National

ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രിം കോടതി അംഗീകാരം; ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്; ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു 

ആധാര്‍ കാര്‍ഡിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം. ചില മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആധാര്‍ കാര്‍ഡ് നടപ്പാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ കൈമാറാമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദ് ചെയ്തു. ആധാര്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമല്ല, ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി. ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടതില്ലെന്നും സുപ്രീം കോടതി.

തിരിച്ചറിയല്‍ രേഖ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശക്തിപകരും. എന്നാല്‍ സ്വകാര്യതയാണ് ഏറ്റവും പ്രധാനം. ആധാര്‍ നിയമത്തിലെ 33(2), 57 വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ വ്യക്തിയുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് മറ്റുള്ളവര്‍ക്ക് കൈമാറാം എന്ന് വ്യവസ്ഥയാണ് റദ്ദാക്കിയത്. സ്വകാര്യകമ്പനികള്‍ക്ക് വിവരം കൈമാറാമെന്ന വ്യവസ്ഥയും റദ്ദാക്കി.

അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ ആധാറിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കം മൂന്ന് പേരാണ് വിധി പ്രസ്താവിച്ചത്. ഭൂരിപക്ഷ വിധിയനുസരിച്ച് ആധാര്‍ കാര്‍ഡിന് സുപ്രീം കോടതി അംഗീകാരം നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് എകെ സിക്രിയുമാണ് ആധാറിന് അനുകൂല നിലപാടെടുത്തത്.

പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. ആധാറില്‍ മൂന്ന് വിധി പ്രസ്താവമാണ് ഉണ്ടായത്. വിധിപ്രസ്താവം തുടങ്ങിയത് ജസ്റ്റിസ് എകെ സിക്രിയാണ്. മൂന്ന് ജഡ്ജിമാര്‍ക്ക് വേണ്ടിയാണ് ജസ്റ്റിസ് എകെ സിക്രി വിധി വായിച്ചത്. 40 പേജാണ് വിധിപ്രസ്താവത്തിനുള്ളത്. മൂന്ന് ജഡ്ജിമാര്‍ക്ക് ആധാറില്‍ ഒരേ നിലപാടെന്നതിനാല്‍ ഇത് ഭൂരിപക്ഷ നിലപാടാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരുടെ വിധി കൂടിയാണ് സിക്രി വായിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഭൂഷണ്‍ എന്നിവര്‍ പ്രത്യേക വിധി വായിച്ചു.

ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിലെ നിര്‍ണായക പരാമര്‍ശങ്ങള്‍

  • ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്
  • ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം
  • ആധാര്‍ കാര്‍ഡിന്റെ വ്യാജന്‍ ഉണ്ടാക്കാന്‍ സാധ്യതല്ല
  • ആധാര്‍ കാര്‍ഡ് പ്രയോജനപ്രദം.
  • ആധാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശാക്തീകരണം നല്‍കും
  • ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ ബാധകമാക്കരുത്.
  • മൊബൈല്‍ കണക്ഷനും ആധാര്‍ ബാധകമാക്കരുത്, ഇത് ഭരണഘടന വിരുദ്ധമെന്ന് കോടതി
  • പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം
  • 99 ശതമാനം പേരും ഇതിന്റെ ഭാഗമായി, ഇനി അത് റദ്ദാക്കാനാവില്ല.
  • ആധാര്‍ സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കാനാവില്ല.
  • എല്ലാ വിവരങ്ങളും ആധാറിന് വേണ്ടി ശേഖരിക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി
  • പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്.
  • ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിടാമെന്ന വ്യവസ്ഥ റദ്ദാക്കി.
  • കോര്‍പ്പറേറ്റുകള്‍ക്ക് വിവരങ്ങള്‍ അവകാശപ്പെടാമെന്ന വ്യവസ്ഥയും റദ്ദാക്കി.
  • സിബിഎസ്ഇ, നീറ്റ്, യുജിസി, നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളിലായിരുന്നു വിധി പ്രഖ്യാപനം. 38 ദിവസമാണ് സുപ്രീം കോടതി ആധാറില്‍ വാദം കേട്ടത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്.

കഴിഞ്ഞ ജനുവരിയിലാണ് വാദം സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് കേട്ടു തുടങ്ങിയത്. നാല് മാസം വാദം നീണ്ടു.

കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ എസ് പട്ടുസ്വാമിയുടെയും മറ്റ് 26 പേരുടെയും ഹര്‍ജിയാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ഇരുപക്ഷത്തുമായി പ്രമുഖരായ നിരവധി അഭിഭാഷകരാണ് വാദപ്രതിവാദങ്ങള്‍ക്കായി അണിനിരന്നത്‌

പ്രധാനമായും സ്വകാര്യത, വിവര സംരക്ഷണം, നിരീക്ഷണം, തുടങ്ങിയ കാര്യങ്ങളുമായി കേന്ദ്രീകരിച്ചാണ് കേസില്‍ വാദം നടന്നത്.

നേരത്തെ കോടതി സ്വകാര്യത ഭരണഘടനാ സംരക്ഷണമുള്ള അവകാശമാണോ എന്ന് തീരുമാനിക്കാന്‍ ഒമ്പതംഗ ഭരണഘടന ബഞ്ചിനെ നിയമിച്ചിരുന്നു. സ്വകാര്യത ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്നായിരുന്നു ആ ബഞ്ചിന്റെ കണ്ടെത്തല്‍. ഒമ്പതംഗ ബഞ്ചാണ് ഏകകണ്ഠമായി സ്വകാര്യത മൗലിക അവകാശമാണെന്നും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21 -ാം ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നതുമാണെന്ന് കണ്ടെത്തിയത്. നേരത്തെ ഇക്കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് കോടതി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഈ വിധി വന്നതോടെ ആധാറിന് വേണ്ടിയുള്ള വാദങ്ങള്‍ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന പ്രതീക്ഷയാണ് ഹര്‍ജിക്കാര്‍ക്ക് ഉണ്ടായത്.

പ്രധാനമായും ആധാര്‍ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണോ എന്നാണ് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് പരിശോധിച്ചതും വിധി പറയുന്നതും

സ്വകാര്യതയ്ക്ക് പുറമെ ആധാറിന് വേണ്ടി ശേഖരിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം.

ഇതിനെക്കാള്‍ അപ്പുറം ആധാര്‍ ഒളിച്ചുനോട്ട ഭരണസംവിധാനത്തിന് വേണ്ടിയാണ് നടപ്പിലാക്കുന്നതെന്നാണ് പ്രധാനമായി ഉയര്‍ത്തപ്പെട്ട മറ്റൊരു വാദം. ആധാര്‍ ഉപയോഗിച്ച് പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചുനോട്ടം സാധ്യമാണെന്ന് പലപ്പോഴായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

പിന്നീട് ശക്തമായി ഉന്നയിക്കപ്പെട്ട വാദം ആധാര്‍ ആക്ട് മണി ബില്ലായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. ഇങ്ങനെ പാസ്സാക്കുന്ന ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നത് ഒഴിവാക്കാനാണ് മണിബില്ലായി അവതരിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ സ്വകാര്യത എന്നത് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതിയ്ക്ക് ഇക്കാലമത്രയും ആധാര്‍ സ്വകാര്യതയുടെ ലംഘനം നടത്തിയതിന്റെ തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കാനാവുമോ എന്നതാണ് ചോദ്യം.

അതേ സമയം 90 ശതമാനത്തിലേറെ ആളുകള്‍ ഇതിനകം സ്വീകരിച്ച കഴിഞ്ഞ ആധാറിനെ സുപ്രീം കോടതിയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന പ്രയോഗിക ചോദ്യവും നിലനില്‍ക്കുന്നു. എന്തിനും ഉത്തരം ഇന്ന് സുപ്രീം കോടതി നല്‍കും.

ആധാറുമായി ബന്ധപ്പെട്ട നിരവധി വിധികള്‍ സുപ്രീം കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാറില്ലാത്തതുകൊണ്ട് വ്യക്തികള്‍ക്ക് ഒരു അവകാശവും നിഷേധിക്കാന്‍ പാടില്ലെന്ന് 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാങ്കിംങ് ആവശ്യങ്ങള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ വിധി വരെ നടപ്പിലാക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

2009 ലാണ് ആധാര്‍ നടപ്പിലാക്കാന്‍ വേണ്ടി ‘യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ’ സ്ഥാപിക്കപ്പെട്ടത്. 2016 ലാണ് ആധാര്‍ ആക്ട് പാസ്സാക്കിയത്. ഇത് മണി ബില്ലായി പാസ്സാക്കിയതിനെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018