ശാരീരിക അസുഖങ്ങള്‍ മൂലം സിപിഐ മാവോയിസ്റ്റ് വിഭാഗത്തിന്റെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ നക്സല്‍ നേതാവ് മുപ്പല ലക്ഷ്മണ റാവു രാജ്യം വിട്ട് ഫിലിപ്പീന്‍സിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗം.
ഗണപതി എന്നു വിളിക്കപ്പെടുന്ന ലക്ഷ്മണ റാവു നേപ്പാളിലേക്കും അവിടെ നിന്ന് ഫിലിപ്പീന്‍സിലേക്കും കടന്നതായി ഛത്തിസ്ഗഡിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകൊണ്ട് സ്ഥാനം ഒഴിഞ്ഞ ഗണപതി ചികിത്സയ്ക്കായാണ് രാജ്യം വിട്ടതെന്നാണ് വിവരം.ഗണപതി വിളിക്കാന്‍ സാധ്യതയുള്ള മറ്റ് നക്സല്‍ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തി ഫിലിപ്പീന്‍സിലെ താമസസ്ഥലം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് ഛത്തിസ്ഗഡ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
പീപ്പിള്‍സ് വാര് ഗ്രൂപ്പുമായി വര്‍ഷങ്ങളുടെ ബന്ധമുള്ള ഗണപതി 1992ലാണ് പിന്നീട് സിപിഐ മാവോയിസ്റ്റ് വിഭാഗമായി മാറിയ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. 71 വയസ്സുള്ള ഗണപതിക്ക് വിവിധ സര്‍ക്കാരുകള്‍ 2.52 കോടി രൂപ വിലയിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ഗണപതിയുടെ സ്ഥാനമാറ്റം
ബസവരാജ് എന്ന് അറിയപ്പെടുന്ന നമ്പല്ല കേശവ റാവു ആണ് പുതിയ ജനറല്‍ സെക്രട്ടറി. ഗണപതിയെ പോലെ 63 കാരനായ ബസവരാജും തെലഗുഭാഷാ മേഖലയില്‍നിന്നുള്ള നേതാവാണ്. തെലങ്കാനയിലെ ബീര്‍പൂര്‍ ആണ് ഗണപതിയുടെ നാട്. ബസവരാജ് ആന്ധ്രപ്രദേശിലെ ശ്രീകാകുളും ജില്ലയിലും.