മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ദേവികുളം സബ്കളക്ടര്‍ രേണു രാജ് ആവശ്യപ്പെട്ട പ്രകാരം സിപിഐഎം എംഎല്‍എ രാജേന്ദ്രന് അടക്കം എട്ടു പേരെ എതിര്‍കക്ഷികളാക്കിയാണ് എജി ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
രേണുരാജിന്റെ സത്യവാങ്ങ്മൂലം ഉല്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങള്‍ സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം എജി തള്ളിയെങ്കിലും മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
വിഷയത്തില്‍ രേണു രാജിനെ പിന്തുണച്ച് കളക്ടര്‍ ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതു നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ചാണെന്നായിരുന്നു റിപ്പോര്‍ട്ട്. അനധികൃത നിര്‍മ്മാണം തടഞ്ഞതിന്റെ പേരില്‍ ദേവികുളം എംഎല് എസ്.രാജേന്ദ്രന് അധിക്ഷേപിച്ച സംഭവത്തിലും കളക്ടര്‍ സബ്കളക്ടര്‍ രേണുരാജിനെ പിന്തുണച്ചിരുന്നു.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്തെ നിര്‍മ്മാണം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇടുക്കി കളക്ടര്‍ ചൂണ്ടിക്കാട്ടി. രാജേന്ദ്രന് എംഎല്‍എയുടെ അധിക്ഷേപത്തിനെതിരെ രേണുരാജ് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ദേവികുളം സബ്കലക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ചു കലക്ടറുടെ റിപ്പോര്‍ട്ട്.
ഹൈക്കോടതിയുടെ ഉത്തരവിനു വിരുദ്ധമായി, പുഴപുറമ്പോക്കില്‍നിന്ന് 50 യാഡ് ദൂരപരിധി പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ അതു വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുമെന്നും കളക്ടര്‍ റവന്യൂ സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സബ്കളക്ടറെ പിന്തുണച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും റവന്യു വകുപ്പും രംഗത്തുവന്നിരുന്നു. നിയമത്തിനെതിരായി രേണുരാജ് ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയുള്ള കെട്ടിട നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതിനാണ് എംഎല്‍എ സബ്കളക്ടറെ അധിക്ഷേപിച്ചത്.