ജാതി സംഘടനകളുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുചിന്തകന്‍ ബി രാജീവന്. ശ്രീനാരായണ ഗുരുവും ശ്രീ. അയ്യന്‍കാളിയും പ്രതിനിധാനം ചെയ്യുന്ന കീഴാള നവോത്ഥാനത്തിന്റെ പാരമ്പര്യത്തെ പ്രതിലോമ ശക്തികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാനുള്ള ഏതു ശ്രമവും ചരിത്ര വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് രാജീവന് പറഞ്ഞു.
നാരായണഗുരുവും ഡോ പല്‍പ്പുവും എസ്എന്‍ഡിപി വിട്ടതിന്റെ കാരണങ്ങളും ചരിത്രവും ഓര്‍മ്മപ്പെടുത്തിയാണ് രാജീവന്റെ വിമര്‍ശനം. പുന്നപ്ര-വയലാര്‍ സമരകാലത്ത് സര് സിപിക്ക് ദാസ്യവേല ചെയ്തവരാണ് എസ്എന്‍ഡിപി യോഗനേതൃത്വം. വിമോചനസമരകാലത്ത് ആര് ശങ്കറിന്റെ നേതൃത്വത്തില്‍ ഉപരിവര്‍ഗ സേവ ചെയ്യുന്ന ജാതിസംഘടനയായി. മുകള്‍ മണ്ണിളക്കാതെ അടിയില്‍ നിന്ന് കിഴങ്ങ് തുരന്ന് തിന്നുന്ന പെരുച്ചാഴികളുടെ ഇതേ പാരമ്പര്യമാണ് വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയും തുടരുന്നത്. അതുകൊണ്ടാണ് ശിവഗിരി മഠത്തിൽ ബി ജെ പി നേതാവ് അമിത് ഷായെ ആദരിച്ച് ആനയിക്കാൻ അവർക്ക് മടിയില്ലാത്തത്. വെള്ളാപ്പള്ളിയുടേയും മറ്റും കാര്‍മ്മികത്വത്തില്‍ നടക്കാന്‍ പോകുന്ന വനിതാ മതില് നിര്‍മ്മാണ ശ്രമം വര്‍ഗ്ഗസമരത്തെ ജാതി താല്പര്യങ്ങള്ക്ക് അടിയറവയ്ക്കലാണ്. അതുകൊണ്ടാണ് വനിതാ മതില് നിര്‍മ്മാണത്തെ വിഎസ് എതിര്‍ക്കുന്നതെന്നും ബി രാജീവന് ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവും ശ്രീ. അയ്യൻകാളിയും പ്രതിനിധാനം ചെയ്യുന്ന കീഴാള നവോത്ഥാനത്തിൻറെ പാരമ്പര്യത്തെ ഈ പ്രതിലോമ ശക്തികൾക്ക് ചാർത്തിക്കൊടുക്കാനുള്ള ഏതു ശ്രമവും ചരിത്ര വിരുദ്ധവും ജനവിരുദ്ധവുമാണ്. അതുകൊണ്ടാണ് സ: വി എസ്, വെള്ളാപ്പള്ളിയുടെയും മറ്റും കാർമ്മികത്വത്തിൽ നടക്കാൻ പോകുന്ന വനിതാ മതിൽ നിർമ്മാണ ശ്രമം വർഗ്ഗസമരത്തെ ജാതി താൽപ്പര്യങ്ങൾക്ക് അടിയറവയ്ക്കലാണെന്ന് പ്രഖ്യാപിച്ചത്. വി എസ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഗൗരവം കണക്കിലെടുത്ത് ജാതി സംഘടനകൾക്കുമേൽ നവോത്ഥാന പാരമ്പര്യം കെട്ടിവയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് എല്ലാ യഥാർത്ഥ പുരോഗമന ശക്തികളും പിൻ തിരിയേണ്ടതാണ്.ബി രാജീവന്
ബി രാജീവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
നവോത്ഥാനവും ജാതിവനിതാ മതിലും
കേരളീയ നവോത്ഥാനത്തിൻറെ പാരമ്പര്യം അവകാശപ്പെടുന്ന ജാതിസംഘടനകളെ മുൻനിർത്തി വർഗ്ഗീയ ശക്തികൾക്കെതിരെ കേരളത്തിൽ എൽ ഡി എഫ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്ന വനിതാ മതിലിൻറെ ജനവിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് സ: വി എസ് അച്യുതാന്ദൻ നടത്തിയ പ്രസ്താവന ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
കേരളത്തിലെ ജാതിസംഘടനകളുടെ പാരമ്പര്യം ശ്രീനാരായണഗുരുവും ശ്രീ അയ്യങ്കാളിയും മറ്റും പ്രതിനിധാനം ചെയ്യുന്ന കീഴാള നവോത്ഥാനത്തിന്റെതല്ല. എസ് എൻ ഡി പി യോഗം ഈഴവ മുതലാളിമാരുടെ ഒരു ജാതി സംഘടനയായി മാറിക്കഴിഞ്ഞു എന്ന ദു:ഖകരമായ തിരിച്ചറിവിൽ നിന്നാണ് നാരായണ ഗുരു ആ പ്രസ്ഥാനത്തെ കൈവിട്ടത്.1916 മെയ് 22 ന് ഗുരു ഡോ. പൽപ്പുവിനയച്ച ഒരു കത്തിൽ ഇങ്ങനെ എഴുതി.
“ യോഗത്തിൻറെ നിശ്ചയങ്ങൾ നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിൻറെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യഭിമാനം വർദ്ധിച്ചു വരുന്നതുകൊണ്ടും മുൻപൊക്കെ മനസ്സിൽ നിന്ന് വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.”
എസ് എൻ ഡി പി യോഗത്തെ കേരളീയ നവോത്ഥാനത്തിനുള്ള ഒരു മഹാപ്രസ്ഥാനമായി വിഭാവനം ചെയ്ത ഡോ. പൽപ്പുവിനെ ഈഴവ മുതലാളിമാർ അതിൽനിന്ന് പുറത്താക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്. ഡോ. പൽപ്പു, എസ് എൻ ഡി പി യോഗനേതൃത്വം പിടിച്ചുപറ്റിയ വിഭാഗങ്ങളെ ‘പെരുച്ചാഴികൾ ‘ എന്നാണ് വിശേഷിപ്പിച്ചത്. ( മുകൾ മണ്ണിളക്കാതെ അടിയിൽ നിന്ന് കിഴങ്ങു തുരന്നു തിന്നുന്ന ജീവിയാണ് പെരുച്ചാഴി ) ഈ പെരുച്ചാഴികളാണ് എസ് എൻ ഡി പി സെക്രട്ടറി സ്ഥാനത്തു നിന്ന് കുമാരനാശാനേയും പുറത്താക്കുന്നതിന് മുൻകൈ എടുത്തത്.
ഈ പെരുച്ചാഴികളുടെ പാരമ്പര്യമാണ് പുന്നപ്ര-വയലാർ സമരകാലത്ത് സർ . സി പിക്ക് ദാസ്യ വേല ചെയ്ത എസ് എൻ ഡി പി യോഗനേതൃത്വം പിൻ തുടർന്നത്. വിമോചന സമരകാലത്തും ആർ . ശങ്കറിൻറെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം ഈ ഉപരിവർഗ്ഗ സേവയാണ് ചെയ്തത്. ശ്രീനാരായണൻ കൈവിട്ട ഒരു ഉപരിവർഗ്ഗ ജാതി സംഘടനയെന്ന നിലയിലുള്ള എസ് എൻ ഡി പി യുടെ ഈ പാരമ്പര്യത്തെ തന്നെയാണ് ഇന്ന് വെള്ളാപ്പള്ളി നടേശനും പുത്രനും പിന്തുടരുന്നത്. അതുകൊണ്ടാണ് ശിവഗിരി മഠത്തിൽ ബി ജെ പി നേതാവ് അമിത് ഷായെ ആദരിച്ച് ആനയിക്കാൻ അവർക്ക് മടിയില്ലാത്തത്.
അതിനാൽ ശ്രീനാരായണ ഗുരുവും ശ്രീ. അയ്യൻകാളിയും പ്രതിനിധാനം ചെയ്യുന്ന കീഴാള നവോത്ഥാനത്തിൻറെ പാരമ്പര്യത്തെ ഈ പ്രതിലോമ ശക്തികൾക്ക് ചാർത്തിക്കൊടുക്കാനുള്ള ഏതു ശ്രമവും ചരിത്ര വിരുദ്ധവും ജനവിരുദ്ധവുമാണ്. അതുകൊണ്ടാണ് സ: വി എസ്, വെള്ളാപ്പള്ളിയുടെയും മറ്റും കാർമ്മികത്വത്തിൽ നടക്കാൻ പോകുന്ന വനിതാ മതിൽ നിർമ്മാണ ശ്രമം വർഗ്ഗസമരത്തെ ജാതി താൽപ്പര്യങ്ങൾക്ക് അടിയറവയ്ക്കലാണെന്ന് പ്രഖ്യാപിച്ചത്. വി എസ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഗൗരവം കണക്കിലെടുത്ത് ജാതി സംഘടനകൾക്കുമേൽ നവോത്ഥാന പാരമ്പര്യം കെട്ടിവയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് എല്ലാ യഥാർത്ഥ പുരോഗമന ശക്തികളും പിൻ തിരിയേണ്ടതാണ്.