National

‘ഓരോ തവണയും അയാള്‍ ക്യാബിനിലേക്ക് വിളിച്ചപ്പോള്‍ ആയിരം തവണ മരിക്കുന്നതു പോലെ തോന്നി’; എം ജെ അക്ബര്‍ പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തക തുറന്നുപറയുന്നു

എം ജെ അക്ബര്‍
എം ജെ അക്ബര്‍

മീറ്റൂ വെളിപ്പെടുത്തലുകള്‍ മോഡി സര്‍ക്കാരിലേക്ക് വിരല്‍ ചൂണ്ടിയത് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എം ജെ അക്ബറിനെതിരായ മാധ്യമപ്രവര്‍ത്തകയുടെ തുറന്നുപറച്ചിലോടെയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ഏഷ്യന്‍ ഏജിന്റെ സ്ഥാപക എഡിറ്ററുമാണ് എം ജെ അക്ബര്‍. തിങ്കളാഴ്ച്ച മിന്റ് ലോഞ്ച് എഡിറ്റര്‍ പ്രിയ രമണി നടത്തിയ ട്വീറ്റുകളാണ് കേന്ദ്രമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപി മന്ത്രിയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് വനിതകളാണ് മീറ്റൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഏഷ്യന്‍ ഏജ് ജേണലിസ്റ്റും ഇപ്പോള്‍ ഫോഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഗസാല വഹാബ് എം ജെ അക്ബറില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുന്ന ലേഖനം 'ദ വയര്‍' പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏഷ്യന്‍ ഏജിലെ അവസാനത്തെ ആറ് മാസങ്ങള്‍ തന്റെ നരകമായിരുന്നെന്ന് ഗസാല പറയുന്നു. ഗസാല വഹാബിന്റെ അനുഭവക്കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍.

മീ റ്റൂ ക്യാംപെയ്ന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഒക്ടോബര്‍ ആറിന് ഞാന്‍ ഒരു ട്വീറ്റ് ചെയ്തു. 'എംജെ അകബ്‌റിനെതിരെയുള്ളവയുടെ അണക്കെട്ട് വാതില്‍ എപ്പോഴാണ് തുറക്കുകയെന്ന് ഞാന്‍ സന്ദേഹിക്കുന്നു'. ട്വീറ്റിന് പിന്നാലെ തന്നെ ഞാന്‍ 1994ല്‍ ഇന്റേണായി പ്രവേശിച്ച, എം ജെ അക്ബര്‍ എഡിറ്ററായിരുന്ന ഏഷ്യന്‍ ഏജിലെ എന്റെ സുഹൃത്തുക്കളും മുന്‍ സഹപ്രവര്‍ത്തകരും എന്നെ സമീപിച്ചു. എന്തുകൊണ്ട് എന്റെ 'അക്ബര്‍ സ്‌റ്റോറി' എഴുതുന്നില്ല എന്നവര്‍ ചോദിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അത് ചെയ്യുന്നത് അത്ര മാന്യമായ കാര്യമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ സന്ദേശങ്ങള്‍ തുടര്‍ന്നപ്പോള്‍ ഞാന്‍ അതിനേക്കുറിച്ച് ചിന്തിച്ചു.

കൊടിയ മനോവേദന നല്‍കുന്ന ആ ആറ് മാസങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വീണ്ടും മനസില്‍ കണ്ടു. എന്റെ മനസിന്റെ ഒരു വിദൂരകോണില്‍ പൂട്ടിവെച്ചിരുന്ന ആ അനുഭവങ്ങള്‍ ഇപ്പോഴുമെനിക്ക് വിറയല്‍ നല്‍കുന്നു. ഒരു ഘട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറയുകയും 1997ലെ ആ ആറ് മാസങ്ങള്‍ എന്നെ ബാധിക്കില്ലെന്നും എന്റെ വ്യക്തിത്വത്തെ അത് നിര്‍വചിക്കില്ലെന്നും ഒരു ഇരയായി അറിയപ്പെടില്ലെന്നും എന്നോട് തന്നെ പറയുകയും ചെയ്തു. എന്റെ ട്വീറ്റിന് തുടര്‍ച്ചകള്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷെ വെളിപ്പെടുത്തലുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ വീണ്ടും തുടര്‍ന്നു. മറ്റുള്ളവര്‍ക്ക് തുറന്നുപറച്ചിലിന് അത് കരുത്ത് നല്‍കുമെന്ന് ചിലര്‍ പറഞ്ഞു. ഇതാ എന്റെ കഥ.

ഗസാല വഹാബ്
ഗസാല വഹാബ്

പക്ഷെ പഠനത്തിന് കാത്തിരിക്കേണ്ടി വന്നു. ആദ്യം മിഥ്യാബോധങ്ങള്‍ തകരണമായിരുന്നു. അക്ബര്‍ തന്റെ പാണ്ഡിത്യം വളരെ കുറച്ചേ പ്രകടിപ്പിച്ചിരുന്നുള്ളൂ. അദ്ദേഹം ഓഫീസില്‍ ഇരുന്ന് മദ്യപിക്കുകയും ശപിക്കുകയും അലറുകയും ചെയ്തു. ഞാന്‍ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് വന്നയാളെപോലെയാണെന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നെ കളിയാക്കി. 'ആ മനോഭാവം' വിഴുങ്ങി അടുത്ത രണ്ട് വര്‍ഷം ഓഫീസ് സംസ്‌കാരത്തിന്റെ ഭാഗമായ എല്ലാത്തിനേയും ഞാന്‍ സ്വീകരിച്ചു. ചെറുപ്പക്കാരായ സബ് എഡിറ്ററുമാരുമായുള്ള അക്ബറിന്റെ പ്രേമചാപല്യങ്ങള്‍, നിര്‍ലജ്ജമായ പക്ഷപാതിത്വം പിന്നെ അദ്ദേഹത്തിന്റെ വൃത്തികെട്ട തമാശകളും. പുരുഷന്‍മാരേക്കാള്‍ ധാരാളം യുവതികള്‍ നിറഞ്ഞ ഏഷ്യന്‍ ഏജ് ഡല്‍ഹി ഓഫീസിനെ 'അക്ബറിന്റെ കേളീഗ്രഹം' എന്ന ആളുകള്‍ വിശേഷിപ്പിക്കുന്നത് ഞാന്‍ കേട്ടു. സബ് എഡിറ്റര്‍മാരുമായും റിപ്പോര്‍ട്ടര്‍മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നു. ഏഷ്യന്‍ ഏജിന്റെ എല്ലാ റീജിയണല്‍ ഓഫീസിലും അക്ബറിന് ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടെന്നും. ഞാന്‍ അതെല്ലാം ഓഫീസ് സംസ്‌കാരമായി അവഗണിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയുടെ അതിര്‍ത്തിയില്‍ ബാധിക്കപ്പെടാതെ നിന്നു.

ഏഷ്യന്‍ ഏജിലെ മൂന്നാം വര്‍ഷം അക്ബറിന്റെ കണ്ണ് എന്റെ മേല്‍ വീണു. എന്റെ പേടിസ്വപ്‌നം അവിടെ ആരംഭിച്ചു. അക്ബറിന്റെ ക്യാബിന് തൊട്ടുമുന്നിലേക്ക് എന്നെ മാറ്റി. എന്നെ എപ്പോഴും തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ഏഷ്യന്‍ ഏജിന്റെ മെസ്സേജിങ് നെറ്റ് വര്‍ക്കിലൂടെ എനിക്ക് അസഭ്യസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. അക്ബര്‍ തന്റെ ആഴ്ച്ച കോളം എഴുതുന്ന സമയത്ത് എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ഡിക്ഷ്ണറി നോക്കാന്‍ ആവശ്യപ്പെടും. അക്ബറിന് പുറം തിരിഞ്ഞ് നിന്ന്, കുനിഞ്ഞ് മാത്രം എടുക്കാവുന്ന തരത്തിലാണ് അത് വെച്ചിരുന്നത്. ഒരിക്കല്‍ ഡിക്ഷണറി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ അക്ബര്‍ പുറകില്‍ നിന്ന് എന്നെ കടന്നുപിടിച്ചു. ഞാന്‍ വിറച്ചുപോയി. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാള്‍ എന്റെ ദേഹത്തിലൂടെ വിരലോടിച്ചു. വാതില്‍ അടച്ച് അതിനെ മറച്ചുകൊണ്ടായിരുന്നു അയാളുടെ നില്‍പ്. ഭീകരതയാര്‍ന്ന ആ നിമിഷങ്ങളില്‍ എന്റെ മനസിലൂടെ എല്ലാ ചിന്തകളും ഓടിപ്പോയി. ഒടുവില്‍ അയാള്‍ എന്നെ വിട്ടു. ഈ സമയത്തൊന്നും അയാളുടെ മുഖത്തെ ആ വഷളച്ചിരി മാഞ്ഞിരുന്നില്ല. ഞാന്‍ കരയാനായി ടോയ്‌ലറ്റിലേക്ക് ഓടി.

ഭീകരമായ അതിക്രമത്തില്‍ ഞാന്‍ കടുത്ത നിരാശയിലേക്ക് വീണു. അക്ബറിന്റെ ഗേള്‍ഫ്രണ്ടുമാരില്‍ ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആ പ്രതിരോധത്തിലൂടെ മനസിലായി കാണുമെന്നും ഇനി അതാവര്‍ത്തിക്കില്ലെന്നും ഞാന്‍ എന്നോട് പറഞ്ഞു. പക്ഷെ അത് ഒരു തുടക്കം മാത്രമായിരുന്നു. പിറ്റേദിവസം വൈകിട്ട് ക്യാബിനിലേക്ക് വിളിപ്പിച്ച അയാള്‍ എന്നെ മുറിയില്‍ പൂട്ടി. കടന്നുപിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. പിടിവിട്ടപ്പോള്‍ ഇറങ്ങിയോടി, ഓഫീസ് ബില്‍ഡിങ്ങും വിട്ട് പാര്‍ക്കിങ് ലോട്ടില്‍ പോയി ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ കറങ്ങിക്കൊണ്ടിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യാനും പഠിക്കാനുമായി വീട്ടില്‍ തന്നെ ഒരുപാട് പോരാട്ടങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. എന്റെ കുടുംബത്തിലെ സ്ത്രീകള്‍ പഠിച്ചതിന് ശേഷം ജോലി ചെയ്യാത്തവരായിരുന്നു. പിന്നീട് വീട്ടുകാര്‍ ഏര്‍പ്പെടുത്തുന്ന വിവാഹങ്ങള്‍ വഴങ്ങും. ഞാന്‍ ഈ പുരുഷ മേധാവിത്വത്തിനെ നേരിട്ടു. എന്റെ പിതാവില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. എനിക്ക് സ്വന്തമായി പണമുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. വിജയിച്ച ആദരണീയായ ജേണലിസ്റ്റ് ആകാനാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് ജോലി ഉപേക്ഷിച്ച് പരാജിതയായി വീട്ടിലേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല.

ഞാന്‍ നേരിട്ട അതിക്രമത്തേക്കുറിച്ച് സഹപ്രവര്‍ത്തകയോട് പറഞ്ഞു. അവരുടെ നിര്‍ദ്ദേശപ്രകാരം ബ്യൂറോ ചീഫായ സീമാ മുസ്തഫയോട് ഇക്കാര്യം വിശദമായി സംസാരിച്ചു. അവര്‍ക്ക് ഒട്ടും അത്ഭുതമുണ്ടായിരുന്നില്ല. എന്ത് വേണമെന്ന് എനിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു. 1997ലായിരുന്നു ഇത്. ഞാന്‍ ഒറ്റയ്ക്കായിരുന്നു, ആശയക്കുഴപ്പത്തിലായിരുന്നു, നിസ്സഹായയും അങ്ങേയറ്റം ഭീതിയിലുമായിരുന്നു.

ഒടുവില്‍ ഡെസ്‌കില്‍ തിരിച്ചെത്തിയ തനിക്ക് അക്ബറിനോടുള്ള ബഹുമാനത്തേക്കുറിച്ചും അത്തരത്തിലുള്ള പെരുമാറ്റം ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്ദേശമയച്ചു. ഉടന്‍ അയാള്‍ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അക്ബര്‍ മാപ്പുപറയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ എനിക്ക് തെറ്റി. ഞാന്‍ എങ്ങനെയാണ് അയാളെ അവഹേളിക്കുന്നതെന്ന് അക്ബര്‍ ക്ലാസെടുത്തു. കാര്യങ്ങള്‍ എനിക്ക് നിയന്ത്രിക്കാനാകില്ലെന്നും മറ്റൊരു ജോലി കണ്ടെത്തണമെന്നും എനിക്ക് ബോധ്യമായി. മറ്റൊരിടത്ത് ജോലിക്ക് വേണ്ടിയുള്ള ശ്രമം ഞാന്‍ ആരംഭിച്ചു. ഏഷ്യന്‍ ഏജില്‍ ചിലവഴിച്ച ഓരോ നിമിഷവും ഭീതിയുടേതായിരുന്നു. അയാള്‍ ക്യാബിനിലേക്ക് വിളിപ്പിച്ച ഓരോ സമയത്തും ഞാന്‍ ഒരായിരം തവണ മരിച്ചുകൊണ്ടിരുന്നു. ഞാന്‍ അകത്ത് പ്രവേശിക്കാതെ വാതില്‍ കുറച്ച് തുറന്ന് നില്‍ക്കും. ചിലപ്പോള്‍ അയാള്‍ എന്റെ അടുക്കലേക്ക് വന്ന് ശരീരം എന്റെ ദേഹത്ത് ഉരസും. നാവ് എന്റെ ചുണ്ടിലേക്ക് നീട്ടും. എല്ലായ്‌പ്പോഴും അയാളെ തള്ളിമാറ്റി ഞാന്‍ മുറിയില്‍ നിന്ന് രക്ഷപ്പെടും. ഇടയ്ക്ക് ഒരു സഹപ്രവര്‍ത്തക എന്റെ രക്ഷയ്ക്കായി ഒപ്പം വരാറുണ്ടായിരുന്നെങ്കിലും അത് അധികം നീണ്ടില്ല. പിന്നീടയാള്‍ വൈകാരികമായ നീക്കങ്ങള്‍ നടത്തി. ഓഫീസ് എനിക്ക് ഒരു പീഡനമുറിയായി മാറി. പുറത്ത് കടക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും ഒരു വാതില്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. മറ്റൊരു ജോലി കിട്ടുമ്പോള്‍ അഭിമാനത്തോടെ ഇറങ്ങാമെന്ന് ഞാന്‍ അപ്പോഴും വിശ്വസിച്ചു.

അയാളെ പ്രതിരോധിച്ചുകൊണ്ടിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുമോ?, എന്നെ ഉപദ്രവിക്കുമോ? എന്നെല്ലാം ഞാന്‍ എന്നോട് ചോദിച്ചുകൊണ്ടിരുന്നു. പൊലീസിനെ സമീപിക്കുന്നത് പരിഗണിച്ചെങ്കിലും അയാള്‍ പ്രതികാരം ചെയ്‌തേക്കുമോയെന്ന് ഞാന്‍ ഭയന്നു. വീട്ടില്‍ പറയുന്ന കാര്യവും ആലോചിച്ചു. പക്ഷെ തുടങ്ങുക മാത്രം ചെയ്ത എന്റെ കരിയറിന്റെ അവസാനമായിരിക്കും അതെന്ന് അറിയാമായിരുന്നു. ഉറക്കമില്ലാത്ത കുറേ രാത്രികള്‍ക്ക് ശേഷം മറ്റൊരു ജോലി ലഭിക്കുന്നത് വരെ ഏഷ്യന്‍ ഏജില്‍ തുടരാകില്ലെന്ന് എനിക്ക് മനസിലായി. എത്രയും പെട്ടെന്ന് അവിടെ വിടണമെന്നും.

ധൈര്യം സംഭരിച്ച് രാജിക്കാര്യം അയാളെ അറിയിച്ചു. അക്ബറിന് സമനില തെറ്റി. ആക്രോശിച്ചു, പിന്നെ 'എന്നെ വിട്ടുപോകരുതേ' എന്ന് വികാരപ്രകടനങ്ങള്‍ നടത്തി. അഹമ്മദാബാദില്‍ പുതിയ എഡിഷന്‍ തുടങ്ങുകയാണെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ അഹമ്മദാബാദിലേക്ക് പോകണമെന്നും അവിടെ താമസിക്കാന്‍ വീട് തരുമെന്നും എന്റെ എല്ലാ കാര്യങ്ങളും കമ്പനി നോക്കിക്കൊള്ളുമെന്നും അക്ബര്‍ പറഞ്ഞു. അയാള്‍ വരുമ്പോളെല്ലാം എന്റെയൊപ്പം താമസിക്കുമെന്നും. എന്റെ ഭയം അതിന്റെ പാരമ്യത്തിലെത്തി.

ഉഗ്രഭീതിയുടെ പാരമ്യത്തില്‍ കുറച്ച് ശാന്തത ലഭിച്ചപ്പോള്‍ ഞാന്‍ പ്രതിഷേധിക്കുന്നത് നിര്‍ത്തി. എന്റെ ഡെസ്‌കിലെ പുസ്തകങ്ങളും മറ്റും വീട്ടിലേക്കാന്‍ മാറ്റാന്‍ തുടങ്ങി. അഹമ്മദാബാദിലേക്ക് പോകേണ്ട വൈകുന്നേരം എന്റെ ഡെസ്‌ക് ശൂന്യമായിരുന്നു. സീലുവെച്ച ഒരു കവറില്‍ എന്റെ രാജിക്കത്ത് അക്ബറിന്റെ സെക്രട്ടറിക്ക് നല്‍കി ഞാന്‍ പതിവുപോലെ ഓഫീസ് വിട്ടു. പിറ്റേന്ന് വൈകിട്ട്, ഞാന്‍ അഹമ്മദാബാദ് ഫ്‌ളൈറ്റില്‍ കയറിയില്ലെന്ന് അറിയുന്ന തരത്തില്‍ മാത്രമേ കത്ത് കൈമാറാവൂ എന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. പിറ്റേന്ന് ഞാന്‍ വീട്ടില്‍ തന്നെ നിന്നു. വൈകിട്ട് എന്റെ വീട്ടിലെ നമ്പറിലേക്ക് അക്ബര്‍ വിളിച്ചു. അയാള്‍ ക്ഷുഭിതനാകുകയും പുലമ്പുകയും ചെയ്തു. ഞാന്‍ മരവിച്ചുപോയി. അയാള്‍ വീട്ടിലേക്ക് വന്നാല്‍ എന്തുചെയ്യും? ഞാന്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ആദ്യത്തെ ട്രെയിന് കയറി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ ആരും ഒന്നും ചോദിച്ചില്ല. എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് എന്റെ മാതാപിതാക്കള്‍ക്ക് മനസിലായി. ജോലിയ്ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചുപോകണമെന്ന് ഞാന്‍ പിതാവിനോട് പറഞ്ഞു. മറ്റൊരു ജോലി നോക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.

കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഇതെല്ലാം എന്റെ പിന്നിലായിരുന്നു. ഒരു ഇരയാകരുത് എന്നത് എന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു. ഒരു രാക്ഷസന്റെ കാമാസക്തിയില്‍ എന്റെ കരിയര്‍ തകര്‍ന്നുപോകരുത് എന്നും. എന്നിട്ടും ഞാന്‍ രാത്രികളില്‍ പേടിസ്വപ്‌നങ്ങള്‍ കണ്ടു. ഇപ്പോഴെങ്കിലും അതിന് അന്ത്യമാകുമെന്ന് കരുതുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018