Keralam

കവിതാ മോഷണക്കേസിലെ കൂട്ടുപ്രതി താനെന്ന് ഒടുവില്‍ ശ്രീചിത്രന്റെ ഏറ്റുപറച്ചില്‍, കലേഷിനോട് മാപ്പുചോദിക്കുന്നു  

കവിതാ മോഷണ വിവാദത്തിലെ കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും സാംസ്‌കാരിക പ്രഭാഷകനായ എം.ജെ ശ്രീചിത്രന്‍. തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് ഒടുവില്‍ ശ്രീചിത്രന്‍ ഇന്നലെ പറഞ്ഞതെല്ലാം വിഴുങ്ങി ഇന്ന് രംഗത്ത് എത്തിയത്. കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായി വ്യക്തമാക്കുന്ന ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറയുകയും ചെയ്യുന്നു. ഇന്നലെ വരെ കവിതാ മോഷണ വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച ശ്രീചിത്രന്‍ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും താന്‍ അവസാനിച്ചാലും യാത്ര തുടരുമെന്നും പറയുന്നു.

കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസമായി തെരുവുകളില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിര്‍വഹിക്കപ്പെട്ടു. കൂടെച്ചേരാന്‍ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിനൊപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തില്‍ ചിലത് ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തില്‍ അവയെല്ലാം തകരുന്നെങ്കില്‍ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും താന്‍ അവസാനിച്ചാലും യാത്ര തുടരുമെന്നും ശ്രീചിത്രന്‍ പറയുന്നു.

കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നുവെന്നാണ് ശ്രീചിത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ശ്രീചിത്രന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയില്‍ അകപ്പെട്ട പ്രതീതിയില്‍ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിര്‍ത്തുന്നു.

സ്ഥിരമായി കവിതാസംവാദങ്ങള്‍ നടക്കുന്ന മുന്‍പുള്ള സമയത്ത് പലര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്ര മേല്‍ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതില്‍ നിന്നൊരു കവിതയിപ്പോള്‍ ഒരു സര്‍വ്വീസ് മാഗസിനില്‍ വരാനും, അതില്‍ തട്ടിത്തടഞ്ഞ് ഒടുവില്‍ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതില്‍ ആരെയും അധിക്ഷേപിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തുക്കള്‍ക്കിടയില്‍ അയക്കപ്പെട്ട ഒരു കവിത, കാലങ്ങള്‍ക്കു ശേഷം ഒരു സര്‍വ്വീസ് മാഗസിനില്‍ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നല്‍കാറില്ല, അങ്ങനെ നല്‍കാനായി പറഞ്ഞു കൊണ്ട് കവിത ആര്‍ക്കും നല്‍കിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല - കവിത മറ്റൊരാളുടെ പേരില്‍ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോള്‍ സ്പഷ്ടമായി പറയാന്‍ ഞാന്‍ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു.

ഇന്നലെ വരെ പുകഴ്ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് - ഇന്നലെയും ഇന്നും ഞാന്‍ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലില്‍ തുടച്ചും ഇടം കാലിലെ ചളി വലം കാലില്‍ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകള്‍ എണ്ണാന്‍ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്. നാമോരോരുത്തര്‍ക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകള്‍ക്ക് തയ്യാറാവുന്ന, പലതരം അപകര്‍ഷങ്ങളില്‍ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യന്‍ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാല്‍ തന്നെ, എത്ര പുകഴ്ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂര്‍ണ്ണമായും പോയതിനു ശേഷമുള്ള പ്രവര്‍ത്തനവും കാലവുമാണ് ഇന്ന് കേരളം വര്‍ഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊര്‍ജം നല്‍കിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസമായി തെരുവുകളില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിര്‍വഹിക്കപ്പെട്ടു. കൂടെച്ചേരാന്‍ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിനൊപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തില്‍ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തില്‍ അവയെല്ലാം തകരുന്നെങ്കില്‍ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തില്‍ മറ്റനേകം പഴയ കാര്യങ്ങള്‍ വീണ്ടും പൊങ്ങി വന്നു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അര്‍ദ്ധസത്യങ്ങളും നുണകളും കലര്‍ന്നൊരു സത്യാനന്തര ലോകത്ത് ആ ചര്‍ച്ചകള്‍ക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എല്‍പ്പിക്കുന്ന ആഘാതങ്ങള്‍ നേരിടുന്നു. സന്ദര്‍ഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഏറ്റവും ആത്മാര്‍ത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കല്‍ക്കൂടി മാപ്പു പറയുന്നു.

എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രന്‍ ആണെന്ന് ന്യൂസ് റെപ്റ്റ് പുറത്തുവിട്ട വാര്‍ത്തയെ ദീപാ നിശാന്ത് തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ശ്രീചിത്രന്‍ എഴുതിയതാണെന്ന പേരില്‍ തനിക്ക് ആ കവിത നല്‍കുകയായിരുന്നുവെന്നും തന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നുവെന്നും ദീപ വ്യക്തമാക്കിയിരുന്നു.

കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണ്.ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിരുന്നതാണ്. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നുവെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018