ഹനുമാന് ദളിതനും മനുവാദികളുടെ അടിമയുമാണെന്ന് ബിജെപി നേതാവും എംപിയുമായ സാവിത്രി ഭായ് ഫൂലെ.
ഭഗവാന് ഹനുമാന് ദളിതനും മനുവാദികളുടെ അടിമയുമാണ്. അദ്ദേഹം ദളിതനും മനുഷ്യനുമാണ്. ഹനുമാന് പ്രവര്ത്തിച്ചതത്രയും രാമനുവേണ്ടിയാണെങ്കില് എന്തിനദ്ദേഹത്തിന് വാലും ദുഷിച്ച മുഖവും നല്കി? എന്തിന് അദ്ദേഹത്തെ കുരങ്ങനാക്കി? രാമനെ പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ ഹനുമാന് മനുഷ്യനായിരുന്നു, കുരങ്ങനായിരുന്നില്ല. എന്നാല്‍ അതേ സമയം ദളിതനായിരുന്നത് കൊണ്ട് അദ്ദേഹം അപമാനിതനുമായിരുന്നു. എന്തുകൊണ്ട് ദളിതനെ മനുഷ്യനായി പരിഗണിക്കാന്‍ കഴിയുന്നില്ല?സാവിത്രി ഭായ് ഫൂലെ
രാജ്യത്തിന് ക്ഷേത്രങ്ങളല്ല ആവശ്യം. ദളിതനും പിന്നോക്കക്കാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ക്ഷേത്രം കൊണ്ട് മൂന്ന് ശതമാനം ബ്രാഹ്മണന്മാര്ക്ക് മാത്രമാണ് ഗുണം. ക്ഷേത്രത്തിന് അനുവദിക്കുന്ന പണം ബ്രാഹ്മണന്മാര്ക്ക് നേട്ടമുണ്ടാക്കുന്നതിനും ദളിതരെ അടിമയാക്കുന്നതിനും വേണ്ടിയാണ്. ഭരണഘടന നല്കിയ അവകാശങ്ങള്‍ ദളിതര്‍ക്ക് ലഭിക്കുകയാണ് വേണ്ടതെന്നും സാവിത്രി പറഞ്ഞു.
ഹനുമാന് ദളിതനായിരുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് സാവിത്രിഭായ് ഫൂലെയുടെ പ്രതികരണം. അല്‍വാറില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ ഹനുമാന് വനവാസിയാണെന്ന പരാമര്‍ശം. ഇല്ലായ്മയാല്‍ കഷ്ടപ്പെട്ടവനും ദളിതനുമാണ് ഹനുമാന്. ബജ്റംഗബലി ഇന്ത്യയിലെ വടക്കുമുതല്‍ തെക്കുവരേയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരേയും ഉള്ള വിവിധ ഗോത്രങ്ങളെ ഒരുമിപ്പിച്ചവനായിരുന്നു എന്നിങ്ങനെയായിരുന്നു യോഗിയുടെ പ്രസ്താവന. എന്നാല്‍ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് 'എങ്കില്‍ രാജ്യത്തെ ദളിതര്‍ക്ക് ഹനുമാന് ക്ഷേത്രങ്ങള്‍ കൈമാറു' എന്ന് ചൂണ്ടികാണിച്ച് ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.
ബിജെപി നേതാക്കള്‍ ദളിതരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പരിപാടിക്കെതിരെ മുന്‍പ് സാവിത്രി വിമര്‍ശനമുന്നയിച്ചിരുന്നു. സാവിത്രിക്ക് ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ച് വലിയ അറിവില്ലാത്തത് കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പറയുന്നതെന്നാണ് സാവിത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ബിജെപി വ്യക്താവ് ചന്ദ്ര മോഹന്‍ പ്രതികരിച്ചത്. അയോധ്യ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആ കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും ആളുകള്‍ക്കറിയാമെന്നും ചന്ദ്രമോഹന് പറഞ്ഞു.