Keralam

സുനില്‍ പി ഇളയിടത്തിനെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, ലേഖനം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ.എന്‍ പണിക്കര്‍ അടക്കമുളള പ്രമുഖര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപകനും ഇടതു ചിന്തകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ ഉയര്‍ന്ന പകര്‍പ്പ് രചനാ ആക്ഷേപത്തിനെതിരെ പ്രൊഫ. കെ എന്‍ പണിക്കര്‍ അടക്കമുളള ചരിത്രകാരന്‍മാരും കോളെജ് പ്രൊഫസര്‍മാരും രംഗത്ത്.

സാഹിത്യ വിമര്‍ശം എന്ന മാസികയിലും തുടര്‍ന്ന് നവംബര്‍ ആദ്യവാരം നിരവധി ഫേസ്ബുക് പോസ്റ്റുകളിലുമായി അവതരിപ്പിക്കപ്പെട്ട ഈ ആരോപണങ്ങള്‍, നിലനില്‍ക്കുന്ന അക്കാദമിക ഗവേഷണ രീതിശാസ്ത്രത്തിന്റെയോ ലേഖനരചനാരീതികളുടെയോ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ അടിസ്ഥാന രഹിതമാണ് എന്ന് കാണാമെന്ന് വിവിധ സര്‍വ്വകലാശാലകളിലെ 16 പ്രൊഫസര്‍മാര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സുനില്‍ പി ഇളയിടത്തിനെതിരെ രവിശങ്കര്‍ എസ് നായര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അക്കാദമിക, ഗവേഷണ രംഗത്ത് ഇത്രമേല്‍ ഉത്തരവാദരഹിതമായി നടത്തുന്ന ഇടപെടലുകളെ തങ്ങള്‍ അപലപിക്കുന്നുവെന്നും ഇവര്‍ പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ ഉളളടക്കം

സുനില്‍ തന്റെ ഒരു ലേഖനത്തിന്റെ എണ്‍പത് ശതമാനവും ഒരു പുസ്തകത്തില്‍ നിന്ന് കടപ്പാടില്ലാതെ പകര്‍ത്തിയതാണെന്ന് സ്ഥാപിക്കാന്‍ രവിശങ്കര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും അതിനാസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണ്.

താഴെപ്പറയുന്ന വിശദീകരണങ്ങളുടെ പിന്‍ബലത്തിലും സുനിലിന്റെ അക്കാദമിക-രചനാജീവിതത്തിലുളള കൃതഹസ്തത നേരിട്ടറിയാവുന്നതിന്റെ അടിസ്ഥാനത്തിലും മേല്‍പ്പറഞ്ഞ ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ഇത്തരമൊരു വിലകുറഞ്ഞ ആക്ഷേപനീക്കം നടത്തിയതില്‍ രവിശങ്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അനുഭൂതികളുടെ ചരിത്രജീവിതം എന്ന ഗ്രന്ഥത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍, ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന പ്രബന്ധത്തെ(പുറം 115-168) മുന്‍നിര്‍ത്തിയാണല്ലോ മുഖ്യമായും ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഈ ആരോപണത്തിലെ വാദങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്.

1. ആശയങ്ങള്‍ അതേപടി സ്വീകരിച്ചു എന്ന് ആരോപണത്തില്‍ ഉന്നയിച്ചിരിക്കുന്ന ദവേഷ് സൊണേജിയുടെ പ്രബന്ധത്തോട് സുനിലിന്റെ പഠനത്തില്‍ 16 ഇടങ്ങളില്‍ കൃത്യമായി കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. ( പുറം 117,118,121,130,131,132,133,134, 142,153,154,155,158,159 എന്നീ പുറങ്ങള്‍) ചില പേജുകളില്‍ (പുറം 134,158) ഒന്നിലധികം തവണ ദവേഷ് സോണിജിയുടെ ഗ്രന്ഥത്തോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്രോതസ് മറച്ചുവെച്ച് സൊണേജിയുടെ ആശയങ്ങള്‍ മോഷ്ടിച്ചു എന്ന വാദത്തിന് യാതൊരടിസ്ഥാനവുമില്ല.

2. സൊണേജിയെ കൂടാതെ നൃത്തപഠന മേഖലയിലെ പ്രധാനപ്പെട്ട ഒട്ടനവധി പണ്ഡിതരെ താന്‍ ആശ്രയിച്ചിട്ടുളള കാര്യവും സുനില്‍ തന്റെ പ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരതനാട്യ പഠനമേഖലയിലെ പ്രമുഖ പണ്ഡിതരായ ഇന്ദിരാ പീറ്റേഴ്‌സണ്‍, ജാനറ്റ് ഷിയ, കപിലാവാത്സ്യായന്‍, അവന്തിമേദുരി, ആന്‍മേരി ഗാസ്റ്റന്‍, ഡോ വി.രാഘവന്‍, സുനില്‍ കോത്താരി, പല്ലവി ചക്രവര്‍ത്തി, അമൃത് ശ്രീനിവാസന്‍, തെരേസ ഹ്യൂബെല്‍, ഇ.കൃഷ്ണയ്യര്‍, ഇന്ദിരാ മേനോന്‍, ഹാരിയറ്റ് ലിന്റണ്‍ മാത്യു അലന്‍, രുഗ്മിണി ദേവി അരുണ്ഡേല്‍, ബാലസരസ്വതി, പത്മാസുബ്രഹ്മണ്യം, ലീലാ സാംസണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരെയും സാമൂഹ്യശാസ്ത്ര-സാംസ്‌കാരിക-ചരിത്ര ചിന്തകരായ പാര്‍ഥാചാറ്റര്‍ജി, സുമിതി സര്‍ക്കാര്‍, ഷെറീന്‍ രത്‌നാകര്‍, വാള്‍ട്ടര്‍ ബഞ്ചമിന്‍, ജൂഡിത്ത് ബട്‌ലര്‍ തുടങ്ങിയവരേയും താന്‍ ആശ്രയിച്ചിട്ടുളള കാര്യം സ്രോതസിന്റെ എല്ലാ വിവരങ്ങളും(എഴുത്തുകാര്‍,വര്‍ഷം,പേര്,പുറം, എന്നിവ) സഹിതം പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 50 പേജ് ദൈര്‍ഘ്യം വരുന്ന തന്റെ പഠനത്തില്‍ 87 ഇടങ്ങളില്‍ തന്റെ സ്രോതസുകളും അവയോടുളള കടപ്പാടും സുനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

3. ഇതോടൊപ്പം ഈ പ്രബന്ധത്തില്‍ നല്‍കിയിട്ടുളള 55 അടിക്കുറിപ്പുകളില്‍ പലതിലും താന്‍ ആശ്രയിച്ച സോഴ്‌സുകളെക്കുറിച്ചുളള തുടര്‍ചര്‍ച്ചകളും അതിലെ ആശയങ്ങളുടെ വിശദീകരണങ്ങളുമാണ് ഉളളത്.

4. ഇങ്ങനെ റഫറന്‍സുകള്‍, അടിക്കുറിപ്പുകള്‍,ഗ്രന്ഥസൂചി എന്നിവയെ മുന്‍നിര്‍ത്തി നോക്കിയാല്‍, തന്റെ സ്രോതസുകളോ, അവയോടുളള കടപ്പാടോ ഏതെങ്കിലും നിലയില്‍ മറച്ചുവെയ്ക്കാന്‍ സുനില്‍ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടേയില്ല എന്നത് പകല്‍പോലെ വ്യക്തമാകും

5. ഇതിനെക്കാള്‍ പ്രധാനപ്പെട്ട ഒരു കാര്യം തന്റെ പഠനത്തിന്റെ സ്വഭാവത്തെക്കുറിച്ച് സുനില്‍ തന്നെ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശദീകരണമാണ്. നാല് വസ്തുതകള്‍ അവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മൂലകൃതികളിലെ ആശയങ്ങള്‍ സ്വീകരിക്കുന്ന ഓരോ സ്ഥാനത്തും അത് പ്രത്യേകം സൂചിപ്പിക്കാത്തതിന്റെ കാരണവും ആ വിശദീകരണത്തിലുണ്ട്.

സ്വതന്ത്രമോ മൗലികമോ ആയ ഗവേഷണ പ്രബന്ധങ്ങളല്ല ഇവ. പ്രാഥമിക സ്രോതസുകളില്‍ നിന്നും തെളിവ് കണ്ടെത്തി നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത് അടക്കമുളള ഗവേഷണ പഠനങ്ങളുടെ രീതിശാസ്ത്രം ഇതില്‍ പിന്‍തുടര്‍ന്നിട്ടില്ല

നൃത്ത-സംഗീത മേഖലയിലെ സമകാലിക പഠനങ്ങളിലെ അറിവുകളും ആശയങ്ങളും മലയാളത്തില്‍ അവതരിപ്പിക്കുക എന്ന പരിമിതമായ കാര്യമേ ഈ പ്രബന്ധങ്ങള്‍ നിര്‍വഹിക്കുന്നുളളൂ.

ഇംഗ്ലീഷിലും മറ്റുമുളള നൃത്ത-സംഗീത പഠനങ്ങളിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അവയെ ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്.

നൃത്തവും സംഗീതവും കേരളത്തില്‍ ധാരാളമായി പരിശീലിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ചുളള ആശയങ്ങള്‍ മിക്കവാറും മതാത്മകമായിത്തന്നെ ഇവിടെ തുടരുന്നത് കൊണ്ടാണ് ഈ മേഖലയിലെ സാമൂഹ്യശാസ്ത്ര-സാംസ്‌കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തില്‍ മലയാളത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഇങ്ങനെ തന്റെ പഠനലക്ഷ്യവും അതിന്റെ പരിമിത സ്വഭാവവും വ്യക്തമാക്കി കൊണ്ടും അതിനാശ്രയിച്ച ഗ്രന്ഥങ്ങളുടെയും ഇതരസ്രോതസുകളുടെയും മുഴുവന്‍ വിവരങ്ങള്‍ നല്‍കികൊണ്ടുമാണ് സുനില്‍ തന്റെ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. താന്‍ ആശ്രയിച്ച പ്രബന്ധങ്ങളിലെ ആശയങ്ങള്‍ തന്റെ പഠനത്തില്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നുമുണ്ട് എന്ന് സുനില്‍ തന്നെ മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ സമകാലിക വൈജ്ഞാനിക പരിസരം ആവശ്യപ്പെടുന്നതും, ഇവിടെ ദീര്‍ഘകാലമായി നിലനിന്നുപോരുന്നതുമായ വിജ്ഞാന വിനിമയരീതിയുടെ തുടര്‍ച്ചയിലാണ് സുനിലിന്റെ ഈ പഠനങ്ങള്‍ നിലകൊളളുന്നത്. പ്രാഥമികമായി അത് മലയാളത്തിന്റെ വൈജ്ഞാനികശേഷിയെ വികസിപ്പിക്കാനുളള ശ്രമമാണ്. മലയാള ഭാഷയുടെ ചരിത്ര സന്ദര്‍ഭത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും ഇനിയും നിലനില്‍ക്കേണ്ടതുമായ വഴിയിലാണ് സുനിലിന്റെ പ്രബന്ധവും നിലയുറപ്പിക്കുന്നത് എന്ന് ഞങ്ങള്‍ കരുതുന്നു.

തന്റേത് പ്രാഥമിക സ്രോതസുകളെ ആശ്രയിക്കുന്ന മൗലിക ഗവേഷണ പഠനമല്ലെന്ന് ആമുഖത്തില്‍ സുനില്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നൃത്ത-സംഗീത പഠനമേഖലയിലെ വ്യത്യസ്തമായ സമീപന രീതികള്‍ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം എന്നും സുനില്‍ വിശദീകരിച്ചിട്ടുണ്ട്. മതപരവും ആദര്‍ശാത്മകവുമായ സമീപനരീതികള്‍ക്ക് അപ്പുറത്തേക്ക് ഇത്തരം കലാമേഖലകളിലെ പഠനങ്ങളെ കൊണ്ടുപോകാനുളള ശ്രമമാണത്.

ഒരേസമയം ചരിത്രപരവും സാംസ്‌കാരികവുമായ ശ്രമമാണ് സുനില്‍ നടത്തുന്നത്. കലാരൂപങ്ങളെ അവയുടെ സാമൂഹികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ആ ശ്രമത്തിന്റെ കാതലായ ഭാഗം. ഈ സ്വഭാവത്തിലുളള സമകാലിക പഠനങ്ങള്‍ ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി വിപുലീകരിച്ച് മലയാള വായനാസമൂഹത്തിന് ലഭ്യമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. അത്തരം പഠനങ്ങളെ ഗവേഷണ പ്രബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്നതില്‍ യാതൊരു നീതീകരണവുമില്ല. അതേസമയം തന്നെ താന്‍ ആശ്രയിച്ച സ്രോതസുകള്‍ പരമാവധി സൂചിപ്പിക്കുന്ന കാര്യത്തില്‍ ഈ പ്രബന്ധങ്ങളില്‍ സുനില്‍ അങ്ങേയറ്റത്തെ കൃത്യത കാണിച്ചിട്ടുമുണ്ട്.

പലപ്പോഴും ആവശ്യമായതിലധികം എന്നുപറയാവുന്നത്ര റഫറന്‍സ് ഈ പ്രബന്ധങ്ങളില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുളള ആര്‍ക്കും അടിസ്ഥാന സ്രോതസുകളിലേക്ക് അതുവഴി ചെന്നെത്താന്‍ കഴിയും. ആ നിലയില്‍ സുനിലിന്റെ പഠനം അങ്ങേയറ്റം ഉത്തരവാദിത്തമുളള ദ്വീതിയ-പരിചായക രചനയാണ്. മലയാളത്തില്‍ ഈ മേഖലയില്‍ പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒന്നുമാണത്.

ഇങ്ങനെ മലയാളത്തിലെ വൈജ്ഞാനിക ജീവിതത്തെ വികസ്വരമാക്കുന്ന ദ്വിതീയ സാഹിത്യമായാണ് സുനില്‍ തന്റെ പ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ സുനില്‍ തന്നെ വ്യക്തമായി അത് പറയുന്നുമുണ്ട്. ഇത്തരം പഠനങ്ങള്‍ മലയാളത്തിന്റെ വിജ്ഞാന വികസനത്തിന് അനിവാര്യമാണ് താനും. അവയെ മുന്‍നിര്‍ത്തി സാഹിത്യമോഷണം ആരോപിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണ്. നമ്മുടെ വിജ്ഞാന ചരിത്രത്തിന് എന്തെങ്കിലും ഗുണം ചെയ്യുന്നതല്ല ഇത്തരമൊരു വ്യക്തിഹത്യാശ്രമം. അക്കാദമിക മണ്ഡലത്തില്‍ ഇത്രമേല്‍ ഉത്തരവാദ രഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതിയെ ഞങ്ങള്‍ അപലപിക്കുകയും സുനില്‍ പി ഇളയിടത്തിന്റെ ഈ പ്രബന്ധത്തെയും ഇതരപ്രബന്ധങ്ങളെയും അവ പുലര്‍ത്തുന്ന അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ മാനിക്കുകയും ചെയ്യുന്നു.

1. പ്രൊഫ.കെ.എന്‍ പണിക്കര്‍(മുന്‍ വൈസ് ചെയര്‍മാന്‍, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മുന്‍ വൈസ് ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി)

2. ഡോ.കെ സച്ചിദാനന്ദന്‍( മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി,ഡല്‍ഹി)

3. പ്രൊഫ. കേശവന്‍ വെളുത്താട്ട് ( മുന്‍ ഫാക്കല്‍റ്റി, ചരിത്രവിഭാഗം, ഡല്‍ഹി സര്‍വകലാശാല)

4. പ്രൊഫ. സി രാജേന്ദ്രന്‍( മുന്‍ ഡീന്‍ ഓഫ് ലാംഗ്വേജസ്, കോഴിക്കോട് സര്‍വകലാശാല

5. പ്രൊഫ. സ്‌കറിയ സക്കറിയ( മുന്‍ വകുപ്പധ്യക്ഷന്‍, മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി)

6. പ്രൊഫ.ഇ.വി രാമകൃഷ്ണന്‍(ഡീന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്ത്)

7.പ്രൊഫ.കെ.എന്‍ ഗണേഷ് (മുന്‍ വകുപ്പധ്യക്ഷന്‍, ചരിത്രവിഭാഗം കോഴിക്കോട് സര്‍വകലാശാല)

8.പ്രൊഫ.പി.പി രവീന്ദ്രന്‍( മുന്‍ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം)

9. പ്രൊഫ.ഉദയകുമാര്‍ (ഇംഗ്ലീഷ് വകുപ്പധ്യക്ഷന്‍, ജെഎന്‍യു-ഡല്‍ഹി)

10. പ്രൊഫ.കെ.എം. കൃഷ്ണന്‍ (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം

11. പ്രൊഫ. സനല്‍ മോഹന്‍(സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം

12. പ്രൊഫ.കെ.എം സീതി( സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം)

13. പ്രൊഫ. മീന ടി പിളള( ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്്, കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം)

14. ഡോ.കവിത ബാലകൃഷ്ണന്‍( കോളെജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്,തൃശൂര്‍)

15. പ്രൊഫ.എം.വി നാരായണന്‍ (ഫെലോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സിംല)

16. പ്രൊഫ. ടി.വി മധു(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫി, കോഴിക്കോട് സര്‍വകലാശാല)

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018