ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജയില്‍ മോചിതനാകുന്നത് വര്‍ദ്ധിത വീര്യത്തോടെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള. സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ജയില്‍ മോചിതനാകുന്ന സുരേന്ദ്രന് സ്വീകരണം നല്‍കും. ജാമ്യത്തിനായുളള കര്‍ശന ഉപാധികള്‍ കുറ്റവാളിയാണെന്നതിന്റെ തെളിവല്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ്.
നിയമത്തിന്റെ ബാലപാഠം അറിയുന്ന ആരും കേസില്‍ ബിജെപിക്ക് വീഴ്ച പറ്റിയെന്ന് പറയില്ല. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുളള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയതിനെതിര ബിജെപിയില്‍ രൂക്ഷ പ്രതിഷേധം ഉയര്‍ന്നായി വാര്‍ത്തകളുണ്ടായിരുന്നു. കെ സുരേന്ദ്രന് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു വിമര്‍ശനം.
ശബരിമല സമരത്തില്‍ നിന്നും പിന്മാറുന്നതിനെതിരെ വി മുരളീധരന് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ശബരിമല സമരത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ആത്മാഭിമാനമുളള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്നായിരുന്നു മുരളീധരന് പറഞ്ഞത്.
ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് പുറത്തിറങ്ങുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.