മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സുനില്‍ അറോറ രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെയും ജമ്മു കശ്മീര്‍, മഹരാഷ്ട്ര, ഒഡിഷ, ഹരിയാന, സിക്കിം, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെയും ചുമതല അറോറയ്ക്കായിരിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അറോറ സ്ഥാനം ഏറ്റെടുത്തത്. ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, ഭരണഘടനയുടെ പരിധിയില്‍ വരുന്ന എല്ലാത്തിലും കമ്മീഷന് നല്ല ചുവട് വയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ ചുമതലയേറ്റതിന് ശേഷം അറോറ പ്രസ്താവിച്ചു.
62 വയസ് പ്രായമുള്ള അറോറ 2019 ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. സൈനികരുടേയും ഭിന്നശേഷിക്കാരുടേയും വോട്ടവകാശം തങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സ്ഫുടവും, സ്വാതന്ത്ര്യമുള്ളതും, വിശ്വസ്ഥതയുള്ളതും, വേര്‍തിരിവ് ഇല്ലാത്തതുമായ തെരഞ്ഞെടുപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജസ്ഥാനില്‍ നിന്ന് 1980 ഐഎഎസ് ബാച്ചിലാണ് അറോറ ഉദ്യോഗസ്ഥനായി വരുന്നത്. വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയം, നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മിനിസ്റ്റിറി. ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ മേധാവിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും 65 വയസ്സുവരെയോ അല്ലെങ്കില്‍ ആറുവര്ഷമോ ആണ് ഭരണഘടന കാലപരിധി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്ന് വര്‍ഷത്തേക്കായിരിക്കും അറോറയുടെ സേവനം ഉണ്ടാകുക.