Keralam

വേദാന്തിക്ക് എല്ലാം ഒന്നെന്ന് മറുപടി, വട്ടെന്ന് വായനക്കാരന്‍; ശബരിമല ചോദ്യത്തില്‍ പിണങ്ങി സി രാധാകൃഷ്ണന്‍ കോളമെഴുത്ത് നിര്‍ത്തി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് കോളമെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ ‘വീണ്ടുവിചാരം’ എന്ന കോളമാണ് സി.രാധാകൃഷ്ണന്‍ നാളുകളായി കൈകാര്യം ചെയ്തിരുന്നത്. നവംബര്‍ (12) ലക്കത്തില്‍ പുറത്തിറങ്ങിയ സമകാലിക മലയാളത്തിലെ വീണ്ടുവിചാരമെന്ന തന്റെ കോളത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുളള വീക്ഷണങ്ങളാണ് പങ്കുവെച്ചത്.

ഇതിനെതിരെ വായനക്കാരനായ ചാത്തമംഗലം സ്വദേശി ശ്രീരാമന്‍ ടി.സി മലയാളം ആഴ്ചപതിപ്പിലേക്ക് കത്തയച്ചു. പത്രാധിപ സമിതി സി. രാധാകൃഷ്ണന്റെ ലേഖനത്തിനെതിരെയുളള വിമര്‍ശനങ്ങള്‍ അടങ്ങിയ ഈ കത്ത് തുടര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

കൊടുമ്പിരിക്കൊളളുന്ന ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പോലെയാണെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. സി. രാധാകൃഷ്ണന്റെ ലേഖനം വായിക്കുന്ന തന്നെപ്പോലെയുളള സാധാരണക്കാരന്‍ ഇതില്‍ നിന്ന് എന്ത് മനസിലാക്കണം, ദയവായി നല്ലൊരു മനശാസ്ത്രജ്ഞനെക്കൊണ്ട് തല ഒന്ന് പരിശോധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ശ്രീരാമന്‍ ടി സിയുടെ കത്തില്‍ പറയുന്നു.

ഈ കത്ത് പ്രസിദ്ധീകരിച്ചതിന് ശേഷം പുറത്തിറങ്ങിയ സമകാലിക മലയാളത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ തന്റെ വീണ്ടുവിചാരമെന്ന കോളത്തിലാണ് ഈ കോളം ഉള്‍പ്പെടെ ഇത്തരം എല്ലാ ഇടപാടുകളും നിര്‍ത്തുകയാണെന്ന് സി.രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്കല്‍പ്പം വട്ടാണെന്ന് ഒരു മാന്യവായനക്കാരന്‍ എഴുതിയ കത്ത് കണ്ടു. അത് നേരാണെന്ന് പത്രാധിപര്‍ക്ക് തോന്നിയത് കൊണ്ടാണല്ലോ പ്രസിദ്ധീകരിച്ചത്. അതിനാല്‍ രണ്ടുകൂട്ടരോടും നന്ദിയുണ്ട്. രോഗനിര്‍ണയം നടത്തിക്കിട്ടിയതിനാല്‍ ചികിത്സ തുടങ്ങാന്‍ സൗകര്യമായെന്നും പറഞ്ഞാണ് കോളം അവസാനിപ്പിക്കുന്ന കാര്യം സി രാധാകൃഷ്ണന്‍ വിശദീകരിക്കുന്നത്.

വായനക്കാരനായ ചാത്തമംഗലം സ്വദേശി ശ്രീരാമന്‍ ടി.സി എഴുതിയ കത്തും കോളമെഴുത്ത് നിര്‍ത്തുന്നതായി അറിയിച്ചുകൊണ്ടുളള സി.രാധാകൃഷ്ണന്റെ കുറിപ്പും താഴെ.

ശ്രീരാമന്‍ ടി.സി എഴുതിയ കത്തിന്റെ പൂര്‍ണരൂപം

സി. രാധാകൃഷ്ണന്റെ വീണ്ടുവിചാരം(നവംബര്‍-12)കണ്ടു. അദ്ദേഹത്തിന് പ്രായാധിക്യം കൊണ്ട് സ്ഥിരബുദ്ധി നശിച്ചുവോ എന്ന് ഒരു ചെറിയ സംശയം! കൊടുമ്പിരിക്കൊളളുന്ന ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ‘അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്നപോലെ?’

ചോദ്യം- എന്താണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ താങ്കളുടെ നിലപാട്?

ഉത്തരം ഞാനൊരു വേദാന്തിയാണ്! കുടുംബസ്ഥനും സിപിഐക്കാരനുമാണ്! ആര്‍ത്തവവും സ്വപ്‌നസ്ഖലനവും ഒന്നുപോലെയാണ്. കോടതിവിധി പിണറായിക്ക് മാനിക്കണം. എല്ലാ വിഗ്രഹങ്ങളും ഒന്നാണ്! പ്രളയത്തില്‍ പൊട്ടക്കിണറുണ്ടോ? ഞാനാരെയും വേദനിപ്പിക്കില്ല, പിണറായി വിജയനും സംഘപരിവാറും കോടതിയും എല്ലാം വേദാന്തിക്ക് ഒന്നുതന്നെ! ശബരിമലയില്‍ വിശ്വാസമുളളവര്‍ക്ക് പോകാം! വേണ്ടെങ്കില്‍ പോകണ്ട. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയെ ആരും അവഹേളിക്കരുത്, അവിടെ അട്ടഹസിക്കരുത്?

വിശ്വാസം പരിശോധിച്ചറിയാന്‍ വഴിയില്ല. നിങ്ങളെയൊക്കെ സിസിടിവിയില്‍ കാണിക്കപ്പെടുന്നുണ്ട്! മഹത്തായ കേരള സംസ്‌കൃതി വിജയിക്കണം! വിജയിക്കട്ടെ, വിജയിക്കും!

ഇതൊക്കെ വായിക്കുന്ന എന്നെപ്പോലെയുളള സാധാരണക്കാരന്‍ ഇതില്‍ നിന്ന് എന്ത് മനസിലാക്കണം! ദയവായി നല്ലൊരു മനശാസ്ത്രജ്ഞനെക്കൊണ്ട് തല ഒന്ന് പരിശോധിപ്പിക്കൂ. നിങ്ങള്‍ക്ക് ആരെയാണ് ഹേ പേടി!

സി.രാധാകൃഷ്ണന്റെ കോളത്തിനെതിരെയുളള വായനക്കാരന്റെ പ്രതികരണം 
സി.രാധാകൃഷ്ണന്റെ കോളത്തിനെതിരെയുളള വായനക്കാരന്റെ പ്രതികരണം 

കോളമെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സി.രാധാകൃഷ്ണന്‍ എഴുതിയത്‌ ചുവടെ

എനിക്കല്‍പ്പം വട്ടാണെന്ന് ഒരു മാന്യ വായനക്കാരന്‍ എഴുതിക്കണ്ടു. അത് നേരാണെന്ന് തോന്നിയത് കൊണ്ടാവുമല്ലോ പത്രാധിപര്‍ ആ കത്ത് അച്ചടിക്കാന്‍ തീരുമാനിച്ചത്. രണ്ട് കൂട്ടരോടും എനിക്ക് നന്ദിയുണ്ട്.കാരണം, സംഗതി ശരിയാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നാറുണ്ട്. രോഗനിര്‍ണയവും നടത്തിക്കിട്ടിയതിനാല്‍ ചികിത്സ ഉടന്‍ തുടങ്ങാന്‍ സൗകര്യമായി.

പത്രവാരികകളിലെ കോളമെഴുത്തും പലതരം വേദികളില്‍ പ്രസംഗവും പുസ്തകങ്ങള്‍ വായിച്ച് നോക്കി അവതാരിക എഴുത്തും പൊതുകാര്യങ്ങളിലെ പ്രതികരണത്തൊഴിലും വട്ടാണെന്നതിന് തെളിവ് തേടി ഏറെ ദൂരമൊന്നും പോകണ്ട, തപ്പിത്തിരയുകയും വേണ്ട. ഇതാ എന്റെ കണ്‍മുന്നില്‍ തന്നെയുണ്ട്. എങ്കില്‍പ്പിന്നെ എന്തിന് ഇതൊക്കെ ഇത്രയും കാലം ചെയ്തു എന്നാണെങ്കില്‍ ചൊട്ടയിലെ ശീലം ചുടലവരെ എന്ന പരിഗണനയില്‍ ക്ഷമിക്കുക.

വായനക്കാരന്റെ വിമര്‍ശനത്തിന് ആധാരമായ സി.രാധാകൃഷ്ണന്റെ കോളം 
വായനക്കാരന്റെ വിമര്‍ശനത്തിന് ആധാരമായ സി.രാധാകൃഷ്ണന്റെ കോളം 
ചുരുക്കത്തില്‍ ഈ കോളം ഉള്‍പ്പെടെ എല്ലാ ഏര്‍പ്പാടുകളും ഇതോടെ നിര്‍ത്തുകയാണ്. ഇതുവരെ വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അനുഭവിച്ചവര്‍ക്കും നല്ലതോ ചീത്തയോ പറഞ്ഞവര്‍ക്കും ഒന്നും പറയാത്തവര്‍ക്കും അകമഴിഞ്ഞ നന്ദി. വാരികയുടെ പത്രാധിപര്‍ക്കും എന്നെ ഈ പണി നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ആയുഷ്‌കാല സുഹൃത്ത് ടി.ജെ.എസ് ജോര്‍ജിനും സകല മാലോകര്‍ക്കും നല്ല തിരുപ്പിറവിയും പുതുവര്‍ഷവും!

വായനക്കാരന്റെ കത്തിനെ തുടര്‍ന്ന് സി.രാധാകൃഷ്ണന്‍ കോളമെഴുത്ത് നിര്‍ത്തിയതില്‍ പത്രാധിപസമിതി വാരികയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ പ്രതികരണവേദികളാണ് കത്തുകള്‍.പത്രാധിപ സമിതിയുടെ തെരഞ്ഞെടുപ്പുകളോട് യോജിച്ചും വിയോജിച്ചും കത്തുകള്‍ ലഭിക്കാറുണ്ട്. വാദങ്ങള്‍ക്കൊപ്പം പ്രതിവാദങ്ങള്‍ കൂടി ചേര്‍ന്നാലെ വായന പുതിയ ദിശയിലേക്ക് നീങ്ങുകയുളളൂ. അതുകൊണ്ടു തന്നെ വിയോജന കത്തുകള്‍ക്കും കുറിപ്പുകള്‍ക്കും ഇടം നല്‍കാറുണ്ട്.

പ്രസ്തുത കത്തിന്റെ പേരില്‍ എഴുത്തുകാരനുണ്ടായ മനസ്താപത്തിന് പത്രാധിപസമിതി ഖേദം പ്രകടിപ്പിക്കുന്നു. ലേഖകന്‍ അവസാനിപ്പിച്ച വീണ്ടുവിചാരം പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍ജനിക്കട്ടെ എന്ന് ആശംസിച്ചുമാണ് പ്ത്രാധിപ സമിതി ഇക്കാര്യം വിശദീകരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018