പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എസ്ഡിപിഐ വേദിയില്‍ സംസാരിച്ചതിന് സിപിഐഎമ്മിന് തന്നോട് രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും, കളളക്കേസില്‍ കുടുക്കിയതാണെന്നുമാണ് ഇയാളുടെ വാദം.
തിരുവനന്തപുരം തൊളിക്കോട് ജുമാ മസ്ജിദ് ഇമാം ആയിരുന്ന ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. വനിതാ സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മനഃപൂര്‍വ്വം ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. സ്കൂളില്‍ നിന്നും മടങ്ങിവരവെ വാഹനത്തിലാണ് കൊണ്ടുപോയത് എന്നും മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ലൈംഗിക പീഡനം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ വിതുര പൊലീസാണ് പോക്സോ ചുമത്തി കേസെടുത്തത്.
ഷഫീഖ് അല്‍ ഖാസിമിയെ സംഭവത്തെ തുടര്‍ന്ന് പളളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നല്കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇമാംസ് കൗണ്‍സില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഫെബ്രുവരി ആദ്യമാണ് പീഡനം നടന്നത്. ഉച്ചസമയത്ത് പ്രദേശത്തെ സ്കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ ഷഫീഖ് അല്‍ ഖാസിമി പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സില്‍ അടക്കം അച്ചടക്ക നടപടി സ്വീകരിച്ചത്. ഒളിവിലായ ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.