അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശേരിയില്‍ നിന്നും കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ. കുറ്റപത്രം പരിഗണിക്കുന്നതിനിടെയാണ് തലശ്ശേരി കോടതിയില്‍ സിബിഐ ആവശ്യമുന്നയിച്ചത്. എന്നാല്‍ സിബിഐ നിര്‍ദ്ദേശപ്രകാരമാണ് കേസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ എത്തിയതെന്ന് പ്രതിഭാഗം വാദിച്ചു.
സിബിഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിനാല്‍ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.കേസിന്റെ വാദവും ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിക്കുന്നത് ഫെബ്രുവരി 19ലേക്ക് കോടതി മാറ്റിവെച്ചു.
ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എവിടെ നടത്തുന്നുവെന്നതില്‍ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് പ്രതികരിച്ചു. സിബിഐയുടെ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ല. നിയമപരമായി അനുവദിക്കാവുന്ന കോടതികളിലേ വിചാരണ നടത്താവൂ. കേസിലെ ആദ്യ രണ്ട് സാക്ഷികള്‍ ലീഗ് പ്രവര്‍ത്തകരാണെന്നും ഇതില്‍ ഒരാളെ മാത്രം ചോദ്യം ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
ആദ്യം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അന്ന് സാക്ഷിമൊഴികള്‍ ദുര്‍ബലമാണെന്ന് അവരും കോടതിയെ അറിയിച്ചതാണെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന് അറിയിച്ചു.
അതേസമയം പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കോടതിയില്‍ എത്തിയിരുന്നില്ല. മറ്റൊരു പ്രതിയായ ടിവി രാജേഷ് എംഎല്‍എ കോടതിയില്‍ ഹാജരായിരുന്നു. ജയരാജന് 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റം ചുമത്തിയത്.
കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത് ആശുപത്രി മുറിയില്‍വച്ചാണെന്നും പി ജയരാജനും ടിവി രാജേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് സിബിഐ കണ്ടെത്തല്‍. അരിയില്‍ ലോക്കല്‍ സെക്രട്ടറി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നേദിവസം പി ജയരാജനും ടിവി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുശേഷം ഷുക്കൂറിനെ വധിച്ചെന്നാണ് കേസ്. സിപിഐഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന് കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.