National

റബേക്ക ജോണ്‍ പറയുന്നു: ഹാഷിംപുര കൂട്ടക്കൊലയില്‍ വിധിയിലേക്കെത്തിയ സാഹസിക വഴികള്‍

റബേക്ക ജോണിന്റെ പതിനഞ്ചു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടമാണ് ഹാഷിംപുര കൂട്ടക്കൊലക്കേസിലെ ഇരകള്‍ക്ക് നീതിയും പ്രതികള്‍ക്ക് ജീവപര്യന്തവും നേടിക്കൊടുത്തത്. തെളിവുകളും രേഖകളും നശിപ്പിക്കപ്പെട്ട കേസില്‍ 31 വര്‍ഷത്തിനുശേഷം വിധി വന്നിരിക്കുകയാണ്. കേസിന്റെ നാള്‍വഴികളെക്കുറിച്ച് സംസാരിക്കുകയാണ് അഭിഭാഷക.

1987 മെയ് 22നാണ് ഉത്തര്‍പ്രദേശിലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റുബുലറി എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലെ അംഗങ്ങള്‍ മീററ്റിലെ ഹാഷിംപുര എന്ന ഗ്രാമത്തില്‍നിന്നും 42 മുസ്ലീം യുവാക്കളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നത്.

ഏഴുവര്‍ഷമെടുത്താണ് യുപി സര്‍ക്കാര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയത്. കുറ്റക്കാരായ 19 പൊലീസുകാര്‍ക്കെതിരെ കേസ്ഷീറ്റ് തയ്യാറാക്കാന്‍ വീണ്ടും രണ്ടുവര്‍ഷമെടുത്തു. ഗാസിയാബാദ് കോടതിയില്‍ 2002 വരെ കെട്ടിക്കിടന്ന കേസ് സുപ്രീംകോടതി ഇടപെട്ടാണ് പിന്നീട് ഡല്‍ഹി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

ഡല്‍ഹിയിലേക്ക് കേസ് മാറ്റുന്നതിന് മുമ്പുണ്ടായിരുന്ന 15 വര്‍ഷവും കേസില്‍ കാര്യമായ അനക്കമൊന്നുമുണ്ടായില്ല. പൊലീസുകാര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ പ്രൊസിക്യൂഷന് സാധിച്ചിരുന്നില്ല. തുടര്‍ന്നും വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവാലാണ് ഡല്‍ഹി ഹൈക്കോടതി ഒക്ടോബര്‍ 31ന് മുസ്ലീം യുവാക്കളെ പൊലീസുകാര്‍ മനപ്പൂര്‍വം ലക്ഷ്യംവച്ച് കൊലപ്പെടുത്തിയതാണെന്ന് നിരീക്ഷിച്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്

പതിനഞ്ചുവര്‍ഷമായി ഇരകളുടെ അഭിഭാഷകയായിരുന്ന റബേക്ക ജോണ്‍, വിധിയിലേക്കെത്തിയ നാള്‍വഴികളെക്കുറിച്ച് പറയുന്നു. ഹഫ്പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റബേക്ക പൊലീസും സര്‍ക്കാറും മറച്ചുവെക്കാന്‍ ശ്രമിച്ച മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ നീതി തേടിയുള്ള യാത്രയെക്കുറിച്ച് വിവരിക്കുന്നത്.

റബേക്ക ജോണ്‍
റബേക്ക ജോണ്‍

പൊലീസുകാര്‍ പ്രതികളായ കേസില്‍ ഇരയ്ക്ക് നീതി ലഭിക്കുക എന്നത് വളരെ ശ്രമകരമായിരുന്നെന്ന് റബേക്ക പറയുന്നു. അന്വേഷണം വൈകിപ്പിച്ചതോടെ യുപി സര്‍ക്കാര്‍ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. കേസ് തെളിയാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലായിരുന്നെന്നും അവര്‍ പറയുന്നു.

ക്രിമിനല്‍ കേസുകള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. സാധാരണ സംഭവം എന്നതിനപ്പുറമുള്ള പ്രാധാന്യം ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ നല്‍കണം. വര്‍ഗീയ കലാപവും മറ്റും നടന്ന കേസുകളില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളുടെ സംരക്ഷണത്തിന് എന്ന് പറഞ്ഞ് നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ അതിന്റെ മാനങ്ങള്‍ വലുതാണ്.
റബേക്ക ജോണ്‍

തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കേസായിരുന്നു ഹാഷിംപുര കൂട്ടക്കൊലക്കേസെന്നും റബേക്ക പറയുന്നു. കോടതിവിധിയില്‍ വലിയ ആശ്വാസമുണ്ട്. ഇരകളുടെ വീട്ടുകാര്‍ക്ക് നിയമസംവിധാനത്തില്‍ വലിയ വിശ്വാസമായിരുന്നെന്നും നീതി ലഭിക്കുമെന്ന് ഓരോ തവണയും അവര്‍ പ്രതിക്ഷിച്ചിരുന്നെന്നും റബേക്ക അഭിമുഖത്തില്‍ പറയുന്നു. ഇത് കേസിനെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ഒരു അഭിഭാഷക എന്ന നിലയില്‍ വലിയ പ്രചോദനമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റബേക്ക ജോണ്‍ പറയുന്നു: ഹാഷിംപുര കൂട്ടക്കൊലയില്‍ വിധിയിലേക്കെത്തിയ സാഹസിക വഴികള്‍

അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ മനുഷ്യ ജീവന് ആരും വലിയ വില കൊടുക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു വിധി വന്നിട്ട് ഇവിടത്തെ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയാവാത്തത്. ഒരുപക്ഷേ, ഹാഷിംപുര കൂട്ടക്കൊലയേക്കാള്‍ വലിയ സംഭവങ്ങള്‍ നിരന്തരമായി സംഭവിക്കുന്നതുകൊണ്ടാകാം. പ്രതികരണങ്ങള്‍ ഇങ്ങനെയായിരിക്കുന്നിടത്തോളം ഇത്തരം ദുരന്തങ്ങളും സംഭവങ്ങളും തുടരുമെന്ന് സമാന സംഭവങ്ങളെ ഉദാഹരിച്ച് റബേക്ക പറയുന്നു.

ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ വിധി വന്നതിന്റെ പിറ്റേദിവസത്തെ പത്രങ്ങളിലെ മുന്‍ പേജില്‍ നിറഞ്ഞുനിന്നത് പ്രധാനമന്ത്രി പട്ടേല്‍ പ്രതിമ അനാഛാദനം ചെയ്തതിന്റെ വാര്‍ത്തയായിരുന്നു. ഹാഷിംപുര ഉള്‍പ്പേജുകളുലൊതുങ്ങി. ഇതില്‍നിന്നുതന്നെ നമ്മള്‍ പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. റഫാല്‍ അഴിമതിയും സിബിഐ ആസ്ഥാനത്തെ ആഭ്യന്തരപ്രശ്‌നങ്ങളുമൊക്കെ തീര്‍ച്ചയായും വാര്‍ത്തകള്‍ തന്നെയാണ്. ഞാന്‍ അത് എതിര്‍ക്കുന്നില്ല. എന്നാല്‍, 40 മനുഷ്യരെ കൂട്ടക്കുരുതി ചെയ്ത വിഷയം പിന്നിലേക്ക് ഒതുക്കേണ്ടതല്ല. ഈ മനോഭാവമാണ് മാറേണ്ടത്.
റബേക്ക ജോണ്‍

വ്യക്തതയില്ലാത്തതും താറുമാറായതുമായ രേഖകളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഡല്‍ഹി ഹൈക്കോടതി അസാധാരണ അധികാരം ഉപയോഗിച്ചാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്. ജനറല്‍ ഡയറിയാണ് കേസില്‍ നിര്‍ണായക തെളിവായതെന്നും റബേക്ക വ്യക്തമാക്കുന്നു. മറ്റ് തെളിവുകളെല്ലാം മറച്ചുവെക്കാനോ നശിപ്പിക്കാനോ ശ്രമിച്ചത് യുപി സര്‍ക്കാരാണെന്നും അവര്‍ ആരോപിക്കുന്നു.

റബേക്ക ജോണ്‍ പറയുന്നു: ഹാഷിംപുര കൂട്ടക്കൊലയില്‍ വിധിയിലേക്കെത്തിയ സാഹസിക വഴികള്‍

ഹാഷിംപുരയിലെ മുസ്ലീങ്ങള്‍ രാജ്യദ്രോഹികളാണെന്നും അവര്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടിയതാണെന്നും പ്രചരണമുണ്ടായി. എന്നാല്‍ സംഭവസ്ഥലത്തുനിന്നും കലാപത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ വന്ന ഫോട്ടോ ജേണലിസ്റ്റ് പ്രവീണ്‍ ജെയ്ന്റെ അനുഭവങ്ങള്‍ ഈ പ്രചരണം അടിപടലം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ്. പൊലീസുകാര്‍ കൂട്ടമായി വന്ന് മുസ്ലീം വീടുകളില്‍നിന്നും യുവാക്കളെ വലിച്ചിഴച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും തോക്കുചൂണ്ടി നടത്തിക്കുകയായിരുന്നെന്നും പ്രവീണ്‍ ജെയ്ന്‍ പറയുന്നു. അദ്ദേഹം അതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആ 42 പേരെയും പൊലീസ് ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന് മൃതദേഹങ്ങള്‍ കനാലിലേക്ക് എറിയുകയാണുണ്ടായത്. ഗുജറാത്ത് കലാപകാലത്തും തല്‍പരകക്ഷികള്‍ ഇത്തരം പ്രചരണവുമായി എത്തിയിരുന്നല്ലോ. ഇന്ത്യന്‍ നിയമസംഹിതയില്‍ വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളെയാണ് ഞാന്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ കണ്ടത്. അവരെയാണ് ചിലര്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നതെന്നോര്‍ക്കണം, റബേക്ക പറയുന്നു.

പൊലീസുകാര്‍ ഒരു ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയാണെന്ന് കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുന്നതിന് തുല്യമാണ് സംഭവമെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ എന്തന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിധിക്കെതിരെ ആരെങ്കിലും അപ്പീല്‍ പോയാലും താന്‍ ഇരകള്‍ക്കൊപ്പംനിന്ന് പോരാടുമെന്നും റബേക്ക ജോണ്‍ ഉറപ്പിച്ച് പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018