ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും രാജ്യം സാക്ഷിയാകാനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാസിക്കില്‍ നിന്ന് കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ശക്തിപ്പെടുത്തുന്നത്.
ഓള് ഇന്ത്യ കിസാന്‍ സഭയാണ് നാസിക്കില്‍ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കര്‍ഷകരെ അണി നിര്ത്തിയാക്കും ലോങ് മാര്‍ച്ച് സംഘടിപ്പിക്കുക. ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന മാര്‍ച്ച്, 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് സമാപിക്കും. സമരപോരാട്ടം വീണ്ടും ആരംഭിക്കാനിരിക്കെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പാല്‍ഘറില്‍ കര്‍ഷകര്‍ മുംബൈ-അഹമ്മദാബാദ് ഹൈവേ തടയും.
അഗ്രിസേനയുടെ നേതൃത്വത്തില്‍ പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് നാളെ വഴിതടയുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കൃഷിയിടങ്ങള്‍ സര്‍ക്കാര്‍ ബലമായി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. പാല്ഘറിനുപുറമെ റായ്ഗഢ്, താനെ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനും അഗ്രിസേന തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 20-ന് ആരംഭിക്കുന്ന കര്‍ഷക ലോങ്ങ് മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.23 ജില്ലകളില്‍നിന്നുള്ള കര്‍ഷകരായിരിക്കും പങ്കെടുക്കുക. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുക, കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം കര്‍ഷകര്‍ക്ക് നല്‍കുക, സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ബലമായി പിടിച്ചുവാങ്ങാതിരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കര്‍ഷക സമരത്തില്‍ പല ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.