ശബ്ദങ്ങളുടെ ലോകം പരിചയപ്പെട്ട് വരുന്നതിനിടെ ശ്രവണസഹായി കളഞ്ഞു പോയ സങ്കടത്തിലായിരുന്നു രണ്ട് വയസ്സുകാരി നിയമോൾ. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന പുതിയ ശ്രവണോപകരണങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാതെ നിന്ന നിയമോളുടെ കുടുംബത്തിലേക്ക് സ്പീച്ച് പ്രൊസസ്സറുമായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെത്തി. താൽക്കാലിക ഉപയോഗത്തിനായി സർവ്വീസ് ചെയ്ത സ്പീച്ച് പ്രൊസസ്സറാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഒരാഴ്ചക്കകം പുതിയ ഉപകരണം നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കണ്ണൂർ പെരളശ്ശേരി സ്വദേശികളായ രാജേഷിൻറെയും അജിതയുടേയം മകളാണ് നിയശ്രീ. ജന്മനാ കേൾവിക്കുറവുള്ള കുട്ടി മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കോക്ളിയർ ഇംപ്ളാൻറേഷൻ ശസ്ത്രക്രിയയിലൂടെ കടന്നുപോയത്. അതിനു ശേഷം ശ്രവണോപകരണങ്ങളുടെ സഹായത്തോടെ ശബ്ദങ്ങൾ കേൾക്കാനും ചെറിയ വാക്കുകൾ പറയാനും തുടങ്ങിയിരുന്നു. അച്ഛനേയും അമ്മയേയും വിളിക്കാൻ പരിചയിച്ച് വരുന്നതിനിടെയാണ് ഉപകരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞ് പോയത്.
ഫെബ്രുവരി രണ്ടാം തിയ്യതി നിയയും അമ്മയും ചികിത്സാവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുകയായിരുന്നു. ചെന്നൈ എഗ്മൂൽ ഏക്സ്പ്രസ്സിലെ തിരക്കിനിടയിൽ അജിത തൻറെ ബാഗ് ലേഡീസ് കംപാർട്ട്മെൻറിൽ തൂക്കിയിട്ടു. ഇവിടെ നിന്നും മോഷണം പോയ ബാഗിലാണ് നിയമോളുടെ ശ്രവണോപകരണങ്ങൾ ഉണ്ടായിരുന്നത്. ഇതില്ലാതായതോടെ ശബ്ദങ്ങൾ കേൾക്കാതായ കുട്ടി ബുദ്ധിമുട്ടിലായി.
വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിന് ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഒരു തവണ കൂടി വാങ്ങുന്നതിൻറെ സാമ്പത്തികഭാരം താങ്ങാനാകുമായിരുന്നില്ല. മാധ്യമങ്ങളിലൂടെ നിയമോളുടെ സങ്കടം പുറത്ത് വന്നതിന് പിന്നാലെയാണ് സഹായവുമായി സാമൂഹ്യക്ഷേമ വകുപ്പെത്തിയത്. ഇന്ന് വൈകീട്ടാണ് മന്ത്രി കെ.കെ. ശൈലജ ചാലക്കുന്നിലുള്ള നിയമോളുടെ വീട്ടിലെത്തി ഉപകരണങ്ങൾ സമ്മാനിച്ചത്. സാമൂഹ്യസുരക്ഷാ മിഷൻ വഴി വീ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്പീച്ച് പ്രൊസസ്സർ നൽകുന്നത്.
സർക്കാർ സഹായത്തോടെയാണ് നിയമോൾക്ക് കോക്ളിയർ ഇംപ്ളാൻറേഷൻ ശസ്ത്രക്രിയ നടന്നത്. എട്ട് ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സയാണിത്.