ദേവികുളം സബ് കളക്ടറെ അനധികൃത നിര്‍മ്മാണം തടഞ്ഞതിന്റെ പേരില്‍ ദേവികുളം എംഎല് എസ്.രാജേന്ദ്രന് അധിക്ഷേപിച്ച സംഭവത്തില്‍ സബ്കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതു നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ചാണെന്ന് ഇടുക്കി കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി.
പൊതുജന മധ്യത്തില്‍ തന്നെപറ്റി ദേവികുളം എംഎല്‍എ മോശമായി സംസാരിക്കുകയും ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവഹേളിച്ചുവെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇടുക്കി കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സബ് കളക്ടര്‍ ചെയ്ത ഓരോ നടപടിയും വിശദീകരിച്ച് അത് ശരിയാണെന്ന രീതിയിലാണ് കളക്ടര്‍ റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്തെ നിര്‍മ്മാണം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇടുക്കി കളക്ടര്‍ ചൂണ്ടിക്കാട്ടി. രാജേന്ദ്രന് എംഎല്‍എയുടെ അധിക്ഷേപത്തിനെതിരെ രേണുരാജ് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ദേവികുളം സബ്കലക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ചു കലക്ടറുടെ റിപ്പോര്‍ട്ട്.
സബ്കളക്ടറെ പിന്തുണച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും റവന്യു വകുപ്പും രംഗത്തുവന്നിരുന്നു. നിയമത്തിനെതിരായി രേണുരാജ് ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയുള്ള കെട്ടിട നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതിനാണ് എംഎല്‍എ സബ്കളക്ടറെ അധിക്ഷേപിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇങ്ങനെ.
മുതിരപ്പുഴയാറിന് ഇരു ഭാഗത്തേക്കും 50 യാഡ് വിട്ടശേഷമേ നിര്‍മാണം അനുവദിക്കാവൂ. മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ വെള്ളം കയറുകയും ഏതാണ്ട് രണ്ടാഴ്ചയോളം ഈ ഭാഗം വെള്ളത്തില്‍ മുങ്ങി കിടന്നിരുന്നതുമാണ്.
സര്‍ക്കാര്‍ പാട്ടത്തിനു നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു.
ഹൈക്കോടതിയുടെ ഉത്തരവിനു വിരുദ്ധമായി, പുഴപുറമ്പോക്കില്‍നിന്ന് 50 യാഡ് ദൂരപരിധി പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ അതു വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുമെന്നും കളക്ടര്‍ റവന്യൂ സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.