ദേവീകുളം സബ്കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്. റവന്യു വകുപ്പ് സബ്കളക്ടര്‍ക്ക് ഒപ്പമുണ്ടാകും. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം അവര്‍ പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എംഎല്‍എ എസ് രാജേന്ദ്രനെ തള്ളി സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എ നടത്തിയ പരാമര്‍ശം ശരിയല്ല. മൂന്നാറില്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമെന്ന് വ്യക്തമായിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെക ശിവരാമന് പ്രതികരിച്ചിരുന്നു.
മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടറുടെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ വാദം.
തുടര്‍ന്ന് സബ് കളകടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചും എംഎല്‍എ ആക്ഷേപിച്ചിരുന്നു. രേണു രാജ് മോശമായി പെരുമാറിയെന്നും എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.
രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്.
സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും പ്രതികരിച്ചിരുന്നു.