അവരെന്നെയും ക്യാമറയേയും കൂടി പുറകില്‍ നിന്ന് തള്ളി. നിന്നോടല്ലേ ഷൂട്ട് ചെയ്യരുതെന്ന് പറഞ്ഞതെന്ന് ആരൊക്കെയോ ചേര്‍ന്ന് പറയുന്നുണ്ടായി. എന്റെ കഴുത്ത് വെട്ടി. തിരിഞ്ഞ് നോക്കാതെ ഷൂട്ട് ചെയ്യാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ എടുക്കുന്നതൊക്കെ ഏതെങ്കിലും ചാനലില്‍ കാണിച്ചാല്‍ നിന്നെ കൊല്ലുമെന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു.
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ അക്രമിക്കപ്പെട്ട ക്യാമറാവുമണ്‍ ഷജില അലി ഫാത്തിമ ആ ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ്. കൈരളി ടിവിയില്‍ ക്യാമറാവുമണായ ഷജില കരഞ്ഞ് കൊണ്ട് ജോലി ചെയ്യുന്നതിന്റെ ദൃശ്യം മാതൃഭൂമി അടക്കം നിരവധി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘രാവിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി നിരാഹാര പന്തലില്‍ പ്രതികരണം എടുക്കാനായി പോയതാണ്. അതൊക്കെ കഴിഞ്ഞാണ് മാര്‍ച്ച് വരുന്നത്. സ്റ്റാച്ച്യൂ ജംഗ്ഷനില്‍ പ്രകടനക്കാര്‍ എത്തിയപ്പോള്‍ സമീപത്തുണ്ടായ ന്യൂസ് 18ന്റെ ഓബി വാന്‍ ഡ്രൈവറെ ഏഴ്-എട്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ തുടങ്ങി. ഈ ദൃശ്യങ്ങള്‍ എടുക്കാന്‍ ഞാനും മാതൃഭൂമി ക്യാമറാമാനും ചെന്നു. എന്റെ നേര്‍ക്ക് അവര്‍ ഓടി വന്നപ്പോള്‍ ഞാനവിടെ നിന്ന് മാറി.
പക്ഷേ മാതൃഭൂമി ക്യാമറാമാന്റെ കൈ പിടിച്ച് തിരിക്കുകയും ക്യാമറ കേട് വരുത്തുകയും ചെയ്തു. അന്നേരം അവിടെ നിന്നോടിയ ഞാന്‍ സ്റ്റാച്ച്യു മെഡിക്കല്‍ സ്റ്റോറിന്റെ അവിടെ പ്രകടനക്കാര്‍ ഫ്ളെക്സുകള്‍ കീറൂന്നത് ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ആ സമയം ആറേഴുപേര്‍ അങ്ങോട്ട് വീണ്ടും ചീത്ത വിളിക്കാന്‍ തുടങ്ങി. നിന്നോട് എടുക്കല്ലേടീ എന്നല്ലേ പറഞ്ഞത്, ഇനിയുമെടുത്താല്‍ നിന്നെ കൊല്ലും. ക്യാമറ വലിച്ച് തറയിലിട്ട് പൊട്ടിക്കും എന്നൊക്കെ അവരുടെ ഒരു നിലവാരത്തില്‍ പറയാന്‍ തുടങ്ങി. എന്തൊക്കെയാണ് അവര്‍ പറയുന്നത് എന്ന് ശ്രദ്ധിക്കാതെ മുന്നോട്ട് ഓടാനായിരുന്നു എന്റെ ശ്രമം.

അശ്വതി ജ്വാലയൊക്കെ മുന്നില്‍ നിന്ന് കൊണ്ടുള്ള പ്രകടനം അപ്പോഴേക്കും സെക്രട്ടേറിയറ്റിന്റെ മെയിന്‍ ഗേറ്റിലെത്തി. ബിജെപിയുടെ പ്രധാന നേതാക്കളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. അവിടെ എത്തുന്ന സമയത്ത് ഏഷ്യാനെറ്റിന്റെ ഒരു റിപ്പോര്‍ട്ടറെ അടിക്കാന്‍ ഓടിക്കുന്നുണ്ടായി. ജന്മഭൂമി റസിഡന്റ് എഡിറ്ററുടെ മകളാണ് ആ റിപ്പോര്‍ട്ടര്‍. കൊടി കെട്ടിയ ആര്എസ്സ്എസ്സുകൊരന്റെ മകളായിട്ട് പോലുമാണ് തല്ലാന്‍ ചെന്നത്. അത് പകര്‍ത്താന്‍ നോക്കിയ ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ പീതാംബരന് ചേട്ടനേയും ആറേഴ് പേര് ചേര്‍ന്ന് തല്ലി.
പീതാംബരന് ചേട്ടനെ തല്ലുന്ന സമയത്ത് മീഡിയ വണ്‍ ടെക്നീഷ്യന്മാരേയും മര്ദ്ദിക്കുന്നുണ്ടായി. ഇത് ഞാന്‍ ഷൂട്ട് ചെയ്തു. ആ സമയത്താണ് ഒരുത്തന് പുറകില്‍ നിന്ന് വന്ന് എന്നേയും ക്യാമറയേയും കൂടി തള്ളിയത്. എന്റെ കഴുത്ത് വെട്ടി. അവരുടെ ആളുകള്‍ പിടിച്ച് മാറ്റുമ്പോഴും വിഷ്വല്‍ എടുക്കരുതെന്ന മട്ടില്‍ അവരെന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായി. പുറകില്‍ നിന്ന് വന്നതില്‍ ഞാന്‍ പേടിച്ചു പോയി. മീഡിയ വണ്ണിലെ അംജാദാണ് എന്നെ രക്ഷിച്ചത്. ആ നേരത്താണ് ഞാന്‍ കരഞ്ഞത്.ഷജില
അഞ്ച് വര്‍ഷമായി കൈരളി ചാനലിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. സാധാരണ ഇങ്ങനെയുള്ള ബഹളങ്ങളില്‍ നമ്മളൊരു സേഫ് സോണ്‍ കണ്ടെത്തി ഷൂട്ട് ചെയ്യും. പുരുഷ മാധ്യമ പ്രവര്‍ത്തകരെ എന്തെങ്കിലും ഉപദ്രവിച്ചാലും സ്ത്രീ എന്ന രീതിയില്‍ എന്നോടൊന്നിനും വരാറില്ല. പൊതുവേ സമരക്കാര്‍ സ്ത്രീ എന്ന ബഹുമാനം തരാറുണ്ട്.
ഇതിനേക്കാള്‍ വലിയ ബഹളങ്ങള്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവിടെ തിരുവനന്തപുരത്ത് വലിയ തീപിടുത്തങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ മുന്നില്‍ നിന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്. ആരും അങ്ങോട്ട് പോകരുതെന്ന് പറഞ്ഞിട്ടില്ല’. അക്രമികള്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷജില പറഞ്ഞു.