എകെ ആന്റണിയുടെ മകന് കോണ്‍ഗ്രസിന്റെ കേരള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മറ്റിയോട് വിശദീകരണം ചോദിച്ച് കെഎസ്യു സംസ്ഥാന നേതൃത്വം. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനില്‍ ആന്റണിയുടെ നിയമനം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും അഭിജിത് പറഞ്ഞു.
കെഎസ്യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് എ.കെ ആന്റണിയുടെ മകനടക്കമുളളവരെ ലക്ഷ്യംവെച്ചുളള പ്രമേയം അവതരിപ്പിച്ചത്. അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീതയിലെ ചോദ്യം ഉന്നയിച്ചാണ് പ്രമേയത്തില്‍ എ.കെ ആന്റണിയെ ലക്ഷ്യമിടുന്നത്.
സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും അനില്‍ ആന്റണിയുടെ പാര്‍ട്ടിയിലേക്കുളള വരവിനെ സൂചിപ്പിച്ച് പറയുന്നു. തലമുറ മാറ്റം പ്രസംഗത്തില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കണം. ചില കാരണവന്മാര് പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി തോമസായിരുന്നു ശരിയെന്നും കെഎസ്യു വ്യക്തമാക്കുന്നു.
അതേസമയം ഗുജറാത്തില്‍ സമാനപദവിയില്‍ തിളങ്ങിയതോടെ എഐസിസിയാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചതെന്ന് അഭിജിത് പറയുന്നു. നേതാക്കളുടെ മക്കള്‍ അനര്‍ഹമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നെങ്കില്‍ കെഎസ്യു അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ കഴിവും മികവും കണ്ടാണ് എഐസിസി നിയമനം നല്‍കിയത്. പാര്‍ട്ടി തെറ്റ് ചെയ്താല്‍ ചൂണ്ടികാണിക്കും. അനാവശ്യ പ്രമേയത്തിലൂടെ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ലെന്നും അഭിജിത് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിഷയത്തില്‍ കെഎസ്യുവിനോട് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ അപഹസിക്കുന്ന നടപടി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ഡിജിറ്റല്‍ മീഡിയ കണ്‍വീനറുടെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് ആന്റണിയുടെ മകന് പാര്‍ട്ടിയില്‍ അരങ്ങേറ്റം കുറിച്ചത്.ചില എംഎല്‍എമാരെ ഒഴിവാക്കി ആദ്യ പാര്‍ട്ടി പരിപാടി ആയിട്ടുപോലും അനിലിന് വേദിയില്‍ ഇരിപ്പിടം കൊടുത്തതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.
കെപിസിസി ഐടി സെല്‍ തലവനായി കോണ്‍ഗ്രസ് അനില്‍ ആന്റണിയെ നിയമിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇതെന്ന വാദങ്ങള്‍ ഉയര്‍ന്നത്. തന്റെ വരവിനെ മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റെയും നിര്‍ദ്ദേശാനുസരണമാണ് ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏറ്റെടുത്തതെന്നും അനില്‍ ആന്റണി പറയുകയും ചെയ്തിരുന്നു.