Keralam

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷ് നിരാഹാരം അവസാനിപ്പിച്ചു; സമരം പിന്‍വലിച്ചത് തടവുകാരുടെ അവകാശം സംരക്ഷിക്കുമെന്ന ജഡ്ജിയുടെ ഉറപ്പില്‍  

Simplicity News
ഡാനിഷ്
ഡാനിഷ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം നടത്തുകയായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷ് സമരം അവസാനിപ്പിച്ചു. തടവുകാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ സമരം എട്ടാം ദിവസം രാത്രിയിലാണ് ഡാനിഷ് അവസാനിപ്പിച്ചത്.

ആരോഗ്യനില ഗുരുതരമായതിനേത്തുടര്‍ന്ന് ഡാനിഷിനെ കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. പാലക്കാട് ജില്ലാ ജഡ്ജ് ആശുപത്രിയില്‍ ഡാനിഷിനെ സന്ദര്‍ശിക്കുകയും നിരാഹാരത്തിന് കാരണമായ വിഷയങ്ങള്‍ പരിശോധിച്ച് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ നിരാഹാരം പിന്‍വലിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രാജു എന്ന ഉദ്യോഗസ്ഥന്‍ ഡാനിഷിനെ മര്‍ദ്ദിക്കുകയും കോളറിനുപിടിച്ചു കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഡാനിഷിന് പുറത്ത് നിന്ന് നിയമപരമായി തന്നെ എത്തിച്ച് കൊടുത്ത വസ്ത്രങ്ങള്‍ അദ്ദേഹത്തിന് കൈമാറാതെ തടഞ്ഞ് വെച്ചെന്നും ആരോപണമുണ്ടായി. തുടര്‍ന്ന് കണ്ണൂര്‍ ജയിലിലെ തടവുകാരോട് അപമര്യാദയായി പെരുമാറുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കുക, ജയിലിലെ അഴിമതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന തടവുകാരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു അയക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ഡാനിഷ് നിരാഹാരം ആരംഭിക്കുകയായിരുന്നു.

ഒക്ടോബര്‍ അഞ്ചിനാണ് ഡാനിഷിനെ അട്ടപ്പാടിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയായ ഇദ്ദേഹത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡാനിഷ് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കബനി, ഭവാനി ദളങ്ങളിലെ പ്രചരണവിഭാഗം പ്രവര്‍ത്തകന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.  

ഡിസംബര്‍ 28ന് രാത്രി തമിഴ്‌നാട്-കേരളപൊലീസ് സംയുക്ത സംഘം ഡാനിഷിന്റെ കോയമ്പത്തൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡാനിഷിന്റെ പിതാവ് ശെല്‍വകുമാര്‍ മുഖ്യന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. വീട്ടില്‍ അനുവാദമില്ലാതെ പ്രവേശിച്ച പൊലീസ് വിഷയം വ്യക്തമാക്കാത്ത രേഖകളില്‍ ബലമായി ഒപ്പിടുവിച്ചെന്നും മകളോട് റേഷന്‍ കാര്‍ഡ് കൊണ്ടുവരാന്‍ ആക്രോശിച്ചെന്നും റേഷന്‍ കാര്‍ഡിന്റെ ചിത്രമെടുത്തെന്നും പരാതിയില്‍ പറയുന്നു.

ഡാനിഷിന്റെ പിതാവ് ശെല്‍വകുമാര്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, പ്രതിപക്ഷ നേതാവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതി.

ഞാന്‍, എന്റെ ഭാര്യ അനത ജോതി, മകന്‍ ഡാനിഷ്, മകള്‍ സജിത, 75 വയസുള്ള ഭാര്യാപിതാവ് രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന മേല്‍വിലാസത്തിലാണ് താമസിക്കുന്നത്. ഞാനൊരുക്രോണിക് സ്‌ട്രോക്ക് ബാധിതനാണ് (ഇടത് വശം). എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഭാര്യയുടെ ജോലിയിലാണ് ഞങ്ങളുടെ കുടുംബം നിലനിന്നുപോകുന്നത്. എന്റെ മകന്‍ ബിസിഎ ബിരുദം എടുത്തതിനു ശേഷം എംബിഎ വിദൂര വിദ്യാഭ്യാസം വഴി ചെയ്യുന്നുണ്ട്. എന്നാല്‍ പത്ര ദൃശ്യമാധ്യമങ്ങളിലൂടെ എന്റെ മകനെ അട്ടപ്പാടിയില്‍ വച്ച് 04-10-2018 പോലീസ് അറസ്റ്റ് ചെയ്തതായും പീന്നീട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് ആരോപിക്കുന്നതായും അറിഞ്ഞു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണുള്ളത്.

കഴിഞ്ഞ 26-12-2018ന് സാധാരണ രീതിയില്‍ എന്റെ ഭാര്യ ജോലിക്കു പോവുകയും, വീട്ടില്‍ ഞാനും മകളും ഭാര്യ പിതാവുമുണ്ടായിരുന്നപ്പോള്‍ എകദേശം ഒരു 3.15ഓടെ ആരൊക്കെയൊ വീടിന്റെ കതകില്‍ ശക്തമായി മുട്ടുകയും, ആരാണെന്ന ചോദ്യത്തോടെ ഭാര്യാപിതാവ് വാതില്‍ തുറക്കുകയുമുണ്ടായി. വാതില്‍ തുറന്നപ്പോള്‍ സാധാരണ വേഷധാരികളായ 4 പേരും പോലീസ് യൂണിഫോമിലുള്ള രണ്ടു പേരും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോലീസ് വാഹനത്തില്‍ വന്നതായി കണ്ടു.യൂണിഫോം ധരിച്ചവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. വാതില്‍ തുറന്നതോടെ നാലു പേര്‍ യാതൊരു വിധ അനുവാദവുമില്ലാതെ അതിക്രമിച്ച് വീടിനകത്ത് കയറി. അതിലൊരാള്‍ കയറിയപ്പോള്‍ തന്നെ വാതിലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ ഇരുന്നു. അപ്പോള്‍ തന്നെ ഭാര്യാപിതാവ് ആരാന്നെന്നന്വേഷിക്കുകയും, അതിനു മറുപടി പറയാതെ ഞങ്ങള്‍ ചോദിക്കുന്നതിന് ഉത്തരം തന്നാല്‍ മതിയെന്നും തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാനാണ് ഉദ്ദേശമെങ്കില്‍ കുടുംബമടക്കം ജയിലിലാവുമെന്ന താക്കീതും നല്‍കി. ബാക്കിയുള്ള മൂന്നു പേരില്‍ ഒരാള്‍ ഇത് ഡാനിഷിന്റെ വീടല്ലേന്ന് ചോദിക്കുകയും അതെ എന്ന് എന്റെ ഭാര്യാപിതാവ് മറുപടി നല്‍കുകയും ചെയ്തു. മറ്റൊരാള്‍ വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുകയും , മൂന്നാമത്തെയാള്‍ ഇതെല്ലാം കണ്ട് ഭയന്ന് നില്‍ക്കുന്ന എന്റെ മകളോട് റേഷന്‍ കാര്‍ഡ് കൊണ്ടുവരാന്‍ ആക്രോശിക്കുകയും ചെയ്തു. റേഷന്‍ കാര്‍ഡ് നല്‍കിയപ്പോള്‍ തന്നെ അവരതിന്റെ ഫോട്ടോ എടുത്തു.

പീന്നീട് ആരൊക്കെ വീട്ടില്‍ വരാറുണ്ടെന്ന അവരുടെ ചോദ്യത്തിന് ആരും വരാറില്ലെന്ന് ഞാന്‍ മറുപടി നല്‍കി. ഇതോടൊപ്പം ആപ്ലിക്കേഷന്‍ പോലെ തോന്നുന്ന ഇംഗ്ലീഷില്‍ (കൃത്യമായി അറിയില്ല) അച്ചടിച്ച പേപ്പറില്‍ ബലമായി ഒപ്പീടിക്കുകയും ചെയ്തു. തന്നിരിക്കുന്ന പേപ്പറില്‍ എന്താണെഴുതിയെന്നറിയാത്തതിനാല്‍ ഒപ്പിടാന്‍ ഞാന്‍ ആദ്യം വിസമ്മതിച്ചു, പക്ഷേ വീണ്ടും കുടുംബമടക്കം ജയിലിലാവുമെന്ന ഭീക്ഷണിക്കു മുമ്പില്‍ തന്നിരുന്ന പേപ്പറില്‍ മുഴുവന്‍ ഞാന്‍ ഒപ്പിട്ടു. ആ പേപ്പറില്‍ എന്താണെഴുതിയിരുന്നതെന്ന് ഇപ്പോഴും എനിക്ക് വ്യക്തമല്ല. ഞാനൊരു രോഗിയും ഭാര്യ - പിതാവ് വൃദ്ധനുമായതിനാല്‍ അവരോടൊന്നും ചോദിക്കാനുള്ള മനോധൈര്യം ഞങ്ങള്‍ക്കുണ്ടായില്ല. കണ്ടാല്‍ അറിയാവുന്ന അവര്‍ ഈ സംഭവങ്ങള്‍ക്കു ശേഷം തിരിച്ചുപോയി. ഞങ്ങളുടെ അയല്‍ക്കാരെ മലയാളത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള കത്ത് കാണിക്കുകയും അവരെക്കൊണ്ട് അതില്‍ ഒപ്പിടീച്ചതായും ഇവര്‍ പോയതിനു ശേഷം ഞങ്ങള്‍ അറിഞ്ഞു.

ഈ വ്യക്തികളുടെ പെരുമാറ്റം ഞങ്ങളെ ഭയത്തിനിരയാക്കുകയും നിലവില്‍ ഞങ്ങളുടെ ജീവന്‍ തന്നെ സുരക്ഷിതമല്ലെന്ന അവസ്ഥയിലേക്കുമാണ് എത്തിച്ചിരിക്കുന്നത്. വീടിനുള്ളിലേക്ക് അനുവാദമില്ലാതെ കടന്നു വരുകയും, റേഷന്‍ കാര്‍ഡ് കൊണ്ടുവരാന്‍ എന്റെ മകളോട് ആക്രോശിക്കുകയും, വിഷയം വ്യക്തമാക്കാത്ത പേപ്പറുകളില്‍ ബലമായി ഒപ്പിടീക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും, അതോടൊപ്പം എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു.

ശെല്‍വകുമാര്‍ (55)
രാമനാഥപുരം
കോയമ്പത്തൂര്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018