സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ശബരിമല എന്ന ഏകവിഷയത്തെ കേന്ദ്രീകരിച്ചല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സാമൂഹ്യസംഘടനകളുടെ യോഗത്തിലെ നിര്‍ദ്ദേശമാണ് വനിതാ മതില് എന്നതെങ്കിലും ഇത് ഊന്നുന്നത് നവോത്ഥാന മൂല്യസംരക്ഷണത്തിലാണ്.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍ക്കും വനിതാ മതിലില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ നവോത്ഥാന മതില് ഉയരുമ്പോള്‍ എന്ന ലേഖനത്തിലാണ് കോടിയേരിയുടെ അഭിപ്രായ പ്രകടനം.
ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സാമൂഹ്യസംഘടനകളുടെ യോഗത്തിലെ നിര്‍ദ്ദേശമാണ് വനിതാ മതില് എന്നതെങ്കിലും ഇത് ഊന്നുന്നത് നവോത്ഥാന മൂല്യസംരക്ഷണത്തിലാണ്. ശബരിമല എന്ന ഏക വിഷയത്തെ കേന്ദ്രീകരിച്ചല്ലെന്ന് സാരം. അതായത്, ഇന്നലെ വരെ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരടക്കമുള്ളവര്ക്ക്, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാണെങ്കില്‍ വനിതാ മതിലില്‍ പങ്കെടുക്കുകയോ അത് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം നടത്തുന്നതാണിത്. ക്യാമ്പയിന് ചരിത്രത്തില്‍ അപൂര്‍വ്വമായ ഒന്നാകും ഈ വനിതാ മതില്.
നവോത്ഥാന പാരമ്പര്യമുള്ള എന്‍എസ്എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മാറിനിന്നത് നിര്‍ഭാഗ്യകരമായി പോയി എന്നും കോടിയേരി പറയുന്നു. ഇപ്പോഴത്തെ സമീപനം ഭാവിയില്‍ അവര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം കക്ഷി-രാഷ്ട്രീയ വിഷയമല്ല, ജനാധിപത്യ മതനിരപേക്ഷ തലമാണ്. ഇത് മനസ്സിലാക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കോടിയേരി അതിന്റെ വ്യക്തമായ ശബ്ദമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായതെന്നും വ്യക്തമാക്കി.
വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില ‘എടുക്കാ ചരക്കുകളെ’യാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്. യോഗത്തില്‍ പങ്കെടുത്ത സംഘടനകളെയും നേതാക്കളെയും അപമാനിക്കുകയാണ് ഈ അധിക്ഷേപത്തിലൂടെ ചെന്നിത്തല ചെയ്തിരിക്കുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച സാമൂഹ്യസംഘടനയെ എടുക്കാ ചരക്കായാണോ പ്രതിപക്ഷ നേതാവ് കാണുന്നത്.
വിള്ളലുണ്ടാകുന്ന ഒന്നാകില്ല വനിതാ മതില്. കേരളത്തിന്റെ മതനിരപേക്ഷത ഉറപ്പാക്കാനും ഉത്തരേന്ത്യയിലും മറ്റും വീശിയടിക്കുന്ന വര്‍ഗീയ കലാപ തീക്കാറ്റ് തടഞ്ഞുനിര്‍ത്താനുള്ള മഹത്തായ ഉദ്യമമാണ് സ്ത്രീകള്‍ അണിചേരുന്ന നവോത്ഥാന മതില് എന്നും കോടിയേരി വ്യക്തമാക്കി.
കേരള നവോത്ഥാനം ശക്തിപ്പെടുത്തിയതില്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുമാത്രമല്ല, ക്രിസ്ത്യന്‍-മുസ്ലീം ജനവിഭാഗങ്ങള്‍ക്കും അവയിലെ മഹദ് വ്യക്തികള്‍ക്കും വലിയ പങ്കുണ്ട്. ന്യൂനപക്ഷം-ഭൂരിപക്ഷം, അവര്‍ണര്‍-സവര്ണഭേദമെന്യേ സ്ത്രീകള്‍ അണിനിരക്കുമെന്നും കോടിയേരി വ്യക്തമാക്കുന്നു.