ഇനി സംസ്ഥാനത്തെ തുണിക്കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ധൈര്യപൂര്‍വം ഇരിക്കാം. ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന കേരള കടകളും വാണിജ്യസ്ഥാപനങ്ങളും (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി. ദീര്‍ഘകാലമായി വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് മന്ത്രി ടിപി രാമകൃഷ്ണന് അവതരിപ്പിച്ച ബില്ലിലൂടെ ഇന്നലെ നിയമമായി മാറിയത്.
സ്ത്രീകളെ വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തി. രാത്രി ഒമ്പതു വരെ സ്ത്രീ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം പക്ഷേ മതിയായ സുരക്ഷ, താമസസ്ഥലത്തേക്കു യാത്രാസൗകര്യം എന്നിവ ഉറപ്പാക്കണം. രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂവെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി 9നു ശേഷം 2 സ്ത്രീകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 5 ജീവനക്കാര്‍ അടങ്ങുന്ന സംഘമായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂയെന്നും നിയമത്തില്‍ പറയുന്നു.
ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക് ഒഴിവു നല്‍കണം എന്നാക്കി. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിന്റെ ലംഘനത്തിനും 5000 രൂപ എന്നത് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു ചുമത്തുന്ന പിഴ 10,000 രൂപയില്‍ നിന്ന് രണ്ടു ലക്ഷമാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.