National

പ്ലീസ്, തട്ടിപ്പുക്കാരനെന്ന് വിളിക്കരുത്, പണം മുഴുവന്‍ തിരിച്ചടക്കാം; ട്വിറ്റര്‍ അപേക്ഷയുമായി മല്യ; ലണ്ടന്‍ കോടതി വിധി വരാനിരിക്കെ തിരിച്ചടവ് വാഗ്ദാനം 

വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടക്കാന്‍ തയ്യാറാണെന്നും തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ. പണം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ബാങ്കുകളോട് ട്വീറ്റ് ചെയ്ത് അറിയിച്ചതിന് പിന്നാലെയാണ് തട്ടിപ്പുകാരനാണെന്ന വിളി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മല്യയുടെ ട്വീറ്റ്.

വായ്പ തിരിച്ചടക്കാനുള്ള തീരുമാനവും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. മിഷേലിന്റെ പേര് പരാമര്‍ശിക്കാതെയാണ് മല്യയുടെ ട്വീറ്റ്. ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്കു കൈമാറിയതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് പണം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് കാണിച്ച് വിജയ് മല്യ ട്വീറ്റ് ചെയ്തത്.

പണം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് മല്യ ബുധനാഴ്ച മാത്രം നാല് ട്വിറ്റര്‍ കുറിപ്പുകളാണ് എഴുതിയത്. 9400 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മല്യ നാടുവിട്ടത്. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി വരാന്‍ ദിവസങ്ങള്‍ ശേഷിക്കവെയാണ് മല്യ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും താന്‍ തട്ടിപ്പുകാരനാണ് എന്നാണ് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് കള്ളമാണ്. കര്‍ണാടക ഹൈക്കോടതിയില്‍ പണം തിരിച്ചടക്കാമെന്ന്് അറിയിച്ചതാണ്. ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച കത്തിലൂടെയും പണം തിരിച്ചടക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു മല്യയുടെ ആദ്യ ട്വീറ്റ്.

വ്യോമയാന ഇന്ധനത്തിന്റെ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ് ഫിഷര്‍ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിട്ടത്. കടം പെരുകി. ബാങ്കുകള്‍ നല്‍കിയ വായ്പാ തുക അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക നൂറു ശതമാനവും തിരിച്ചടക്കാന്‍ തയ്യാറാണ്. ബാങ്കുകള്‍ ദയവായി അത് സ്വീകരിക്കണമെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

ഇന്ത്യയിലെ ഏറ്റവും വലിയ ബീവറേജസ് ഗ്രൂപ്പ് നടത്തി മൂന്ന് ദശാബ്ദത്തോളം ആയിരക്കണക്കിന് കോടിയാണ് സംഭാവന ചെയ്തത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സും ഇങ്ങനെ പൊതു ഖജനാവിലേക്ക് സംഭാവന നല്‍കിയ കമ്പനിയാണ്. കമ്പനിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാലും ബാങ്കുകള്‍ക്ക് തിരിച്ച് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് അടുത്ത ട്വീറ്റിലും മല്യ ആവര്‍ത്തിച്ചു.

തന്നെ കൈമാറുന്നുന്ന വിഷയം മാധ്യമങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത് കണ്ടു. അതും വായ്പ തിരിച്ചടയ്ക്കുന്നതും രണ്ട് വിഷയങ്ങളാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോടും സര്‍ക്കാരിനോടും അപേക്ഷിക്കുന്നു. സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്നും ചോദിച്ചായിരുന്നു പിന്നീട് വന്ന ട്വീറ്റ്

എന്നാല്‍ വായ്പ തിരിച്ചടക്കാമെന്ന മല്യയുടെ വാഗ്ദാനം ബാങ്കുകള്‍ നേരത്തെതന്നെ തള്ളിയതാണ്. വായ്പയായി എടുത്ത അടിസ്ഥാന തുക തിരിച്ചടക്കാമെന്ന് മല്യ മുമ്പും പറഞ്ഞിരുന്നു. പക്ഷേ, ഇത് ബാങ്കുകള്‍ക്ക് 3000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യയ്ക്ക് 5665 കോടി വായ്പ നല്‍കിയത്. ഇതില്‍ ബാങ്കുകളുടെ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പലിശ സഹിതം മല്യയുടെ ബാധ്യത 9400 കോടി രൂപയാണ്. എന്നാല്‍, കടമെടുത്ത തുക മാത്രം തിരിച്ചടക്കാമെന്നാണ് മല്യ മുന്നോട്ടുവക്കുന്ന നിര്‍ദ്ദേശം.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചപ്പോഴാണ് മല്യ ഇന്ത്യവിട്ട് ബ്രിട്ടണിലേക്ക് കടന്നത്. മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017ല്‍ ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഈ വര്‍ഷമാദ്യം, പണം തിരിച്ചടയ്ക്കാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കാണിച്ച് മല്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018