Keralam

മുന്നാക്ക സംവരണം, ക്രീമീ ലെയര്‍: നിലപാട് വിശദീകരിച്ച് വിഎസിന്റെ ലേഖനം; സാമ്പത്തിക സംവരണത്തെ പുകഴ്ത്തി വാഴ്ത്തുന്നവര്‍ വഞ്ചകര്‍

ബിജെപി സര്‍ക്കാരിന്റെ സംവരണ ബില്ലിനെ അനുകൂലിച്ചവരെ വിമര്‍ശിച്ച് വിഎസ് അച്യുതാന്ദന്‍. സംവരണ ബില്ലിനെ പുകഴ്ത്തി വാഴ്ത്തിയവരെ വഞ്ചകരെന്നുവേണം വിശേഷിപ്പിക്കേണ്ടതെന്ന്‌ വിഎസ് പറഞ്ഞു. ജാതി ഉന്മൂലനം ലക്ഷ്യമാക്കി കാര്‍ഷികവിപ്ലവത്തിലൂടെ വിമോചനം കാംക്ഷിക്കുന്ന ദളിത്-ആദിവാസി പിന്നാക്ക ജാതികളില്‍പ്പെട്ട പാര്‍ശ്വവത്കൃത ജനതയ്ക്കുനേരെ പതിയിരുന്നുള്ള ഒരു ചതിയാക്രമണമായിരുന്നു ഈ നിയമനിര്‍മാണമെന്നും അദ്ദേഹം വിവരിച്ചു.

മാതൃഭൂമി പത്രത്തിലെഴുതിയ ‘സംവരണലക്ഷ്യം അട്ടിമറിക്കപ്പെടുമ്പോള്‍’ എന്ന ലേഖനത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലേഖനത്തിന്റെ പൂര്‍ണരൂപം;

സംവരണലക്ഷ്യം അട്ടിമറിക്കപ്പെടുമ്പോള്‍

ദേശീയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹികനീതിയുടെയും പ്രശ്‌നങ്ങളെ വിപ്ലവപരിപാടിയില്‍ ഇഴചേര്‍ത്ത അന്നുമുതല്‍ ഈ കാഴ്ചപ്പാടോടെയാണ് കമ്യൂണിസ്റ്റുകാര്‍ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാതരം അവകാശസമരങ്ങളെയും സമീപിച്ചത്. പരിഷ്‌കാരങ്ങളെ സാമൂഹികവിപ്ലവത്തിനായുള്ള വര്‍ഗസമരത്തിന്റെ അടവുപരമായ പടവുകളായി പാര്‍ട്ടി കണ്ടു. പിന്നീട്, ഈ വീക്ഷണം 1964-ല്‍ രൂപംകൊണ്ട സി.പി.എമ്മിന്റെ പരിപാടിയുടെ ജീവനാഡിയായി.

ജാതിവ്യവസ്ഥയിലൂടെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സാമൂഹികനീതിക്കായുള്ള അവകാശത്തിന്റെ ഭാഗമായ ആശ്വാസമാണ് സംവരണം. ഈ ആശ്വാസത്തിലൂടെമാത്രം വിമോചനമുണ്ടാവില്ല. സമഗ്രമായ ഭൂപരിഷ്‌കരണമുള്‍പ്പെടെയുള്ള കാര്‍ഷികവിപ്ലവത്തിലൂടെയേ അതിനാവൂ. അതിനാല്‍ സംവരണത്തെ, ജാതിവേലികള്‍ ഉറപ്പിക്കാന്‍വേണ്ടി, ജാതിവോട്ടുബാങ്കുകളില്‍ കണ്ണുനട്ടുകൊണ്ട് ഒരു പ്രതിലോമ ആയുധമായി ഉപയോഗിക്കുന്നതിനെ ചെറുക്കണം. പിന്നാക്കസമുദായങ്ങള്‍ക്കുള്ള സംവരണവിഷയത്തില്‍ ആ സമുദായങ്ങള്‍ക്കുള്ളില്‍ ഏറ്റവും ദരിദ്രര്‍ക്ക് മുന്‍ഗണന കിട്ടാവുന്ന തരത്തില്‍മാത്രമേ ക്രീമിലെയര്‍ വേര്‍തിരിവ് ഉപയോഗിക്കാവൂ. അല്ലാതെ ക്രീമിലെയറുകാരെ മുച്ചൂടും സംവരണത്തിന് പുറത്താക്കുന്ന നയം പാടില്ല.

50 ശതമാനത്തില്‍ സംവരണം നിജപ്പെടുത്തിയ സുപ്രീംകോടതിവിധി പൊതുമാനദണ്ഡമാക്കണം. കാലങ്ങളായി അതിലേറെ സംവരണം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കുമാത്രമേ അതില്‍ ഇളവുനല്‍കാവൂ. ദളിത് ക്രൈസ്തവര്‍ക്കുകൂടി സംവരണം നല്‍കണം. ഇത്രയും കാര്യങ്ങള്‍ സുപ്രീംകോടതിവിധി വന്നശേഷം ചേര്‍ന്ന പതിനഞ്ചാം പാര്‍ട്ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തില്‍ തീരുമാനിച്ചവയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് ‘ദ മാര്‍ക്‌സിസ്റ്റ്’ എന്ന പാര്‍ട്ടിപ്രസിദ്ധീകരണത്തില്‍ എഴുതുകയുണ്ടായി.

‘ഉത്തരാഖണ്ഡിലേതുപോലെ, സവര്‍ണരെന്ന് വിളിക്കപ്പെടുമ്പോഴും ഹീനമായ തൊഴിലുകള്‍ ചെയ്യുന്ന ചില ദരിദ്രവിഭാഗങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍വേണം. അതാകട്ടെ, ദേശീയ കൂടിയാലോചനകളിലൂടെമാത്രമേ നടപ്പാക്കാവൂ’ എന്നാണ് അദ്ദേഹം എഴുതിയത്. പതിനഞ്ചാം പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ ഈ സുചിന്തിതനയത്തില്‍നിന്നുകൊണ്ട് മോദി സര്‍ക്കാരും ഇതര ബൂര്‍ഷ്വാപാര്‍ട്ടികളും കൈക്കൊള്ളുന്ന സാമ്പത്തികസംവരണവാദത്തെ എതിര്‍ത്തുതോല്‍പ്പിക്കുകയാണ് വേണ്ടത്.

അഞ്ച് സംസ്ഥാനനിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തോറ്റ് മണ്ണുകപ്പിയപ്പോള്‍ എങ്ങനെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതട്ടാനായി പുറത്തെടുക്കുന്ന മേല്‍ജാതി പ്രീണനഗിമ്മിക്കുകളാണ് സവര്‍ണര്‍ക്കുള്ള സംവരണവും രാമക്ഷേത്ര നിര്‍മാണവുമെല്ലാം. അത് മോദി സര്‍ക്കാരിന്റെ പതിനൊന്നാം മണിക്കൂര്‍ ബില്ലിന്റെ രൂപത്തിലാണ് അവതരിച്ചത്. കൂടിയാലോചനയോ മുന്നറിയിപ്പോ ഇല്ലാതെ, മണ്ണപ്പം ചുടുന്നതുപോലെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമാണ് ബില്ല് കൊണ്ടുവരുന്നത്.

സിപിഎം പൊളിറ്റ്ബ്യൂറോ ഇക്കാര്യങ്ങള്‍ പൊതുവില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസ്താവനയിറക്കുകയുണ്ടായി. സംവരണത്തിന്റെ ചാമ്പ്യന്മാരായി മേനിനടിച്ചിരിക്കുന്ന ബി.എസ്.പി, എസ്.പി എന്നിങ്ങനെയുള്ള പ്രതിപക്ഷകക്ഷികളെല്ലാംതന്നെ പൊടുന്നനെ, ചെന്നായ വന്നാല്‍ ആട്ടിന്‍പറ്റം ചിതറിയോടുന്ന അവസ്ഥയിലായി. മോദിസര്‍ക്കാരിന്റെ ബില്ലിനെ പുകഴ്ത്തുന്നതില്‍ അവര്‍ മത്സരിച്ചു. ലോക്സഭയില്‍ പാസായ ബില്‍ രാജ്യസഭയിലെത്തിയപ്പോള്‍ ആം ആദ്മിയും ആര്‍.ജെ.ഡി.യുംമറ്റും ലോക്സഭയില്‍ തങ്ങള്‍ക്ക് 'കൈത്തെറ്റ് പറ്റി'യെന്നുപറഞ്ഞ് ഇറങ്ങിപ്പോയി. അണ്ണാ ഡി.എം.കെ.യും സി.പി.ഐ.യും ഇറങ്ങിപ്പോയി. ബില്‍ വെറുമൊരു തിരഞ്ഞെടുപ്പുതന്ത്രമാണെന്നും സര്‍വമാന ധനികസവര്‍ണരെയും സഹായിക്കുംവിധത്തില്‍ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്നും സി.പി.എം. പ്രതിനിധി ചര്‍ച്ചയില്‍ ഉന്നയിക്കുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും അതൊന്നും ചെവിക്കൊള്ളാനോ പരിഗണിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല.

ജാതി ഉന്മൂലനം ലക്ഷ്യമാക്കി കാര്‍ഷികവിപ്ലവത്തിലൂടെ വിമോചനം കാംക്ഷിക്കുന്ന ദളിത്-ആദിവാസി പിന്നാക്ക ജാതികളില്‍പ്പെട്ട പാര്‍ശ്വവത്കൃത ജനതയ്ക്കുനേരെ പതിയിരുന്നുള്ള ഒരു ചതിയാക്രമണമായിരുന്നു ഈ നിയമനിര്‍മാണം. സംവരണ ബില്ലിനെ പുകഴ്ത്തി വാഴ്ത്തിയവരെ വഞ്ചകരെന്നുവേണം വിശേഷിപ്പിക്കാന്‍. സംവരണത്തെ അപ്പാടെ അട്ടിമറിക്കുന്ന ഈ നിയമത്തിനെതിരേ നിയമപരമായതടക്കമുള്ള എല്ലാ സമരങ്ങളും നടത്താന്‍ തൊഴിലാളിവര്‍ഗ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018