കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ കുസാറ്റില്‍ വടക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നടത്താനിരുന്ന സരസ്വതി പൂജയ്ക്ക് അനുമതി നല്കാന് കഴിയിയില്ലെന്ന് വ്യക്തമാക്കി വൈസ് ചാന്‍സലര്‍. സര്‍വകലാശാല ഒരു മതേതര സ്ഥാപനമാണെന്നും അതിനാല്‍ യാതൊരുവിധ മത ആചാരങ്ങള്‍ക്കും അനുമതി നല്കാന് കഴിയില്ലെന്നു പറഞ്ഞാണ് ചാന്സ്ലര് കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിലെ ക്യാംപസുകളില്‍ സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ചത്.
ഫെബ്രുവരി ഒന്നിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തു വിട്ട നോട്ടീസിലാണ് ഇതു സബന്ധിച്ച അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. നമ്മുടെ സര്‍വകലാശാല ഒരു മതേതര സ്ഥാപനമാണെന്നും അതിനാല്‍ ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ അപേക്ഷയ്ക്ക് വൈസ്ചാന്സ്ലര് അനുമതി നല്‍കിയില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒരുമതത്തിന്റേയും പരിപാടികളും മത അനുഷ്ഠാനങ്ങളും ക്യാംപസിന്റെ അകത്തുവെച്ച് നടത്താന്‍ അനുമതി നല്കാന് കഴിയില്ലെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കുസാറ്റിന്റെ ആലപ്പുഴയിലുള്ള ക്യംപസില്‍ ഒരു പരിപാടിയില്‍ ബീഫ് കട്ടലൈറ്റ് വിതരണം ചെയ്തുവെന്ന് ആരോപണമുന്നയിച്ചതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് 2018 ജനവരി 25 ന് ക്യാംപസ് അടച്ചിട്ടിരുന്നു. ക്യാംപസില്‍ സെമിനാര്‍ നടക്കുന്നതിനിടയില്‍ തങ്ങളോട് വെജിറ്റേറിയന്‍ കട്ട്ലൈറ്റ് എന്നു പറഞ്ഞ് ബീഫ് കട്ട്ലൈറ്റ് വിതരണം ചെയ്തു എന്നായിരുന്നു ഒരു വിഭാഗം നോര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അന്ന് ആരോപണമുന്നയിച്ചത്.
എന്നാല്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജനുവരി 22 ന് ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുമതി ചോദിച്ചിരുന്നുവെന്നും പരിപാടിക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് കട്ട്ലൈറ്റ് ആരോപണം എന്നുമായിരുന്നു മറുവിഭാഗം ആരോപിച്ചത്.