വിളവെടുക്കാന്‍ പാകമായ രണ്ടേക്കര്‍ വഴുതന കൃഷി വെട്ടിനശിപ്പിച്ച് കര്ഷകന്. വിളവെടുത്ത വഴുതനങ്ങ മൊത്ത വ്യാപാര ചന്തയിലെത്തിച്ചപ്പോള്‍ കിലോയ്ക്ക് 20 പൈസയാണ് വിലയെന്ന് അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു കര്‍ഷകന്റെ പ്രതിഷേധം.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ രാജേന്ദ്ര ബവക്കെ എന്ന കര്‍ഷകനാണ് വഴുതന കൃഷി നശിപ്പിട്ടത്. രണ്ട് ലക്ഷം രൂപ മുടക്കി കൃഷി ചെയ്തിട്ട് 65,000 രൂപയാണ് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. അടുത്ത വിളവെടുപ്പിനായി നട്ട രണ്ട് ഏക്കര്‍ കൃഷിയാണ് വിലയില്‍ നിരാശനായ കര്ഷകന് വെട്ടി നശിപ്പിച്ചത്.
മാസങ്ങളായി തുടരുന്ന സ്ഥിതിയാണ് ഇതെന്ന് രാജേന്ദ്ര പറയുന്നു. പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങാന്‍ പോലും പണമില്ല. വിലയിടിവ് മൂലം കൃഷി ചെയ്യാനോ കൃഷി ചെയ്ത് ജീവിക്കാനോ സാധിക്കാത്ത കഴിയുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇനിയുമൊരു നഷ്ടം താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് കൃഷി നശിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു.
ആധുനിക ജലസേചന രീതികളടക്കം അവംലംബിച്ചായിരുന്നു രാജേന്ദ്ര കൃഷി ചെയ്തത്. വിത്തും വളവും വാങ്ങിയ തുകയും കൊടുത്തുതീര്‍ത്തിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. നാസിക്കിലെയും സൂരത്തിലെയും മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറികള്‍ക്ക് തുച്ഛമായ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും രാജേന്ദ്ര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നാസിക്കിലെ കര്ഷകന് ഏഴര ക്വിന്റല്‍ ഉള്ളി വിറ്റ് കിട്ടിയ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ചുകൊടുത്ത് പ്രതിഷേധിച്ചത്. സവാള കിലോയ്ക്ക് ഒരു രൂപയായി വിലയിടഞ്ഞതോടെയാണ് കര്‍ഷകനായ സഞ്ജയ് യാഥെ വിളവെടുപ്പില്‍നിന്ന് കിട്ടിയ തുച്ഛമായ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. 2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം തെരഞ്ഞടുത്ത മികച്ച കര്‍ഷകരിലൊരാളാണ് ഇദ്ദേഹം. വിപണിയില്‍ ഉള്ളിവിലയിലും ഉത്തനെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.