ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഭയില്‍ ഭിന്നത മുറുകവെ, കുറവിലങ്ങാട് മഠത്തില്‍ത്തന്നെ തുടരുമെന്ന് വ്യക്തമാക്കി സിസ്റ്റര്‍ അനുപമ. രൂപതാ വക്താവിന്റെ വാര്‍ത്താക്കുറിപ്പ് അംഗീകരിക്കില്ല. അഡ്മിനിസ്ട്രേറ്റര്‍ക്ക് സന്യാസി സമൂഹത്തിന്റെ കാര്യങ്ങളില്‍ ഇടപെടാം. ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ശക്തനാണെന്ന് തെളിയുകയാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോയുടെ വലംകയ്യാണ് പീറ്റര്‍ കാവുംപുറം. ഒരു ബിഷപ്പിന്റെ ഉത്തരവിനെ തള്ളിയുള്ള പിആര്‍ഒയുടെ പ്രസ്താവനയെ ഞങ്ങള്‍ അംഗീകരിക്കില്ല. ഒരു പുരോഹിതന് ബിഷപ്പിനെ തിരുത്തുന്നത് സഭയില്‍ പതിവില്ലാത്തതാണ്. ഫ്രാങ്കോ ഇപ്പോഴും ശക്തനാണ് എന്നതിന്റെ തെളിവാണ് ഇത്.സിസ്റ്റര്‍ അനുപമ
ശനിയാഴ്ചയാണ് ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് കന്യാസ്ത്രീകളോട് സ്ഥലം മാറണ്ട എന്നറിയിച്ചത്. കേസ് അവസാനിക്കുന്നതുവരെ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരാന്‍ ആവശ്യപ്പെട്ട് ബിഷപ്പ് കന്യാസ്ത്രീമാര്‍ക്ക് ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു. മഠത്തില്‍ തുടരാമെന്ന് അറിയിച്ച് ജലന്ധര്‍ രൂപതയുടെ ചുമതലയുളള ബിഷപ്പ് തങ്ങള്‍ക്ക് കത്ത് അയച്ചെന്ന് സിസ്റ്റര്‍ അനുപമയും വ്യക്തമാക്കിയിരുന്നു.
പിന്നീടാണ് സഭയ്ക്കുള്ളിലെ ഭിന്നത വ്യക്തമാക്കി കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന പ്രസ്താവനയുമായി ജലന്ധര്‍ രൂപതാ പിആര്‍ഒ രംഗത്തെത്തിയത്. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ സാധാരണ രൂപത അദ്ധ്യക്ഷന്‍ ഇടപെടാറില്ലെന്നും രൂപത ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന്റെ നിയന്ത്രണത്തിലാണെന്നുമായിരുന്നു പിആര്‍ഒ പീറ്റര്‍ കാവുംപുറത്തിന്റെ വാദം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മദര്‍ ജനറലിന്റേതാണ്. കന്യാസ്ത്രീകള്‍ക്ക് സ്ഥലംമാറ്റം നല്കുകയല്ല ചെയ്തത്. ഇവരോട് മഠങ്ങളിലേക്ക് തിരികെ പോകാന്‍ ക്ഷണിക്കുകയാണ് ചെയ്തതെന്നും പിആര്‍ഒ അവകാശപ്പെട്ടു.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച്, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. സമരത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ജോസഫിന്, ആല്‍ഫി, നീന റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കേരളത്തിന് പുറത്തേക്ക് മാറ്റിയായിരുന്നു മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീന കടംതോട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ലംഘിച്ചെന്നും കാണിച്ചാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു.സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു.