Keralam

സാമ്പത്തിക സംവരണം ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കാനുളള നീക്കമെന്ന് പുന്നല, ബില്ലിനെ അനുകൂലിച്ച സിപിഐഎമ്മിനും പരോക്ഷ വിമര്‍ശനം, വിഎസ് അച്യുതാനന്ദന്റെ നിലപാട് ശ്രദ്ധേയം 

നരേന്ദ്ര മോഡി സര്‍ക്കാര്‍ തിടുക്കപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സംവരണ ബില്‍ സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍. വിദ്യാഭ്യാസപരമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണം നല്‍കുന്നത് സംവരണത്തിലൂടെ അവസരസമത്വം എന്ന ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്.

സ്വകാര്യ മേഖലയിലേക്ക് കൂടി സംവരണം വ്യാപിപ്പിച്ച് സാമൂഹ്യനീതി ഉറപ്പു വരുത്തേണ്ടുന്ന ഘട്ടത്തിലാണ് സമൂഹത്തില്‍ കൂടുതല്‍ അന്തരങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സംവരണ നീക്കം എന്നത് സംവരണ വിഭാഗങ്ങള്‍ ജാഗ്രതയോടു കൂടി കാണേണ്ടതുണ്ട്.

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സിപിഎം അടക്കമുള്ള പാര്‍ട്ടികളെയും പുന്നല പരോക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക സംവരണ പ്രഖ്യാപനം വന്നയുടന്‍ 'തങ്ങളുടെ നിലപാടാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് സ്വാഗതം ചെയ്ത സംസ്ഥാനത്തെയും, ദേശീയ തലത്തിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യഗ്രതയെ സംവരണ സമൂഹം ജാഗ്രതയോടു കൂടി കാണണ'മെന്ന് പ്രസ്താവനയില്‍ പറയുന്നു. അതെ സമയം സാമൂഹിക സംവരണത്തെ, അട്ടിമറിക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടു കൂടി കാണണം എന്ന വി.എസിന്റെ നിലപാട് ശ്രദ്ധേയമായി കാണേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സംവരണത്തിനു വേണ്ടി തെരെഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തില്‍ നടത്തുന്ന പരിശ്രമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പുന്നല ആരോപിച്ചു. ഭരണഘടനയുടെ പതിനാറാം അനുഛേദത്തിലുള്ള സാമൂഹിക സംവരണത്തെ കുറിച്ചുള്ള പരിരക്ഷ തിരുത്താന്‍ മാത്രം മുന്നാക്ക വിഭാഗങ്ങളിലെ ഏതു സമുദായമാണ് സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായിട്ടുള്ളത് എന്ന് ഗവണ്‍മെന്റ് വെളിപ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരായ ആളുകള്‍ക്ക് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പിന്തുണച്ചില്ല എ്ന്ന് പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കിയാണ് ബില്‍ പാസാക്കിയത്. പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനു വേണ്ടിയുള്ള മുതലെടുപ്പാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്. സംവരണ വിഭാഗങ്ങള്‍ യോജിച്ച് നിന്ന് രാജ്യത്ത് ഈ സംവരണത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഒരു ഘട്ടമാണിത്.

അവസരതുല്യതയും, ഭരണപങ്കാളിത്തവും ഉറപ്പു വരുത്തുന്ന ചരിത്രപരമായ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ സംവരണ വിഭാഗങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാനാടിസ്ഥാനത്തിലും സംഘടിക്കണം. സംവരണത്തെ സംരക്ഷിക്കാന്‍ തയ്യാറായി വരുന്ന എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ചേര്‍ന്നു നിന്നു കൊണ്ട് പാര്‍ട്ടികളുടെ നയം തിരുത്തുന്നതിനും, സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള നിലവിലെ സംവരണവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സാമൂഹിക സമത്വവും, നീതിയും ഉറപ്പു വരുത്തുന്നതിനുമുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കണമെന്നും പുന്നല ആവശ്യപ്പെട്ടു. നീതിന്യായ പീoത്തെ സമീപിക്കേണ്ടുന്ന സാഹചര്യത്തെക്കുറിച്ചും ആലോചിക്കേണ്ടിവരുമെന്നും പുന്നല പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018