റഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. വിശദീകരണങ്ങള്‍ നിര്‍ത്തി സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്റെ നിലപാട്. റഫേല്‍ ആരോപണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ തകര്ക്കാനുളളതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലികാര്ജ്ജുനന് ഖാര്‍ഗെ ആവശ്യപ്പെട്ടു. അന്വേഷണത്തിലൂടെ എല്ലാ കാര്യങ്ങളും വെളിപ്പെടുമെന്നും മറ്റ് വിശദീകരണങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്നും നിരവധി വിശദീകരണങ്ങള്‍ ലഭിച്ചതാണ്. റഫേലില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തെളിഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
റഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ഫയലിലെ എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അതേ ഫയലില്‍ തന്നെ മറുപടി നല്‍കിയിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറാണ് മറുപടി നല്‍കിയത്. അത് മറച്ചുവച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ദ ഹിന്ദു പത്രം ഉന്നയിച്ചിരിക്കുന്നത് എന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. സത്യം പുറത്ത് കൊണ്ടുവരണമെന്നാണ് ആഗ്രഹമെങ്കില്‍ അവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കാമായിരുന്നു. റഫേലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്ക്കുംസഭയില് മാത്രമല്ല കോടതിയിലും ഉത്തരം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സൈന്യത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത് ഇത് ദൗര്‍ഭാഗ്യകരവും അപകടകരവുമാണ്.
മോഡി അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗുതാ റോയി ആരോപിച്ചു.
റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന ഇന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചെന്നും ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപടെല്‍ രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് എതിരാണെന്നും, ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നവംബര്‍ 24ന് പ്രതിരോധ സെക്രട്ടറി പിഎംഒയുടെ ഇടപെടലിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.