മതമൗലികവാദികളുടെ ഭീഷണികളേത്തുടര്ന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്ന കിത്താബ് നാടകത്തിന് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയില്‍ ഒപ്പു ശേഖരണ ക്യാംപെയ്ന്. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് 'കിത്താബി'നെതിരെ ഉണ്ടായിട്ടുള്ളതെന്ന് നിരവധി പേര് ഒപ്പിട്ടിരിക്കുന്ന സംയുക്തപ്രസ്താവന വ്യക്തമാക്കി. കുട്ടികള്‍ക്ക് വേണ്ടി നാടകം സംവിധാനം ചെയ്ത റഫീഖ് മംഗലശ്ശേരിയുടെ ഒപ്പമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സംയുക്ത പ്രസ്താവനയില്‍ കവി സച്ചിദാനന്ദന്, എഴുത്തുകാരന് എസ് ഹരീഷ്, അഭിനേത്രി സജിത മഠത്തില്‍, എഴുത്തുകാരി എസ് ശാരദക്കുട്ടി, സാമൂഹ്യ പ്രവര്‍ത്തക ഡോ. പി ഗീത, സാമൂഹ്യ ചിന്തകരായ സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം, കെ ഇ എന്‍ കുഞ്ഞഹമ്മദ്, എം എന്‍ കാരശ്ശേരി തുടങ്ങിയവര്‍ ഒപ്പുവെച്ചിട്ടുണ്ട്.
റഫീഖ് മംഗലശ്ശേരിക്കൊപ്പം സംയുക്ത പ്രസ്താവന; പ്രതിഷേധക്കുറിപ്പ്
“നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്'. എന്നാല്‍ അത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാടകാവതരണത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.”
കിത്താബ് നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്. അത് സെലക്ടീവാകാന് പാടില്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറിയേറ്റിന്റെ പ്രസ്താവന
കിത്താബി”നൊപ്പം,
ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം,:ഡിവൈഎഫ്ഐ
“കിതാബ് “നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല.മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്.അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ് .
ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.