Keralam

ആ ഫോട്ടോ എൻ്റെ ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു: വിവാദങ്ങളില്‍ രഹന ഫാത്തിമ മറുപടി പറയുന്നു 

ശബരിമല നടപ്പന്തൽ വരെയെത്തിയ രഹന ഫാത്തിമയെ കറുപ്പ് വസ്ത്രമുടുത്ത് ഫേസ്ബുക്കിലിട്ട ഫോട്ടോയുടെ മേൽ വന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ 18 ദിവസത്തെ ജയിൽ വാസത്തിന് ശേഷം രഹനക്ക് ജാമ്യം ലഭിച്ചു.

ശബരിമലയിൽ പോകാൻ ശ്രമിച്ച രഹന ഫാത്തിമ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടത് എന്ത് കൊണ്ടാണ്?

ഞാൻ ശബരിമലയിൽ കയറുന്നത് ഒക്ടോബർ 19-ാം തിയ്യതിയാണ്. അന്ന് വൈകീട്ടാണ് എനിക്കെതിരെ പത്തനംതിട്ട സ്റ്റേഷനിൽ പരാതി നൽകുന്നത്. ‘രഹന ഫാത്തിമ എന്ന സ്ത്രീ ശബരിമലയിൽ കയറി,അവർ ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തി, പാലിക്കേണ്ട നിയമങ്ങൾ പാലിച്ചല്ല പോയത്, അതിന് പോലീസിൻറെ പിന്തുണയും ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു’ എന്ന തരത്തിലായിരുന്നു പരാതി. 20 -ാം തിയ്യതി പരാതിക്കാരനെ വിളിച്ച് മൊഴിയെടുത്തു. പിന്നീടാണ് ഫേസ്ബുക്ക് പോസ്റ്റുകൾ കൂടി ചേർത്ത് മതവികാരം നിരന്തരമായി വ്രണപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് വരുത്തിത്തീർത്തത്.

പോലീസും സർക്കാരും രഹനയോട് ചെയ്തതെന്താണ്?

പോലീസ് സംരക്ഷണയോട് കൂടിയാണ് നടപ്പന്തൽ വരെയെത്തിയത്. അവിടത്തെ സാഹചര്യം മൂലം തിരിച്ചു വന്നു. അന്ന് മനസ്സിലായില്ലെങ്കിലും, ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അന്ന് ഏകദേശം 800 പോലീസുകാരും 200 ഓളം പ്രതിഷേധക്കാരുമാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് നീക്കി ഞങ്ങളെ മുന്നോട്ട് നയിക്കാമായിരുന്നു. പടക്ഷേ അത് ചെയ്തില്ല. അവിടെയെത്തുന്ന ഓരോരുത്തരേയും വൈകാരികമായി തളർത്തുന്ന സാഹചര്യമുണ്ടാക്കി പറഞ്ഞു വിടുകയാണ് ചെയ്തുകൊണ്ടിരുന്നത്

295 A എന്ന നിയമം പലരീതിയിൽ ആളുകൾക്ക് എതിരെ പ്രയോഗിക്കാവുന്ന ഒരു കരിനിയമമാണ്. യുഎപിഎക്ക് എതിരേയും വധശിക്ഷക്ക് എതിരേയും സംസാരിക്കുന്ന സർക്കാർ തന്നെയാണ് ഒരേസമയം 295 A യുമായി മുന്നോട്ട് പോകുന്നതെന്ന് പറയേണ്ടി വരും

എന്തൊക്കെയാണ് ജാമ്യവ്യവസ്ഥകൾ?

ജയിലിൽ നിന്ന് ഇറങ്ങിയെന്നേ ഉള്ളൂ. ഇപ്പോഴും നാല് ചുവരുകൾക്കുള്ളിൽ തന്നെയാണെന്ന് പറയേണ്ടി വരും. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോകാൻ പാടില്ല എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് ശബരിമലയിൽ കയറാൻ പാടില്ല എന്നാണല്ലോ. സഞ്ചാരസ്വാതന്ത്ര്യം തടയുക എന്ന കാര്യം അവിടെ വന്നിട്ടുണ്ട്. മറ്റൊന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യരുത് എന്നാണ്. സോഷ്യൽ മീഡിയയോ മറ്റു മാധ്യമങ്ങളോ വഴി മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തികൾ ഉണ്ടാകാൻ പാടില്ല എന്നാണ് പറയുന്നത്. ആശയസംവാദത്തിനുള്ള ഒരവസരമാണ് അവിടെ തടയപ്പെടുന്നത്. വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടുന്നുണ്ട്. മൊത്തത്തിൽ എന്തിന് വേണ്ടിയാണോ ഞാൻ നിലകൊണ്ടത് അതൊക്കെ എനിക്ക് നിയന്ത്രിക്കപ്പെടുകയാണ്.

കറുപ്പ് വസ്ത്രമിട്ട് ആ ഫോട്ടോ ഫേസ്ബുക്കിലിട്ടത് എന്തിനായിരുന്നു?

സുപ്രീംകോടതി വിധിയെ പിന്തുണച്ച് എൻറെ ആവിഷ്കാര  സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു ഫോട്ടോ ഇട്ടു. സെൽഫിയെടുക്കുമ്പോൾ ഞാനെൻറെ കാലിലേക്കല്ല ഫോക്കസ് ചെയ്യുന്നത്. സെൽഫിയുടെ അടിക്കുറിപ്പായി തത്വമസി എന്നാണെഴുതിയത്. അത് നീയാകുന്നു എന്നെഴുതുമ്പോൾ അവിടെ ചെല്ലുന്ന ഓരോരുത്തരേയുമാണ്  ഉദ്ദേശിക്കുന്നത് എന്നൊക്കെയാണ് പറയാൻ ശ്രമിച്ചത്. ഫോട്ടോ കണ്ട പലരും എൻറെ തുടയാണ് ശ്രദ്ധിച്ചത്. അത് അവരുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് പറയുമ്പോൾ നഗ്നസന്യാസികളും ദിഗംബരൻമാരും ഉള്ള സമൂഹത്തിലും   ഒരു സ്ത്രീയുടെ നഗ്നത പ്രശ്നമാകുന്നുവെന്ന് വ്യക്തമാക്കപ്പെടുകയാണ്.

മുസ്ലീം പേരുള്ള രഹന ശബരിമലയിൽ പോയപ്പോൾ എന്ത് കൊണ്ടാണ് അവിടത്തെ സാഹചര്യം പരിഗണിക്കാതിരുന്നത്?

ശബരിമലയെന്നുള്ളത് എല്ലാ മതസ്ഥർക്കും  കയറാവുന്ന ഇടമാണെന്നാണ് ഞാനും കേരളജനതയും മനസ്സിലാക്കിയിട്ടുള്ളത്.  പക്ഷേ ഇവിടത്തെ ജനങ്ങൾക്കിടയിൽ എത്രത്തോളം വർഗ്ഗീയത ഉണ്ടെന്ന് കൂടി മനസിലാക്കിക്കൊടുക്കുന്ന ഒരവസ്ഥയാണ് ഉണ്ടായത്. എല്ലാ മതസ്ഥർക്കും അവിടെ കയറാമെന്ന് പറയുമ്പോഴും പുരുഷന് മാത്രമെന്ന് ഊന്നിയൂന്നി പറഞ്ഞ് കൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 ആ ഫോട്ടോ എൻ്റെ ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു: വിവാദങ്ങളില്‍ രഹന ഫാത്തിമ മറുപടി പറയുന്നു 

എന്താണ് രഹനയുടെ മതവിശ്വാസം?

തത്വമസി-അഥവാ അത് നീയാണ് എന്നതിൻറെ അന്വേഷണം എന്ന് പറയാം. അദ്വൈതത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള  രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാം മതത്തിൽ ജനിച്ച് അതിൻറെ കാര്യങ്ങൾ അനുഷ്ടിച്ച് വന്ന വ്യക്തിയായിരുന്നു. പിന്നീട് സ്ത്രീവിരുദ്ധതകൾ കണ്ട് അതിൽ നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായി. അവിടെയും  പൊരുതിയിട്ടുണ്ട്. പിന്നീട് പല മതങ്ങളും അറിയാൻ ശ്രമിച്ചു. സ്ത്രീക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് എവിടെയാണെന്നാണ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീടെനിക്ക് മനസ്സിലായി സ്ത്രീയുടെ അവസ്ഥ വരുമ്പോൾ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന്. ഒരു മതത്തിലും സ്ത്രീക്ക് സ്വാതന്ത്യമൊന്നും ലഭിക്കുന്നില്ല.

ഹിന്ദു മതത്തിലേക്ക് മാറി സൂര്യഗായത്രി എന്ന പേര് സ്വീകരിച്ചിട്ടുണ്ടോ?

ഒരു സുഹൃത്ത് വഴി കുറച്ച്നാൾ മുമ്പ് ഹിന്ദുമതത്തെ കുറിച്ചും വേദങ്ങളും  പഠിക്കാൻ ശ്രമിച്ചിരുന്നു. ആ സമയത്ത് എനിക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞ് തന്നിരുന്ന ഉണ്ണിയമ്മ എന്ന സ്ത്രീയുണ്ടായിരുന്നു. അവരിട്ട പേരാണ് സൂര്യഗായത്രി. അവർ മനസ്സിലാക്കിയ കാര്യങ്ങൾ അറിയാൻ ശ്രമിച്ച ഒരു കുട്ടിക്ക് അവർ ഇഷ്ടപ്പെട്ട് നൽകിയതാണ്. അങ്ങനെ വിളിക്കുന്നത് അവരുടെ സന്തോഷമാണെന്ന് ഞാനും കരുതി. അല്ലാതെ ഒരു മതം മാറ്റമോ സർട്ടിഫിക്കറ്റിൽ പേര് മാറ്റലോ ഒന്നും ഉണ്ടായിട്ടില്ല.

കെ.സുരേന്ദ്രനുമായി രഹന ചർച്ച നടത്തിയെന്ന ആരോപണത്തിൻറെ സത്യാവസ്ഥ എന്താണ്?

രണ്ട് കൊല്ലം മുമ്പുള്ള സുരേന്ദ്രൻറെ ഒരു പോസ്റ്റിൽ ഏതോ സുഹൃത്ത് എന്നെ ടാഗ് ചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള നല്ല പോസ്റ്റ് ആയത് കൊണ്ട് ടാഗ് റിക്വസ്റ്റ് വന്നപ്പോൾ ഞാൻ സ്വീകരിച്ചു. ആരെഴുതി എന്നല്ല വിഷയം അനുകൂലിക്കുന്നതാണോ എന്നേ നോക്കിയൊള്ളു. ഇതൊഴിച്ചാൽ ടിവിയിൽ അല്ലാതെ സുരേന്ദ്രനെ കണ്ടിട്ട് പോലുമില്ല. ഞാനെന്ന വ്യക്തിയെ അറിഞ്ഞു കൊണ്ട് ആ പോസ്റ്റിൽ എന്നെ ടാഗ് ചെയ്യുമെന്നും തോന്നുന്നില്ല.

ആളുകളെ തെറ്റിദ്ധരിപ്പിക്കുക, ആർഎസ്സഎസ്സ് ബിജെപി ബന്ധം ആരോപിക്കുക തുടങ്ങിയവക്ക് വേണ്ടി ചെയ്യുന്നതാണ്. സുരേന്ദ്രനെ മംഗലാപുരത്ത് വച്ച് കണ്ടു എന്നാണ് പറയുന്നത്. എനിക്ക് 32 വയസ്സായി, ഇത് വരെ മംഗലാപുരത്ത് പോയിട്ട് പോലുമില്ല.ഒരു സ്ത്രീ ഒറ്റക്കിങ്ങനെയൊന്നും ചെയ്യില്ല, ചെയ്യണമെന്നുണ്ടെങ്കിൽ അവർക്ക് പുറകിൽ പുരുഷൻമാരുടേയോ ഏതെങ്കിലും സംഘടനയുടേയോ പിൻബലമുണ്ടാകും എന്ന് വിശ്വസിക്കാനാണ് ആളുകൾക്ക് ഇഷ്ടം.

പോലീസ് ഒത്താശയോടെയാണ് രഹന മല കയറിയത് എന്ന ആരോപണത്തെ മറയ്ക്കാനായിരുന്നോ അറസ്റ്റ്?

പോലീസിനെ നേരത്തേ അറിയിച്ച് സംരക്ഷണയോടു കൂടിയാണ് പോയത്. എൻറെ പേരും മുഴുവൻ വിവരങ്ങളും നൽകിയാണ് പോയത്. മാധ്യമങ്ങൾ വഴിയാണ് രഹന ഫാത്തിമ എന്ന പേര് പിന്നെയും വരുന്നത്. ഇതൊരു വാർത്തയാക്കാനോ ഞാൻ കയറി എന്തെങ്കിലും കീഴടക്കി എന്ന് പറയാനോ അല്ലല്ലോ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഏതൊരു സ്ത്രീയും പോകുന്നത് പോലെ തന്നെയാണ് പോകാൻ ശ്രമിച്ചത്. പിന്നീട് പോലീസിനെതിരെ ആരോപണങ്ങൾ വന്നപ്പോൾ അവർ പ്രതിരോധത്തിലായി എന്നത് ശരിയാണ്‌.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് വന്നപ്പോൾ ജോലിയെ കുറിച്ചുള്ള ആശങ്കകൾ മൂലമാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. 295 A ആണ് ചാർജ്ജ് എന്നതും ഒരു കാരണമാണ്. ജാമ്യാപേക്ഷ തള്ളിക്കഴിഞ്ഞപ്പോൾ അവർക്ക് മേൽ സമ്മർദ്ദങ്ങൾ കൂടി അറസ്റ്റ് ചെയ്യേണ്ടി വന്നു എന്നാണ് മനസ്സിലാകുന്നത്.

സർക്കാർ ഒരേ സമയം ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന് കൂടെ പറയേണ്ടി വരും. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും അവരെ അറിയിച്ച് മുന്നോട്ട് വന്ന ഒരു സ്ത്രീയെ വേറൊരു വ്യക്തിയിൽ നിന്ന് ആരോപണം വരുമ്പോഴേക്കും അറസ്റ്റ് ചെയ്യുകയും ചെയ്യുകയാണ്‌. സർക്കാർ കൂടി കക്ഷിയാകേണ്ടി വന്ന കേസിൽ സർക്കാർ വക്കീൽ സുപ്രീം കോടതി വിധിക്കെതിരെ വാദിക്കുന്ന അവസഥയാണ്‌. എനിക്കും ഇതിലൊക്കെ ആശയക്കുഴപ്പങ്ങൾ ഉണ്ട്.

ഇടത്പക്ഷത്തെ പിന്തുണക്കുന്നവർ രഹനയെ കഠിനമായി വിമർശിക്കുന്നത് എന്ത് കൊണ്ടാണ്?

ഇടത്പക്ഷ അനുഭാവികളിൽ പോലും മിതഹിന്ദുവാദികളുണ്ട്. അവരും സ്ത്രീ പ്രവേശനത്തെ തടയണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നവരാണ്‌. അത് കൂടി ഇവിടെ വ്യക്തമാണ്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒരു വ്യക്തി ഒറ്റക്ക് മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടാകും. ഒരു സ്ത്രീ ഒറ്റക്കിറങ്ങുമ്പോൾ അത് ഉൾക്കൊള്ളാൻ പറ്റാത്ത വ്യക്തികളുമുണ്ട്. എത്ര പുരോഗമനം പറഞ്ഞാലും സദാചാരവും ഹിന്ദുത്വ ബോധവും ഉള്ളിലൊളിപ്പിക്കുന്നവർ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

 ആ ഫോട്ടോ എൻ്റെ ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു: വിവാദങ്ങളില്‍ രഹന ഫാത്തിമ മറുപടി പറയുന്നു 

ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ മക്കൾ എങ്ങനെയാണ് മറികടന്നത്?

18 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മാതാപിതാക്കളാണ് അന്ന് കുട്ടികളെ നോക്കിയത്. പങ്കെടുക്കുന്ന പരിപാടികളിലും സമരങ്ങളിലുമെല്ലാം അവരെയും പങ്കെടുപ്പിക്കാറുണ്ട്. അത് കൊണ്ടാകാം ആരും പറഞ്ഞ് കൊടുക്കാതെ തന്നെ, കട്ടിട്ടും മോഷ്ടിച്ചിട്ടുമല്ല തെറ്റൊന്നും ചെയ്യാതെയാണ് അമ്മ ജയിലിൽ കിടക്കുന്നതെന്ന് പറയാൻ മകന് കഴിഞ്ഞു

ഇനി ശബരിമലയിൽ പോകുമോ?

ആദ്യം  പോയ സമയത്ത് ഇനി അങ്ങോട്ട് പോകേണ്ട എന്നാണ് കരുതിയിരുന്നത്. അവിടത്തെ തന്ത്രികളുടെയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെയും മനോഭാവം ഒരു സ്ത്രീ വന്നാൽ അശുദ്ധമാകുമെന്നാണ്. ശബരിമല കയറുക എന്ന എൻറെ ആഗ്രഹം പൂർത്തിയായിട്ടുണ്ട്. ദർശനം കിട്ടിയിട്ടില്ല എന്നേ ഒള്ളു.

ഇനിയും സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നെന്ന് പറയുകയ പോകാൻ ചെല്ലുമ്പോൾ തടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും ആണെങ്കിൽ
ഒരു കൂട്ടം ജനങ്ങൾ അങ്ങോട്ട് പോകാൻ തയ്യാറായാൽ അതിനെ പിന്തുണച്ച് മുന്നിട്ടിറങ്ങണമെന്നാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018