഥ സാമൂഹ്യ മാധ്യമങ്ങളും പൊതുജനവും ഏറ്റെടുത്തതോടെ ഹനാന്‍ മീന്‍ വില്‍ക്കുന്നിടം ഇന്നലെ ആള്‍ക്കൂട്ടം കൊണ്ട് തിങ്ങി നിറഞ്ഞു.

മൂന്ന് ദിവസമേ ആയുള്ളൂ ഹനാന്‍ തമ്മനം ജംഗ്ഷനില്‍ മീന്‍ വില്‍പ്പന ആരംഭിച്ചിട്ട്. ഇതിനു മുമ്പ് ഒരുമിച്ച് മത്സ്യം വിറ്റിരുന്ന രണ്ട് പേര്‍ സാമ്പത്തികമായി വഞ്ചിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെയാണ് ഒറ്റയ്ക്ക് മതി എന്ന് ഹനാന്‍ തീരുമാനിച്ചത്. തമ്മനത്തെ വിനോദ ലൈബ്രറിക്ക് മുന്നില്‍ ചെറിയ ഒരു സ്റ്റൂളിട്ട് മീന്‍ വെച്ചതോടെ ചൂടപ്പം പോലെ വാങ്ങാന്‍ ആളുണ്ടായി. മീന്‍പെട്ടി സൂക്ഷിക്കാനും ബാക്കി വരുന്ന മീന്‍ ഫ്രിഡ്ജില്‍ വെക്കാനും തൊട്ടടുത്തുള്ള ഒരു വീട്ടുകാരും സമ്മതിച്ചതോടെയാണ് ഹനാന് ആശ്വാസമായത്.

മാടവനയിലെ വാടക വീട്ടില്‍ നിന്ന് വെളുപ്പിന് നാല് മണിയോടെ ചമ്പക്കരയെത്തി മീനെടുക്കുന്നതാണ് പതിവ്. മീന്‍ എടുത്ത് വെക്കാനും തമ്മനം വരെ എത്തിക്കാനുമൊക്കെ ഒരു ഓട്ടോ ഡ്രൈവറുണ്ട്. സൈക്കിളും മീന്‍പെട്ടിയുമായി തമ്മനത്തെത്തുന്ന ഹനാന്‍ കച്ചവടം കഴിഞ്ഞ് രാത്രി സൈക്കിളില്‍ തന്നെ വീട്ടിലേക്ക് തിരിക്കും.

പത്രത്തില്‍ വാര്‍ത്ത വന്നത് മുതല്‍ ഹനാന് തിരക്കാണ്. നൂറുകണക്കിന് കോളുകളും ചാനലുകളില്‍ നിന്നുള്ള വിളിയും. എല്ലാത്തിനും ചുറുചുറുക്കോടെ മറുപടി. തമ്മനത്തെ മീന്‍ വില്‍ക്കുന്ന സ്ഥലത്ത് ഹനാനെത്തും മുമ്പേ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും തിങ്ങിനിറഞ്ഞിരുന്നു.

മീന്‍ വെക്കുന്ന വീട്ടിലെ അമ്മക്ക് എല്ലാവരോടും ഒരു അഭ്യര്‍ത്ഥന. 'വന്ന് കഴിഞ്ഞാല്‍ ആദ്യം എന്തെങ്കിലും അവളെ കഴിക്കാന്‍ സമ്മതിക്കണം. രാവിലെ ഒരു കട്ടന്‍ ചായ കുടിച്ച് പോയതാണ്.'

വൈറ്റില ഹബ്ബില്‍ സൈക്കിള്‍ വെച്ച് കോളെജില്‍ പോകലാണ് ഹനാന്റെ പതിവ്. ഏഴര മണിയോടെ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലേക്ക് പുറപ്പെടും. അവിടെ ബിഎസ് സി കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. തിരിച്ച് മൂന്നരക്ക് പുറപ്പെട്ടാല്‍ അഞ്ചരയോടെ ഹബ്ബിലെത്തും. സൈക്കിളും ചവിട്ടി തമ്മനത്തേക്ക് വരുന്ന ഹനാനേയും കാത്ത് നിന്നവര്‍ക്ക് മുന്നിലേക്ക് കോളേജുകാര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് അവള്‍ വന്നിറങ്ങിയത്. ചുറ്റും പൊതിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ആദ്യം ഭക്ഷണം, പിന്നെ സംസാരം എന്ന ഉറപ്പ്. ഒരു ഇരുപത്തിരണ്ടുകാരിക്ക് അപൂര്‍വ്വമായ പതര്‍ച്ചയില്ലായ്മയും ആത്മവിശ്വാസവും.

ഭക്ഷണം കഴിക്കുമ്പോഴും ചുറ്റും ആളുകളാണ്. ചോദ്യങ്ങള്‍ നിലക്കാതായപ്പോള്‍ ഇത് കഴിയുന്നത് വരെ ക്ഷമിക്ക് എന്ന് പൊട്ടിത്തെറിച്ചു. ചെവിക്ക് സര്‍ജറി കഴിഞ്ഞിരിക്കുകയാണ്, ഒരുപാട് ഒച്ചയും പലഭാഗത്ത് നിന്നുള്ള ചോദ്യങ്ങളും ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടുണ്ടായ താരപദവി ഇത്ര നാളത്തെ പോരാട്ടത്തിന്റെ ഫലമായിട്ടാണെന്നുള്ള ആത്മവിശ്വാസമാണ് ഹനാന്റെ ഓരോ ചലനങ്ങളിലും.

മുപ്പതോളം വാടക വീടുകള്‍ മാറി മാറി താമസിക്കുകയാണ് ഹനാനും ഉമ്മയും. കുടുംബത്തിന്റെ തകര്‍ച്ചയോടെ ഉമ്മക്കുണ്ടായ മാനസികാസ്വാസ്ഥ്യം വാടകവീടുകളില്‍ നിന്ന് നിരന്തരം ഇറക്കി വിടാന്‍ കാരണമാകുകയാണ്. ഏഴാം ക്‌ളാസ് മുതല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയാണ് ഹനാന്‍. തനിച്ചായപ്പോഴും പഠനത്തോടൊപ്പം നിരവധി ജോലികള്‍. മുത്തു മാല വില്‍പനയും ഗാനമേളകളില്‍ പാടലും ഡബ്ബിങ്ങും കവിതയെഴുത്തുമൊക്കെ.

ആലുവ മണപ്പുറത്ത് ഒരു ദിവസം പായസക്കച്ചവടം നടത്താന്‍ പോയ ദിവസം കണ്ടുമുട്ടിയ രണ്ട് പേരാണ് മീന്‍ കച്ചവടത്തിലേക്ക് ഹനാനെ എത്തിച്ചത്. വെക്കേഷന് ജോലി ചെയ്ത് കിട്ടിയതില്‍ നിന്ന് പതിനായിരം രൂപ മുതല്‍മുടക്കുമിട്ടു. ഒടുവില്‍ അവരുടെ പെരുമാറ്റം ശരിയല്ലെന്ന് തോന്നിയപ്പോള്‍ ഒറ്റയ്‌ക്കൊരു സംരംഭം ആരംഭിച്ചത്. കച്ചവടത്തിലെ തന്ത്രങ്ങളും രീതികളുമൊക്കെ രണ്ട് മാസം കൊണ്ട് പലരില്‍ നിന്നുമായി കണ്ട് പഠിച്ചു. തന്നെ പോലെ വേറെയും പെണ്‍കുട്ടികള്‍ മത്സ്യം വില്‍ക്കുന്നുണ്ടെന്നും തനിക്ക് ശ്രദ്ധ കിട്ടിയത് പഠിക്കുന്ന കുട്ടിയായത് കൊണ്ടാകാമെന്നും ഹനാന്‍ പറയുന്നു. യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഫോട്ടോ വൈറലായെങ്കിലും കോളേജില്‍ യൂണിഫോം ഇടേണ്ടാത്ത ബുധനാഴ്ച മാധ്യമങ്ങളുടെ മുന്നില്‍ ആ ഉടുപ്പിട്ട് വന്ന് പ്രശസ്തിക്ക് ശ്രമിക്കില്ല എന്നാണ് ഹനാന്റെ പക്ഷം.

എം.ബി.ബി.എസ് പഠിക്കണമെന്ന മോഹം ബുദ്ധിമുട്ടുകള്‍ കൊണ്ട് നിലച്ചെങ്കിലും ഇപ്പോഴും തോറ്റ് പിന്‍മാറാന്‍ തയ്യാറല്ല. എണ്‍പത് ശതമാനം മാര്‍ക്കും 35 ലക്ഷം രൂപയും ഉണ്ടെങ്കില്‍ മൗറീഷ്യസില്‍ ഡോക്ടറാകാന്‍ പഠിക്കാന്‍ പോകാമെന്ന് ഹനാനറിയാം. മീന്‍ കച്ചവടം നടത്തിയോ ആങ്കറിങ്ങ് ചെയ്‌തോ ഒക്കെ ആ പൈസ ഉണ്ടാക്കിയാല്‍ പോകാമല്ലോ എന്നാണ് പ്‌ളാന്‍.

പത്രവാര്‍ത്ത കണ്ട് നിരവധി സിനിമാക്കാരാണ് ഹനാന് അവസരങ്ങള്‍ വാഗ്ധാനം ചെയ്തത്. കഥാപാത്രത്തിന് പറ്റിയ രൂപവും നല്ല അഭിനയവും ആയാലല്ലേ അതൊക്കെ നടക്കൂ, എന്തായാലും താന്‍ ആ അവസരങ്ങളൊക്കെ ഉപയോഗിക്കാന്‍ ശ്രമിക്കും എന്ന് ഹനാന്‍ പറയുന്നു. കുഞ്ചാക്കോ ബോബന്‍ കാണാന്‍ വരുമെന്നതിലെ ത്രില്ലും മറച്ചു വെക്കുന്നില്ല. കലാഭവന്‍ മണി കുഞ്ഞുവാവ എന്ന് വിളിച്ചിരുന്ന ഹനാന് മണിയുടെ മരണം ഉണ്ടാക്കിയ ശൂന്യത ജീവിതത്തിലും ഒരുപാട് പ്രതിസന്ധികളുണ്ടാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018