Keralam

പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത പതിന്നാലുകാരിയുടെ അമ്മ പറയുന്നു: ഞങ്ങളെയും കൊല്ലുമെന്ന് അവള്‍ ഭയന്നു, ടീച്ചർമാർ കുട്ടിയോട് പറയരുതാത്തത് പറഞ്ഞു

മരണക്കിടക്കയിൽ വെച്ചാണ് വർഷങ്ങളായി നേരിടുന്ന ലൈംഗിക പീഡനത്തെ കുറിച്ചും സ്കൂളിൽ നിന്നുണ്ടായ അവഹേളനങ്ങളെ കുറിച്ചും പെൺകുട്ടി പറഞ്ഞത്

കൊച്ചി കോന്തുരുത്തി സ്വദേശിനിയായ പതിന്നാലുകാരി തീ കൊളുത്തി മരിച്ചതിനു പിന്നിൽ ലൈംഗിക പീഡനവും സ്കൂളിൽ നിന്നുള്ള അവഹേളനവുമെന്ന് മാതാപിതാക്കൾ. പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരണക്കിടക്കയിൽ വെച്ച് പെൺകുട്ടി പറഞ്ഞതായി മാതാപിതാക്കൾ ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

2019 ജനുവരി എട്ടിനാണ് വീടിനകത്തെ കുളിമുറിയിൽ വച്ച് പെൺകുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തൊണ്ണൂറ്റഞ്ച് ശതമാനം പൊള്ളലേറ്റ കുട്ടി ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ് 14-ാം തിയ്യതി മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും മടക്കിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സ ലഭിച്ചത്. തീവ്രവേദന അനുഭവിച്ച് അവിടെ കഴിയവെയാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തെ കുറിച്ച് ബന്ധുക്കളോടും പോലീസിനോടും കുട്ടി വിവരിക്കുന്നത്.

പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടി.ഡി.ബിജു, സിറിൾ, നന്ദു എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. അയൽവാസിയായ ബിജു വർഷങ്ങളായി കുട്ടിയോട് ലൈംഗികാതിക്രമങ്ങൾ ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ മാതാപിതാക്കളെ അപകടപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് കാര്യങ്ങൾ മറച്ച് വെച്ചതെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞു.ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്ന നാൽവർ സംഘവും ഭീഷണിപ്പെടുത്തിയിരുന്നു

എൻറെ മോൾ കിടക്കയിൽ വെച്ച് പറഞ്ഞത് ഞാൻ അച്ഛനേം അമ്മയേം രക്ഷിച്ചില്ലേന്നാണ്. എൻറെ അഭിമാനം പോയി. ഇനി ഞാനെന്തിനാ ജീവിക്കുന്നേ. ആൾക്കാര് പറയും, ഞാനാ ചീത്തയെന്ന്. എല്ലാവരും അവനേ സപ്പോർട്ട് കൊടുക്കുകയൊള്ളു എന്നൊക്കെ പറഞ്ഞു. ഈ പിള്ളേര് സന്ദീപും, അലക്സു, കെവിനും നെഞ്ചിന് അടിക്കേം കടിക്കേം കരണത്തടിക്കേം ഒക്കെ ചെയ്യുമായിരുന്നു. അവരും പറഞ്ഞ് കൊല്ലുമെന്ന്. സന്ധ്യക്ക് വരുമ്പൊ വഴിയിൽ വച്ച് വലിച്ച് കീറുമായിരുന്നെന്ന്. ഇതൊക്കെ കൊച്ച് സഹിച്ചത് ഞങ്ങടെ ജീവൻ രക്ഷിക്കാനാണ്.
പെൺകുട്ടിയുടെ അമ്മ
അവനെ, ബിജുവിനെ കൊന്നേക്ക് സാറേ എന്നാണ് മോള് പോലീസുകാരോട് പറഞ്ഞത്. അപ്പോൾ അവനെത്ര ഉപദ്രവിച്ച് കാണണം. രണ്ട് വർഷങ്ങൾക്ക് മുമ്പ് പീഡിപ്പിച്ചെന്നാണ് പോലീസ് എഴുതിയത്. ഈ കാലം വരെ ഫോട്ടോയെടുത്ത് വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ചൈൽഡ് ലൈൻകാർ വന്നപ്പോൾ അവൾ ഈ കാര്യം പറഞ്ഞിരുന്നു. അന്ന് നല്ല ആൾക്കാരെ പറ്റി എന്തിനാ അപവാദം പറയുന്നതെന്ന് ചോദിച്ച് ടീച്ചർ ചീട്ട് കീറിക്കളഞ്ഞു. 
പെൺകുട്ടിയുടെ അമ്മ
കേസിലെ എഫ് ഐ ആർ  
കേസിലെ എഫ് ഐ ആർ  

പെരുമാനൂർ സെൻറ് തോമസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച പെൺകുട്ടി. സ്കൂളിലെ ഷൈനി എന്ന അധ്യാപികയിൽ നിന്നും ഹെഡ്മിസ്ട്രസ്സിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും ഉണ്ടായതായും പെൺകുട്ടി പറഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങൾ ആർത്തവ അസ്വസ്ഥതകൾ മൂലം പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. അവധി കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ അധ്യാപകർ മോശമായി പെരുമാറിയതായും അമ്മ പറയുന്നു. അന്ന് വൈകീട്ടാണ് കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

അച്ഛനും എനിക്കും പനിയായിരുന്നു. കൊച്ച് വയറുവേദനയായിട്ട് ഇവിടെ കിടക്കായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് സ്കൂളിൽ ചെന്നപ്പോൾ ഇവൾ ക്ളാസിൽ വരാറില്ല, ആണുങ്ങളുടെ കൂടെ കറങ്ങാൻ പോയിരിക്കുകയാണ് എന്നൊക്കെ ടീച്ചർ പറഞ്ഞു. ഒരു ടീച്ചർമാരും അങ്ങനെ പറയാമോ? അവർക്കറിയാത്ത കാര്യങ്ങൾ പറയുന്നതെന്തിനാണ്.
പെൺകുട്ടിയുടെ അമ്മ

എന്നാൽ പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ നിന്ന് സെൻറ്‌ തോമസ് സ്കൂളിലെ അധ്യാപകർ പുറത്താണ്. എഫ്.ഐ.ആറിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് മാത്രമാണ് അധ്യാപികയെ പരാമർശിക്കുന്നത്. അന്വേഷണം നടക്കുകയാണെന്നും അധ്യാപകരുടെ പേരിൽ ഇത് വരെ കേസെടുത്തിട്ടില്ലെന്നും എറണാകുളം സൗത്ത് സബ് ഇൻസ്പെക്ടർ സിബി ടോം ന്യൂസ്റെപ്റ്റിനോട് പറഞ്ഞു.

പെരുമാനൂർ സെൻറ് തോമസ് ഹൈസ്കൂൾ
പെരുമാനൂർ സെൻറ് തോമസ് ഹൈസ്കൂൾ

പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണങ്ങളിൽ പെരുമാനൂർ സെൻറ് തോമസ് സ്കൂൾ ഹെട്മിസ്ട്രസ്സ് പ്രതികരിച്ചതിങ്ങനെ.

'ഞങ്ങളുടെ രേഖകൾ പ്രകാരം പെൺകുട്ടി എസ്.സി സമുദായത്തിൽ പെട്ട ആളല്ല. പിന്നെയെങ്ങനെ ജാതി അധിക്ഷേപം നടത്തും?'

ആർത്തവാസ്വസ്ഥതകൾ മൂലം സ്കൂളിൽ വരാതിരുന്ന കുട്ടിയെ ആണുങ്ങൾക്കൊപ്പം കറങ്ങാൻ പോയെന്നാരോപിച്ച് മാനസികമായി പീഡിപ്പിച്ചതും ഇവർ നിഷേധിച്ചു. എന്നാൽ സദാചാരപരമായ സംശയങ്ങൾ അവർ കുട്ടിയുടെ മേൽ പുലർത്തിയിരുന്നു എന്നുള്ള സൂചനകൾ സംസാരത്തിൽ ഉണ്ടായിരുന്നു.. പെൺകുട്ടിയുടെ അച്ഛൻ വിശ്വകർമ്മ സമുദായത്തിലും അമ്മ ദളിത് സമുദായത്തിലും പെട്ട ആളാണ്. കോന്തുരുത്തി സ്വദേശിനിയായ ആരോപണ വിധേയയായ അദ്ധ്യാപികക്ക് ദളിത് പശ്ചാത്തലത്തെ കുറിച്ച് അറിവുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

ഉന്നതവിദ്യാഭ്യാസത്തിനുള്ള ഒരു കോച്ചിങ്ങിന് പ്രവേശനം ലഭിച്ച പെൺകുട്ടി ഇതിനായി 15000 രൂപ ഫീസടച്ചത് അറിഞ്ഞപ്പോളാണ് ജാതീയമായി അവഹേളിച്ചതെന്ന് അമ്മ വിശദമാക്കി.

പെലയൻജാതിക്ക് എവിടന്നാടി കാശ്?നിനക്കൊക്കെ ഇതിനും മാത്രം കാശ് എവിടെന്നിരിക്ക്ണ്? ദാരിദ്ര്യത്തിൽ മറ്റുള്ളവരെ തെണ്ടി ജീവിക്കണ നിനക്കൊക്കെ എവിടന്നാണിത്ര കാശ് എന്നാണ് ഷൈനി മിസ്സ് ചോദിച്ചത്.

കേസിൽ പോലീസിൻറേയും പ്രദേശത്തെ കൗൺസിലറുടേയും ഇടപെടലുകളിലും ബന്ധുക്കൾക്ക് സംശയമുണ്ട്. ബിജുവിന് വേണ്ടി കൗൺസിലർ പോലീസ് സ്റ്റേഷനിൽ ചെന്നതായി ഇവർ ആരോപിക്കുന്നു. ഇജു കെവിൻ, അലക്സ്, സന്ദീപ്, അലൻ, അച്ചു എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ പ്രകാരം കേസുള്ളത്. ഇതിൽ ബിജുവിൻറെ പേരാണ് ഇജു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അലൻ എന്നയാൾ ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ ഇല്ല എന്നും പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. അന്വേഷണം ദുർബലപ്പെടാത്തി പ്രതികളെ രക്ഷപ്പെടാൻ പോലീസ് അനുവദിക്കും എന്ന ആശങ്ക പെൺകുട്ടിയുടെ കുടുംബത്തിനുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018