Keralam

ഹിന്ദുമതത്തിന്റെ വിപരീതമാണ് ഹിന്ദുത്വമെന്ന് ശശി തരൂര്‍, ഹിന്ദുമതം ഒരുതരം അധികാര പ്രയോഗവും നടത്തുന്നില്ല, ബിജെപിയുടെ ഹിന്ദുത്വം വര്‍ഗീയ സ്വത്വ രാഷ്ട്രീയം

ഹിന്ദുമതത്തിന്റെ വിപരീതമാണ് ഹിന്ദുത്വമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് മൃദു ബിജെപിയല്ലെന്ന് സ്ഥാപിക്കാനായി എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വിശദീകരിക്കുന്നത്. ‘എന്തുകൊണ്ട് കോണ്‍ഗ്രസ് മൃദു ബിജെപിയല്ല’ എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഹിന്ദുമതം ഒരുതരം അധികാര പ്രയോഗവും നടത്തുന്നില്ലെന്ന് തരൂര്‍ പറയുന്നത്. തരൂരിന്റെ ലേഖനത്തില്‍ നിന്നുളള ഭാഗങ്ങള്‍ ചുവടെ.

ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വ്യവച്ഛേദിക്കുന്ന കോണ്‍ഗ്രസ് സമീപനം കാമ്പില്ലാത്തതാണെന്നാണ് വിമര്‍ശകരുടെ വാദം. കോണ്‍ഗ്രസ് ആദരപൂര്‍വം കാണുന്ന ഹിന്ദുമതം സര്‍വാശ്ലേഷിയും ഭീഷണഭാവമില്ലാത്തതുമാണ്. അതേസമയം വിവേചനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തമാണ് ഹിന്ദുത്വം. ഇതിനെ രണ്ടിനെയും വേറിട്ട് കാണുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശകര്‍ അംഗീകരിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയ സന്ദേശത്തിന്റെ മയപ്പെടുത്തിയ രൂപം മാത്രമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നതെന്ന് ഇക്കൂട്ടര്‍ തീര്‍പ്പിലെത്തുന്നു.

ഈ തീര്‍പ്പ് സത്യത്തില്‍ നിന്ന് ഏറെ അകലെയാണ്. വ്യക്തിപരമായി ഹിന്ദുത്വത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെങ്കിലും താന്‍ ഒരു തരത്തിലുളള(മൃദുവോ തീവ്രമോ) ഹിന്ദുത്വത്തെ പിന്‍താങ്ങുന്നില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

ഹൈന്ദവത മതമാണെന്നും ഹൈന്ദവ വിശ്വാസത്തിന്റെ സുപ്രധാന തത്വങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യതിചലിക്കുന്ന രാഷ്ട്രീയ സിദ്ധാന്തമാണ് ഹിന്ദുത്വമെന്നും കോണ്‍ഗ്രസ് മനസിലാക്കുന്നു.

ഹിന്ദുമതം എല്ലാത്തരത്തിലുമുളള ആരാധനാസമ്പ്രദായങ്ങളെ ഉള്‍ക്കൊളളുമ്പോള്‍, ഹിന്ദുത്വം വിശ്വാസത്തോട് നിസംഗത പുലര്‍ത്തുകയും സ്വത്വത്തില്‍ ശ്രദ്ധയൂന്നുകയും ചെയ്യുന്നു. ഹിന്ദുമതം അതിന്റെ വാതിലുകള്‍ പരിഷ്‌കരണത്തിനും പുരോഗതിയ്ക്കുമായി തുറന്നിട്ട് കൊടുത്തിരിക്കുന്നു.നാലായിരം കൊല്ലം അത് നിലനിന്നതും അതുകൊണ്ട് തന്നെയാണ്. ഹിന്ദുത്വമാവട്ടെ പ്രതിലോമ സ്വഭാവമുളളതാണ്.1920കളില്‍ ഫാസിസത്തിന് വിത്തുപാകിയ വംശാഭിമാന മൂല്യങ്ങളിലാണ് അതിന്റെ വേരുകള്‍ കുടികൊളളുന്നത്. ഈ നൂറ്റാണ്ടില്‍ ഇപ്പോഴത്തെയീ ഉത്തുംഗദശയ്ക്കപ്പുറം അത് നിലനില്‍ക്കാന്‍ ഇടയില്ല എന്നും കരുതപ്പെടുന്നതും ഇക്കാരണത്താല്‍ തന്നെയാണ്.

കൂടുതല്‍ മൗലികമായ അന്തരങ്ങളുണ്ട്. വിപുലമായ വൈവിധ്യത്തെ ഉള്‍ക്കൊളളുന്ന, വ്യക്തിയെയും വ്യക്തിയും ദൈവസങ്കല്‍പ്പവും തമ്മിലുളള ബന്ധത്തെയും ആദരിക്കുന്ന ഹൈന്ദവതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അനുശീലിക്കുന്നത്. വര്‍ഗീയസ്വത്വരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുളള, ഹൈന്ദവവിശ്വാസത്തെ ഏകശിലാത്മകമതമായി രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ഹിന്ദുത്വത്തെയാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്.

ഹൈന്ദവ വിശ്വാസത്തിന് അങ്ങനെയൊരു ഏകശിലാത്മക സ്വഭാവമേയില്ലെന്നിരിക്കെയാണിത്. വ്യത്യാസങ്ങളെ അംഗീകരിക്കുകയും ഇതരമതസ്ഥരെ ആശ്ലേഷിക്കുകയും ചെയ്യണമെന്നത് അടക്കമുളള വിവേകാനന്ദാശയങ്ങളില്‍ അധിഷ്ഠിതമായ ഹൈന്ദവതയിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. വിഭിന്ന വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെ വിരട്ടിയും ആക്രമിച്ചും കീഴ്‌പ്പെടുത്തിയും വ്യത്യാസങ്ങളെ ഉന്‍മൂലനം ചെയ്യാനാണ് ബിജെപിയുടെ ഹിന്ദുത്വം പരിശ്രമിക്കുന്നത്.

അപ്പോള്‍ പിന്നെ കോണ്‍ഗ്രസിന്റെ ഹിന്ദുക്കളായ നേതാക്കളോ പ്രവര്‍ത്തകരോ വ്യക്തിപരമായി വെച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ എന്തിനാണ് ഉദാരരാഷ്ട്രീയനിലപാടുകാര്‍ ആശങ്കയോടെ വീക്ഷിക്കുന്നത്? സമഗ്രസ്വഭാവമുളള വിശ്വാസസംഹിതയായല്ല ഈ കോണ്‍ഗ്രസുകാര്‍ ഹിന്ദുമതത്തെ മനസിലാക്കുന്നത്. മറിച്ച് ലോകത്തിന്റെ വിശ്വാസ സങ്കീര്‍ണതകളോട് സമരസപ്പെടാനുളള മാര്‍ഗമായാണ്. സത്യം ബഹുസ്വരമാണെന്നും ഉത്പത്തിയെയോ ജീവിതത്തിന്റെ അര്‍ഥത്തെയോ സംബന്ധിച്ചുളള വലിയ ചോദ്യങ്ങള്‍ക്ക് ഒരൊറ്റ ശരിയുത്തരമല്ല ഉളളതെന്നും അത് അംഗീകരിക്കുന്നു. മറ്റ് സത്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കലാണ് ഹിന്ദുവിനെ സംബന്ധിച്ച്, ഏറ്റവും മഹത്തായ സത്യം.

മിക്ക മതങ്ങളും ഒരു സ്വത്വത്തിനും ഒരു ആഖ്യാനത്തിനും ഒരു വിശുദ്ധ ഗ്രന്ഥത്തിനും മുന്‍ഗണന കല്‍പ്പിക്കുന്നു. ഹിന്ദുമതമാവട്ടെ എല്ലാവരിലും ബഹുസ്വത്വങ്ങളുണ്ടെന്ന് അംഗീകരിക്കുകയും വ്യത്യസ്ത ആഖ്യാനങ്ങളെ സ്വീകരിക്കുകയും വിവിധങ്ങളായ വിശുദ്ധ ഗ്രന്ഥങ്ങളെ ആദരിക്കുകയും ചെയ്യുന്നു. ഇതാണ് കോണ്‍ഗ്രസുകാരന്‍ മനസിലാക്കുന്ന ഹിന്ദുമതം. ഒറ്റ ദൈവത്തിലും ഒറ്റ വിശുദ്ധ ഗ്രന്ഥത്തിലും ഒരൊറ്റ രീതിയിലും അധിഷ്ഠിതമായ ഏബ്രഹാമിക ചട്ടക്കൂടിലേക്ക് ബഹുവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ഹിന്ദുമതത്തെ സന്നിവേശിപ്പിക്കാനാവില്ല.

ബിജെപി ആഗ്രഹിക്കുന്നതാകട്ടെ അതാണുതാനും. വലിയ ചോദ്യങ്ങളുമായി കൂടുതല്‍ക്കൂടുതല്‍ ഇടപെടുന്തോറും പലകാര്യങ്ങളും എത്രമാത്രം നമ്മുടെ ഗ്രഹണശക്തിക്ക് അപ്പുറത്താണെന്ന് ഹിന്ദു മനസിലാക്കുന്നു.ഹിന്ദുത്വമാവട്ടെ തീര്‍പ്പുകളില്‍ അധിഷ്ഠിതമാണ്.

കോണ്‍ഗ്രസുകാരനും ഉറച്ച ഉദാരവാദിയുമെന്ന നിലയില്‍ എനിക്ക് ഹിന്ദുമതത്തോട് കൂറുപ്രഖ്യാപിക്കുക എളുപ്പമാണ്. വ്യക്ത്യധിഷ്ഠിതവും വ്യക്തിക്ക് മുന്‍ഗണന കല്‍പ്പിക്കുന്നതുമായ മതമാണത്.. ജീവിതത്തിന്റെ അര്‍ത്ഥം സംബന്ധിച്ച് സ്വന്തമായി ഉത്തരങ്ങള്‍ കണ്ടെത്താന്‍ വിശ്വാസിക്ക് പൂര്‍ണസ്വാതന്ത്ര്യം ആദരപൂര്‍വം അനുവദിച്ച് കൊടുക്കുന്ന മതം. രൂപമില്ലാത്ത ദൈവത്തെ ഏത് രൂപത്തിലും രീതിയിലും ആരാധിക്കാം എന്നതടക്കമുളള ബഹുവിധ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന മതം, മനസിന് വലിയ പ്രാധാന്യം കല്‍പ്പിക്കുകയും ചിന്തിക്കാനും ബൗദ്ധികമായ അന്വേഷണങ്ങള്‍ നടത്താനും അവനവനിലേക്കുളള സഞ്ചാരങ്ങള്‍ നടത്താനുമുളള വ്യക്തിയുടെ കഴിവിനെ വിലമതിക്കുകയും ചെയ്യുന്ന മതം, ആശയസംഹിതകളും വിശുദ്ധ കല്‍പ്പനകളുമില്ലാത്ത, എന്നാല്‍ ആത്മീയ താത്ത്വിക ഗ്രന്ഥങ്ങളും സാമൂഹിക സാംസ്‌കാരിക വഴക്കങ്ങളുമൊക്കെയായി ഒട്ടനവധി സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന മതം.

ഇതൊന്നും ഹിന്ദുത്വത്തിന്റെ പ്രയോക്താക്കള്‍ക്ക് ഇഷ്ടമുളള കാര്യങ്ങളല്ല. അധികാരത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ വര്‍ധിച്ച് വരുന്ന ലോകത്ത്, ഹിന്ദുമതം ഒരുതരത്തിലുളള അധികാര പ്രയോഗവും നടത്തുന്നില്ല.സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പരസ്പര ബന്ധിതമായ വ്യക്തികളുടെ ലോകത്ത്,ഹിന്ദുമതം ഒരുതരത്തിലുളള അധികാര ശ്രേണിയും സ്ഥാപിക്കുന്നില്ല.വിവരങ്ങള്‍ ഉപാധിരഹിതമായി പങ്കുവെക്കപ്പെടുന്ന ലോകത്ത് ഹിന്ദുമതം എല്ലാമാര്‍ഗങ്ങളെയും ഒരുപോലെ സാധുവായി കണക്കാക്കുന്നു. ഇപ്പറഞ്ഞ ഓരോ കാര്യത്തിലും ഹിന്ദുത്വം നേര്‍വീപരിത സ്ഥാനത്താണ്.

കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുതരം മൃദുഹിന്ദുത്വ രാഷ്ട്രീയമല്ലേ കളിക്കുന്നത്, നിങ്ങള്‍ മൃദു ബിജെപി ആയിരിക്കുകയല്ലേ? എന്നിങ്ങനെ സംവാദങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനവും, മധ്യപ്രദേശില്‍ മാട്ടിറച്ചി നിരോധിച്ചത് സംബന്ധിച്ച് ദിഗ്വിജയ് സിങ് നടത്തിയ അവകാശവാദവുമൊക്കെ പരാമര്‍ശിച്ചുമാണ് മറുപടിയെന്ന നിലയില്‍ ശശി തരൂരിന്റെ ദീര്‍ഘലേഖനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018